മദ്റസകൾ: വേണ്ടേ ചില മാറ്റങ്ങൾ
കേരളത്തിൽ മദ്റസ അധ്യാപകർക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങളും പോക്സോ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.
ഇത്തരം സംഭവങ്ങൾ വാർത്തയാകുമ്പോൾ മദ്റസകളെയും അധ്യാപകരെയും ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന പ്രവണത കാണാറുണ്ട്. വ്യക്തിവൈരാഗ്യത്തിന്റെയും മറ്റു താൽപര്യങ്ങളുടെയും പേരിൽ വ്യാജാരോപണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാൽ ഏതൊക്കെ ആരോപണങ്ങളാണ് വ്യാജമെന്ന് തീരുമാനിക്കേണ്ടത് തെളിവുകളുടെയും നീതിപൂർവമായ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ്.
ആയിരക്കണക്കിന് മദ്റസ അധ്യാപകർ ആത്മാർഥതയോടെയും സമർപ്പണത്തോടെയും സേവനമനുഷ്ഠിക്കുന്നുണ്ട്. ഏതാനും വ്യക്തികൾക്കെതിരായ ആരോപണങ്ങളുടെ പേരിൽ അവരെയെല്ലാം സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് അനീതിയാണ്.
അതേസമയം, ഒരു കുട്ടി പോലും ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന സാഹചര്യം അവഗണിക്കാനോ സ്ഥാപനത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കാനായി പരാതി മറച്ചുവെക്കാനോ പാടില്ല.
നമ്മുടെ മതവിദ്യാഭ്യാസ ബോർഡുകൾക്ക് വിപുലമായ സംഘടനാ സംവിധാനങ്ങളും അധ്യാപക പരിശീലനത്തിനും പരീക്ഷകൾക്കും സിലബസിനും കേന്ദ്രീകൃത സംവിധാനങ്ങളുമുണ്ട്. അതുപോലെ കുട്ടികളുടെ സുരക്ഷയും അധ്യാപകരുടെ പ്രൊഫഷണൽ ഉത്തരവാദിത്വവും ഉറപ്പാക്കാനുള്ള സംവിധാനങ്ങളും ഉണ്ടാകണം.
ഇതിനായി ചില നിർദേശങ്ങൾ :
1. അധ്യാപകർക്ക് പശ്ചാത്തല പരിശോധന
മദ്റസ അധ്യാപകരെ നിയമിക്കുന്നതിന് മുമ്പ് പൊലീസ് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള പശ്ചാത്തല പരിശോധന നടത്തണം. മുൻ സ്ഥാപനങ്ങളിലെ സേവനവിവരങ്ങളും പരിശോധിച്ച് സ്വഭാവ-പെരുമാറ്റ സാക്ഷ്യപത്രം നൽകാൻ കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തണം.
2. കുറ്റവാളികൾക്കായി കേന്ദ്രീകൃത രജിസ്റ്റർ
ലൈംഗിക ചൂഷണം, ലഹരിയുമായി ബന്ധപ്പെട്ട ഗുരുതര കുറ്റകൃത്യങ്ങൾ എന്നിവയിൽ ശിക്ഷിക്കപ്പെട്ടവരെക്കുറിച്ച് നിയമാനുസൃതമായ രഹസ്യ രജിസ്റ്റർ സൂക്ഷിക്കണം. അത്തരക്കാർ മറ്റൊരു മദ്റസയിൽ വീണ്ടും നിയമിക്കപ്പെടുന്നത് തടയണം.
3. പരാതികൾ കൈകാര്യം ചെയ്യാൻ വ്യക്തമായ മാർഗരേഖ
ലൈംഗികാതിക്രമ ആരോപണം ഉയർന്നാൽ മദ്റസ മാനേജ്മെന്റ് എന്തുചെയ്യണം, കുട്ടിയുടെ സുരക്ഷയും സ്വകാര്യതയും എങ്ങനെ ഉറപ്പാക്കണം, അധ്യാപകനെതിരെ എന്ത് ഇടക്കാല നടപടികൾ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മദ്റസകൾക്കും വ്യക്തമായ മാർഗരേഖ നൽകണം. പോക്സോ നിയമപ്രകാരം റിപ്പോർട്ട് ചെയ്യേണ്ട പരാതികൾ ഉടൻ പൊലീസിനെ അറിയിക്കണം.
4. റെയ്ഞ്ച് അടിസ്ഥാനത്തിൽ കൗൺസലർമാർ
ഓരോ മദ്റസ റെയ്ഞ്ചിലും പരിശീലനം നേടിയ കൗൺസലർമാരുടെ സേവനം ഉറപ്പുവരുത്തണം. കുട്ടികൾക്ക് ഭയമില്ലാതെ പ്രശ്നങ്ങൾ തുറന്നുപറയാനും ആവശ്യമായ സഹായം ലഭിക്കാനും കഴിയണം.
5. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പരാതി സംവിധാനം
ഓരോ മദ്റസയിലും രഹസ്യമായി പരാതി നൽകാനുള്ള സൗകര്യമുണ്ടാകണം. പ്രാദേശിക മാനേജ്മെന്റ് നടപടിയെടുക്കാത്ത സാഹചര്യത്തിൽ വിദ്യാഭ്യാസ ബോർഡിനെ നേരിട്ട് സമീപിക്കാൻ ഇമെയിൽ, വെബ്സൈറ്റ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കണം.
6. ചെറിയ ക്ലാസുകളിൽ വനിതാ അധ്യാപകർ
പ്രാഥമിക ക്ലാസുകളിൽ വനിതാ അധ്യാപകരെ കൂടുതലായി നിയമിക്കുകയും കുട്ടികൾക്ക് സൗഹൃദപരവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുകയും വേണം.
7. മുതിർന്ന ക്ലാസുകളിൽ പ്രത്യേക പഠനസൗകര്യങ്ങൾ
ഉയർന്ന ക്ലാസുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പഠനസൗകര്യങ്ങൾ ഒരുക്കുകയും പെൺകുട്ടികളുടെ ക്ലാസുകളിൽ വനിതാ അധ്യാപകരെ നിയമിക്കുകയും ചെയ്യുന്നത് പരിഗണിക്കണം. എല്ലാ അധ്യാപകർക്കും കുട്ടികളുമായുള്ള ഇടപെടലിൽ വ്യക്തമായ പെരുമാറ്റച്ചട്ടവും പരിശീലനവും നിർബന്ധമാക്കണം.
8. മത വിദ്യാഭ്യാസ ബോർഡ് തലത്തിൽ സ്ഥിരം ബാലസംരക്ഷണ സമിതി
പരാതികൾ കൈകാര്യം ചെയ്യുന്നതിനും സ്ഥാപനതല നടപടികൾ നിരീക്ഷിക്കുന്നതിനും വിദ്യാഭ്യാസ ബോർഡ് സ്ഥിരം സമിതി രൂപീകരിക്കണം. നിയമവിദഗ്ധർ, കൗൺസലർമാർ, ബാലസംരക്ഷണ വിദഗ്ധർ, വനിതാ പ്രതിനിധികൾ തുടങ്ങിയവർ സമിതിയിലുണ്ടാകണം.
ഇതോടൊപ്പം അധ്യാപകർക്കുള്ള ബാലസംരക്ഷണ പരിശീലനം, കുട്ടികളുമായി ഒറ്റയ്ക്കുള്ള ഇടപെടലുകൾ സംബന്ധിച്ച വ്യക്തമായ നിയന്ത്രണങ്ങൾ, രക്ഷിതാക്കളുമായുള്ള ആശയവിനിമയം, സ്ഥാപനങ്ങളിലെ സുരക്ഷാ പരിശോധനകൾ എന്നിവയും നടപ്പാക്കണം.
ഇതൊന്നും മദ്റസ വിദ്യാഭ്യാസത്തെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള നിർദേശങ്ങളല്ല. മറിച്ച്, അതിന്റെ വിശ്വാസ്യതയും നിലവാരവും കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികളാണ്.
കേരളത്തിലെ മദ്റസ വിദ്യാഭ്യാസത്തിന് മഹത്തായ പാരമ്പര്യവും വിപുലമായ സാമൂഹിക അംഗീകാരവുമുണ്ട്. കാലത്തിനനുസരിച്ച് പാഠ്യപദ്ധതികളും അധ്യാപനരീതികളും പരിഷ്കരിക്കുന്നതുപോലെ സംരക്ഷണ സംവിധാനങ്ങളും നവീകരിക്കേണ്ടതുണ്ട്.
അധ്യാപകരുടെ മാന്യത സംരക്ഷിക്കപ്പെടണം. വ്യാജാരോപണങ്ങളിൽനിന്ന് നിരപരാധികൾക്ക് നിയമപരമായ സംരക്ഷണം ലഭിക്കണം. അതേസമയം, ഇരകളായ കുട്ടികൾക്ക് നീതിയും സുരക്ഷയും ഉറപ്പാകണം.
ഇക്കാര്യത്തിൽ നമ്മുടെ മതവിദ്യാഭ്യാസ ബോർഡുകൾ മുൻകൈയെടുത്ത് പൊതുവായ നയവും പ്രായോഗികമായ മാർഗരേഖകളും രൂപീകരിക്കേണ്ട സമയമാണിത്.



Leave A Comment