റബീഹ്-1,സന്തോഷാശ്രുക്കള്‍ പൊഴിച്ച നിമിഷങ്ങള്‍
മക്കയിലെ അവിശ്വാസികളുടെ പീഢനങ്ങള്‍ സഹിക്കവയ്യാതെ സ്വഹാബികള്‍ മദീനയിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്ന കാലം. ഒരു ദിവസം പ്രവാചകര്‍(സ്വ) സ്വിദ്ദീഖ്(റ)ന്റെ വീട്ടിലേക്ക് വന്നു. സാധാരണ ഗതിയില്‍ പ്രവാചകര്‍ വരുന്നത് പതിവില്ലാത്ത സമയമായിരുന്നു അത് എന്നതിനാല്‍ തന്നെ, കാര്യമായി എന്തോ ഉണ്ടെന്ന് സ്വിദ്ദീഖ്(റ) ഊഹിച്ചെടുത്തു. അന്യരായി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പ്രവാചകര്‍ കാര്യം പറഞ്ഞു, തനിക്കും മദീനയിലേക്ക് പലായനം ചെയ്യാന്‍ അല്ലാഹുവിന്റെ അനുവാദനം ലഭിച്ചിരിക്കുന്നു.
ശത്രുക്കളുടെ കണ്ണുകളെ വെട്ടിച്ച് നാനൂറിലേക്ക് കിലോമീറ്റര്‍ പാത്തും പതുങ്ങിയും പോകാനുള്ള ഏറെ പ്രയാസകരമായ യാത്രയാകും അതെന്ന കാര്യത്തില്‍ സംശയേ ഇല്ലായിരുന്നു. പക്ഷേ, ഈ വിവരം കേട്ട പാടെ സ്വിദ്ദീഖ്(റ)ന്റെ പ്രതികരണം ഇതായിരുന്നു, പ്രവാചകരേ, എന്നെയും കൂടെ ഞാനും വരട്ടെയോ. പ്രവാചകര്‍ സമ്മതം മൂളിയതും സ്വിദ്ദീഖ്(റ)ന്റെ കണ്ണുകളും നിറഞ്ഞൊഴുകി. ഇത് കണ്ട് ആഇശ(റ) പറയുന്നത് ഇങ്ങനെയാണ്, സന്തോഷം കണ്ട് കരഞ്ഞുപോകുമെന്ന് അത് വരെ എനിക്ക് വിശ്വസിക്കാനായിരുന്നില്ല. എന്നാല്‍ ഈ സമ്മതം കേട്ട പാടെ സ്വിദ്ദീഖ്(റ) കരയുന്നത് കണ്ടതോടെയാണ് അത് സംഭവിക്കുമെന്ന് എനിക്ക് ബോധ്യമായത്.
Read More:വഴി നമുക്ക് തെരഞ്ഞെടുക്കാം... ലക്ഷ്യപ്രാപ്തി അവന്റെ കൈകളിലാണ്..
ശേഷം ഹിജ്റയിലൂടനീളവും, ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത ആ സ്നേഹബന്ധത്തിന്റെ ഉജ്ജ്വല മാതൃകകള്‍ അനേകമാണ് നമുക്ക് കാണാനാവുന്നത്. സൃഷ്ടികളില്‍ സ്വിദ്ധീഖ്(റ)നോളം പ്രവാചക തിരുമേനിയെ സ്നേഹിച്ചവരുണ്ടാവില്ലെന്ന് നമുക്ക് ഉറപ്പിച്ച് പറയാം. അത് കൊണ്ട് തന്നെയാണ് ഹബീബ്(സ്വ) പലപ്പോഴായി പല രീതിയില്‍ അവരെ പ്രകീര്‍ത്തിച്ചതും, സ്വത്ത് കൊണ്ടും സൌഹൃദം കൊണ്ടും ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് അബൂബക്റ്(റ)നോടാണ്. അല്ലാഹുവിനെ കൂടാതെ ഒരാളെ എന്തിനും ഏതിനും ആശ്രയിക്കാവുന്ന ഒരു കൂട്ടുകാരനായി (ഖലീല്‍) തെരഞ്ഞെടുക്കുന്നത് അനുവദനീയമായിരുന്നുവെങ്കില്‍ ഞാന്‍ അബൂബക്റി(റ)നെ തെരഞ്ഞെടുക്കുമായിരുന്നു, ഇങ്ങനെ പ്രവാചകര്‍ നടത്തിയ പ്രകീര്‍ത്തനങ്ങള്‍ അനവധിയാണ്.
പ്രവാചകജന്മം കൊണ്ട് അനുഗ്രഹീതമായ ഈ ആദ്യവസന്തം, സ്നേഹത്തിന്റെയും അനുരാഗത്തിന്റെയും പ്രവാഹങ്ങളായി നമ്മില്‍ ഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനകളോടെ..
നാഥാ നിന്‍ സ്വലാതും നല്‍സലാമും എന്നുമെന്നും
നിന്റെ ഹബീബാം സൃഷ്ടിശ്രേഷ്ഠരില്‍ ചെയ്തീടണേ
മൌലായാ സ്വല്ലി വസല്ലിം ദാഇമന്‍ അബദന്‍
അലാ ഹബീബിക ഖൈരില്‍ ഖല്‍ഖി കുല്ലിഹിമി
Leave A Comment