മിഅ്റാജ് സ്വപ്ന ദർശനമോ ശരീര പ്രയാണമോ

പ്രവാചകന്മാരുടെ  നിയോഗ സാക്ഷ്യമെന്നോണം അമാനുഷികമായി സംഭവിക്കുന്നതാണ് മുഅ്ജിസത്തുകൾ. എന്നാൽ എല്ലാ പ്രവാചകന്മാരും  ഒരുമിച്ച് ചേരുകയും  സ്രഷ്ടാവിന്റെ  നേരിട്ടുള്ള അഭിസംബോധന ഉണ്ടാവുകയും ചെയ്ത അമാനുഷികതകളിൽ തന്നെ അഭൂതപൂർവമായ പ്രസക്തിയുള്ളതാണ്  ഇസ്റാഅ്-മിഅ്റാജ്. പ്രവാചകർ  തന്റെ പിതൃ സഹോദരനായ അബൂ ത്വാലിബിന്റെ പുത്രി ഉമ്മു ഹാനിഇന്റെ വീട്ടിൽ രാത്രി ഉറങ്ങുന്നതിനിടെ മലക്ക് ജിബിരീൽ(അ) പ്രവാചകരെ സമീപിക്കുകയും അവിടെ നിന്ന് മക്ക മുതൽ മസ്ജിദുൽഅഖ്സ വരെ ഇസ്റാഅ് നടത്തുകയും അവിടെ നിന്ന് മലക്കുകൾക്ക് പോലും അന്യമായ അല്ലാഹുവിന്റെ പ്രത്യേകമായ ഒരു സ്ഥാനത്തിലേക്ക് ജിബ്‌രീൽ (അ)നെ അനുഗമിച്ചും പിന്നീട് ഒറ്റക്കും സഞ്ചരിച്ച് അല്ലാഹുവുമായി മുനാജാത്ത് നടത്തിയ നിയോഗം മിഅ്റാജ് എന്നുമാണ് അറിയപ്പെടുന്നത്. ഇവ രണ്ടും  പ്രവാചകർ തന്റെ ശരീര സാന്നിധ്യത്തോടെ തന്നെ ചെയ്തതാണ് എന്നതാണ് മുസ്‍ലിം സമൂഹത്തിന്റെ പൊതുവായ വിശ്വാസം. എങ്കിൽ ഇതിന് വിഭിന്നമായ ചർച്ചകളും പണ്ഡിത ലോകത്തും പ്രവാചകാനുചരരിലും നിലനിന്നിരുന്നുവെന്ന് കാണാൻ സാധിക്കും.

പ്രവാചകർ(സ്വ)യുടെ ഇസ്റാഅ് മിഅ്റാജുമായി ബന്ധപ്പെട്ടുള്ള വാദങ്ങൾ പ്രധാനമായും നാലെണ്ണമാണ്. അതിൽ ഒന്നാമത്തേതും ഏറ്റവും പ്രബലവുമായിട്ടുള്ളത്  കേരളക്കരയിലും ലോകമെമ്പാടുമുള്ള മുസ്‍ലിംകളിൽ ബഹുഭൂരിഭാഗവും വിശ്വസിക്കുന്ന രീതിയിൽ ആമുഖക്കുറിപ്പിൽ പറഞ്ഞതുപോലെ പ്രവാചകരുടെ രണ്ട് യാത്രകളും പൂർണ്ണമായ ശരീരത്തോടെയും ബോധത്തോടെയും ബുറാഖ് എന്ന വാഹനത്തിന്റെ പുറത്തേറിയുമായിരുന്നു എന്നതാണ്. ഇതിന് ആധാരമായി പ്രവാചകര്‍(സ്വ)യുടെ ഇസ്റാഅ്-മിഅ്റാജ് വിവരണം ആയി ബുഖാരി മുസ്‍ലിം എന്നിവയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസ്, സൂറത്തുൽ ഇസ്‍റാഅ് പ്രഥമ വചനം, സൂറത്തുന്നജ്മിലെ 8-10 സൂക്തങ്ങൾ, സാമൂഹികമായി ഉണ്ടായ സംഭവവികാസങ്ങൾ  തുടങ്ങിയവയുടെ ഒരു നീണ്ട നിര തന്നെയുണ്ട്. 

രണ്ടാമത്തേത് ഏറ്റവും ബലഹീനമായ വാദമാണ്. ഇസ്റാഅ്-മിഅ്റാജ് എന്ന മഹാത്ഭുതങ്ങൾ കേവല സ്വപ്നമായിരുന്നു എന്നതാണ് ഈ വാദങ്ങളുടെ അടിസ്ഥാനം. ഈ വാദത്തെ  സാധൂകരിക്കുന്ന ഒരു തെളിവും ഹാജരാക്കാൻ പ്രസ്തുത വാദക്കാർക്ക് സാധിച്ചിട്ടില്ല എന്നു മാത്രമല്ല വാദത്തിനായി പ്രവാചകരുടെ മുഅ്ജിസത്താണ് ഇസ്റാഅ്-മിഅ്റാജ് എന്നതിനെ അവർ തള്ളിക്കളയുകയും ചെയ്തു. അക്ഷരാർത്ഥത്തിൽ, സഹാബികളുടെ ഒരാളുടെയും പിന്തുണയില്ലാത്ത ഈ വാദം അമാനുഷിക സിദ്ധികളെ  അംഗീകരിക്കുവാനുള്ള വൈമനസ്യത്തില്‍ നിന്ന് ഉണ്ടായതാണ്. മിഅ്റാജ് സംഭവിച്ച ഉടനെ അത് ജനങ്ങളെ അറിയിക്കുവാൻ പ്രവാചകർ തുനിഞ്ഞപ്പോൾ അതിൽ നിന്ന് ഉമ്മഹാനിഅ്(റ) നബിയെ തടയുന്നുണ്ട്. മക്കാ നിവാസികൾ പ്രവാചകരെ അവിശ്വസിച്ചേക്കാം എന്ന ഭയമായിരുന്നു അവരെ അതിന് പ്രേരിപ്പിച്ചത്. അഥവാ മിഅ്റാജ് ഒരു സ്വപ്ന സഞ്ചാരം ആയിരുന്നെങ്കിൽ ഒരിക്കലും അങ്ങനെ ചിന്തിക്കില്ലായിരുന്നുവല്ലോ. കാരണം ഏതു മനുഷ്യനും ഏതു നിമിഷവും ഏത് രീതിയിലുള്ള സ്വപ്നവും കാണാവുന്നതാണ്. അതില്‍ അല്‍ഭുതപ്പെടാനോ നിഷേധിക്കാനോ ഒന്നുമില്ലല്ലോ. അതുപോലെ മിഅ്റാജ് അസാധ്യമാണ് എന്ന് കരുതി ചില ആളുകൾ എങ്കിലും ഇസ്‍ലാം വിട്ടു പോവുകയുണ്ടായി, അഥവാ അതൊരു സ്വപ്നസഞ്ചാരമായിരുന്നെങ്കിൽ അവയൊന്നും ആവശ്യമായി വരില്ലായിരുന്നു.

മൂന്നാമത്തെ  വാദമുഖം, നബി (സ്വ) തങ്ങളുടെ ആത്മാവിനെ കൊണ്ടുള്ള  പ്രയാണമായിരുന്നു ഇസ്‌റാഅ് - മിഅ്‌റാജ്  എന്നതാണ്. അഥവാ ശരീരം മക്കയിൽ നിലനിൽക്കെ തന്നെ ആത്മാവിനെ മാത്രം കൊണ്ടുള്ള യാത്രയായിരുന്നു  എന്നർത്ഥം. പ്രവാചകരുടെ ശരീരം എനിക്ക് നഷ്ടമായിട്ടില്ല, ആത്മാവ് കൊണ്ടുള്ള പ്രയാണമായിരുന്നു അത് എന്ന് അര്‍ത്ഥം വരുന്ന, ആഇശ(റ)യുടെയും മുആവിയ(റ)വിന്റെയും ഹദീസ് ആണ്. ഈ ഹദീസ് (അഥർ) നിർമ്മിക്കപ്പെട്ട മൗളൂആയ ഹദീസ് (അഥർ) ആണ് എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, മറ്റൊരു ഹദീസിൽ ആഇശ ബീവി അല്ലാഹുവിനെ കാണുക അസാധ്യമാണ് എന്ന രീതിയിൽ ഖുർആനിക ആയത്ത് ഉയർത്തി കാട്ടി വാദിക്കുന്നുണ്ട്. എന്നാൽ തന്നെയും കാലഘട്ടാനുസൃതം നോക്കുമ്പോൾ മിഅ്റാജ് എന്ന മഹാത്ഭുതം സംഭവിക്കുമ്പോൾ ആഇശ ബീവി(റ) പ്രവാചക പത്നി ആയിരുന്നില്ല. മാത്രവുമല്ല, സൂറത്തുൽ ഇസ്രാഇലിലെ പ്രഥമ വചനത്തിൽ 'ബി അബ്‌ദിഹി' എന്ന പദം ഒരാളുടെ ആത്മാവും ശരീരവും കൂടിയുള്ള അവസ്ഥയിലുള്ള മനുഷ്യരെ കുറിച്ചാണ് ഉപയോഗിക്കുക. അതിനാൽ തന്നെ ഇത് ശരീരത്തോട് കൂടിയുള്ള സഞ്ചാരം ആണെന്ന് സുവ്യക്തമാണ്.

നാലാമത്തെ വാദം, ഇസ്റാഅ് ശാരീരികവും മിഅ്റാജ് ആത്മാവിന്റെ പ്രയാണവും ആയിരുന്നു എന്നതാണ്. ഇതിന് തെളിവായി പറയുന്നത്, സൂറത്ത് ഇസ്റാഇലെ ആദ്യത്തെ വചനത്തിൽ ഇസ്രാഇനെ മാത്രമാണ്  ശാരീരികമായി ഉള്ള സഞ്ചാരത്തെ കുറിച്ച് സൂചിപ്പിക്കുന്ന 'ബി അബ്ദിഹി'എന്ന പദം കൊണ്ട്   പറയുന്നത് എന്നും മിഅ്റാജിനെ കുറിച്ച് അവിടെ പരാമര്‍ശിക്കുന്നില്ല എന്നുമാണ്. എന്നാല്‍, മിഅ്റാജിനെ കുറിച്ച് വന്ന ഹദീസുകളിലൊന്നും അത് ആത്മാവിന്റെ സഞ്ചാരം ആയിരുന്നു എന്ന് പറയുന്നില്ല. അല്ലെങ്കിൽ അതിലേക്ക് സൂചകമായ ഒരു വചനം പോലും ഇല്ല എന്ന് മാത്രമല്ല, ഞാൻ എന്ന രീതിയിലാണ് മുഴുവൻ പരാമർശവും ആ ഹദീസിൽ പ്രവാചകർ നടത്തുന്നത്.  മാത്രവുമല്ല സൂറത്തു നജ്മിലെ സൂക്തങ്ങൾ   അല്ലാഹുവും പ്രവാചകരും എത്രമാത്രം  അടുത്തുനിന്നു എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അതോടൊപ്പം, അത് ആത്മാവിന്റെ മാത്രം  സഞ്ചാരമായിരുന്നെങ്കിൽ ഒരിക്കലും ബുറാഖ് എന്ന വാഹനത്തെ അയക്കേണ്ടി വരില്ലായിരുന്നു. അത് കൊണ്ട് തന്നെ, ഭൂരിഭാഗം പണ്ഡിതരും സൂക്ഷ്മജ്ഞാനികളും ഈ അഭിപ്രായം അംഗീകരിക്കുന്നില്ല.

ചുരുക്കത്തിൽ മറ്റു മൂന്നു വാദങ്ങൾക്കും പ്രകടമായ വൈകല്യങ്ങൾ തന്നെ ഉണ്ടാവുകയും  മുൻകാല പണ്ഡിതരും സ്വഹാബത്തിന്റെയും വിവരണങ്ങളെല്ലാം ആ മൂന്ന് അഭിപ്രായങ്ങൾക്കും വിരുദ്ധമാവുകയും ചെയ്തതിനാൽ, പുണ്യ റസൂൽ(സ്വ)യുടെ സുപ്രധാന മുഅജിസത്തായ മിഅ്റാജ്, ആത്മാവും ശരീരവും സമ്മേളിച്ച, ലോകത്ത് ഒരാൾക്കും ലഭ്യമാകാത്ത, അപ്രാപ്യമായ  മഹാ നേട്ടമായിരുന്നു എന്ന് അർത്ഥശങ്കർക്കിടയില്ലാത്ത വിധം സ്ഥിരപ്പെടുന്നു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter