ഒരു പോസ്റ്റിനെ പോലും പേടിക്കുന്ന മെറ്റയും മാധ്യമങ്ങളും
ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിനില്ക്കുകയാണ് ഇസ്റാഈലിന്റെ ക്രൂരതകള്‍. മനുഷ്യത്വവിരുദ്ധമായി, നിസ്സഹായരായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഒരു സമൂഹത്തെ ഒന്നടങ്കവും കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന ഈ നരമേധം തുടങ്ങിയിട്ട് പത്ത് മാസം പൂര്‍ത്തിയാകാനായി. ഇസ്റാഈലിന്റെ തനിനിറം ലോകജനതക്ക് മുഴുവന്‍ ബോധ്യമായിട്ടും ആഗോള വന്‍കിട മാധ്യമങ്ങളും പല ഇന്ത്യന്‍ മാധ്യമങ്ങളും ഇന്നും മര്‍ദ്ദകരെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളില്‍ തന്നെയാണ്. ഇന്നലെ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യനേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തില്‍ അനുശോചനം അറിയിച്ച് പങ്ക് വെക്കുന്ന പോസ്റ്റുകള്‍ പോലും മെറ്റാ നീക്കം ചെയ്യുന്നതാണ് അവസാനമായി നാം കാണുന്നത്. രാഷ്ട്രത്തിന്റെയും ലോകമസമാധാനത്തിന്റെയും നാലാം തൂണുകളായി വര്‍ത്തിക്കേണ്ട മാധ്യമങ്ങളിലധികവും എത്രത്തോളും തുരുമ്പെടുത്തിരിക്കുന്നു എന്നതിന്റെ ഉദാരണം ഇതില്‍പരം മറ്റെന്ത് വേണം.
പശ്ചിമേഷ്യയിലെ മനുഷ്യ കുരുതിയിൽ ലോകം വേദനിക്കുമ്പോൾ, ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ എതിർകക്ഷികളെ 'വിജയികളും' 'പരാജിതരുമെന്ന് ' വിശേഷിപ്പിക്കുന്ന കായിക വാർത്താ രീതികളിലാണ് പല്പപോഴും റിപ്പോര്‍ട്ട് ചെയ്യുന്നത് പോലും. ഇത്തവണ തുടങ്ങി വെച്ചത് ഹമാസാണെന്നതിൽ തർക്കമില്ല, പക്ഷേ ഇസ്രായേൽ - പലസ്തീൻ പ്രശ്നത്തിൽ ഇത്തവണകൾക്ക് പ്രസക്തിയില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഫലസ്തീനി പ്രതിരോധ പ്രസ്ഥാനമായ ഹമാസാണ് സകല പ്രശ്നങ്ങൾക്കും കാരണമെന്ന് നിഷ്കളത്വം നടിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളൊന്നും തന്നെ, ഹമാസ് പിറവിയെടുത്ത 1987 ന് മുമ്പ് ഇസ്രാഈലിന്റെ സ്വഭാവമെന്തെന്ന് അറിയാതെ ഇരുട്ടിൽ തപ്പുന്നവരല്ലതാനും.
ഫലസ്തീനുമേൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിൽ പലസ്തീനികൊൾക്കൊപ്പം നിലകൊണ്ട ആദ്യകാല ചരിത്രമുള്ള ഇന്ത്യയിലും ഇന്ന് മാധ്യമങ്ങളുടെ സ്ഥിതി അധികം വ്യത്യസ്തമല്ല. 1938 നവംബർ 26 ന് ഹരിജനിൽ ഗാന്ധി എഴുതിയത്, "ഇംഗ്ലണ്ട് എങ്ങനെയാണോ ഇംഗ്ലീഷുകാരുടേതായത്, ഫ്രാൻസ് എങ്ങനെയാണോ ഫ്രഞ്ചുകാരുടേതായത് അതുപോലെതന്നെ ഫലസ്തീൻ അറബികളുടേതാണ്" എന്നാണ്. 1917ൽ ജൂതർക്ക് പ്രത്യേക രാഷ്ട്രം അനുവദിച്ചുകൊണ്ട് ബ്രിട്ടൻ നടത്തിയ ബാൽഫോർ ഡിക്ലറേഷനെ കുറിച്ച് ബ്രിട്ടീഷ് എഴുത്തുകാരനായ ആർതർ കൊയെസ്ടലർ പറഞ്ഞത്, "ഒരു രാജ്യം രണ്ടാമതൊരു രാജ്യത്തിന് മൂന്നാമതൊരു രാജ്യത്തിനുമേൽ അവകാശം നൽകുന്നു" എന്നാണ്. അത് കൊണ്ട് തന്നെയാണ്, അധിനിവേശത്തിനെതിരെ പോരാടി വിജയം നേടിയ ഇന്ത്യ അധിനിവിഷ്ട വിഭാഗത്തിനൊപ്പം നിലകൊണ്ടതും. എന്നാല്‍ പിന്നീടുള്ള രാഷ്രീയ-നയ മാറ്റങ്ങൾ ചരിത്രത്തിൽ പകൽ പോലെ ദൃശ്യമാണ്.
ചരിത്രത്തിലെ ഇന്ത്യയുടെ ഉറ്റസുഹൃത്തായ ഫലസ്തീൻ
2023 ഒക്ടോബർ 7 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഏക്സ് ഹാൻഡിലിൽ കുറിച്ചത് "ഇസ്രായേലിൽ നടന്നു കൊണ്ടിരിക്കുന്ന വ്യാപകമായ ഭീകരക്രമണം ഭീതിയുളവാക്കുന്നതാണ്, ഞങ്ങൾ അവിടുത്തെ ജനതയോട് ഐക്കദാർദ്യം പ്രഖ്യാപിക്കുന്നു." ഇപ്രകാരമായിരുന്നു. "Modi Walks a Political Tightrope with Israel" എന്നാണ് Foreign Policy ഇതിനെ വിശേഷിപ്പിച്ചത്. ഇസ്രായേൽ നടത്തുന്ന അധിനിവേശ ചരിത്രത്തെയും ക്രൂരതകളെയും സംബന്ധിച്ച സത്യാന്വേഷണം നിലവിലെ 'അസ്ഥിത്വമില്ലാത്ത മാധ്യമങ്ങളുടെ' ഈറ്റില്ലമായ ഇന്ത്യയിലിരുന്നു നടത്തുക എന്നത് ഏറെ ദുഷ്കരമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ഇസ്രായേല്‍ എന്ന സയണിസ്റ്റ് ഭീകരരാഷ്ട്രത്തിനു പിന്തുണ നല്‍കിയിരിക്കുന്ന വേളയിൽ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ആശയമുൾകൊള്ളുന്ന പടിഞ്ഞാറാൻ മാധ്യമങ്ങളുടെ സ്വഭാവികത്വം ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയ അധിപത്യത്തിന്റെ 'നീരാളി പിടിയിലമർന്ന മാധ്യമങ്ങൾക്കും' ലഭിച്ചിട്ടുണ്ട്.
എന്നാല്‍ തൊണ്ണൂറുകളുടെ തുടക്കം വരെ ദീര്‍ഘകാലം ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശ സമരങ്ങളോടൊപ്പം അചഞ്ചലമായി നിന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. 1947 ല്‍ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ തന്നെ ഐക്യരാഷ്ട്ര സഭയുടെ സ്പെഷല്‍ കമ്മറ്റി ഓണ്‍ പലസ്തീനില്‍ അംഗമായിരിന്നു ഇന്ത്യ. ചരിത്രപരമായ പലസ്തീനിനെ വിഭജിക്കാതെ ജൂത ന്യൂനപക്ഷത്തിന് സ്വയം ഭരണ അവകാശം കൊടുക്കുന്ന ഒരു ഫെഡറല്‍ പലസ്തീന്‍ രാജ്യം നിര്‍മ്മിക്കണം എന്നാണ് ഇന്ത്യ അന്ന് വാദിച്ചത്.പക്ഷേ ആ അഭിപ്രായം യുഎന്‍ മുഖവിലയ്ക്ക് എടുത്തില്ല. തുടര്‍ന്ന് ചരിത്രപരമായ പലസ്തീനിനെ വിഭജിക്കാനുള്ള യുഎന്‍ തീരുമാനത്തിനെതിരെ ഇന്ത്യ സഭയില്‍ വോട്ടും ചെയ്തു. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1949 ല്‍ ഇസ്രായേലിനെ ഐക്യരാഷ്ട്രസഭയില്‍ എടുക്കാനുള്ള തീരുമാനത്തിനും എതിരായി ഇന്ത്യ വോട്ട് ചെയ്തു. കോളോണിയല്‍ - സാമ്രാജ്യത്വ വിരുദ്ധ ഉള്ളടക്കമുള്ള ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ആശയധാര പിന്‍പറ്റിയാണ് ഇന്ത്യ ഫലസ്തീന് അനുകൂലമായി ആക്കാലത്തു നിലകൊണ്ടത്.
ഈ നിലപാടില്‍ നിന്ന് ഇന്ത്യയുടെ മടക്കം ആരംഭിക്കുന്നത്, 1979ല്‍ ഇസ്രായേലും ഈജിപ്തും തമ്മിലുള്ള സമാധാന ഉടമ്പടിയോടെയാണ്. ഈജിപ്തായിരുന്നു അറബ് ലോകവുമായി ഇന്ത്യയെ ബന്ധിപ്പിച്ചിരുന്നത്. പിന്നെ സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ചയോടെ പിഎല്‍ഒയുടെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ പ്രതിരോധം ദുര്‍ബലപ്പെട്ടപ്പോഴേക്കും ഇന്ത്യ ഏതാണ്ട് മുഴുവനായും അമേരിക്കന്‍ ക്യാമ്പില്‍ എത്തിയിരുന്നു. അത് നടക്കുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. 1950 ല്‍ ഇസ്രയേലിനെ രാജ്യമായി അംഗീകരിച്ചെങ്കിലും 1992 ല്‍ മാത്രമാണ് ഇന്ത്യ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. ഇത് ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ അതുവരെ എടുത്തിരുന്ന കൊളോണിയല്‍-സാമ്രജ്യത്വ നിലപാടിന് വിരുദ്ധമായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ സജീവമായി. ഇന്ന് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യമാണ് ഇസ്രായേല്‍. ഇപ്പോള്‍ ഇസ്രായേല്‍ ഗാസയ്ക്ക് മുകളില്‍ നടത്തുന്ന ബോംബാക്രമണത്തിന് ഇസ്രായേലിനു പിന്തുണ പ്രഖ്യാപിക്കുക വഴി ഒരു ഭീകര രാഷ്ട്രത്തിന്റെ സഖ്യകക്ഷിയായി ഇന്ത്യ മാറി.
ഫലസ്തീനും ഇന്ത്യന്‍ മാധ്യമങ്ങളും
2024 ജനുവരി 15 ന് Network18 എന്ന റിലയൻസ് അധീന മാധ്യമ ശൃംഖലയിൽ നിന്നും രാജിവെച്ച രാഘവ് ബഹലും റിതു കുമാറും ചേർന്നുണ്ടാക്കിയ സ്വാതന്ത്ര്യ മാധ്യമമായ ക്വിന്റിൽ "Explained: An A-Z Guide to the Israel-Palestine Conflict" എന്ന ആർട്ടിക്കിൾ ഇന്ത്യയുടെ ഫലസ്തീൻ വിഷയത്തിലെ നിഷ്പക്ഷത വിളിച്ചോതുന്നതായിരുന്നു. ചരിത്ര സംഭവങ്ങളെയും സംഘട്ടന കാരണങ്ങളെയും കൃത്യമായി വിവരിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള മാധ്യമ വിവരണം ഇന്ന് വിരളമാണെന്ന് തന്നെ പറയാം. പ്രസ്തുത പ്രശ്നം അന്താരാഷ്ട്ര ഭൗമരാഷ്ട്രീയത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന ഒന്നായത് കൊണ്ട് തന്നെ, ലോക മാധ്യമങ്ങൾ വ്യത്യസ്ത കണ്ണിലൂടെയാണ് നോക്കി കാണുന്നത്.
ഇന്ത്യൻ മാധ്യമങ്ങളിൽ നിലപാട് കൃത്യമായി പറയുന്ന മതേതര ഇടതുപക്ഷ സ്വരമുള്ള ദി വയർ, സ്ക്രോൾ, ക്വിന്റ്, ന്യൂസ് ക്ലിക്ക്, മീഡിയ വൺ പോലോത്ത മാധ്യമങ്ങൾ പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു.
2024ഏപ്രിൽ 24ന് ദി വയർ പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട് " Six Months of War in Gaza Helped None, It's Time Israel Pursued the Path of Reconciliation" എന്നായിരുന്നു. ബലപ്രയോഗവും ഫലസ്തീനിയൻ സിവിലിയന്മാരുടെ ദുരവസ്ഥയും എടുത്ത് കാണിക്കുന്നതായിരുന്നു ഇത്. പ്രതിരോധ-സാങ്കേതിക മേഖലകളിൽ, സമീപ വർഷങ്ങളിൽ ഇന്ത്യ ഇസ്രയേലുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെങ്കിലും, ഈ മാറ്റം മാധ്യമങ്ങളിലെ ഫലസ്തീൻ അനുകൂല വിവരണത്തിന് പൂർണ്ണമായും മറ ഇട്ടിട്ടില്ല. ദി വയർ സംപ്രേഷണം ചെയ്ത 'The Interview with Karan Thapar' ഇന്റർവ്യൂ പ്രോഗ്രാമിൽ ഇസ്രായേൽ ന്യൂ ഹിസ്റ്റോറിയനും University of Exter ൽ പ്രൊഫസറുമായ ഇലാൻ പാപെയോട് ചോദിക്കപ്പെട്ടത് വളരെ ശ്രദ്ധേയമാണ്. "ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണം തീർത്തും അപലപനീയമാണ്. എന്നാല്‍ അതൊരു ശൂന്യതയിൽ നടന്നതല്ല, പിന്നിലെ ചരിത്രം മനസ്സിലാക്കൽ എത്രത്തോളം പ്രാധാന്യമുള്ളതാണ്?'. തീർച്ചയായും പശ്ചാത്തലമറിയുക എന്നുള്ളത് പ്രധാനമാണ്. വളരെ സൂക്ഷമതയോടു കൂടി ഇടപെടേണ്ട ചരിത്രമാണിത്, അല്ലെങ്കിൽ കെണി ഒരുക്കിവെച്ച ഇസ്രേലിയൻ ആഖ്യാനത്തിൽ ആഴ്ന്നുപോകാൻ സാധ്യതകൾ ഏറെയാണ്, എന്നായിരുന്നു അതിന് അദ്ദേഹത്തിന്റെ മറുപടി.
മാധ്യമ വിവരണത്തിലെ വ്യാകുലത വിളിച്ചോതുന്ന പഠനമാണ് Gautam Kishore Shahi, Amit Kumar Jaiswal, Thomas Mandl എന്നീ മൂവർ സംഘം ചേർന്നു നടത്തിയ "FakeClaim: A Multiple Platform-driven Dataset for Identification of Fake News on Israel-Hamas War”. സംഘർഷത്തിനിടയിൽ, ഓൺലൈൻ മാധ്യമ വിവരണത്തിന്റെ ഒരു പ്രധാന ഭാഗവും വ്യാജമാണെന്ന അനുമാനത്തിലേക്കാണ് അവരെത്തിച്ചേർന്നത് . YouTube വീഡിയോകൾ വിശകലനം ചെയ്യുമ്പോൾ, 756 വ്യത്യസ്ത വീഡിയോകളിൽ നിന്നായി 301 വിഡിയോകൾ (ഏകദേശം 40%) വ്യാജമാണെന്ന് കണ്ടെത്തിയെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 2024ൽ ഇന്ത്യയിൽ വെച്ച് നടന്ന കോപ്പറേറ്റീവ് കുത്തകകളുടെ ലാഭകൊയ്ത്ത് മേളയായ ഏകദിന ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുമ്പോൾ "Stop Bombing in Palestine and Free Palestine" എന്നെഴുതിയ ടീഷർട്ടുമായി ജോൺസൺ വൈയിൻ കോഹ്ലിയുടെ അടുത്തേക്ക് പാഞ്ഞടുക്കുന്ന ദൃശ്യം, അവിടെ സ്ഥാപിച്ച 40 ക്യാമറകൾക്കോ കമന്റെട്ടേഴ്‌സിനോ കാണാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. കാവിയാല്‍ നിറയുന്ന മാധ്യമങ്ങൾക്ക് താങ്ങാവാനും ഏകപക്ഷ ആഖ്യാനം പ്രചരിപ്പിക്കാനും പൊതുജനാഭിപ്രായം ഉതകുന്ന രീതിയിൽ രൂപപ്പെടുത്താനും ക്രൂരമായ ഭാഷയാണ് ഇന്ന് Zee News, Times Now, India Today, NDTC പോലോത്ത ഗോദി മീഡിയകൾ ഉപയോഗിക്കുന്നത്. ഇന്ത്യ RSF (Reporters sans Frontières) ന്റെ കീഴിലുള്ള World Press Freedom Index ൽ 31.28 പോയിന്റോടെ 159ആം സ്ഥലത്തേക്ക് അധ:പതിച്ചതും ഇത് കൊണ്ടൊക്കെ തന്നെയാണ്.
ഇന്നത്തെ ടെക് ഭീമന്മാരും സാമ്രാജ്യത്വ ശക്തികളുടെ അധീനതയിലായത് കൊണ്ട്തന്നെ, ഏകപക്ഷ ഡിജിറ്റൽ സെന്സര്ഷിപ് വ്യാപകമാണ്. ഇൻസ്റ്റാഗ്രാമിലെ ഫലസ്തീൻ ഉപയോക്താക്കൾ ഗാസ മുനമ്പിലെ ഇസ്രായേൽ വ്യോമാക്രമണത്തിന്റെ അനന്തരഫലങ്ങൾ രേഖപ്പെടുത്തുകയും കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മെറ്റ അവരുടെ പോസ്റ്റുകൾ നീക്കം ചെയ്തതായി റിപ്പോർട്ട് ചെയ്യുകയും ചെയ്തത് ഈയടുത്താണ്. 2022 സെപ്തംബറിൽ മെറ്റ ഓഡിറ്റിൽ, കമ്പനിയുടെ നയങ്ങൾ ഫലസ്തീൻ ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം, രാഷ്ട്രീയ പങ്കാളിത്തം എന്നിവയുൾപ്പെടെയുള്ള അവകാശങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന അനുമാനത്തിലാണ് എത്തിച്ചേർന്നത്. 2021-ൽ, മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ആഗോള സംഘടനയായ Human Right Watch, ഫലസ്തീനികളെയും അവരെ പിന്തുണയ്ക്കുന്നവരെയും സംബന്ധിച്ച ഉള്ളടക്കം ഫേസ്ബുക്ക് നീക്കം ചെയ്തതായി കണ്ടെത്തി. 2021 ൽ “Whose Narratives? What Free Speech for Palestine?” എന്ന വിഷയത്തിന് കീഴിൽ, സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കൗൺസിൽ ഓഫ് യു സി ഫാക്കൽറ്റി അസോസിയേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ഹ്യുമാനിറ്റീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ ചേർന്ന് നടത്തിയ ഓൺലൈൻ അക്കാദമിക് പ്രോഗ്രാം Zoom, Facebook, YouTube തുടങ്ങിയ 'നീരാളിപിടിയിലമർന്ന മാധ്യമങ്ങൾ' ബ്ലോക്ക് ചെയ്തത് ഇതിനുദാഹരമാണ്. അവസാനമായി, ഇന്നലെ ഇറാനില്‍ വെച്ച് കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ മരണത്തില്‍ അനുശോചനം അറിയിക്കുന്ന പോസ്റ്റുകള്‍ പോലും മെറ്റാ പ്ലാറ്റ്ഫോമുകള്‍ നീക്കം ചെയ്തതും ഞെട്ടിക്കുന്നതാണ്.
മാധ്യമങ്ങളിലെ തെറ്റായ വിവരങ്ങളുടെ കുത്തൊഴുക്ക് ഫലസ്തീനെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം പോലെ തന്നെ, അറ്റമില്ലാതെ തുടരും, തീർച്ച. അതിനാൽ വായനക്കാർക്കും പ്രേക്ഷകർക്കുമിടയിൽ മാധ്യമ സാക്ഷരത വളരെ അനിവാര്യമാണ്. ആഖ്യാനങ്ങൾ വിശ്വസനീയമാണോ അല്ലയോ എന്ന് നിർണ്ണയിക്കാനുള്ളൊരു തത്വം, ഡിജിറ്റൽ സാക്ഷരതാ വിദഗ്ധൻ മൈക്ക് കാൾഫീൽഡ് അവതരിപ്പിക്കുന്നുണ്ട്. “Stop, Investigate the source, Find better coverage, and Trace claims quotes, and media to the original context" (SIFT), എന്ന ഈ തത്വം മാധ്യമ സാക്ഷരതയുടെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഇന്ന്. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഭൂരിഭാഗവും ഏകപക്ഷീയമാവുമ്പോള്‍, നിഷ്പക്ഷ മാധ്യമങ്ങളെ നിലനിര്‍ത്തേണ്ടതും അതിലുപരി, ആഖ്യാനങ്ങളിലെ ശരിതെറ്റുകള്‍ മനസ്സിലാക്കാനാവുന്ന വിധം മാധ്യമസാക്ഷരത നേടേണ്ടതും നമ്മുടെ എല്ലാം ബാധ്യതയായി മാറുകയാണ്.
References:
https://indianexpress.com/article/explained/explained-history/gandhi-opposed-jewish-nation-state-palestine-8975964/#:~:text=Yet%2C%20he%20did%20not%20support,national%20home%2C%E2%80%9D%20Gandhi%20wrote
https://mediapeaceproject.smpa.gwu.edu/2017/12/14/what-is-peace-journalism/
https://www.youtube.com/@Firstpost
(Did India Have Secret Relations with Israel? | Flashback with Palki Sharma)
https://foreignpolicy.com/2021/05/18/israel-palestinian-modi-india-tightrope/
https://www.thequint.com/news/world/a-z-of-israel-palestine-conflict-explained
https://thewire.in/world/six-months-of-war-in-gaza-helped-none-its-time-israel-pursued-the-path-of-reconciliation?mid_related_new
https://www.youtube.com/@TheWireNews
(How Should We View the Moral Issues Raised By The Israel-Hamas War? | Karan Thapar Live) https://ar5iv.labs.arxiv.org/html/2401.16625v1
https://youtu.be/vDPO0yMrxR4?si=I2tncoLhixCVzT3T
https://rsf.org/en
https://www.hrw.org/
https://www.eff.org/deeplinks/2021/05/amid-systemic-censorship-palestinian-voices-facebook-owes-users-transparency
https://guides.lib.uchicago.edu/c.php?g=1241077&p=9082322
https://www.newslaundry.com/2023/10/14/between-the-new-middle-east-and-medias-myopia-a-shrinking-palestinian-voice
https://m.thewire.in/article/media/dead-versus-killed-a-closer-look-at-the-media-bias-in-reporting-israel-palestine-conflict
https://feminisminindia.com/2023/10/16/how-indian-media-is-spreading-disinformation-downplaying-the-palestinian-cause/
https://www.vox.com/technology/2023/10/12/23913472/misinformation-israel-hamas-war-social-media-literacy-palestine
Leave A Comment