അടുത്തറിഞ്ഞാല്‍ ഇല്ലാതാവുന്നതേയുള്ളൂ പല അകല്‍ച്ചകളും
ഇന്ന് രാവിലെ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ കണ്ട ഒരു ചിത്രമാണ്, നൗശാദ് അഹ്സനി എന്ന പണ്ഡിതന്‍ പ്രമുഖ പണ്ഡിതനും ദാറുല്‍ഹുദാ യൂണിവേഴ്സിറ്റി വൈ. ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ നദ്‍വി അവര്‍കളെ സന്ദര്‍ശിച്ച് അതേകുറിച്ച് അദ്ദേഹം ഫേസ്ബുകില്‍ പങ്ക് വെച്ച കുറിപ്പ്. അതിങ്ങനെ വായിക്കാം,
ധാരണകള്‍ തെറ്റാണെങ്കില്‍ തിരുത്തുക എന്നത് നന്മയാണ്. പ്രിയപ്പെട്ട ബഹാഉദ്ദീന്‍ നദ്‍വിയുമായി കൂടിക്കാഴ്ച നടത്തി. വിനയാന്വിതരായ നേതാക്കന്മാര്‍ അന്യമായിക്കൊണ്ടിരിക്കുന്ന കാലത്ത്, ബഹു. നദ്‍വി വ്യത്യസ്തനായ ഒരു ഉത്തമ നേതാവ് തന്നെ.
വല്ലാത്ത സന്തോഷം തോന്നി ഈ കുറിപ്പ് വായിച്ചപ്പോള്‍. പതിറ്റാണ്ടുകളായി രണ്ട് വ്യത്യസ്ത സംഘടനകളില്‍ നിലകൊള്ളുന്നവരാണ് ഈ രണ്ട് പണ്ഡിതരും. ഇന്നും അവര്‍ വ്യത്യസ്ത അഭിപ്രായസങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരും അതുമായി മുന്നോട്ട് പോവുന്നവരുമാണ്. ഒരു പക്ഷേ, നൗശാദ് അഹ്സനിക്ക് ഡോ. ബഹാഉദ്ദീന്‍ നദ്‍വിയെ നേരില്‍ കാണാനും പരിചയപ്പെടാനും അടുത്തിട പഴകാനുമുള്ള അവസരം കൈവരുന്നത് ആദ്യമായിരിക്കും. ഏതാനും സമയം കൂടെ ഇരുന്നപ്പോഴേക്കും, പതിറ്റാണ്ടുകളായി വെച്ച് പുലര്‍ത്തിയിരുന്ന അഭിപ്രായവും വീക്ഷണവും പാടെ മാറി എന്ന് മാത്രമല്ല, അത് സാമൂഹ്യമാധ്യമത്തിലൂടെ പൊതുജനങ്ങളോട് പറയാനും അദ്ദേഹം ധൈര്യവും സന്മനസ്സും കാണിച്ചു.
യഥാര്‍ത്ഥത്തില്‍, പലരെകുറിച്ചും പലതിനെ കുറിച്ചും നമ്മുടെ പല വീക്ഷണങ്ങളും ഇത് പോലെ ഉണ്ടായിത്തീര്‍ന്നതല്ലേ. പരസ്പരം ഒരിക്കല്‍ പോലും കാണുകയോ അവരുമായി നേരില്‍ ഇട പഴകുകയോ നേരിട്ട് ഇടപഴകിയവരെ കേള്‍ക്കുക പോലുമോ ചെയ്യാതെയല്ലേ നാം പലരെ കുറിച്ചും പലതും ധരിച്ച് വെച്ചിരിക്കുന്നത്.
അതിലുപരി, എത്ര തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ വെച്ച് പുലര്‍ത്തുമ്പോഴും, ഇടക്കെങ്കിലും പരസ്പരം ഒന്ന് കാണാനും സന്ദര്‍ശിക്കാനും അല്പസമയം ഒന്നിച്ച് ചെലവഴിക്കാനും നമ്മുടെ വിവിധ സംഘടനാനേതാക്കളും പ്രവര്‍ത്തകരും സമയം കണ്ടെത്തിയിരുന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ട്.
ഭിന്നിക്കാന്‍ ഒന്നോ രണ്ടോ കാരണങ്ങള്‍ മാത്രമേ കാണൂ, എന്നാല്‍ ഒന്നിക്കാനും ഒന്നിച്ചിരിക്കാനും ഒരായിരം കാരണങ്ങളുണ്ട് നമുക്ക്. ആരൊക്കെയോ പറഞ്ഞുപരത്തുന്ന വീക്ഷണങ്ങള്‍ മാത്രം നമുക്കിടയില്‍ മതില്‍കെട്ടുകള്‍ തീര്‍ക്കാതിരിക്കട്ടെ. ഭിന്നിക്കുന്നതും വിയോജിക്കുന്നതും ആശയങ്ങളോടായിരിക്കട്ടെ. വ്യക്തികളെന്ന നിലയില്‍, വിശ്വാസികളെന്ന നിലയില്‍, മനുഷ്യരെന്ന നിലയില്‍ അപ്പോഴും നമുക്ക് ഒന്നിച്ചിരിക്കാവുന്നതേയുള്ളൂ
Leave A Comment