തിരുശേഷിപ്പുകളുടെ  പുണ്യവും പ്രമാണവും

പ്രവാചകന്മാര്‍, സയ്യിദുമാര്‍, ഔലിയാഅ്, സ്വാലിഹുകള്‍ തുടങ്ങിയ മഹത്‌വ്യക്തികളുടെ തിരുശേഷിപ്പുകള്‍ക്ക് പുണ്യവും മഹത്വവുമുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത്, മുസ്‌ലിം ഉമ്മത്തിന്റെ നടപടി എന്നിവകൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. തിരുശേഷിപ്പുകള്‍ അത്തരം മഹാന്മാരുടേതു തന്നെയാണെന്ന് സംശയരഹിതമായി അംഗീകരിക്കപ്പെടണം. മുബ്തദിഉകളും നിരീശ്വരവാദികളും യുക്തിചിന്തകരും മാത്രമേ തിരുശേഷിപ്പുകളുടെ മഹത്വം നിഷേധിക്കുകയുള്ളൂ.

ദീനിന്റെ ശിആറുകളെയെല്ലാം യുക്തിയുടെയും സാധാരണത്വത്തിന്റെയും അളവുകോല്‍ കൊണ്ട് അളക്കുന്ന പാരമ്പര്യം വച്ചു പുലര്‍ത്തുന്ന ബിദഇകള്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ മനസ്സിലാക്കിയതിലെ അപാകതയാണ് തിരുശേഷിപ്പുകളുടെ മഹത്വം നിഷേധിക്കാന്‍ നിമിത്തമാകുന്നത്. യുക്തിവാദികളും നിരീശ്വരവാദികളും (രണ്ടും ഏകദേശം ഒന്നുതന്നെ) അല്ലാഹുവിനെ തന്നെ നിഷേധിക്കുന്നവരാണല്ലോ. അഭൗതികമായ ഒന്നിലും അവര്‍ക്ക് വിശ്വാസമേയില്ല. ദൈവവും മതവും മിഥ്യയാണെന്ന് വാദിക്കുന്നവര്‍ക്ക് എന്ത് തിരുശേഷിപ്പുകളാണ്.

വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ ബഖറ 247-248 സൂക്തങ്ങളില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. മൂസാ നബി(അ)ക്ക് ശേഷം ബനൂഇസ്രാഈല്യരില്‍ വന്ന 'ശംവീല്‍' നബി(അ)യോട് അവര്‍ ഞങ്ങള്‍ക്ക് ഒരു രാജാവിനെ നിശ്ചയിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. അല്ലാഹു ത്വാലൂത്ത് എന്ന ഒരു വ്യക്തിയെ രാജാവായി നിശ്ചയിച്ചു. ഈ വിവരം ജനങ്ങളോട് പറഞ്ഞപ്പോള്‍ ത്വാലൂത്തിനെ അവര്‍ അംഗീകരിച്ചില്ല. രാജാവാകാന്‍ ത്വാലൂത്തിന് അവരെക്കാള്‍ യോഗ്യതയുണ്ടെന്ന് അവരുടെ പ്രവാചകന്‍ പറഞ്ഞുനോക്കി. എന്നാല്‍, അതിന് തെളിവ് വേണമെന്നായി ജനങ്ങള്‍. ബനൂഇസ്രാഈല്യര്‍ക്ക് നഷ്ടപ്പെട്ടുപോയ ഒരു പെട്ടി തിരിച്ചുകിട്ടലാണ് ത്വാലൂത്തിനെ രാജാവായി അല്ലാഹു നിശ്ചയിച്ചതിന് തെളിവ് എന്ന് ശംവില്‍ നബി(അ) അവരെ അറിയിച്ചു. പ്രസ്തുത പെട്ടിയില്‍ മൂസാ നബി(അ)ന്റെയും ഹാജറൂന്‍ നബി(അ)ന്റെയും തിരുശേഷിപ്പുകളാണുണ്ടായിരുന്നത്. തൗറാത്തിന്റെ പലക കഷ്ണങ്ങളും പരമ്പരാഗതമായി സൂക്ഷിച്ചുപോരുന്ന പ്രസ്തുത പെട്ടി യുദ്ധ വേളകളിലും മറ്റും വിജയത്തിനും സംരക്ഷണത്തിനുവേണ്ടി അവര്‍ മുന്നോട്ടു വക്കാറുണ്ടായിരുന്നു. മൂസാ നബി(അ)ന് ശേഷം 'അമാലിഖത്ത്' എന്ന ഒരു വിഭാഗക്കാര്‍ ബനൂ ഇസ്രാഈല്യരെ കീഴടക്കിയ സന്ദര്‍ഭത്തില്‍ പ്രസ്തുത പെട്ടിയും അവര്‍ കൈവശപ്പെടുത്തി യിരുന്നു. ആ പെട്ടി മലക്കുകള്‍ വഹിച്ചു കൊണ്ടുവരുന്നതാണ് അവര്‍ക്ക് തെളിവായി അല്ലാഹു കാണിച്ചുകൊടുത്തത്. പ്രസ്തുത ഭാഗം ഖുര്‍ആനില്‍ പറഞ്ഞതിന്റെ സാരം ഇപ്രകാരമാണ്.

അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: ''ത്വാലൂത്തിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്ത് വന്നെത്തുക എന്നതാണ്. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള മനഃശാന്തിയും മൂസായും ഹാറൂനും(അ) വിട്ടേച്ചുപോയ ശേഷിപ്പുകളുമുണ്ട്. മലക്കുകള്‍ അത് വഹിച്ചുകൊണ്ടുവരുന്നതാണ്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.'' (അല്‍ ബഖറ 248)

മഹാന്മാരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചുവയ്ക്കാമെന്ന് ഈ ഖുര്‍ആന്‍ പരാമര്‍ശം അവര്‍ത്ഥശങ്കക്കിടമില്ലാത്തവിധം സൂചന നല്‍കുന്നുണ്ട്. ബനൂഇസ്‌റാഈലുകാര്‍ അങ്ങനെ ചെയ്തിരുന്നത് ശരിയായ നടപടിയല്ലായിരുന്നെങ്കില്‍ അല്ലാഹു പ്രസ്തുത പെട്ടി അവര്‍ക്ക് തിരിച്ചു നല്‍കുകയില്ലായിരുന്നുവല്ലോ. തിരുശേഷിപ്പുകള്‍ സൂക്ഷിച്ചുപോന്നിരുന്ന പെട്ടിയെ ആരാധിക്കുകയില്ല. അത് മുഖേന ബറകത്ത് എടുക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്.

''അല്ലാഹുവില്‍നിന്നുള്ള മനഃശാന്തിയും മൂസാ നബിയുടെയും ഹാറൂന്‍ നബിയുടെയും അവശിഷ്ടങ്ങളുമുണ്ട്'' എന്ന ഖുര്‍ആനിക പരാമര്‍ശം തിരുശേഷിപ്പുകള്‍ സൂക്ഷിച്ചാല്‍ മനഃസമാധാനം ലഭിക്കുമെന്ന വസ്തുത ബിദ്അത്തുകാര്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ? മനസ്സമാധാനം ലഭിക്കുന്നത് യുദ്ധവിജയം കൊണ്ടോ രോഗശമനം കൊണ്ടോ ഒക്കെ ആകാമെന്ന കാര്യം വ്യക്തമാണല്ലോ. വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് സ്ഥിരപ്പെട്ട വസ്തുതയെ അന്ധവിശ്വാസമെന്ന് പരിഹസിച്ച് തള്ളുന്നത് മുസ്‌ലിംകള്‍ക്ക് പാടില്ലാത്ത കാര്യമാണെന്ന് മനസ്സിലാക്കുക.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter