മക്തൂബ് 06- ശൈഖിന്‍റെ  യോഗ്യതയും ഗുണങ്ങളും

പ്രിയ സഹോദരാ,
ഇഹപരവിജയം നല്‍കി നാഥന്‍ അനുഗ്രഹിക്കട്ടെ.
അങ്ങനെ അവരിരുവരും നമ്മുടെ ഒരടിമ(ഖിള്റ്)യെ കണ്ടുമുട്ടി. അദ്ധേഹത്തിന് നമ്മുടെ കാരുണ്യം നല്‍കുകയും നാം വശമുള്ള ജ്ഞാനം പഠിപ്പിക്കുകയും ചെയ്തിരുന്നു (സൂറതുല്‍ കഹ്ഫ്-65) 
ഈ വചനത്തില്‍ നിന്നും ഒരു ശൈഖിന്‍റെ യോഗ്യതക്കും അര്‍ഹതക്കും കാരണമാകുന്ന അഞ്ച് ഘടകങ്ങള്‍ പണ്ഡിതന്മാര്‍ നിര്‍ദ്ധാരണം ചെയ്തെടുത്തിട്ടുണ്ട്. മൂസാ നബിയെ ഒരു വിദ്യാര്‍ത്ഥിയാക്കി ഖിള്റ് നബിക്കരികിലേക്ക് അല്ലാഹു പറഞ്ഞയച്ചുകൊണ്ടാണ് ഈ അഞ്ചു ഘട്ടങ്ങളെ വിശദീകരിക്കുന്നത്.

ഒന്ന്:
നമ്മുടെ അടിമയെന്ന് പറഞ്ഞ് വിശേഷപ്പെടുത്തല്‍
രണ്ട്:
അദ്ധേഹത്തിനു നാം കാരുണ്യം നല്‍കി എന്ന വിശദീകരണത്തിലൂടെ മഹത്വപ്പെടുത്തല്‍. ഒരു മധ്യവര്‍ത്തിയുടെയും ആവശ്യമില്ലാതെ അല്ലാഹുവില്‍ നിന്നുള്ള പരമാര്‍ത്ഥങ്ങള്‍ സ്വീകരിക്കാന്‍ അദ്ധേഹം അര്‍ഹനാണെന്ന് ഇതിലൂടെ വ്യക്തമാക്കുന്നു.
മൂന്ന്:
നമ്മുടെ കാരുണ്യം  എന്ന വാക്യത്തിലുടെ സ്രഷ്ടാവിന്‍റെ സവിശേഷമായിരിക്കുന്ന കാരുണ്യത്തിന് അര്‍ഹനാക്കല്‍
നാല്:
നാം അദ്ധേഹത്തെ പഠിപ്പിച്ചെന്നു  പറഞ്ഞതില്‍ നിന്നും ഇടയാളന്മാരില്ലാതെ തന്നെ അല്ലാഹുവില്‍ നിന്നുള്ള അറിവ് നേടാനാവല്‍
അഞ്ച്:
നമ്മില്‍ നിന്നുള്ള അറിവെന്നു പറഞ്ഞ് ദിവ്വ്യമായ ജ്ഞാനം നേടാന്‍ സാധിക്കണമെന്ന പാഠം.

പരിപൂര്‍ണ്ണതയുടെ സാരാംശങ്ങളെയും സര്‍വ്വാംഗീകാരങ്ങളെയും ഉള്‍കൊള്ളുന്ന അഞ്ചു ഘട്ടങ്ങളാണിത്. അതിന്‍റെ വിശദാംശങ്ങളിലേക്ക് ഊളിയിട്ടിറങ്ങാന്‍ മാത്രം ഈ കൃതി പര്യാപ്തമല്ല. ഇവക്കുപുറമെ ഖുര്‍ആനിലും ഹദീസിലും വന്ന ഇതര വിശേഷണങ്ങള്‍ കൂടി സ്വായത്തമാക്കല്‍ ഒരു ഗുരുവിനു  അത്യന്താപേക്ഷിതമാണ്.
അല്ലാഹുവല്ലാത്ത മുഴുവന്‍ സൃഷ്ടികളുടെയും അടിമത്തത്തില്‍ നിന്നും മോചിതനാവേണ്ടതുണ്ട്. അപ്പോഴേ നമ്മുടെ അടിമകളില്‍ പെട്ടവന്‍ എന്ന ദൈവിക വചനത്തിന്‍റെ മഹത്വം പ്രാപിക്കുകയുള്ളു. 
മനുഷ്യാനുഗാമിയായ സകലവിശേഷണങ്ങളില്‍ നിന്നും ഗുരു പുറം കടന്നിരിക്കണം.  ഒരു മധ്യവര്‍ത്തിപോലുമില്ലാതെ സ്രഷ്ടാവില്‍ നിന്നും പരമാര്‍ത്ഥങ്ങള്‍ നേരിട്ടു സ്വീകരിക്കാന്‍ അന്നേരം അവന്‍ പ്രാപ്തനായിരിക്കും. അതിനെക്കുറിച്ചാണത്രെ നാം അദ്ധേഹത്തിനു കാരുണ്യം നല്കി എന്ന് അല്ലാഹു പറഞ്ഞത്. 

അല്ലാഹുവിന്‍റെ സ്വന്തമായിത്തീരുന്ന പദവി വരിക്കണമെങ്കില്‍ കുറച്ചുകൂടെ മുന്നോട്ടുപോവണം. ഇലാഹിയായ സ്വഭാവഗുണങ്ങള്‍ ആവാഹിച്ച് ദൈവികവിശേഷണങ്ങളുടെ തണല്‍ തേടുന്നവനാവണം. നമ്മുടെ അടിമയില്‍ പെട്ടവന്‍ എന്ന വാക്യത്തോട് അപ്പോഴാണവന്‍ അടുക്കുന്നത്.  ഇടയാളരില്ലാതെ ദിവ്വ്യ സന്നിധാനത്തില്‍ നിന്നു നേരിട്ടു അറിവ് നേടാന്‍ ഹൃദയ ഫലകത്തെ ശുദ്ധീകരിക്കണം. അതിനായി ഹൃദയത്തെ  ബൗദ്ധികവും പഞ്ചേന്ദ്രിയപ്രദാനവുമായ അറിവില്‍ നിന്നും വിമലീകരിക്കേണ്ടതുണ്. അപ്പോഴാണ് നാം അദ്ധേഹത്തെ പഠിപ്പിച്ചു എന്ന പൊരുളിലേക്കു അവന്‍ അടുക്കുന്നത്.

അല്ലാഹുവിന്‍റെ സത്ത, വിശേഷണങ്ങള്‍, പ്രവൃത്തികള്‍ എന്നിവയെക്കുറിച്ചുള്ള അറിവിനെയാണ് ദൈവദത്തമായ ജ്ഞാനമെന്ന് പറയുന്നത്. എന്റെ രക്ഷിതാവിനെ അവനെക്കൊണ്ട് തന്നെ ഞാനറിഞ്ഞു എന്ന പ്രവാചക വാക്യത്തിന്റെ താല്‍പര്യവും ഇതാണ്. ദൈവദത്തമായ ഈ അറിവ് കൊണ്ട് അനുഗ്രഹിക്കപ്പെടണമെങ്കല്‍ ആചാര്യന് ഒരു രണ്ടാം ജന്മം വരിക്കേണ്ടതുണ്ട്. ആകാശഭൂമികളുടെ പരമാധികാരകേന്ദ്രത്തിലേക്ക് രണ്ടു ജന്മം നേടാത്തവനു പ്രവശനം സാധ്യമല്ല എന്ന ഈസ നബിയുടെ വചനത്തിന്റെ പൊരുളും ഇത് തന്നെയാണ്.

മാതാവിന്റെ ഉദരത്തില്‍ നിന്നും വന്നവന്‍ ഈ ലോകം മാത്രമാണ് ദര്‍ശിക്കുന്നത്.  മനുഷ്യനെന്ന വിശേഷണത്തില്‍ നിന്നു കൂടെ പുറത്തുവരാനായാല്‍ അവന്‍ പരലോകം കൂടെ കാണുന്നവനാകുന്നു. ഇതാണ് രണ്ടു പ്രാവശ്യം ജനിക്കണം എന്ന് പറയുന്നതു കൊണ്ടുള്ള വിവക്ഷ. ഇരുലോകങ്ങളും അവര്‍ക്കു മുമ്പില്‍ സന്നിഹിതമായിരിക്കും.

സൂഫിജ്ഞാനികള്‍ പറഞ്ഞു: ആചാര്യപദവി നേടാനുള്ള അനിവാര്യഗുണങ്ങള്‍ അനവധിയാണ്. താടിയും തലപ്പാവും നന്നായതു കൊണ്ടു ശൈഖ് ആവില്ല. ദിവ്വ്യസാന്നിധാനത്തിലെ താമസക്കാരാണവര്‍. സത്യസന്ധതയുടെ ഇരിപ്പിടത്തില്‍ എന്ന് സൂറ ഖമറില്‍ പരാമര്‍ശിക്കപ്പെട്ടതു പോലെ നാഥന്റെ  പ്രത്യേക കരുതലിലാണവരുള്ളത്. എന്റെ ഔലിയാക്കള്‍ എന്റെ മേല്‍വസ്ത്രത്തിനു കീഴിലാണ്, ഞനല്ലാതെ മറ്റൊരാളും അവരെ അറിയില്ല എന്ന വാക്യം പ്രസക്തമാണ്. മൗലാനാ ഹമീദുദ്ധീന്‍ നാഗൂരി പറയാറുണ്ട്, ആരെങ്കിലും ആത്മാവ് കൊണ്ട് ജീവിക്കുന്നുവെങ്കില്‍ നിശ്ചയം അവന്‍ മൃതിയടയും. എന്നാല്‍ തന്റെ സ്നേഹഭാജനത്തെ കൊണ്ടാണ്  ജീവിക്കുന്നതെങ്കില്‍ അവനു മരണമില്ല തന്നെ. 
റൂമിയുടെ വചനങ്ങള്‍ എത്ര മഹത്തരം

പ്രാണസ്വരൂപന്‍റെ പഥം വരിച്ചവര്‍
വിശിഷ്ടമാം പ്രാണനാല്‍ ജീവിതം തേടുന്നു.
ആര്‍ക്കുമറിയാത്ത കൂട്ടില്‍ നിന്നും
ആ വിണ്ണില്‍ കിളികളിറങ്ങുന്നു.
നിന്‍റെ പുറംകാഴ്ച്ചയില്‍ തെളിയില്ലവര്‍.
ഇരുലോകസീമകള്‍ വിട്ടുകടന്നവര്‍
അവര്‍, അറിയാ ലോകത്തു നിന്നും വരുന്നവര്‍.

ചിലര്‍ ഇപ്രകാരം ചോദിക്കുന്നു, ഒരു തുടക്കകാരന് എങ്ങനെയാണ് മേല്‍ വിശദീകരിക്കപ്പെട്ടതു പോലുള്ള  ഒരു ശൈഖിനെ കണ്ടെത്താനാവുന്നത്?. എങ്ങനെയാണ് അദ്ദേഹത്തിന് ഒരു പൂര്‍ണ്ണനായ ഗുരുവിനെകുറിച്ചുള്ള വിവരം നേടാനാവുന്നത്?. നാഥന്റെ വിശുദ്ധസാന്നിധ്യത്തില്‍ സര്‍വാംഗീകൃതനും സമീപസ്ഥനുമായ ഒരാളെ കണ്ടെത്താന്‍ മാത്രം അവന്റെ കണ്ണുകള്‍ക്കോ അതുള്‍കൊള്ളാന്‍ അവന്റെ ബോധ്യങ്ങള്‍ക്കോ സാധ്യമല്ലല്ലോ. എന്നാല്‍ മറ്റൊരാള്‍ പറഞ്ഞതു കൊണ്ടു മാത്രം ഒരു ശൈഖിനെ പിന്തുടരല്‍ ശരിയാവില്ല താനും. ഇനി താന്‍ ശൈഖാണെന്ന് വാദിക്കുന്ന ഒരാളെ കണ്ടെത്തിയാല്‍ എങ്ങെനെ അദ്ദേഹത്തിന്റെ സത്യാവസ്ഥ മനസ്സില്ലാക്കാനാവും ?. 
ഈ ചോദ്യത്തിന് ഇങ്ങനെ മറുപടി പറയാം, ഈ സരണിയില്‍ പ്രവേശിക്കുന്നവര്‍ക്ക്  അല്ലാഹു കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കും.  തങ്ങളുടെ നിലവാരത്തിനനുസരിച്ചുള്ള കാര്യകാരണങ്ങളിലേക്കു  അവരെ എത്തിക്കും. ഏതൊരു വിദ്യാര്‍ത്ഥിക്കും തന്റെ വിഹിതത്തിനനുസരിച്ചുള്ള അറിവിലേക്കു എത്തിച്ചേരാനുള്ള ഒരു ശേഷി അല്ലാഹു കൊടുത്തിട്ടുണ്ടല്ലോ. അതിന് തടസ്സം സൃഷ്ടിക്കാനോ മറയിടാനോ ഒന്നിനും സാധ്യമല്ല. 

Read More: മക്തൂബ് -04 പാശ്ചാത്താപത്തോടൊപ്പം നിശ്ചലതയിലും ചലിച്ചുകൊണ്ടേയിരിക്കുക

അപ്പോള്‍ കടന്നുവരുന്ന മറ്റൊരു ചോദ്യം ഇതാവാം, വ്യാജനില്‍ നിന്നും യാഥാര്‍ത്ഥ ശൈഖിനെയും   അപൂര്‍ണ്ണനില്‍ നിന്നും പൂര്‍ണ്ണനെയും അസത്യവാനില്‍ നിന്നും സത്യസന്ധനെയും  തിരിച്ചറയാന്‍ വല്ല അടയാളവുമുണ്ടോ എന്ന്. 
തിരിച്ചറിയാന്‍ എണ്ണമറ്റ  അടയാളങ്ങളുണ്ട്. എന്നാല്‍ അടയാളങ്ങള്‍ കണ്ടെത്തിയാല്‍ യോഗ്യനും ഇല്ലെങ്കില്‍ അയോഗ്യനുമാകുന്ന രീതിയില്‍ ഒരു ശൈഖിനെ തള്ളാനും കൊള്ളാനുമുള്ള വ്യക്തതയോടെ ആരും സംസാരിച്ചിട്ടില്ല എന്ന് കൂടി നാം മനസ്സിലാക്കുക.

ചുരുക്കത്തില്‍ ഒരോരുത്തരുടെയും സൃഷ്ടിപ്പിനും മുമ്പേ നിശ്ചിതമായ ഇലാഹിയായ ഒരു കാടാക്ഷമുണ്ട്. അത് ലഭിച്ച ഒരാള്‍ -ആരെങ്കിലും എനിക്ക് വേണ്ടി കഠിനാധ്വാനം ചെയ്താല്‍- എന്ന വചനസരണിയില്‍ പ്രവേശിക്കുന്നുവെങ്കില്‍ ശരിയായ ഗുരുവിലേക്ക് ആകൃഷ്ടരായിരിക്കും. ചുറ്റുപാടിന്‍റെ ഗര്‍ഷണങ്ങളില്‍ നിന്നും സ്വശരീരത്തിന്‍റെ ആസ്വാദനങ്ങളില്‍ നിന്നും ആ കരുതല്‍ അവനെ തടയും. സ്രഷ്ടാവിന്റെ നിരാശ്രയത്വത്തിലേക്ക് അതവനെ നയിക്കും. അങ്ങനെ -നമ്മുടെ വഴികളിലേക്ക് നാം അവരെ തീര്‍ച്ചയായും ചേര്‍ത്തുമെന്ന- വചനം സാക്ഷാത്കൃതമാവുന്നു. മാതൃകാ യോഗ്യനായ തഥാര്‍ത്ഥ ശൈഖിലേക്ക് അത് അവനെ എത്തിക്കുകയും ചെയ്യുന്നു. ആ ഗുരു സാലിക് ആയിരിക്കണം. മജ്ദൂബാവാന്‍ പാടില്ല.  മജ്ദൂബ് ശിഷ്യനാവാമെങ്കിലും ശൈഖാവാന്‍ യോഗ്യനല്ല. സാലികായ മജ്ദൂബും നിരുപാധിക മജ്ദൂബും തമ്മില്‍ അന്തരമുണ്ട് താനും. 
യഥാര്‍ത്ഥ മുരീദ് തന്റെ ഗുരുവിന്റെ തനിമയറിയുകയും അവന്റെ ഹൃദയശിബിരത്തില്‍ അത് പ്രതിബിംബിക്കുകയും ചെയ്താല്‍ ആ വിലായത്തിന്റെ തികവില്‍ അവന്‍ മുങ്ങിമറയും. അവന്റെ എല്ലാ സ്വച്ഛന്ദതയും നഷ്ടപ്പെടുകയും ഒരുതരം അസ്വസ്ഥതയും ഉത്കണ്ഠയും പിടിപെടുകയും ചെയ്യും. തുടര്‍ന്ന് അവന്‍ തന്റെ അന്വേഷണം ആരംഭിക്കുന്നു. ആ അസ്വസ്ഥതകളിലും അസ്വാരസ്യങ്ങളിലുമാണ് അവന്റെ സകലവിജയങ്ങളുടെയും ഉറവിടം. തന്റെ ഗുരുവിനോടുള്ള ഹൃദയബന്ധം പൂര്‍ണ്ണമാവുന്നതു വരെ ഗുരുവിന്റെ  പരിപൂര്‍ണ്ണ കാര്യകര്‍തൃത്വത്തിലേക്കവന്‍ കടക്കുന്നില്ല. ആചാര്യനെ തേടുന്നവന്‍ ആചാര്യന്റെ ലക്ഷ്യങ്ങളെ തേടുന്നവനായിരിക്കണം, സ്വതാല്‍പര്യങ്ങളെയല്ല. അക്കാരണത്താലാണ് ആചാര്യനെ തേടല്‍ എന്നാല്‍ സ്വന്തം ആവശ്യങ്ങളെ ഉപേക്ഷിക്കലാണെന്ന് ജ്ഞാനികള്‍ പറയാറുള്ളത്. 
റൂമിയുടെ വചനങ്ങള്‍ അതിമഹത്തരം തന്നെ.

ഹൃദയമേ,
നിന്റെ മെഹ്ബൂബിന്റെ
മനം കവരുവാന്‍ അനുസരിക്കുക
ആ കല്‍പനാ വാക്യങ്ങളെ പൂര്‍ണ്ണമാല്‍,
രക്തമാണ് ചോദിക്കുന്നതെങ്കിലും
ഉയിരാണ് തേടുന്നതെങ്കിലും
തിരികെ ചോദിക്കയരുത്
എന്തിനാണെന്ന്.

ആരാണ് മുരീദ്, ആരാണ് ശൈഖ് എന്ന വിഷയത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. വിലായതിന്റെ ഉടമയായ വ്യക്തിയെ ആദരപൂര്‍വ്വം സഹവസിക്കുകയും അദ്ധേഹത്തിന്റെ അടക്കങ്ങളെയും അനക്കങ്ങളെയും അനുധാവനം ചെയ്യുകയും ചെയ്യുന്നവന്‍ മുരീദും ചെയ്യപ്പെടുന്നവന്‍ ശൈഖുമെന്നുമാണ് ചിലരുടെ പക്ഷം. പണ്ഡിതനോ ആത്മജ്ഞാനിയോ വിലായതിന്റെ ഉടമയോ ആയ പൂര്‍ണ്ണനായ ശൈഖ് മറ്റൊരുത്തന്റെ ശിരസ്സില്‍ കത്തി വെക്കുകയും അതവന്‍ അനുസരിക്കുകയും ചെയ്താല്‍ വെച്ചവന്‍ ശൈഖും വെക്കപ്പെട്ടവന്‍ മരീദുമാണെന്നു മറ്റു ചിലര്‍. 

യഥാര്‍ത്ഥത്തില്‍ ഉലകങ്ങളുടെ അതിരുകള്‍ക്കപ്പുറത്തേക്കു വളര്‍ന്ന ചില അടിമകള്‍ അല്ലാഹുവിനുണ്ട്. ദിവ്വ്യപ്രഭാവത്തിന്റെയും ദിവ്വ്യസൗന്ദര്യത്തിന്റെയും പ്രഭാവലയങ്ങളില്‍ അവര്‍ അകപ്പെടുന്നു.  ഞാനവന്റെ കണ്ണും കാതും കൈയ്യും നാവുമാവുമെന്ന ദിവ്വ്യവചസ്സിന്‍റെ മഹോന്നതികളില്‍ അവര്‍ എത്തിച്ചേരുന്നു. പാപിയായ ഒരു വ്യക്തി പോലും ദീനാനുകമ്പയുടെ ആ നയനതാഡനമേറ്റാല്‍ ദൈവത്തിന്റെ വിനീതദാസനായി മാറുന്നു. സദ്‍വൃത്തനായ ഒരു വ്യകതിക്കാണ് ആ ദര്‍ശന സൗഭാഗ്യം സിദ്ധിച്ചതെങ്കില്‍ അവന്‍ വിലായതിന്റെ ഉടമയായിത്തീരുന്നു. കാരണം അല്ലാഹുവിന്റെയും ആ ആത്മീയാചാര്യരുടെയും  താല്‍പര്യങ്ങള്‍ ഏകരൂപം പ്രാപിച്ചിരിക്കുകയാണിവിടെ. അല്ലാഹുവിനു വേണ്ടി ആരെങ്കിലും നിലകൊണ്ടാല്‍ അല്ലാഹു അവനു വേണ്ടി നിലകൊള്ളുമെന്ന വാക്ക് പൂര്‍ണ്ണമായും സാക്ഷാത്കൃതമാവുന്നത് ഇത്തരുണത്തിലാണ്. 
ആത്മജ്ഞാനികള്‍ പറയാറുണ്ട്, ഏതൊരു പ്രദേശത്തും ഒരു വലിയ്യുണ്ട്. അവിടെയുള്ള ദരിദ്രജനങ്ങളെല്ലാം ആ നേതൃത്വത്തിന്റെയും രക്ഷാകര്‍തൃത്വത്തിന്റെയും കീഴിലാണ് വസിക്കുന്നത്. ഓരോ കാലത്തും ഖലീഫമാര്‍ക്കും സുല്‍ത്വാന്‍മാര്‍ക്കും കീഴില്‍ മുസ്‍ലിം പൊതുജനങ്ങള്‍ കഴിയുന്നതു പോലെ. 
ഇപ്രകാരം വിവരിക്കപ്പെട്ടിട്ടതായി കാണാം, ഒരു സമൂഹത്തില്‍ ഒരേ സമയം 356 വലിയ്യുകള്‍ ഉണ്ടായിരിക്കും. അവരെ കൊണ്ടാണ് ഈ ലോകം നിലനില്‍ക്കുന്നത്. അവരുടെ പുണ്യം കൊണ്ടാണ് ആകാശത്തു നിന്നും ഭൂമയിലേക്ക് കാരുണ്യം വര്‍ഷിക്കുന്നത്. 
ഇഹലോകം ത്യജിക്കുകയും പരലേകം തേടുകയും ചെയ്യുന്നവരാണവര്‍. അല്ലാഹുവിന്‍റെ വിധിവിലക്കുകളില്‍ അവര്‍ പൂര്‍ണ്ണ തൃപ്തിയുള്ളവരുമാണത്രെ. ഈ അടയാളങ്ങളിലൂടെ അവരെ കണ്ടെത്താനാവും.

Read More:മക്തൂബ്-5 ഒരു ഗുരുവിന്റെ കൈപിടിക്കൂ... എന്നിട്ട് ധൈര്യമായി കടന്ന് വരൂ..

എന്റെ സഹോദരാ,
എനിക്കും നിനക്കും മുമ്പ് മാത്രമല്ല, സകല സൃഷ്ടിപ്പുകള്‍ക്കും മുമ്പേ ഈ കാര്യങ്ങളെല്ലാം അല്ലാഹു നിശ്ചയിച്ചു വെച്ചിട്ടുണ്ടെന്ന ദൃഢ ജ്ഞാനം നിനക്കുണ്ടാവണം. ഒരാളും പുതിയാതായൊന്നും നിര്‍മിക്കുന്നില്ല. എല്ലാവരും അല്ലാഹുവിന്റെ തീരുമാനങ്ങളിലേക്കു നയിക്കുകയാണ് ചെയ്യുന്നത്. പതിനായിരക്കണക്കിനു പ്രവാചകന്മാര്‍ പുതിയൊരു കാര്യവുമായിട്ടാണ് വന്നതെന്ന് നി വിചാരിക്കുന്നുവോ?. ഒരിക്കലുമല്ല. മറിച്ച് നിന്റെ ഹൃദയകോണില്‍ ഗുപ്തമായ അഗ്നിയെ ജ്വലിപ്പിക്കാനാണവര്‍ പ്രത്യക്ഷപ്പെട്ടത്. ദൈവിക ഗ്രന്ഥങ്ങളും ദൂതന്മാരും നിനക്കും നിന്റെ നിയതിക്കുമിടയിലെ മധ്യവര്‍ത്തികളാണ്. 
അബുല്‍ഹസനില്‍ ഖിര്‍ഖാനി പറയാറുണ്ട്, എന്റെ നാഥാ, സിദ്ദീഖീങ്ങളുടെ ഹൃദയനാമ്പുകളെ നിന്റെ പരമാധികാരത്തിന്റെ വാള്‍തലപ്പുകൊണ്ട് നീ ഛേദിച്ചു. നിന്റെ സാഗരങ്ങളിലെ അലമാലകളെ കാണിച്ച്  ആ ഹൃദയങ്ങളെ നീ അസ്വസ്ഥമാക്കി. എന്നിട്ടും നിന്നെ കാണാനുള്ള സൗഭാഗ്യം അവര്‍ക്ക് ലഭിച്ചില്ല. 
ഒരിക്കല്‍ മുസാ നബി മനസ്സില്‍ ഇപ്രകാരം പറഞ്ഞു, എന്നോടാണല്ലോ അല്ലാഹു സംസാരിച്ചത്. ഉടനെ വിളിയാളം വന്നു, നിന്റെ കയ്യിലുള്ള വടി കൊണ്ട് ആ കല്ലിനെ അടിക്കൂ.
ഉടനെ അദ്ധേഹം പ്രവിശാലമായ ഒരു മരുഭൂവില്‍ എത്തിപ്പെട്ടു. അവിടെ കയ്യില്‍ വടിയും തലയില്‍ തൊപ്പിയും ധരിച്ച ഒരു ലക്ഷം ആളുകളെ പ്രവാചകന്‍ ദര്‍ശിച്ചു. അവരെല്ലാവരും ഒരു പോലെ തേടുന്നത്, നാഥാ നിന്നെയൊന്ന് കാണിക്കണേ എന്നായിരുന്നു. 

ഖാജാ അബ്ദുല്ലാഹ് അന്‍സാരി ഹര്‍വിയുടെ വാക്കുകള്‍ ഇപ്രകാരം വായിക്കാം, 
പരസഹസ്രം മൂസമാരുണ്ടവിടെ,
റബ്ബി അരിനീ...
ഒരേ ജപം അവരുടെ ചുണ്ടുകളില്‍,
ഒരേ കൊതി, ആ ലിഖാഇനായ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter