നവൈതു 30 - നോമ്പെടുത്തവര്‍ക്ക് ഇനി പെരുന്നാളാണ്...
അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു അക്ബര്‍..
ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍...
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്...
പ്രത്യേക ഈണത്തിലുള്ള ഈ തക്ബീര്‍ ധ്വനികള്‍ നമ്മെ അറിയാതെ പെരുന്നാളിന്റെ സുദിനത്തിലേക്ക് കൊണ്ട് പോവും. ഓരോ ആഘോഷത്തിനും അതിന്റേതായ ശബ്ദവും നിറവും മണവുമുണ്ടെന്ന് തോന്നാറുണ്ട്. പെരുന്നാളിന്റെ ശബ്മാണ് ഈ തക്ബീര്‍ വീചികള്‍.
വിശുദ്ധ റമദാനിലെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന് ശേഷം മുസ്‍ലിം ലോകം പെരുന്നാളിലേക്ക് പ്രവേശിക്കുകയാണ്. രണ്ട് ആഘോഷങ്ങളാണ് മുസ്‍ലിംകള്‍ക്ക് ഉള്ളത്. ചെറിയ പെരുന്നാള്‍ എന്ന് വിളിക്കപ്പെടുന്ന ഈദുല്‍ഫിത്റും വലിയ പെരുന്നാള്‍, ബലി പെരുന്നാള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈദുല്‍ അദ്ഹായും.
ഈ രണ്ട് ആഘോഷങ്ങളും കടന്നുവരുന്നത്, ലോക മുസ്‍ലിംകളെല്ലാം ഒരു പോലെ കാത്ത് കാത്തിരിക്കുന്ന രണ്ട് സുപ്രധാന ആരാധനകളുടെ പൂര്‍ത്തീകരണം എന്നോണമാണ്. പഞ്ചസ്തംഭങ്ങളില്‍ നാലാമത്തേതായ, മുപ്പത് ദിവസം നീണ്ടുനില്ക്കുന്ന റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ അവസാനമാണ് ചെറിയ പെരുന്നാള്‍ വരുന്നത്. ഈദുല്‍ഫിത്റ് എന്ന് പേര് തന്നെ, നോമ്പ് മുറിക്കുന്ന പെരുന്നാള്‍ എന്നാണ്. ലോകമുസ്‍ലിംകളെല്ലാം അതിന് മുമ്പുള്ള ഒരു മാസക്കാലം നോമ്പെടുത്തവരായിരുന്നു. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ദരിദ്രനെന്നോ ധനികനെന്നോ വ്യത്യാസമില്ലാതെ, എല്ലാവരും ഒരു പോലെ, നിശ്ചിത സമയം അന്നപാനീയങ്ങളെല്ലാം ഉപേക്ഷിച്ച് വിശന്നിരിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ, അടുത്ത മാസം ഒന്നാം തിയതി ഒരാളും വിശന്നിരിക്കുന്നതെന്നതാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം. അന്നേ ദിവസത്തെ ചെലവ് കഴിച്ച് മിച്ചം വരുന്നവരെല്ലാം, അതില്‍നിന്ന് അല്‍പം ഇല്ലാത്തവന് നല്കണമെന്ന നിര്‍ബന്ധ സകാതിലൂടെ അതാണ് നടപ്പാക്കപ്പെടുന്നത്. ലോകത്തുള്ള മുഴുവന്‍ മുസ്‍ലിംകള്‍ക്കും അന്നേ ദിവസത്തേക്ക് ഭക്ഷണം ലഭ്യമാക്കാന്‍ ഏറ്റവും ലളിതവും പ്രായോഗികവുമായ രീതി എന്ന് നമുക്ക് അതിനെ വിളിക്കാം.
Read More: നവൈതു 29 - അസ്സലാമു അലൈക യാ ശഹ്റ റമദാന്‍...
ഇസ്‍ലാമിന്റെ അഞ്ചാമത്തെ സ്തംഭമായ ഹജ്ജിന്റെ ഏറ്റവും സുപ്രധാന ഭാഗമായ അറഫാ സംഗമത്തെ തുടര്‍ന്നാണ് ബലി പെരുന്നാള്‍ വരുന്നത്. ലോക മുസ്‍ലിംകള്‍ ഒന്നടങ്കം ശാരീരികമായോ മാനസികമായോ ഭാഗഭാക്കാവുന്ന ആരാധനാകര്‍മ്മമാണ് ഹജ്ജ് എന്ന് പറയാം. മുസ്‍ലിം ജനവാസമുള്ള, ലോകത്തിന്റെ ഏത് മുക്ക് മൂലയില്‍നിന്നും ഓരോ ഹജ്ജിനും ഒരു പ്രതിനിധിയെങ്കിലും ഉണ്ടാവാതിരിക്കില്ല. അവരെ ഹജ്ജിന് യാത്രയാക്കുന്നതും തിരിച്ച് വരുമ്പോള്‍ സ്വീകരിക്കുന്നതും ആ നാടിന്റെ ആഘോഷങ്ങളാവുന്നതും പതിവാണ്. ആ ദിനങ്ങളില്‍ മുഴുവനായോ ഏറ്റവും ചുരുങ്ങിയത് സുപ്രധാന കര്‍മ്മത്തിന്റെ ദിവസമായ അറഫാ ദിനത്തിലോ ലോകമുസ്‍ലിംകളെല്ലാം നോമ്പെടുത്ത് അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇവിടെയും ലോകമുസ്‍ലിംകളെന്ന ഉമ്മതീ ബോധമാണ് പ്രകടമാവുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ബലി പെരുന്നാള്‍.
അത് കൊണ്ട് തന്നെ, പെരുന്നാള്‍ ദിനങ്ങള്‍ ഉമ്മതിലെ എല്ലാവര്‍ക്കും ആഘോഷമായിരിക്കണം എന്ന് നിഷ്കര്‍ഷ ഇസ്‍ലാമിനുണ്ട്. അതിനായി, ചെറിയ പെരുന്നാള്‍ ദിനത്തില്‍, ആവശ്യക്കാര്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ സകാതായി നല്കുന്നത് നിര്‍ബന്ധമാക്കിയത് പോലെ, വലിയ പെരുന്നാള്‍ ദിനം യഥോചിതം ആഘോഷിക്കാനായി ബലികര്‍മ്മവും മാംസദാനവും അന്നേ ദിവസത്തെ ഏറ്റവും പുണ്യകരമായ കര്‍മ്മമായി നിശ്ചയിച്ചിരിക്കുന്നു.
ചുരുക്കത്തില്‍, താനും തന്റെ കുടുംബവും മാത്രം സന്തോഷത്തോടെ ഇരിക്കുന്നതല്ല പെരുന്നാള്‍. മറിച്ച് തന്റെ അയല്ക്കാരെയും നാട്ടുകാരെയും ആവശ്യക്കാരെയുമെല്ലാം പരിഗണിച്ച് അവരെയെല്ലാം ചേര്‍ത്ത് പിടിച്ച് എല്ലാവര്‍ക്കും സന്തോഷം പകരുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ പെരുന്നാളാകുന്നത്. അഥവാ, ഓരോ പെരുന്നാളും സമഭാവനയുടെയും പരസ്പര സഹകരണത്തിന്റെയും സഹായഹസ്തങ്ങളുടെയും വലിയ ദിനങ്ങളാണ് എന്നര്‍ത്ഥ്. അപ്പോള്‍ മാത്രമാണ് അവ പെരും നാളുകളാവുന്നതും.
Leave A Comment