മഹ്സാ അമീനിയും ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളും
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കാലമായി ഇറാനിലെ ജനങ്ങൾ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ഇരുപത്തിരണ്ട് വയസ്സു പ്രായമുള്ള മഹ്സാ അമീനി എന്ന ഇറാനിയൻ പെൺകുട്ടി പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധം രാജ്യവ്യാപകമായി ആളിക്കത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇതുവരെ 41 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാരെ അടിച്ചമർത്താൻ ഗവൺമെന്റ് ശക്തമായ നീക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ് നിയന്ത്രണം വരെ ഏർപ്പെടുത്തി. പ്രതിഷേധ പ്രവർത്തനങ്ങൾക്കിടയിൽ 18-ഓളം മാധ്യമപ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്.
മഹ്‍സ അമീനിയുടെ മരണം
സെപ്തംപർ 13ന് വടക്കുപടിഞ്ഞാറൻ കുർദിസ്താൻ പ്രവിശ്യയിൽ നിന്നും യാത്ര ചെയ്ത് തന്റെ ബന്ധുക്കളെ സന്ദർശിക്കാൻ വേണ്ടി ടെഹ്റാനിലെത്തിയതായിരുന്നു മഹ്സ അമീനിയും കുടുംബവും. തന്റെ സഹോദരനോട് കൂടെ സഞ്ചരിക്കുകയായിരുന്ന മഹ്‍സയെ അറസ്റ്റ് ചെയ്തത് ഇറാന്‍ സദാചാര പോലീസ് ആയിരുന്നു. 'അനുയോജ്യമല്ലാത്ത വസ്ത്രധാരണം' നടത്തി എന്നതായിരുന്നു ചുമത്തിയ വകുപ്പ്. തുടർന്ന് സെപ്തംപർ 16 - ന് ഇറാനിയൻ സ്ത്രീകൾ പാലിച്ചിരിക്കേണ്ട നിയമ വശങ്ങൾ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിൽ വെച്ച് മഹ്‍സ മരണപ്പെട്ടതോടെയാണ് കാര്യങ്ങള്‍ പിടി വിട്ടത്.
അവരുടെ സഹോദരൻ ഒരു മാധ്യമത്തിനു നൽകിയ വിവരണമനുസരിച്ച് ഡിറ്റൻഷൻ സെന്ററിന്റെ അകത്തുനിന്നും അദ്ദേഹം ഒരു നിലവിളി കേൾക്കുകയും ഉടൻതന്നെ ഒരു ആംബുലൻസ് വരികയും അപ്പോൾ പുറത്തേക്കു വന്ന ആൾ 'സുരക്ഷാസേന ഒരു യുവതിയെ കൊന്നു' എന്ന് പറയുകയും ചെയ്തുവത്രെ. അധികൃതർ അമീനിയെ കൊന്നതാണ് എന്ന് കുടുംബം ആരോപിക്കുന്നതിന്റെ അടിസ്ഥാനം ഇതാണ്. അതേസമയം ഹൃദയാഘാതം മൂലമാണ് അമീനി മരണപ്പെട്ടത് എന്നാണ് പോലീസ് ഭാഷ്യം. ശാരീരികമായി അവൾക്ക് യാതൊരുവിധ പരിക്കുമേൽപ്പിച്ചിട്ടില്ലെന്നും പോലീസ് പ്രസ്താവനയിൽ പറയുന്നുണ്ട്. ഇതു സ്ഥിരീകരിക്കാനായി സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പുറത്തു വിടുകയും ചെയ്തു.
ആശുപത്രിയില്‍ വെച്ചുകൊണ്ട് മകളുടെ മൃതശരീരം കാണാൻ തന്നെ അനുവദിച്ചില്ല എന്ന് മര്‍സയുടെ പിതാവിന്റെ ആരോപണവും ഇതോട് കൂട്ടിവായിക്കേണ്ടതാണ്. മകളുടെ കാലിൽ ഒരുപാട് മുറിവുകൾ കാണാനിടയായി എന്നും രാത്രിയിൽ തന്നെ അവളുടെ മൃതദേഹം സംസ്കരിക്കുവാൻ തന്നെ നിർബന്ധിച്ചെന്നും പിതാവ് പറയുന്നുണ്ട്. സെപ്തംബർ 17-ന് ജന്മനാടായ കുർദിസ്താനിലെ സക്വെസിലാണ് അമീനിയെ ഖബറടക്കിത്.
പ്രതിഷേധാഗ്നി
വിവരം പുറം ലോകമറിഞ്ഞതോടെ, അമീനിക്ക് നീതി നല്കുക എന്ന ആവശ്യമുയർത്തിക്കൊണ്ട് പ്രതിഷേധക്കാർ രംഗത്തു വന്നു. ഭരണകൂടവും പോലീസുമാണ് അമീനിയുടെ മരണത്തിനു കാരണക്കാർ എന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. അമീനിയെ പ്രവേശിപ്പിച്ച ആസ്പത്രിക്ക് ചുറ്റുമായിരുന്നു ആദ്യ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ചില സ്ത്രീകൾ പൊതു നിരത്തിൽ വെച്ച് തങ്ങളുടെ മുടി സ്വയം മുറിച്ചു കാണിക്കുകയും തങ്ങളുടെ ശിരോവസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയുമെല്ലാം ചെയ്ത് ഇറാൻ ഗവൺമെന്റിനെ പരസ്യമായിത്തന്നെ വെല്ലുവിളിക്കുന്ന രംഗങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ആൾക്കൂട്ടത്തിനു നടുവിൽ വച്ചുകൊണ്ട് ഒരു സ്ത്രീ തന്റെ ഹിജാബ് ഊരുകയും മുടി മുഴുവനായി മുറിക്കുകയും ചെയ്യുന്ന വീഡിയോ വ്യാപകമായി തന്നെ പ്രചരിപ്പിക്കപ്പെട്ടു. ഇറാനിയൻ പോലീസ് സേനയുമായി ജനങ്ങൾ സംഘട്ടനത്തിലേർപ്പെടുകയും "സ്വേച്ഛാധിപതി തുലയട്ടെ" എന്ന അർത്ഥത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രതിഷേധിക്കുന്ന വീഡിയോകളും കൂടുതൽ വൈറലായി ക്കൊണ്ടിരുന്നു. ഇറാന്റെ പരമോന്നത ആത്മീയ നേതാവായ ആയത്തുള്ള അലി കംനാഇയെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു 'സ്വേച്ഛാധിപതി ' പ്രയോഗം.
തുടർന്ന് പേർഷ്യൻ ഭാഷയിൽ #MahsaAmini എന്ന ഹാഷ്ടാഗ് സൃഷ്ടിച്ച് ട്വിറ്ററിൽ നിരവധി ആളുകൾ പോസ്റ്റ് ചെയ്യുകയും പങ്കു വെക്കുകയും ചെയ്തു. അമീനിയെ ഖബറടക്കിയ സെപ്തംപർ -17-ാം തിയ്യതി പ്രതിഷേധക്കാർ സക്വിസ ഗവർണ്ണർ ഓഫീസിനുമുന്നിൽ തടിച്ചു കൂടുകയും പ്രതിഷേധിക്കാൻ ശ്രമിക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച് പോലീസ് അവർക്കു നേരെ കണ്ണീർ വാതക പ്രയോഗം നടത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചില മരണങ്ങള്‍ വരെ സംഭവിക്കുകയും ചെയ്തു.
തുടർന്നുള്ള ദിവസങ്ങളിൽ പ്രതിഷേധം ശക്തമാവുകയും രാജ്യമൊട്ടാകെ വ്യാപിക്കുകയും ചെയ്തു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി ക്യാമ്പസുകൾ മുതൽ ഉൾനാടുകളിൽ വരെ പ്രതിഷേധം ഇരമ്പി. ടെഹ്‌റാനിൽ പോലീസ് സ്‌റ്റേഷന് തീയിടുകയും മാസന്ദറാൻ പ്രവിശ്യയിൽ 40-ലധികം സർക്കാർ സ്ഥാപനങ്ങൾക്ക് നാശനഷ്ടം വരുത്തുകയും തീവെക്കുകയും ചെയ്‌തതായും 76 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഡെപ്യൂട്ടി ഗവർണർ അറിയിച്ചു.
അംഗീകൃത വസ്ത്ര ധാരണാ രീതി
1979 - ലെ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷമാണ് ഇറാനിൽ അംഗീകൃത വസ്ത്രധാരണ ചട്ടം നിലവിൽ വന്നത്. ഇറാൻ വിപ്ലവ നേതാവ് റൂഹുല്ലാ ആയത്തുല്ലാ ഖുമൈനിയാണ് ഈ നിയമം പ്രഖ്യാപിച്ചത്. മത-വംശ വിഭാഗങ്ങൾക്കതീതമായി എല്ലാവരും ജോലിയിടങ്ങളിൽ ഹിജാബ് ധരിക്കണമെന്ന് അദ്ധേഹം ആഹ്വാനം ചെയ്തു. പിന്നീട് 1983നു ശേഷം എല്ലാവരും ഹിജാബ് ധരിക്കണമെന്ന നിയമമുണ്ടായി. ഹിജാബ് ധരിക്കാതിരിക്കുന്നത് 74- ചാട്ടയടിക്ക് വിധേയമാകുന്ന ശിക്ഷയായി പരിഗണിക്കപ്പെട്ടു. പിന്നീട് അതിന്റെ പേരിൽ അറസ്റ്റ് ചെയ്യാമെന്ന വകുപ്പും നിലവില്‍ വന്നു.
ശിരസ്സ് മൂടുന്ന തരത്തിൽ ഹിജാബ് ധരിക്കുക, ശരീരത്തിൽ ഒട്ടിച്ചേർന്നു കിടക്കാത്ത വസ്ത്രമായിരിക്കുക, മാറുമുഴുവൻ മറക്കുക എന്നിവയാണ് ഹിജാബ് ധാരണത്തിൽ അനുശാസിക്കപ്പെടുന്നത്. സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വനിതകൾക്ക് ഈ നിയമം കർശനമായി പാലിക്കേണ്ടി വരും. ഐഡന്റിറ്റി കാർഡ് ഫോട്ടോ പതിപ്പിക്കുന്ന വേളയിലും ഈ നിയമം പാലിച്ചിരിക്കണം. സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുമ്പോൾ ചാദർ എന്ന ശിരോവസ്ത്രമാണ് ധരിക്കേണ്ടത്. മുഖമോ അല്ലെങ്കിൽ കണ്ണുകളോ മാത്രം ദൃശ്യമാകുന്ന തരത്തിലുള്ള ഒരു വലിയ തുണിയെയാണ് 'ചാദർ' എന്നു പറയുന്നത്.
കൂടുതൽ അളവിൽ അല്ലെങ്കിലും പുരുഷന്മാരും ചില മാർഗനിർദ്ദേശങ്ങൾക്ക് വിധേയരാണ്. മുടി നീട്ടി വളർത്തുക, മറ്റു ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കുക തുടങ്ങിയവ പുരുഷന്മാരെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ഷോർട്സ്, ജീൻസ്, ടീഷർട്ട്, മുതലായ വസ്ത്രധാരണ രീതി പാശ്ചാത്യൻ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നതിനാൽ അവയെയും പുരുഷന്മാർക്ക് വിലക്കിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ 10 വർഷത്തോളമായി ഇറാനിയൻ സ്ത്രീ-പുരുഷ വസ്ത്രധാരണ രീതിയിൽ വളരെയധികം മാറ്റങ്ങൾ പ്രകടമായിട്ടുണ്ട്. വർണ്ണാഭമായതും പ്രാദേശികമായി നിർമ്മിച്ചതും വിദേശത്തുണ്ടാക്കിയതുമായ നിരവധി വസ്ത്രങ്ങൾ ഇന്ന് സുലഭമാണ്. ഇറാനിലെ യുവതലമുറ ഹിജാബ് ധരിക്കുന്നതിൽ വളരെയധികം ലാഘവത്വം കാണിക്കുന്നു. അതുകൊണ്ടുതന്നെനിരന്തരമായ സദാചാര പോലീസ് ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിലേക്ക് സർക്കാർ നിർബന്ധിതരായിരിക്കുകയുമാണ്.
എന്താണ് സദാചാര പോലീസ് ?
ഇറാനിലെ സദാചാര പോലീസിന് വിളിക്കുന്ന പേര് 'ഗശ്തയെ ഇർശാദ്' എന്നാണ്. ഇസ്‍ലാമിക മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുവാൻ വേണ്ടി റോന്തു ചുറ്റുക എന്നതാണ് ഈ പദത്തിൻറെ അർത്ഥം. 15 വർഷങ്ങൾക്കു മുമ്പാണ് ഈ പോലീസ് സംവിധാനം നിലവിൽ വന്നത്. അഹ്മദ് നെജാദ് സർക്കാർ കാലത്താണ് സദാചാര പോലീസിന് ഈ നാമകരണം നൽകിയത്. ഇറാനിലെ സുപ്രീം കൗൺസിൽ ഓഫ് കൾച്ചറൽ റെവലൂഷൻ രാജ്യത്ത് സംസ്കാരവും ചാരിത്രശുദ്ധിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സദാചാര പോലീസ് (Morality police) എന്ന സംവിധാനം കൊണ്ടുവരുന്നത്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി) വഴിയോ പിന്നീട് നിയമ നിർവ്വഹണ സേനയിൽ ലയിപ്പിച്ച മറ്റ് സേനകളിലൂടെയോ നിർബന്ധിത ഹിജാബ് നിയമങ്ങൾ നടപ്പിലാക്കുന്നതിനായി ഇറാനിൽ മുമ്പ് വ്യത്യസ്ത തരം പട്രോളിംഗ് നടത്തിയിരുന്നു.
പച്ച വരകളുള്ള വെള്ളവാനുകളാണ് സദാചാര പോലീസ് ഉപയോഗിക്കുന്നത്. പലപ്പോഴും കാൽനടയാത്രക്കാർ നടന്നുപോകുന്ന സ്ഥലങ്ങൾ അല്ലെങ്കിൽ യുവതി യുവാക്കൾ നടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം ഇവർ നിലയുറപ്പിക്കും. ഈ പോലീസ് സേനയിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. ഒരു സ്ഥലത്ത് അവരുടെ സാന്നിധ്യം മാത്രം തന്നെ ആളുകളെ തങ്ങളുടെ വസ്ത്രം ശരിപ്പെടുത്താൻ പ്രേരിപ്പിക്കും. വാക്കാലുള്ള മുന്നറിയിപ്പ് നൽകിയാണ് ഓഫീസർമാർ രാജ്യത്തിന്റെ ഡ്രസ് കോഡ് നടപ്പിലാക്കുന്നത്. എന്നാൽ ചിലർ ഇടയ്ക്കിടെ തടവിലാക്കപ്പെടാറുണ്ട്. തടവുകാരെ മണിക്കൂറുകളോളം ശരിയായ ഡ്രസ് കോഡുകളിൽ "പുനർ വിദ്യാഭ്യാസം" നൽകുന്ന ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നു. കുറ്റം ആവർത്തിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുന്ന രേഖകളിൽ ഒപ്പിടാൻ അവരെ നിർബന്ധിക്കുന്നു. തുടർന്ന് അവരെ കൂട്ടിക്കൊണ്ടുപോകാൻ കുടുംബാംഗങ്ങളെ വിളിക്കുന്നു. ഇങ്ങനെയാണ് സദാചാര പോലീസിന്റെ രീതി.
Read More:വീണ്ടും സംഘർഷഭരിതമാകുന്ന ഇറാഖീ രാഷ്ട്രീയം
സ്ത്രീകളെ ഇടയ്ക്കിടെ തടങ്കലിൽ വയ്ക്കുകയും ഒരു പുരുഷ ബന്ധുവിന്റെ ഉറപ്പിന് ശേഷം മാത്രം വിട്ടയക്കുകയും ചെയ്യുന്ന പോലീസ് മുറ പലപ്പേഴും കടുത്ത വിമർശനങ്ങൾക്കു വിധേയമാകാറുണ്ട്. പരിഷ്കരണവാദികളായ വനിതകൾ പ്രതീകാത്മകമായി നിരവധി പ്രക്ഷോഭങ്ങൾ മുൻ കാലങ്ങളിൽ നടത്തിക്കൊണ്ടിരുന്നിട്ടുണ്ട്. 2017-ൽ വിദാ മുവഹിദ് എന്ന ഇറാനിയൻ പെൺകുട്ടി ടെഹ്റാനിലെ ഇൻക്വിലാബ് സ്ട്രീറ്റിൽ വെച്ച് ഹിജാബ് തലക്കുമീതെ വീശിയ ഫോട്ടോ പ്രചരിച്ചതിനു പിന്നാലെ അവർ അറസ്റ്റിലായിരുന്നു. ഹിജാബ് നിയമങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നവർക്ക് ജയിൽ ശിക്ഷയും ഹിജാബ് അനാവരണം ചെയ്ത് പ്രതിഷേധിക്കുന്നവരെ നിരീക്ഷിക്കാൻ വേണ്ടി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് നിയമം കുടുതൽ കർക്കശമാക്കാനും ഈ അടുത്തായി സർക്കാർ തീരുമാനിച്ചിരുന്നു. ഹിജാബിന്റെയും ചാരിത്ര്യ ശുദ്ധിയുടെയും ദേശീയ ദിനത്തിൽ (National Day of Hijab and Chastity) ഇറാനിയൻ സ്ത്രീകൾ രാജ്യത്തുടനീളം തെരുവിലിറങ്ങുകയും പരസ്യമായി മൂടുപടം നീക്കം ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പ്രത്യാഘാതങ്ങൾ
ഹിജാബ് ധരിക്കുന്നതിനെ സംബന്ധിച്ച് ഇറാനിലെ പല കോണുകളിൽ നിന്നും എതിർപ്പുകൾ ഉണ്ടെങ്കിലും ഈ വിഷയത്തിൽ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഇളവ് നൽകപ്പെടാനുള്ള സാധ്യത ഇല്ല എന്ന് തന്നെ പറയാം. കാരണം മതാധിഷ്ഠിത ഭരണ (Theocray) സംവിധാമാണ് ഇറാൻ ഭരണഘടനയുടെ കാതൽ. മുൻകാലങ്ങളിൽ ഹിജാബ് നിയമങ്ങൾക്കെതിരെ പ്രതിഷേധം നടത്തിയ വനിതാ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും ജയിൽ ശിക്ഷ അനുഭവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെയധികം സംഘർഷഭരിതമാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പ്രതിഷേധങ്ങൾക്ക് കവറേജ് ലഭിക്കാതിരിക്കാൻ വേണ്ടി ഇൻറർനെറ്റ് ആക്സസ് തടസ്സപ്പെടുത്തുകയാണ് ഇപ്പോൾ അധികൃതർ. അതിൻറെ ഭാഗമായി ഇൻസ്റ്റഗ്രാം, വാട്സപ്പ് അടക്കമുള്ള ഏറെ സ്വാധീനമുള്ള മാധ്യമങ്ങൾക്ക് ടെഹ്റാനിലും കുർദിസ്ഥാനിലും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. പലയിടത്തും ഭരണകൂടാനുകൂലികൾ മതപരമായ വസ്ത്രധാരണ രീതി സംരക്ഷിക്കുവാൻ വേണ്ടി പ്രതിഷേധങ്ങളും നടത്തുന്നുണ്ട്.
അന്താരാഷ്ട്ര വിമർശം
അമീനയുടെ മരണത്തിൽ അന്താരാഷ്ട്ര ലോകം ശക്തമായി അപലപിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി യുഎസിലെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ആക്സസ് നിഷേധിച്ചുകൊണ്ട് ഇറാനെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തി. ഇറാൻ പോലീസ് നിരന്തരമായി സ്ത്രീ അവകാശങ്ങളെയും ഇറാനിലെ ബഹാഇ സമുദായത്തിനെതിരെയും നീക്കം നടത്തുകയും ചെയ്യുകയാണ് എന്ന് യു എസ് ട്രഷറി വകുപ്പ് ഒരു പത്രക്കുറിപ്പിലൂടെ ആരോപിച്ചു. 22 വയസ്സുകാരിയായ മഹ്സ അമീനിയോടുള്ള മോശമായ പെരുമാറ്റത്തിലും പീഡനത്തിലും മരണത്തിലും നിഷ്പക്ഷവും സമ്പൂർണ്ണവുമായ അന്വേഷണം നടത്തണമെന്ന് യു.എൻ മനുഷ്യാവകാശ ഹൈകമ്മീഷണർ നദാ അൽ-നാശിഫ് ആവശ്യപ്പെട്ടു."നിരപരാധികളായ ആളുകൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അക്രമം ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ല" എന്ന് ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയവും പറഞ്ഞു.
അതേസമയം അന്താരാഷ്ട്ര സമൂഹത്തിന്റെ വിമർശനം ഇറാൻ പാടെ തള്ളിക്കളയുകയും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തു. ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റഈസി കസ്റ്റഡിയിൽ മരണപ്പെട്ട പെൺകുട്ടിയുടെ മരണത്തിൽ അന്വേഷണം ദ്രുതഗതിയിൽ നടത്തണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ഇതെല്ലാം ജനങ്ങളുടെ പ്രതിഷേധങ്ങള്‍ തണുപ്പിക്കാനുള്ള കേവല നടപടികളായാണ് പലരും വിലയിരുത്തുന്നത്. ഈ പ്രതിഷേധം ഇറാനെ എത്രമാത്രം ബാധിക്കുമെന്ന് വരും ദിവസങ്ങളില്‍ നമുക്ക് കാത്തിരുന്ന് കാണാം.
Leave A Comment