കൂഫിയ: ഫലസ്തീൻ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ പ്രതീകമായി മാറിയതെങ്ങനെ

ഒക്ടോബർ ഏഴിന് ഫലസ്തീൻ-ഇസ്റാഈൽ  പോരാട്ടം തുടങ്ങിയത് മുതൽ യൂറോപ്യൻ പാർലമെന്റുകളിലും ഫലസ്തീൻ ഐക്യദാർഢ്യ റാലികളിലും ഫലസ്തീനിലെ പരമ്പരാഗത ശിരോവസ്ത്രമായ കൂഫിയ നിറ സാന്നിധ്യമായിരുന്നു. സമ ചതുരാകൃതിയിലുള്ള തുണി ത്രികോണാകൃതിയിൽ രണ്ടായി മടക്കി തലയിൽ ധരിക്കുന്ന ഇത്, ഫലസ്തീനിലെ പരമ്പരാഗത ഒലീവ് കർഷകരുടെ വേഷമായിരുന്നു. എന്നാൽ 1960 കളിൽ ഫലസ്തീൻ നേതാവായിരുന്ന യാസർ അറഫാത്തിലൂടെയാണ് ഇതിനെ ലോകം ശ്രദ്ധിക്കുന്നത്. 1967 മുതൽ 1997 ൽ ഓസ്ലോ കരാരിൽ ഒപ്പ് വെക്കുന്നത് വരെ ഇസ്രായേൽ ഭരണകൂടം ഫലസ്തീൻ പതാകക്ക് നിരോധനം ഏർപ്പെടുത്തിയതോടെയാണ് ഇത് ഫലസ്തീൻ ചെറുത്ത് നിൽപിന്റെ   മുദ്രയായി മാറുന്നത്.   അധിനിവേശ വിരുദ്ധ ഫലസ്തീൻ ചെറുത്ത് നിൽപ്പിന്റെ പ്രതീകമായി മാറിയ കൂഫിയ വളരെ വ്യത്യസ്തമായ ചരിത്രവും   അർത്ഥതലങ്ങളുമാണ് പ്രധിനിധീകരിക്കുന്നത്. 

ഇന്ന് ഫലസ്തീൻ പ്രതിരോധത്തിന്റെ അടയാളമായാണ് കൂഫിയ അറിയപ്പെടുന്നത് എങ്കിലും ഇറാഖിലെ കൂഫ എന്ന സ്ഥലത്തേക്ക്  ചേർത്താണ് ഇതിന്റെ പേര് ഉത്ഭവിക്കുന്നത്. ഏഴാം നൂറ്റാണ്ടിൽ പേർഷ്യക്കാര്‍ക്കെതിരെ അറബികൾ  യൂഫ്രട്ടീസ് തീരത്തുള്ള കൂഫയിൽ നടത്തിയ പോരാട്ടത്തിന്റെ സമയത്താണ് ഇത് ആദ്യമായി അറബികൾ ഉപയോഗിച്ച് തുടങ്ങുന്നത്.  പരസ്പരം തിരിച്ചറിയാനും   തലക്ക് കവചമായും ഒട്ടകത്തിന്റെ രോമം കൊണ്ട് ഉണ്ടാക്കിയെടുത്ത ശിരോവസ്ത്രം ഈ യുദ്ധത്തിൽ അറബികള്‍ ഉപയോഗിച്ചിരുന്നു. ശേഷം അവ  യുദ്ധവിജയത്തിന്റെ ഓർമ്മയായി അവശേഷിക്കുകയായിരുന്നു.

വെളുത്ത കോട്ടൺ തുണിയിൽ കറുത്ത നിറത്തിൽ തുന്നിയെടുക്കുന്ന കൂഫിയയുടെ വിവിധ പാറ്റേണുകൾക്ക് വ്യത്യസ്തമായ വിശദീകരണങ്ങളാണ് നൽകപ്പെടുന്നത്. ഫലസ്തീനിലെ പൊതുജനങ്ങളുടെ ഉപജീവന മാർഗമയ  മത്സ്യത്തൊഴിലാളികളുടെ വലയെ പ്രധിനിധീകരിക്കുന്ന പാറ്റേണുകളും അതിനോട് ചേർന്ന് ഒലിവ് മരത്തെയും അതിൻറെ ഇലകളെയും ആവിഷ്കരിച്ച രൂപങ്ങളും കാണാം. മധ്യധരണിയാഴിയിൽ നിന്ന് മത്സ്യബന്ധനത്തിലൂടെയും പരമ്പരാഗതമായി കൈമാറിപ്പോകുന്ന ഒലിവ് കൃഷികളിലൂടെയുമാണ് ഫലസ്തീനികൾ തങ്ങളുടെ ഉപജീവനമാർഗ്ഗം പ്രധാനമായും കണ്ടെത്തുന്നത്. ഫലസ്തീനുമായി ബന്ധപ്പെട്ട  കവിതകളിലും പരമ്പരാഗത കഥകളിലും നിറഞ്ഞുനിൽക്കുന്ന ഒലീവ് മരങ്ങളുടെ പരിപാലനവും അതിന്റെ കൊയ്ത്തും  ദേശീയവും സാംസ്കാരികവുമായ ഒരു ആഘോഷമായാണ് കണക്കാക്കപ്പെടുന്നത്. അറ്റത്തുള്ള നീണ്ട വരകൾ ഫലസ്തീനിലൂടെ നീളുന്ന കച്ചവട പാതകളെയാണ് സൂചിപ്പിക്കുന്നത്. ചുവപ്പ്, പച്ച എന്നീ നിറങ്ങളിലും മറ്റു അറബ് രാജ്യങ്ങളിൽ ഇവ പ്രചാരത്തിലുണ്ട്. എങ്കിലും ഫലസ്തീനികൾക്ക് കറുപ്പ് നിറത്തോടാണ് കൂടുതല്‍  പ്രിയം.

ഫലസ്തീനിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകരായിരുന്നു ഇത് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. നഗരവാസികളും വിദ്യാസമ്പന്നരും ഫെസ് എന്നറിയപ്പെടുന്ന തുർക്കി തൊപ്പികൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചക്ക് ശേഷം 1930കളിൽ ബ്രിട്ടീഷ് അധിനിവേശകാലത്ത് ഫലസ്തീൻ പോരാളികൾ ബ്രിട്ടീഷുകാർ തങ്ങളെ തിരിച്ചറിയുന്നതും അറസ്റ്റ് ചെയ്യുന്നതും ഒഴിവാക്കാൻ വേണ്ടി കൂഫിയ ഉപയോഗിച്ച് മുഖം മറച്ചിരുന്നു. ഇതിനെ തുടർന്ന് ബ്രിട്ടീഷുകാർ ഇതിനെ നിരോധിച്ചു എങ്കിലും  നിരോധനത്തിലൂടെ ശക്തമായ പ്രചാരമായിരുന്നു അതിന് ലഭിച്ചത്. 

യാസർ അറഫാത്ത് 1947 ലെ  നക്ബക്ക് മുമ്പുള്ള ഫലസ്തീൻ അതിർത്തിയെ സൂചിപ്പിക്കുന്ന വിധം കൂഫിയയുടെ ഒരു ഭാഗം താഴ്ത്തിയിട്ട് അന്താരാഷ്ട്ര വേദികളിൽ പ്രത്യക്ഷപ്പെട്ടതോടെ അന്താരാഷ്ട്ര സമൂഹവും ഇത് ഏറ്റെടുത്ത് തുടങ്ങി. 1970 കളിൽ ലൈല ഖാലിദ് എന്നറിയപ്പെടുന്ന ഫലസ്തീൻ ആക്ടിവിസ്റ്റ് ഇതിനെ തൻറെ ശിരോവസ്ത്രം ആയി ഉപയോഗിക്കുകയും സ്ത്രീകളെ ഇത്  ധരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തതോടെ ലിംഗ ഭേദമന്യേ ഇവ ഫലസ്തീൻ ദേശീയതയുടെയും ഒരുമയുടെയും മുദ്രയായിത്തീര്‍ന്നു. ആധുനിക കാലത്ത് സോഷ്യൽ മീഡിയകൾ കൂടി ഇത് ഏറ്റെടുത്തതോടെ  ഗായകരും ഫാഷൻ ഡിസൈനർമാരും ഇതിന്റെ പ്രചാരകരായി മാറി. ബ്രിട്ടീഷ് ഫലസ്തീനിയൻ റാപ്പ് ഗായികയായ ഷാദിയ മൻസൂർ ഫലസ്തീനിലെ പരമ്പരാഗത വസ്ത്രമണിഞ്ഞ് തൻറെ “എൽ കോഫെയെ അറബെയ്യേ” എന്ന റാപ്പ് ഗാനം അവതരിപ്പിച്ച വേദിയിൽ “നിങ്ങൾക്ക് വേണമെങ്കിൽ എന്റെ ഫലാഫിലും ഹമ്മുസും എടുക്കാം, എങ്കിലും എൻറെ തലയിലുള്ള കൂഫിയ നിങ്ങൾക്ക് തൊടാൻ പോലും സാധിക്കില്ല”  എന്ന പ്രസ്താവന സോഷ്യൽ മീഡിയയില്‍ വലിയ തരംഗങ്ങള്‍ സൃഷ്ടിച്ചു. അതോടെ ആത്മാഭിമാനത്തിന്റെയും അടിയറവ് വെക്കാത്ത മനോധൈര്യത്തിന്റെയും പ്രതീകം കൂടിയായി മാറി കൂഫിയ. 

ഇന്ന് ഫലസ്തീൻ ജനങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലകൾക്കും അടിച്ചമർത്തലിനും എതിരെയുള്ള പ്രതിരോധത്തിന്റെ ആവിഷ്കാരമായി തുടരുകയാണ് കൂഫിയ.  ഇസ്രായേലിന്റെ കിരാതമായ ആക്രമണങ്ങളെ അചഞ്ചലമായ വിശ്വാസം കൊണ്ടും പതറാത്ത മനസ്സ് കൊണ്ടും ഫലസ്തീൻ  ജനത ചെറുത്തു നിൽക്കുമ്പോഴെല്ലാം കൂഫിയയും അവരോടൊപ്പം നിഴല്‍പോലെ നിലകൊള്ളുന്നതും ഇത് കൊണ്ട് തന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter