നാലകത്ത് മരക്കാരുട്ടി മുസ്‌ലിയാര്‍

നാലകത്ത് മരക്കാരുട്ടി മുസ്‌ലിയാര്‍

സൂഫീവര്യനും ഗ്രന്ഥകാരനും ഫഖീഹുമായിരുന്ന നാലകത്ത് മരക്കാരുട്ടി മുസ്‌ലിയാര്‍ അരീക്കോട് നാലകത്ത് മോലി മുസ്‌ലിയാര്‍ എന്ന മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരുടെയും കൊണ്ടോട്ടി ചെറുശ്ശേരി കുഞ്ഞാറ മുസ്‌ലിയാരുടെ മകള്‍ തിത്തിക്കുട്ടിയുടെയും മകനായി ഹിജ്‌റ 1294 ലാണ് മഹാനവര്‍കള്‍ ജനിക്കുന്നത്. അരീക്കോട് മോയിന്‍കുട്ടി മുല്ലയില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കുന്നത്. തുടര്‍ന്ന് അമ്മാവന്മാര്‍ കൂടിയായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ചെറുശ്ശേരി അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു. വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷം ദാറുല്‍ഉലൂമില്‍ തന്നെ മുദരിസായി ജോലിയേറ്റെടുത്തു. ഹിജ്‌റ 1327 മുതല്‍ 1358 വരെ നീണ്ട മൂന്ന് പതിറ്റാണ്ട് കാലം മഞ്ചേരിയുടെ ആത്മീയദാഹം തീര്‍ക്കാന്‍ മഹാന്റെ സാന്നിധ്യം കൊണ്ട് സാധിച്ചു. മഞ്ചേരിയില്‍ മുദരിസായ ശേഷം സൗകര്യാര്‍ത്ഥം താമസം അരീക്കോട്ട് നിന്നും അങ്ങോട്ട് മാറ്റുകയുണ്ടായി.

പില്‍കാലത്ത് കേരളം കണ്ട അത്യല്‍ഭുത ബുദ്ധിശാലികളായ ശൈഖുനാ കണ്ണിയത്തുസ്താദ്, മഞ്ചേരി വലിയ അബ്ദു റഹ്‌മാന്‍ മുസ്‌ലിയാര്‍, പള്ളിശ്ശേരി ആലസ്സന്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗത്ഭരായ ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ മഹാന് സാധിച്ചു. അനവധി ഗ്രന്ഥങ്ങളുടെ രചയിതാവായ മഹാനവര്‍കള്‍ നിപുണനായ ഒരു കവികൂടിയായിരുന്നു. 238 ബൈത്തുകളുള്ള ബദ്‌റ് കാവ്യം ഏറെ പ്രസിദ്ധമാണ്. ഉദ്ദേശ്യ പൂര്‍ത്തീകരണത്തിന് വേണ്ടി ഇത് ഓതി ദുആ ഇരക്കുകയെന്നത് മഞ്ചേരിയിലും പരിസരത്തും ഇന്നു നിലനില്‍ക്കുന്ന ശീലമാണ്. ഹിജ്‌റ 1358 റബീഉല്‍ ആഖിര്‍ 13 വെള്ളിയാഴ്ച (1939) മഹാനവര്‍കള്‍ പരലോകം പൂകി. മഞ്ചേരി ജുമുഅത്ത് പള്ളിയുടെ തെക്ക്ഭാഗത്ത് ഗൈറ്റിനടുത്താണ് മഹാന്റെ ഖബറുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter