നോ അതർ ലാൻഡ്: ദൃശ്യാവിഷ്കാരങ്ങൾക്കപ്പുറത്തെ യാഥാർത്ഥ്യങ്ങൾ

പോരാട്ടവും പ്രതീക്ഷയും ഇഴചേരുന്ന രാഷ്ട്രമാണ് ഫലസ്തീൻ. അധിനിവേശത്തിന്റെ സമാനതകളില്ലാത്ത പീഢനങ്ങൾക്കിടയിലും, പ്രതീക്ഷയുടെ പുതുപുലരി തേടി പ്രതിരോധം തുടരുന്ന നിരവധി ഫലസ്തീൻ വീരഗാഥകൾ പലപ്പോഴും നാം വായിച്ചിട്ടുണ്ടാകും. എന്നിരുന്നാലും സാഹിത്യത്തിന് ഒപ്പിയെടുക്കാനാകാത്തത് ക്യാമറകൾക്കാകും എന്ന യാഥാർത്ഥ്യം മനസ്സിലാക്കപ്പെടുന്നത് നോ അതര്‍ ലാൻഡ് (no other land) കാണുമ്പോഴാണ്. ഫ്രം ഗ്രൗണ്ട് സീറോ ( from ground zero), ഓറഞ്ച് ഫ്രം ജാഫ (orange from jaffa) തുടങ്ങി ഫലസ്തീൻ പോരാട്ടത്തിന്റെ യാഥാർത്ഥ്യങ്ങളെ തുറന്ന് കാണിക്കുന്ന പല ദൃശ്യാവിഷ്കാരങ്ങളും 2024ൽ പുറത്തുവന്നിട്ടുണ്ട്. ഇതിനകം തന്നെ നിരവധി അവാർഡുകളും കഴിഞ്ഞദിവസം മികച്ച ഡോക്കുമെൻററി ഫീച്ചറിനുള്ള ഓസ്കാർ അവാർഡും നേടിയതോടുകൂടി നോ അതർ ലാൻഡ്  ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഇതോടെ ലോകത്ത് ഫലസ്തീൻ വിഷയത്തെ പ്രതിപാദിക്കുന്ന ഡോക്യുമെൻററിയുടെ വിവിധ തലങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടാനും തുടങ്ങിയിട്ടുണ്ട്. 

വെസ്റ്റ് ബാങ്കിലെ മുസാഫർ യാത്ത എന്ന നഗരത്തെ ആസ്പദമാക്കിയാണ് ഡോക്യുമെൻ്ററി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. വർഷങ്ങളായി ഈ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ ക്രൂരകൃത്യങ്ങളെ കൃത്യമായ രീതിയിൽ  ചിത്രീകരിച്ചിരിക്കുന്നു. ഫലസ്തീൻ ഇസ്രായേൽ ആക്ടിവിസ്റ്റുകളായ ബാസൽ അദ്ര, യുവൽ എബ്രഹാം എന്നിവരാണ് ഡോക്യുമെൻററിയിലെ പ്രധാന കഥാപാത്രങ്ങള്‍. ഫലസ്തീൻ പൗരനായ ബാസൽ അദ്ര, പിതാവിനെ പോലെ തന്നെ ചെറുപ്രായത്തിൽ ഇസ്രായേലിന്റെ പല അക്രമണങ്ങൾക്കും ഇരയും സാക്ഷിയുമായിട്ടുണ്ട്. തുടർന്ന് മുസാഫർ യാത്തയെ ആക്രമിക്കുന്ന സൈന്യത്തിനെതിരെ ക്യാമറ ആയുധമാക്കി പോരാടാനും, അവരുടെ തീരാത്ത നഷ്ടങ്ങളെ ചിത്രീകരിക്കാനും ബാസൽ അദ്ര തീരുമാനിക്കുന്നു.  പല രീതികളിൽ പീഢനങ്ങൾ അനുഭവിച്ച തൻറെ കുടുംബത്തിൽ നിന്നായിരുന്നു  ബാസൽ അദ്രയുടെ എല്ലാ പ്രചോദനവും. ഡോക്യുമെൻററിയുടെ തുടക്കത്തിൽ അദ്ദേഹം ഇങ്ങൻെ പറയുന്നുണ്ട്, "ഞങ്ങളെ ഇല്ലാതാക്കാൻ തുടങ്ങിയ നിമിഷം മുതലാണ് ഞാൻ എല്ലാം ചിത്രീകരിച്ചു തുടങ്ങിയത്". 

Israeli-Palestinian film No Other Land wins Oscar for best documentary

സൈനിക കേന്ദ്രം സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെയാണ് മുസാഫർ യാത്തയെ ഇസ്രായേല്‍ നശിപ്പിക്കുന്നത്.  പലയാവർത്തി കടന്നുവരുന്ന ബുൾഡോസറുകളുടെയും മറ്റു ആയുധങ്ങളുടെയും കരുത്തില്‍ പട്ടണത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളും കുടിലുകളും ശിഥിലമാക്കപ്പെടുന്നു. കുട്ടികളെല്ലാം ജീവിതത്തിൻറെ  ആദ്യക്ഷരങ്ങൾ പഠിക്കുന്ന കലാലയങ്ങൾ പോലും പകൽവെളിച്ചത്തിൽ   തകർന്നുവീഴുന്നു. തുടർന്ന് ജനങ്ങളുടെ പ്രക്ഷോഭങ്ങളും സേവ് മുസാഫർ യാത്ത എന്ന പ്ലക്കാർഡ് ഉയർത്തി പോരാടുന്ന ഫലസ്തീനികളെയും കാണാം. നിരായുധരായ നിവാസികൾക്കെതിരെ നിറയൊഴിക്കുന്ന ഇസ്രായേൽ സൈന്യത്തിന്റെ പൈശാചികമായ പ്രവർത്തനങ്ങളെയും ചിത്രം കൃത്യമായി വരച്ചിടുന്നു. 

ഇരുവർക്കും പുറമെ, ഫലസ്തീനിയായ ഹംദാൻ ബല്ലാലും  ഇസ്രയേലിയായ റേച്ചൽ സോറും ചേർന്നാണ് നോ അദർ ലാൻഡ് സംവിധാനം ചെയ്തിരിക്കുന്നത്. ഓസ്കാർ വേദിയിൽ ബാസൽ അദ്ര പറഞ്ഞത് ഇങ്ങനെയാണ്, "ഞങ്ങൾ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത് ഫലസ്തീൻ ജനതക്കെതിരെയുള്ള ഈ വംശീയ ഉന്മൂലനം അവസാനിപ്പിക്കണം, അനീതിയെ ഇല്ലാതാക്കാൻ കാതലായ നടപടികൾ സ്വീകരിക്കണം എന്ന് മാത്രമാണ്". എല്ലാ അർത്ഥത്തിലും ആക്രമണത്തിന്റെയും അനീതിയുടെയും നേർചിത്രങ്ങളാണ് നോ  അതർ ലാൻഡ് എന്നു പറയാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter