നവൈതു 02 . നോമ്പ്, ക്ഷീണമല്ല, ശക്തമായ ഒരു ആയുധമാണ്
മുന്‍ഗാമികള്‍ക്ക് നോമ്പ് നിശ്ചയിക്കപ്പെട്ട പോലെ നിങ്ങള്‍ക്കും നോമ്പ് നിശ്ചയിക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ ഭയഭക്തിയുള്ളവരാവാന്‍ വേണ്ടി.
ഇങ്ങനെയാണ് നോമ്പിനെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളോട് പറയുന്നത്. അഥവാ, ഭയഭക്തിയുള്ളവരാവുക എന്നതാണ് നോമ്പിന്റെ അടിസ്ഥാന ലക്ഷ്യമെന്നും നേട്ടവുമെന്നര്‍ത്ഥം. പ്രപഞ്ച സ്രഷ്ടാവിനോടുള്ള ഭയവും ഭക്തിയും എന്നത് മറ്റാരെയും ഒന്നിനെയും പേടിക്കാത്ത തലത്തിലേക്ക് മനുഷ്യനെ ഉയര്‍ത്തുന്ന സ്വഭാവഗുണമാണെന്നതാണ് യാഥാര്‍ത്ഥ്യം.
കഴുമരത്തിലേക്ക് നടന്നടുക്കുമ്പോഴും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണല്ലോ എന്റെ ജീവന്‍ വെടിയുന്നത് എന്നോര്‍ത്ത് സന്തോഷഭരിതമാവാന്‍ ഖുബൈബ്(റ)ന് ശക്തി പകര്‍ന്നത് ആ ചിന്തയായിരുന്നു. ചുട്ടുപഴുത്ത മണപ്പുറത്ത് കിടത്തി, ഭാരമേറിയ പാറക്കല്ല് വഹിക്കേണ്ടിവരുമ്പോഴും അഹദ് അഹദ് എന്ന മന്ത്രധ്വനി ഉരുവിടാന്‍ ബിലാലുബ്നുറബാഹ്(റ) എന്ന ആ അബ്സീനിയന്‍ അടിമയെ പാകമാക്കിയതും ആ ബോധം തന്നെയായിരുന്നു. പകല്‍വെളിച്ചം പോലും കാണാനാവാതെ, വര്‍ഷങ്ങളോളം തടവറകളിലും ബന്ധനങ്ങളിലും കഴിഞ്ഞ പലര്‍ക്കും അവിടെയെല്ലാം പിടിച്ച് നില്ക്കാന്‍ ധൈര്യവും കാണേണ്ടതെല്ലാം കാണാന്‍ മനസ്സില്‍ വെളിച്ചവും പകര്‍ന്നതും ആ ചിന്ത തന്നെ. ഏറ്റവും അവസാനമായി, രാപകലില്ലാതെ മനുഷ്യത്വരഹിതമായ പരാക്രമങ്ങളിലൂടെ പതിനായിരങ്ങളുടെ ജീവന്‍ കവര്‍ന്നെടുക്കുകയും ശേഷിക്കുന്നവരുടെ ജീവന്‍ തന്നെ ദുഷ്കരമാക്കുകയും ചെയ്തിട്ടും, ഇതൊന്നും തങ്ങള്‍ക്കൊരു പ്രശ്നമല്ലെന്നും എല്ലാം അറിയുന്ന പടച്ച തമ്പുരാന് വേണ്ടിയാണ് ഞങ്ങളുടെ ജീവിതമെന്നും മനസ്സറിഞ്ഞ് ലോകത്തോട് പറയാന്‍ ഗസ്സക്കാരെ പക്വമാക്കിയതും ഈ വിശ്വാസമാണ്.
Read more:റമദാന്‍ ചിന്തകള്‍ - നവൈതു 2. ശഹാദത്... അത് ജീവിതം തന്നെ മാറ്റി മറിക്കുന്നു
അഥവാ, ഭയഭക്തി എന്നത് ബലഹീനതയല്ല, മറിച്ച് ഏറ്റവും വലിയ ശക്തിയാണെന്നര്‍ത്ഥം. ഇതാണ് നോമ്പിലൂടെ വിശ്വാസികള്‍ക്ക് ലഭ്യമാവുന്നത്, അല്ലെങ്കില്‍ ആവേണ്ടത്. ലോക ചരിത്രത്തില്‍ നോമ്പിലൂടെ ശക്തിയാര്‍ജ്ജിച്ച പലരെയും നമുക്ക് കാണാനാവുന്നതും അതിന്റെ തെളിവാണ്. ലോകം ഇന്നേ വരെ കണ്ടതില്‍ ഗണിത ശാസ്ത്രത്തിലെ ഏറ്റവും അഗ്രേസരനായ പൈതഗോറസ് ആ സ്ഥാനത്തിന് അര്‍ഹനായത് 40 ദിവസം നീണ്ട വ്രതത്തിലൂടെയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ചരിത്രം വ്യക്തമാക്കുന്നു. രാഷ്ട്രപതി മഹാത്മാ ഗാന്ധി, വൈദേശികാധിപത്യത്തില്‍നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാനും ശേഷം സ്വതന്ത്ര ഇന്ത്യയിലെ സമാനതകളില്ലാത്ത അതിഭീകര വര്‍ഗ്ഗീയ കലാപങ്ങള്‍ അമര്‍ച്ച ചെയ്യാനും പ്രയോഗിച്ചതും നോമ്പിന്റെ ഭൗതിക രൂപമായ നിരാഹാരമെന്ന ആയുധമായിരുന്നു. നിഷേധിക്കപ്പെട്ട പല അവകാശങ്ങളും നിരാഹാരത്തിലൂടെ നേടിയെടുത്ത വേറെയും അനേകം ലോക നേതാക്കളെയും രാഷ്ട്ര നായകരെയും നമുക്ക് കാണാനാവുന്നതാണ്.
ചുരുക്കത്തില്‍, നോമ്പ് എന്നത്, പകലന്തിയോളം അന്നവും വെള്ളവും എല്ലാം ഉപേക്ഷിച്ച്, ക്ഷീണിതരായി ഒന്നും ചെയ്യാനാവാതെ ഇരിക്കുന്ന നിഷ്ക്രിയത്വത്തിന്റെ പേരല്ല. മറിച്ച് ഏത് വലിയ പ്രതിസന്ധികളെയും പുഞ്ചിരിയോടെ നേരിടാന്‍ ശക്തി പകരുന്ന ഏറ്റവും വലിയ ആയുധത്തിന്റെ പേരാണ് അത്.
ഇനി വരുന്ന ദിനങ്ങളിലൂടെ ആ ശക്തി ആര്‍ജ്ജിക്കാനായിരിക്കട്ടെ നമ്മുടെ ശ്രമങ്ങള്‍.
Leave A Comment