ഫലസ്തീന്‍, അധിനിവേശത്തിന്റെ 74 വര്ഷങ്ങള്‍
അൽ-അഖ്‌സ പള്ളിയുടെ പരിസരത്ത്, കസേരയിൽ കാലില്‍ കാല്‍ കയറ്റി വെച്ച്, പരിസരത്ത് കൂടി പോകുന്ന ഇസ്റാഈല്‍ സായുധ സൈനികനെ അവജ്ഞയോടെ നോക്കുന്ന ആ വയോധികന്റെ ചിത്രം നിങ്ങള്‍ മറന്ന് കാണില്ല. തലപ്പാവ് ഉറച്ചിരിക്കാനായി വെച്ച ഇഖാലും കാലില്‍ ധരിച്ച ചെരുപ്പും ഒഴിച്ച് ബാക്കിയുള്ളതെല്ലാം വെളുത്ത നിറമായിരുന്നു. ആ താടി പോലും വെളുത്ത് നരച്ചിട്ടുണ്ടെങ്കിലും ആ കണ്ണുകളിലെ തീക്ഷ്ണതക്കോ, അക്രമനീക്കങ്ങളോടുള്ള പ്രതിഷേധത്തിനോ യാതൊരു വിധം ക്ഷീണവും വന്നിട്ടില്ല. കാലം, അതിനെ കൂടുതല്‍ കൂടുതല്‍ തീക്ഷ്ണമാക്കുകയാണ് ചെയ്തിരിക്കുന്നത്.
1948 ല്‍ ഇസ്റാഈല്‍ രാഷ്ട്രത്തിന്റെ അക്രപരമായ സ്ഥാപനത്തോടെ തുടക്കം കുറിച്ച ഫലസ്തീനികളുടെ ദുരന്തത്തിന്റെ (നഖ്‍ബ) ജീവിക്കുന്ന ഇര, ആരിഫ് തതൻജിയാണ് അദ്ദേഹം. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതെയാണ് അറുപതിനോടടുക്കുന്ന തതന്‍ജി ഇന്നും കഴിച്ച് കൂട്ടുന്നത്. മസ്ജിദുല്‍ അഖ്സയാണ് അദ്ദേഹത്തിന് എല്ലാമെല്ലാം. എന്തിനും ഏതിനുമുള്ള പരിഹാരവും ശമനവും ആ പള്ളിയും പരിസരവുമാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.
എല്ലാ വർഷവും മെയ് 15 ന്, ലോകമെമ്പാടുമുള്ള ഫലസ്തീനികൾ 1948ലെ ഫലസ്തീനിലെ വംശീയ ഉന്മൂലനത്തിന്റെ തുടക്കമായ നഖ്‍ബ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ പുതുക്കാറുണ്ട്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ പിന്തുണയോടെ, 1948 മെയ് 14 നാണ്, സയണിസ്റ്റ് ശക്തികൾ ഇസ്രായേൽ രാഷ്ട്ര സ്ഥാപനം പ്രഖ്യാപിക്കുന്നത്. പിന്നീടങ്ങോട്ട് അശാന്തിയുടെ തീരമായി മാറുകയായിരുന്നു ഫലസ്തീന്‍. 
1947 നും 1949 നും ഇടയിൽ, സയണിസ്റ്റ് സൈന്യം പ്രധാന ഫലസ്തീൻ നഗരങ്ങളെല്ലാം ആക്രമിക്കുകയും 530 ഗ്രാമങ്ങൾ നശിപ്പിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി അരങ്ങേറിയ ഡസൻ കണക്കിന് കൂട്ടക്കുരുതികളില്‍ പതിനയ്യായിരത്തോളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 
1948 ഏപ്രിൽ 9 ന്, ജറുസലേമിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ ദേർ യാസിൻ ഗ്രാമത്തിലായിരുന്നു യുദ്ധ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കൂട്ടക്കൊലകളിലൊന്ന് നടത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലേറെ പേരാണ് സയണിസ്റ്റ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫലസ്തീൻ ഗവേഷകനായ സൽമാൻ അബു സിത്ത ഈ 530 ഗ്രാമങ്ങൾക്ക് എന്ത് സംഭവിച്ചു എന്നതിന്റെ വിശദമായ രേഖകൾ തന്റെ പുസ്തകമായ 'ദ അറ്റ്ലസ് ഓഫ് ഫലസ്തീനിൽ' രേഖപ്പെടുത്തിയിട്ടുണ്ട്. 
1948ല്‍ ഒഴിപ്പിക്കപ്പെട്ട പ്രദേശങ്ങളിലെ പുരാവസ്തുക്കൾ പോലും ഇസ്രയേൽ നശിപ്പിക്കുകയാണ്. പലസ്തീൻ പ്രദേശങ്ങൾക്കുള്ളിലെ അറബ് സമൂഹങ്ങളുടെ പുണ്യസ്ഥലങ്ങളും ആരാധനാലയങ്ങളും പുരാവസ്തു പ്രദേശങ്ങളുമെല്ലാം ഇന്ന് ഇല്ലെന്ന് തന്നെ പറയാം. ഇസ്രായേൽ അധികാരികൾ കള്ളന്മാരെയും നിധി വേട്ടക്കാരെയും അഴിച്ചുവിട്ട് ശവകുടീരങ്ങൾ പോലും കുഴിച്ചെടുക്കാനും ആരാധനാലയങ്ങൾ നശിപ്പിക്കാനും പ്രേരിപ്പിക്കുകയാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യുനെസ്കോ ചാർട്ടറുകളുടെയും വ്യക്തമായ ലംഘനമാണ്.
അധിനിവേശത്തിൽ നശിപ്പിച്ച പട്ടണമായ ഹെബ്രോൺ ജില്ലയിലെ "ബെയ്റ്റ് ജിബ്രിൻ" എന്ന സ്ഥലത്തുള്ള ഉമരീ മസ്ജിദിന്റെയും തമീമുദ്ദാരി പള്ളിയുടെയും കല്ലുകൾ പോലും നശിപ്പിച്ചതായി, 48 ലെ ഫലസ്തീനിനെ സംബന്ധിച്ച് ഗവേഷകണം ചെയ്യുന്നവർ പറയുന്നു. പലസ്തീനിലെ ഖലൻസുവ പ്രദേശത്തുകാരനായ, ഗവേഷകനാണ് അബ്ദുൽ റാസിഖ് മതാനി. ഡസൻ കണക്കിന് പള്ളികളും ഖബ്റിസ്ഥാനികളും ഇസ്രായേൽ സൈന്യം നശിപ്പിച്ചുവെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പറയുന്നത്. ഈ ഗ്രാമങ്ങളുടെ അവശേഷിക്കുന്ന പുരാവസ്തുക്കൾ സംരക്ഷിക്കാനായി, "ഫലസ്തീനിലെ പള്ളികളും ചരിത്ര ശേഷിപ്പുകളും സംരക്ഷിക്കുക" എന്ന തലക്കെട്ടിൽ മതാനി ഒരു പ്രത്യേക കാമ്പയിൻ തന്നെ ആരംഭിച്ചിട്ടുണ്ട്. 
അഖ്‌സ ഫൗണ്ടേഷൻ ഫോർ എൻഡോവ്‌മെന്റ് ആൻഡ് ഹെറിറ്റേജിലെ തന്റെ പ്രവർത്തനത്തിനിടയിൽ, മതാനി, പ്രൊഫഷണൽ സംഘങ്ങളുടെയും വിദഗ്ധരുടെയും എഞ്ചിനീയർമാരുടെയും സഹായത്തോടെ 300 ലേറെ വരുന്ന കുടിയൊഴിപ്പിക്കപ്പെട്ട ഗ്രാമങ്ങളിലും അവയുടെ ചരിത്ര ശേഷിപ്പുകളിലും സർവേ നടത്തി. "1200 ലധികം വരുന്ന പുരാവസ്തുക്കള്‍, കെട്ടിടങ്ങൾ, പുണ്യസ്ഥലങ്ങൾ എന്നിവയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്, അവയെല്ലാം നാമാവശേഷമായിരിക്കുകയാണ്. ശേഷിച്ചതെങ്കിലും സംരക്ഷിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്" മതാനി പറയുന്നു.
ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം, നഖ്‍ബ കേവലം ഒരു ചരിത്ര സംഭവമല്ല, മറിച്ച് ഒരിക്കലും നിലച്ചിട്ടില്ലാത്ത തുടർച്ചയായ സ്ഥാനചലന പ്രക്രിയയാണ്. അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും അത് ഇന്നും ബാധിച്ചു കൊണ്ടേയിരിക്കുന്നു. എന്ത് ചെയ്യാം, എന്ത് ചെയ്യരുത്, എവിടെ പോകാം, ആരെ വിവാഹം കഴിക്കാം, എവിടെ ജീവിക്കാം എന്നെല്ലാം വിദേശി അധിനിവേശകര്‍ തീരുമാനിച്ച് തുടങ്ങിയതിന്റെ പേരാണ് അവര്‍ക്ക് നഖ്‍ബ. എല്ലാ വർഷവും നൂറുകണക്കിന് ഫലസ്തീനികളുടെ വീടുകളാണ് ഇപ്പോഴും ഇസ്രായേൽ സൈന്യം തകർത്തു കൊണ്ടേയിരിക്കുന്നത്. അഥവാ, ഓരോ ഫലസ്തീനിയുടെ ജീവിതത്തിലും നഖ്‍ബ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ് എന്നര്‍ത്ഥം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter