വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍

പ്രമുഖ പണ്ഡിതനും കര്‍മ്മധീരനും സമസ്തയുടെ നേതാവുമായിരുന്ന മര്‍ഹൂം വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ആണ്ട് ദിനമാണ് മുഹര്‍റം 26. 

ജനനവും വിദ്യഭ്യാസവും
അരീക്കോട് -മൈത്രയില്‍ പുവ്വഞ്ചേരി മമ്മുദു മുസ്‌ലിയാര്‍-പുന്നക്കണ്ടി ബിച്ചിപ്പാത്തുമ്മ ദമ്പതികളുടെ മകനായി 1917 ലാണ് മര്‍ഹൂം വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ജനനം.  1912 ലെ മലബാര്‍ ലഹളയില്‍ പങ്കെടുത്തതിന്റെ പേരില്‍  പിതാവ് മമ്മുദു മുസ്‌ലിയാരെ ഭരണകൂടം വെല്ലൂരിലേക്ക് നാടുകടത്തിയിരുന്നു. നാടുകടത്തപ്പെട്ടതിന്റെ മൂന്ന് വര്‍ഷത്തിന് ശേഷം മാതാവും മക്കളും വെല്ലൂരില്‍ പോയി അവിടെ താമസമാക്കി.
പ്രാഥമിക പഠനം
വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ പ്രാഥമിക പഠനം വെല്ലൂരില്‍ വെച്ച് തന്നെ ആയിരുന്നു.  ഉര്‍ദു,ഫാര്‍സി,അറബി,ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ ചെറുപ്പത്തില്‍ തന്നെ സ്വായത്തമാക്കി. ബാഖിയാത്തിനോടനുബന്ധിച്ചുണ്ടായിരുന്ന പ്രാഥമിക മദ്രസയിലായിരുന്നു പഠിച്ചിരുന്നത്. 1935 ലാണ്  താമസം സ്വദേശത്തേക്ക് മാറ്റിയത്. വാഴക്കാട് കണ്ണിയത്ത് ഉസ്താദിന്റെ കീഴിലും മമ്പാട് സ്വദഖത്തുല്ല മുസ്‌ലിയാരുടെ ദര്‍സിലും പഠനം പൂര്‍ത്തിയാക്കി, ശേഷം ഉപരിപഠനത്തിനായി 1941 ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ ചേരുകയായിരുന്നു. 

അധ്യാപനം
ഉപരിപഠനം കഴിഞ്ഞ വിവിധ നാടുകളില്‍ ഖാസിയും മുദരിസുമായി സേവനം തുടരുകയായിരുന്നു. അരീക്കോട്, പുത്തലം,കൂരാട്, വെട്ടിക്കാട്ടിരി, തുടങ്ങിയ നിരവധി സ്ഥലങ്ങള്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ കര്‍മ്മ മണ്ഡലമായിരുന്നു.  1951 ലാണ് വാണിയമ്പലം ജുമുഅത്ത് പള്ളിയില്‍ മുദരിസ് സ്ഥാനവും ഖാസി സ്ഥാനവും ഏറ്റടെക്കുന്നത്. 1951 മുതല്‍ മരണം വരെ വാണിയമ്പലം ജുമുഅ പള്ളിയില്‍ മുദരിസും ഖാസിയും ആയി സേവനം തുടര്‍ന്നു. വാണിയമ്പലത്ത് ദര്‍സ് ഏറ്റെടുത്തതോടെ താമസവും വാണിയമ്പലത്തേക്ക് മാറ്റുകയായിരുന്നു.

സമസ്തയോടൊപ്പം
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍. 24-12-58 നു ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ചായിരുന്നു അബ്ദുറഹ്മാന്‍ മുസ്‌ലിയാരെ സമസ്ത മുശാവറ അംഗമായി തെരഞ്ഞെടുത്തത്. 1957 ല്‍ വിദ്യഭ്യാസ ബോര്‍ഡ് പുനസംഘടിപ്പിക്കപ്പെട്ടതു മുതല്‍ എക്‌സിക്യുട്ടീവ് അംഗമായിരുന്നു. 1975 ല്‍ അയിനിക്കാട്ട് ഇബ്രാഹീം മുസ്‌ലിയാരുടെ വഫാത്തിനെ തുടര്‍ന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായി നിയോഗിക്കപ്പെടുകയായിരുന്നു. വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെയും  സഹപ്രവര്‍ത്തകരുടെയും ശ്രമഫലമായിട്ടായിരുന്നു  കോഴിക്കാട് സമസ്ത ബുക്ക് ഡിപ്പോയും പ്രസ്സും ഓഫീസും നില്‍ക്കുന്ന ഫ്രാന്‍സിസ് റോഡിലെ സ്ഥലം വിലക്കെടുത്തതും പ്രസ്സും ഓഫീസും ഡിപ്പോയും  സ്ഥാപിച്ചതും. 
സമസ്ത ഫത്‌വ കമ്മിററി അംഗമായിരുന്നു.    29-11-76ന്  സമസ്ത വൈ.പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

1959 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ജാമിഅനൂരിയ്യ അറബിക് കോളേജിന്റെ  ആരംഭം മുതല്‍ പ്രവര്‍ത്തകസിമിതി അംഗമായി,  1978 മുതല്‍ മരിക്കുന്നത് വരെ ജനറല്‍ സെക്രട്ടറിയായിരുന്നു. സുന്നത്തു ജമാഅത്തിന്റെ  പടയാളിയായ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കള്ളത്ത്വരീഖത്തുകള്‍ക്കെതിരെ  ശബ്ദിക്കാന്‍ മടിച്ചുനിന്നില്ല.  ഇത്തരം ധീരമായ നിലപാടുകളുടെ മേല്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ക്ക് നേരെ വധശ്രമം വരെയുണ്ടായി. 

വഫാത്ത്

സമസ്ത മലപ്പുറം ജില്ലാ കമ്മറ്റി ഉന്നത മതവിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് ഫണ്ട് ആവശ്യാര്‍ത്ഥം 1980 ല്‍ കെ.പി മുഹമ്മദ് മുസ്‌ലിയാര്‍, സി.എച്ച് ഐദറൂസ് മുസ്‌ലിയാര്‍ എന്നിവരോടൊപ്പം വടക്കേ ഇന്ത്യയില്‍ പര്യടനത്തിന് പുറപ്പെട്ട സംഘത്തില്‍ അബ്ദുറഹ്മാന്‍ മുസ് ലിയാരുമുണ്ടായിരുന്നു. അജ്മീര്‍ സിയാറത്ത് കഴിഞ്ഞു മടങ്ങുമ്പോള്‍ വിജയവാഡയില്‍വെച്ച്  നേരിയ അസുഖം അനുഭവപ്പെട്ടപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രാകരം നാട്ടിലേക്ക് തന്നെ തിരിക്കുകയായിരുന്നു. മടങ്ങിയെത്തി ആറുദിവസം കഴിഞ്ഞു 1980 ഡിസംബര്‍ 4 (1401 മുഹര്‍റം 26) വഫാത്തായി. വാണിയമ്പലം ജുമുഅത്ത് പള്ളിയുടെ പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്നു. ഏഴ് പെണ്‍മക്കളുണ്ട്. അബ്ദുല്‍ബാരി ഫൈസി ഏക മകനാണ്. സ്ഥാനമാനങ്ങൾ അലങ്കാരത്തിനല്ലാതെ ഉത്തരവാദിത്വത്തോടെ നിര്‍വഹിച്ച മഹാമനീഷിയായ വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ് ലിയാരുടെ കൂടെ  നമ്മെയും അല്ലാഹു സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടട്ടെ. ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter