ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് തുറക്കുന്നൊരു ജാലകമുണ്ടെത്രെ
ഹൃദയത്തില്‍ നിന്നൊരു ഹൃദയത്തിലേക്കു തുറക്കുന്നജാലകമുണ്ടെത്രെ ചുമരു തന്നെയില്ലെങ്കില്‍പ്പിന്നെവിടെയാണു ജാലകം?ഇശ്ഖിനെക്കുറിച്ച് പറഞ്ഞു തീരില്ല അതൊരു മഹാസമുദ്രം അതിന്റെ ആഴമെങ്ങനെയളക്കാന്?’ സമുദ്രത്തിലെ ജലകണങ്ങള് എണ്ണിത്തീരുമോ? പ്രണയ സമുദ്രത്തിന് സമക്ഷം ഏഴു കടലുകളും ഒരു തുള്ളി വെള്ളം. masnavi
 
ആറു വാള്യങ്ങളിലായി 2700 വരികളുള്‍ക്കൊള്ളുന്നതും എഡി പതിമൂന്നാം ശതകത്തില്‍ പാഴ്‌സി ഭാഷയില്‍രചിക്കപ്പെടുകയും ചെയ്‌ത ജലാലുദ്ദീന്‍ റൂമിയുടെ മസ്‌നവിയെ മഅ്‌നവി (ആത്മീയ ഈരടികള്‍) എന്ന ബ്രഹൃത് ഗ്രന്ഥത്തിന്റെ മലയാളം വിവര്‍ത്തനം
പുതിയൊരു അനുഭവമാണ്‌. റൂമിയും മസ്‌നവിയുമെല്ലാം പല നിലക്കും മലയാളിക്ക്‌ പരിചിതമാണെങ്കിലും ആ കാവ്യങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന ദീര്‍ഘമായ വിശദീകരണങ്ങളോടു കൂടിയ പരിഭാഷ റൂമിയെയും അദ്ദേഹത്തിന്റെ കാവ്യ പ്രപഞ്ചത്തേയും പശ്ചാത്തല ദൃശ്യങ്ങളോടു കൂടി മനസ്സില്‍ ആവാഹിക്കാന്‍ സഹായിക്കുന്നതാണ്‌.
കാലം കഴിയുന്തോറും റൂമിയന്‍ സാഹിത്യത്തിന്‌ ആവശ്യക്കാരേറുകയാണ്‌. മനുഷ്യന്റെ വിജ്ഞാനവും കലാസാഹിത്യങ്ങളും അനുനിമിഷം മാറിക്കൊണ്ടിരിക്കുമ്പോഴും യൂറോപില്‍ അദ്ദേഹത്തിന്‌ ലഭിക്കുന്ന സ്വീകാര്യത വിസ്‌മയാവഹമാണ്‌. ഭൗതിക സുഖലോലുപതയുടെ ലഭ്യത യഥേഷ്ടമായിരുന്നിട്ടും യൂറോപ്യര്‍ക്ക്‌ തങ്ങളുടെ ആത്മീയ വരള്‍ച്ച മാറ്റാന്‍ റൂമിയെ കൂട്ടുപിടിക്കേണ്ടി വരികയാണെന്നാണിത്‌ കാണിക്കുന്നത്‌. യൂറോപ്യന്‍ ബുദ്ധിജീവികളും കലാകാരന്‍മാരുമെല്ലാ്‌ം അദ്ദേഹത്തെ വ്യാപകമായി ഉദ്ധരിക്കുകയും ചെയ്യുന്നു. ഇത്തെമൊരു ലോകപശ്ചാതലത്തിന്റെ സ്വാധീനം സ്വാഭിവികമായും നമ്മുടെ പരിസരങ്ങളിലും കുറേയൊക്കെ പ്രകടമാവുന്നതിന്റെ ലക്ഷണമാണ്‌ ഇവിടങ്ങളിലും റൂമി കൃതികള്‍ പൊതു ഇടങ്ങളില്‍ ചര്‍ച്ചയാവുന്നതെന്ന്‌ പ്രസാധകര്‍.
എഡി പതിമൂന്നാം നൂറ്റാണ്ടില്‍ അഫ്‌ഗാനിസ്ഥാനില്‍ ജനിച്ച്‌ പലവഴികളിലൂടെ സ്‌ഞ്ചരിച്ച്‌ തുര്‍ക്കിയിലെ അനത്തോളിയയില്‍ അവസാനിക്കുന്നതാണ്‌ റൂമിയുടെ ജീവിത യാത്ര.അതിനിടെ ആത്മീയതയുടെയും സാഹിത്യത്തിന്റെയും പലമടങ്ങ്‌ ആശയപ്രപഞ്ചങ്ങള്‍ താണ്ടിക്കൊണ്ടിരുന്നു ആ മനീഷി. ഈ അലച്ചിലുകള്‍ക്കിടെയാണദ്ദേഹം ഫരീദുദ്ദീന്‍ അത്താറിനെയും ഥിബ്‌രീസിയെയുമെല്ലാം കണ്ടു മുട്ടുന്നത്‌. പ്രണയമാണ്‌ മസ്‌നവിയുടെ കാതല്‍. പ്രണയ പ്രപഞ്ചത്തിന്റെ ഏതു കോണില്‍ നിന്ന്‌ വായിക്കുമ്പോഴും വിത്യസ്ഥമായ ചിലത്‌ മസ്‌നവി നമുക്ക നല്‍കുന്നു.സ്വന്തം പ്രണയിനിയേയോ, ഗുരുവിനെയോ, സ്രഷ്ടാവിനെ തന്നെയോ മനസ്സില്‍ കരുതി വായിക്കുമ്പോള്‍ ഇഷ്ട പ്രപഞ്ചത്തിലെ പുതിയ വാതായനങ്ങള്‍ നമുക്ക്‌ മുമ്പില്‍ തുറന്നു വരുന്നതായി കാണാം. ഓരോ വാക്കും അതു വരെ ഉണ്ടാവാത്ത ചില അനുഭൂതികളാണ്‌ മനസ്സില്‍ സൃഷ്ടിക്കുന്നത്‌.കേവല കാല്‌പനികതക്കപ്പുറം അനുരാഗത്തെ അനുഭൂതിയാക്കി/ അനുഭവമാക്കി വായനക്കാരിലേക്ക്‌്‌ കൈമാറാനുള്ള ശക്തി മസ്‌നവിക്കുണ്ട്‌.
കവിതാ വിവര്‍ത്തനങ്ങള്‍ക്കൊപ്പം അവ റൂമിയുടെ ദര്‍ശനങ്ങളോട്‌ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നത്‌ കൂടെ വിശദീകരിക്കുന്നു ഈ വിവര്‍ത്തനം.മനുഷ്യന്റെ സമ്പൂര്‍ണത സ്‌നേഹം (ഇശ്‌ഖ്‌), ബുദ്ധി( അഖ്‌ല്‌), കര്‍മ്മം (അമല്‍), വൈരാഗ്യം ( ഫഖ്‌ര്‍) എന്നിവയിലധിഷ്ടിതമാണെന്നാണ്‌ റൂമിയന്‍ പക്ഷം. ഭൗതിക ശരീരത്തോടുള്ള സ്‌നേഹാനുരാഗമല്ല ഇശ്‌ഖ്‌. സ്‌ത്രീ പുരുഷന്‍മാര്‍ക്കിടയിലുള്ള ശാരീരിക വൈകാരികതയോ അടുപ്പമോ ഇശ്‌ഖ്‌ എന്ന മഹാ സങ്കല്‍പത്തില്‍ പെടുന്നില്ലെന്നാണ്‌ റൂമി പറയുന്നത്‌. മറിച്ച തന്റെ ഉറവിടമായ ദൈവത്തിങ്കലെത്താനുള്ള ഒരാളുടെ മനസ്‌താപമാണ്‌ ഇശ്‌ഖ്‌ (അനുരാഗം).
ഇവിടെ വേദനയനുഭവിക്കുന്ന ദിവ്യ പ്രേമം നിന്നു തുളുമ്പുന്ന ഹൃദയമാണ്‌.മുലപ്പാല്‍ ഊമ്പിക്കുടിക്കുന്ന ഒരു കുഞ്ഞിനെ അതിന്റെ മാതാവില്‍ നിന്ന്‌ നിര്‍ബന്ധിച്ച്‌ വലിച്ചു മാറ്റിയാലുള്ള അവസ്ഥ സമ്മാനിക്കുന്ന ഭീകരമായ ഒരു മാനസികാവസ്ഥയാണിവിടെ അനുസ്‌മരണീയമാവുന്നത്‌. വീണ്ടും ഒത്തുചേരാനുള്ള ഉത്‌കടമായ അഭിലാഷവും കൊണ്ടു നടക്കുന്ന അനുരക്‌തനായ കവി ഹൃദയം കരക്ക്‌ പിടിച്ചിട്ട മല്‍സ്യത്തെപോലെ പിടയുകയാണ്‌. തന്റെ ഉറവിടമായ ജലാശയത്തില്‍ തിരച്ചെത്തിയാലേ ആ മല്‍സ്യത്തിന്‌ സ്വസ്ഥത ലഭിക്കൂ. അതു പോലെ അസ്വസ്ഥമായ വിരഹവേദനയില്‍ പിടഞ്ഞു കൊണ്ടിരിക്കുകയാണ്‌ ദിവ്യസാമീപ്യത്തിന്റെ തേട്ടവുമായി റൂമി. ദൈവത്തിലേക്കുള്ള പുനസ്സമാഗമത്തിന്റെ നിര്‍വൃതിയിലലയാന്‍ വെമ്പുന്ന ഹൃദയത്തില്‍ നിന്ന്‌ വാക്കുകള്‍ വര്‍ഷിക്കുകയാണ്‌ മസ്‌നവി. ഫാരിസിയില്‍ നിന്ന്‌ നേരിട്ട്‌ ഈ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം നടത്തുകയും കൂടെ ആകര്‍ഷകമായ വിശദീകരണക്കുറിപ്പുകളുമെഴുതിയത്‌ സി.ഹംസയാണ്‌. പ്രസാധനം: സഖലൈന്‍ ഫൗണ്ടേഷന്‍, കൊച്ചി,30. പേജ്‌.146 വില. 150

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter