വിദേശത്തേക്ക് പറക്കുന്നതിന് വിലക്കുള്ളതായി സനാ മാട്ടൂ
തനിക്ക് വിദേശയാത്രകള്‍ക്ക് വിലക്കുള്ളതായി കശ്മീരില്‍നിന്നുള്ള പുലിറ്റ്സര്‍ ജേതാവ് സനാ ഇര്‍ഷാദ് മാട്ടൂ. സെറൻഡിപിറ്റി ആർലെസ് ഗ്രാന്റ് 2020 ന്റെ പത്ത് വിജയികളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടതോടെ, പുസ്തക പ്രകാശനത്തിനും ഫോട്ടോഗ്രാഫി പ്രദർശനത്തിനുമായി പാരീസിലേക്ക് പോകാന്‍ തയ്യാറായപ്പോഴാണ് തനിക്ക് വിലക്കുള്ളതായി അറിയുന്നതെന്ന് അവര്‍ മാധ്യമങ്ങളോട്പറഞ്ഞു. തന്നെ വിലക്കുന്നത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയെക്കുറിച്ചുള്ള ഫോട്ടോകൾക്കാണ് മാട്ടുവിന് പുലിറ്റ്‌സർ പുരസ്കാരം ലഭിച്ചത്. ഇത് ഒരു പക്ഷെ സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരിക്കാമെന്നാണ് കരുതപ്പെടുന്നത്. യാത്രക്കായി വിമാനത്താവളത്തിലെത്തിയപ്പോഴാണ്, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ യാത്രാവിലക്കുണ്ടെന്ന് പറഞ്ഞ് യാത്ര റദ്ദാക്കിയത്. യാത്രാ നിരോധനം സ്റ്റാമ്പ് ചെയ്ത പാസ്‌പോർട്ടിന്റെയും ടിക്കറ്റുകളുടെയും ഫോട്ടോകൾ മാട്ടു ട്വിറ്ററിൽ പങ്ക് വെച്ചിട്ടുമുണ്ട്. സമീപ വർഷങ്ങളിലായി, നിരവധി ഇന്ത്യൻ മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഇത്തരം യാത്രാ നിരോധങ്ങള്‍ അനുഭവിക്കുന്നതായി പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്