ഫലസ്തീന്‍: ജൂതര്‍ ഏറ്റവും സ്വസ്ഥമായി കഴിഞ്ഞത് മുസ്‍ലിം ഭരണ കാലങ്ങളിലായിരുന്നു...

ഇന്ന് ജൂതഅധിനിവേശ സൈന്യം, തദ്ദേശീയര്‍ക്കെതിരെ നടത്തുന്ന നരനായാട്ടിലൂടെയാണ് ഫലസ്തീന്റെ ദിനരാത്രങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്ത് വില കൊടുത്തും മുസ്‍ലിംകളെന്ന വംശത്തെ തന്നെ അവിടെനിന്ന് തുടച്ച് നീക്കാനുള്ള ശ്രമത്തിലാണ് ഇസ്റാഈല്‍ എന്ന് തോന്നിപ്പോവുകയാണ്. ഈ വേളയില്‍, ഫലസ്തീന്റെ ചരിത്രത്തിലെ ഇന്നലെകളിലൂടെ കണ്ണോടിക്കുമ്പോള്‍, ആര്‍ക്കും വ്യക്തമാവുന്ന വലിയൊരു സത്യമുണ്ട്, വിവിധ മതസ്ഥര്‍ അവിടെ മാറി മാറി ഭരണം നടത്തിയിട്ടുണ്ടെങ്കിലും, അവയിലെല്ലാം, ജൂതര്‍ ഏറ്റവും സ്വസ്ഥമായും സമാധാനത്തോടെയും ഫലസ്തീനില്‍ കഴിഞ്ഞ് കൂടിയത് മുസ്‍ലിം ഭരണാധികാരികളുടെ കാലത്തായിരുന്നു എന്നതാണ് അത്. ചരിത്രത്തിലെ ആ ഏടുകള്‍ പരിശോധിക്കാം.
ക്രിസ്തുവിന് അഞ്ച് നൂറ്റാണ്ട് മുമ്പ്, ബാബിലോണിയന്‍ രാജാവായിരുന്ന നെബൂകഡ് നാസറായിരുന്നു ആദ്യമായി ഫലസ്തീനെതിരെ അക്രമണം നടത്തി നഗരത്തെ തന്റെ വരുതിയിലാക്കിയത്. അന്ന് അദ്ദേഹം ചെയ്തത്, അവിടെയുണ്ടായിരുന്ന ജൂതരെയെല്ലാം ബന്ദികളാക്കി ബാബിലോണിയയിലേക്ക് കൊണ്ട് പോവുകയായിരുന്നു. ശേഷം വന്ന രാജാവിന്റെ കാലത്താണ് ജൂതര്‍ വീണ്ടും ഫലസ്തീനിലേക്ക് തിരിച്ചുപോവുന്നത്. ശേഷം വന്ന പേര്‍ഷ്യന്‍ രാജാക്കന്മാരുടെയും സലൂഖി, ഹശ്മൂനാഈ ഭരണകാലങ്ങളിലും അവര്‍ക്ക് കാര്യമായ അവകാശങ്ങളൊന്നുമുണ്ടായിരുന്നില്ല. ക്രിസ്തുവിന് ഒരു നൂറ്റാണ്ട് മുമ്പ് അവിടെ ഭരണം നടത്തിയിരുന്നത് റോമന്‍ രാജാക്കന്മാരായിരുന്നു. ഭരണത്തിനെതിരെ ഇടക്കിടെ വിപ്ലവം നടത്തിയിരുന്നതിനാല്‍, ഒരു വേലെ മുഴുവന്‍ ജൂതരെയും അവിടെ നിന്ന് പുറത്താക്കുക പോലും ചെയ്തത് ചരിത്രത്തില്‍ കാണാം. ഏഴാം നൂറ്റാണ്ടില്‍ ഖലീഫാ ഉമര്‍(റ)ന്റെ കാലത്ത് ഇസ്‍ലാമിക ഭരണത്തിന് കീഴിലാവുന്നത് വരെ ഭരണം നടത്തിയ റോമന്‍ ബൈസന്റൈന്‍ രാജാക്കന്മാര്‍ ജൂതരെ അകറ്റി നിര്‍ത്താന്‍ പരമാവധി ശ്രമിച്ചിരുന്നു.

ഇസ്‍ലാമിക ഭരണത്തിന് കീഴിലായതിനെ തുടര്‍ന്ന്, നഗരത്തിന്റെ അധികാരം ഏറ്റെടുക്കാന്‍ ഖുദ്സിലെത്തിയ ഖലീഫാ ഉമര്‍(റ), അവിടെയുള്ള ഇതര മതസ്ഥരായ ക്രിസ്ത്യാനികള്‍ക്കും ജൂതര്‍ക്കും എല്ലാ അവകാശങ്ങളും വക വെച്ചുകൊടുത്തുകൊണ്ട് ഒപ്പ് വെച്ച ഉമരീ കരാറും ശേഷം അദ്ദേഹം നടത്തിയ പ്രസംഗവും ഇന്നും ചരിത്രത്തിന്റെ ഭാഗമാണ്. മുസ്‍ലിം പൗരന് ഈ നാട്ടില്‍ എന്തെല്ലാം അവകാശങ്ങളും സ്വാതന്ത്ര്യവുമുണ്ടോ അതെല്ലാം നിങ്ങള്‍ക്കും നല്കുമെന്ന് അദ്ദേഹം അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം അവരോട് പ്രഖ്യാപിക്കുകയും ശേഷം അത് അക്ഷരം പ്രതി നടപ്പിലാക്കുകയും ചെയ്തു.

നാല് നൂറ്റാണ്ടിലേറെ കാലം മുസ്‍ലിംകളുടെ അധികാരത്തിന് കീഴിലായിരുന്നപ്പോഴെല്ലാം ഫലസ്തീന്‍ ഏറെ സമാധാനപൂര്‍ണ്ണമായാണ് കഴിഞ്ഞത്. മുസ്‍ലിംകളും ക്രിസ്ത്യാനികളും ജൂതരുമായ ഫലസ്തീൻ ജനത ഒന്നിച്ച് സന്തോഷിക്കുകയും കളിച്ച് ചിരിക്കുകയും ചെയ്ത കാലമായിരുന്നു അത്. സമാധാനത്തോടെ അവർ അന്തിയുറങ്ങിയിരുന്ന നാളുകൾ. അവരെ അതിരാവിലെ വിളിച്ചുണർത്തിയത് പള്ളിമിനാരങ്ങളിൽ നിന്ന് മനോഹരമായി ഉയർന്നിരുന്ന ബാങ്കൊലികളായിരുന്നു. ആ സുന്ദര ഭരണത്തിന് കീഴില്‍ എല്ലാവരും ഒരു പോലെ അവകാശങ്ങളും ബാധ്യതകളുമുള്ളവരായിരുന്നു. 
 
1099ല്‍ കുരിശുയുദ്ദത്തെ തുടര്‍ന്ന് ഫലസ്തീന്‍ ക്രിസ്ത്യാനികളുടെ കൈകളിലെത്തി. കീഴടങ്ങുന്നതിന്റെ ഭാഗമായുണ്ടാക്കിയ കരാര്‍ പോലും കാറ്റില്‍ പറത്തി, തദ്ദേശീയരായ മുസ്‍ലിംകളെയും ജൂതരെയും കശാപ്പ് ചെയ്യുന്ന ദിനങ്ങള്‍ക്കായിരുന്നു പിന്നീട് ഫലസ്തീന്‍ സാക്ഷിയായത്. ക്രിസ്ത്യന്‍ ചരിത്രകാരന്മാര്‍ തന്നെ ഇത് കുറിച്ച് വെക്കുന്നുണ്ട്. എന്നാല്‍ അവിടുന്ന്, ഒരു നൂറ്റാണ്ട് തികയും മുമ്പെ, ഖുദ്സ് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൈകളിലെത്തി. പഴയതെല്ലാം മറന്ന്, കീഴടങ്ങിയ ക്രിസ്ത്യന്‍ സൈന്യവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം തന്നെ, എല്ലാവര്‍ക്കും അവരുടെ സ്വകാര്യ സ്വത്തുക്കളെല്ലാം എടുത്ത് സുരക്ഷിതമായി പുറത്ത് പോവാന്‍ അദ്ദേഹം അനുവാദം നല്കുക മാത്രമല്ല, അവര്‍ക്ക് ആവശ്യമായ സുരക്ഷയും അദ്ദേഹം സംവിധാനിച്ചു. ശേഷം, പുറത്തുള്ള ജൂതരില്‍ താല്‍പര്യമുള്ളവര്‍ക്കെല്ലാം ഖുദ്സിന്റെ പരിസരത്തേക്ക് തിരിച്ച് വരാനുള്ള അനുവാദവും അയ്യൂബി നല്കി. അസ്ഖലാന്‍ പ്രദേശത്ത് താമസിച്ചിരുന്ന പല ജൂത കുടുംബങ്ങളും ഖുദ്സിലെത്തിയത് അക്കാലത്തായിരുന്നു.
ശേഷം 1235 ഖുദ്സ് വീണ്ടും കുരിശ് സൈന്യത്തിന്റെ കൈകളിലെത്തിയപ്പോഴും പഴയ ക്രൂരതകളെല്ലാം അവര്‍ തുടര്‍ന്നു. അത് മുസ്‍ലിംകളോട് മാത്രമല്ല, ജൂതരോടും അവര്‍ അതേ രീതിയില്‍ തന്നെയാണ് പെരുമാറിയത്. പിന്നീട് വന്ന താര്‍താരികള്‍ക്ക് ശേഷം രണ്ടര നൂറ്റാണ്ടോളം ഫലസ്തീന്‍ അധികാരം കൈയ്യാളിയത് മംലൂകികളായിരുന്നു. അന്നും എല്ലാ മതസ്ഥര്‍ക്കും ഫലസ്തീനില്‍ സുന്ദര ദിവസങ്ങളായിരുന്നു.  

1517ല്‍, മർജ് ദാബിഖ് യുദ്ധത്തില്‍ മംലൂകികളെ പരാജയപ്പെടുത്തിയതോടെ, ഫലസ്തീനും ഖുദ്സും ഉസ്മാനികളുടെ കൈകളിലെത്തി. പിന്നീടങ്ങോട്ടുള്ള നീണ്ട 401 വർഷങ്ങൾ മത സൗഹാർദത്തിന്റെ സുമോഹന ദിനങ്ങളായിരുന്നു. സുല്‍താന്‍ സലീം ഒന്നാമനും ശേഷം വന്ന സുൽത്താൻ സുലൈമാൻ ഖാനൂനിയും ഖുദ്സിന്റെ കാര്യത്തിൽ ബദ്ധശ്രദ്ധാലുക്കളായിരുന്നു. തദ്ദേശീയര്‍ക്ക് പ്രയാസമാവരുതെന്ന് കരുതി, ഖുദ്‌സിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് സൈന്യത്തെ തടഞ്ഞുകൊണ്ടുള്ള ഒരു ഫർമാൻ തന്നെ സുൽത്താൻ പുറപ്പെടുവിച്ചിരുന്നു. 

എല്ലാ മതവിഭാഗങ്ങളിലും പെട്ട പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്കാനായി, സുലൈമാൻ ഖാനൂനിയുടെ ഭാര്യയായ ഹുർറം സുൽത്താന സ്ഥാപിച്ച 'ഖാസെകി സുൽത്താൻ ഇമാറത്' ഇന്നും ഫലസ്തീനികൾക്ക് അഭയ കേന്ദ്രമാണ്. റമദാനിലും അല്ലാത്ത സമയങ്ങളിലും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നതിലൂടെയും സഹായിക്കുന്നതിലൂടെയും ഈ നിർമിതി ഖുദ്‌സുകാർക്ക് ഒരു അത്താണിയായി. 1551 ൽ ഹുർറം സുൽത്താന ഇത് പണി കഴിപ്പിക്കുമ്പോൾ മസ്ജിദും പഠനകേന്ദ്രങ്ങളുമെല്ലാം അടങ്ങിയ ഒരു കോമ്പൌണ്ട് ആയിരുന്നു ഇത്. ഉസ്മാനി സുൽത്താന്മാരുടെ പത്നിമാരിലധിക പേരും ജീവകാരുണ്യപ്രവർത്തനങ്ങളിൽ പരസ്പരം മത്സരിക്കുന്നവരായിരുന്നു.

മത സൗഹാർദത്തിന്റെ വാഹകരായിരുന്നു ഉസ്മാനി സുൽത്താന്മാരും അനുയായികളും. വ്യത്യസ്ത മതങ്ങളുടെ പുണ്യദേശമായ ഫലസ്തീനിൽ പരസ്പരം ഭിന്നതകൾക്ക് ഇട നൽകാതെ സ്നേഹത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ അവര്‍ വിജയിച്ചു. 1535ൽ ഫലസ്തീൻ സന്ദർശിച്ച ജൂതനും ഇറ്റാലിയൻ സഞ്ചാരിയുമായ ഡേവിഡ് ഡേ ഡോസ്സി കുറിച്ചു വെച്ചത് ഇങ്ങനെയാണ്: "ഇറ്റലിയിലേത് പോലെ ഇവിടെ നമ്മൾ അരികുവത്കരിക്കപ്പെടുന്നില്ല. നമ്മുടെ നികുതി ശേഖരിക്കുന്നത് യഹൂദരായ ഉദ്യോഗസ്ഥര്‍ തന്നെയാണ്. ജൂതന്മാർക്കായി പ്രത്യേക നികുതിയൊന്നും ഇവിടെ എനിക്ക് കാണാനായില്ല." ലോകത്തിന്റെ പല ഭാഗത്തുനിന്നും ജൂതന്മാരെ രണ്ടാംകിട പൗരന്മാരായി മാറ്റിനിർത്തുകയും ആട്ടിയോടിക്കുകയും ചെയ്തപ്പോൾ അവരെ ഇരു കയ്യും നീട്ടി സ്വീകരിച്ചതും ഉസ്മാനികളായിരുന്നു. മുസ്‌ലിം സ്പെയിനിന്റെ തകർച്ചക്ക് ശേഷം സ്പെയിനിൽ നിന്നും അഭയം തേടി പുറപ്പെട്ട മുസ്‍ലിംകളോടൊപ്പം തന്നെ, അവിടത്തെ പീഢനമനുഭവിക്കുന്ന ജൂതൻമാരെയും കപ്പലുകളയച്ച് ഇസ്താൻബൂളിലേക്കും മറ്റു ഓട്ടോമൻ അധീന പ്രദേശങ്ങളിലേക്കും കൊണ്ട് വന്നതും ഉസ്മാനി ഖലീഫമാരായിരുന്നു.

വ്യത്യസ്ത മത വിഭാഗങ്ങൾ തിങ്ങിപ്പാർത്തിരുന്ന ഓട്ടോമൻ ഫലസ്തീനിലെ സമാധാന അന്തരീക്ഷത്തിന് കാരണം ഉസ്‌മാനികൾ നടപ്പിലാക്കിയിരുന്ന 'മില്ലത്ത് സിസ്റ്റ'മായിരുന്നു. ഈ പദ്ധതി വഴി എല്ലാ മതവിഭാഗങ്ങൾക്കും പ്രത്യേക കോടതികളും നിയമങ്ങളും നടപ്പിലാക്കാനുള്ള സ്വാതന്ത്ര്യം അവർ നൽകി. ഏറ്റവും സ്വസ്ഥമായ നാളുകളായിരുന്നു അവരുടേത് എന്നത് കൊണ്ട് തന്നെയാണ്, അക്കാലത്ത് ഫലസ്തീനിലെ ജൂത ജനസംഖ്യ ഏറെ വര്‍ദ്ധിച്ചതും.

പ്രശ്നപരിഹാര മാതൃകകൾ:

മതവിഭാഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കാതിരിക്കാൻ ഉസ്മാനി സുൽത്താന്മാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജറുസലേമിലെ തിരുകല്ലറ ദേവാലയ (church of the Holy Sepulchre)ത്തിന്റേതടക്കം പല പുണ്യസ്ഥലങ്ങളുടെയും അവകാശവാദം എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ഉന്നയിച്ചിരുന്നു. കാത്തോലിക്, ഓർത്തഡോക്സ്‌, അർമേനിയൻ, സിറിയൻ തുടങ്ങി ആറോളം വിഭാഗങ്ങൾ ഈ ദേവാലയത്തിന്റെ അവകാശികളാണ്. അവിടെ എന്ത് പുനരുദ്ധാരണ പ്രവർത്തനം നടന്നാലും അവർ തമ്മിൽ വഴക്കാവും. അത് തങ്ങളാണ് ചെയ്യേണ്ടത് എന്ന് ഓരോരുത്തരും അവകാശപ്പെടും. ഈ ഭിന്നിപ്പ് അതിദാരുണമായ കലാപങ്ങൾക്ക് വഴി വെച്ചപ്പോൾ ഉസ്മാനി സുൽത്താന്മാർ ഇടപെട്ടിരുന്നു. ഈ ദേവാലയത്തിന്റെ അവകാശങ്ങളെക്കുറിച്ച് സുൽത്താന്മാർ പല കാലങ്ങളിലും വിജ്ഞാപനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 1757 ൽ സുൽത്താൻ ഉസ്മാൻ മൂന്നാമൻ പുറപ്പെടുവിച്ച വിജ്ഞാപനമാണ് ഇന്നും അവിടെ തുടർന്ന് കൊണ്ടിരിക്കുന്ന 'സ്റ്റാറ്റസ് ക്വോ'യുടെ അടിസ്ഥാനം. ആ തർക്ക ഗേഹങ്ങളിൽ എന്ത് മാറ്റങ്ങൾ വരുത്താനാണെങ്കിലും എല്ലാവരും ഒന്നിച്ച് അഭിപ്രായത്തിലെത്തണമെന്നായിരുന്നു തീരുമാനം.

1852ൽ കത്തോലിക്കരും ഓർത്തോഡക്‌സുകാരും തമ്മിൽ ഗുരുതരമായ തർക്കമുണ്ടായപ്പോൾ സുൽത്താൻ അബ്ദുൽ മജീദ് ഒന്നാമൻ 'സ്റ്റാറ്റസ് ക്വോ'ക്ക് ഊന്നൽ നൽകിക്കൊണ്ട് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ വിജ്ഞാപനം വായിച്ചുകേൾപ്പിക്കുന്നതിനിടയിൽ അവിടെ ജനവാതിൽ തുടക്കാൻ വേണ്ടി ഗോവണിയിൽ കയറി നിൽക്കുകയായിരുന്ന ഒരു വിഭാഗത്തിലെയാളെ അവർ പിടിച്ച് താഴെയിറക്കി. തന്റെ ഗോവണിയെടുക്കാൻ വേണ്ടി തുനിഞ്ഞ അദ്ദേഹത്തെ അവർ അതിന് സമ്മതിച്ചില്ല. ഇനി അത് തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെങ്കിൽ, സുല്‍താന്റെ വിജ്ഞാപനത്തിലുള്ളത് പ്രകാരം, എല്ലാവരും ഒന്നിച്ച് തീരുമാനിക്കണം എന്നായിരുന്നു കാരണം പറഞ്ഞത്. ഉസ്മാനികളുടെ സമാധാന യുഗങ്ങളുടെ സ്മരണയെന്നോണം, തിരുകല്ലറ ദേവാലയത്തിൽ ഇന്നും  ആ ഗോവണി അതേ പടി ഇരിക്കുന്നുണ്ട്.

ക്രിസ്ത്യൻ ആരാധനാലയങ്ങളുടെ താക്കോൽ മുസ്‌ലിം കുടുംബങ്ങളെ ഏല്പിക്കുന്ന പതിവും അന്ന് നിലനിന്നിരുന്നു. പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും മധ്യസ്ഥത വഹിക്കാനും അവർ മുസ്‌ലിംകളെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. സമാധാനവും ശാന്തതയും നിലനിർത്തുന്നതിൽ, ഭരണാധിപരെ പോലെ തന്നെ അവിടത്തെ മുസ്‌ലിംകളും ശ്രദ്ധ പുലർത്തി.

ചെറുത്തുനിൽപുകൾ:

സുൽത്താൻ അബ്ദുൽഹമീദ് രണ്ടാമന്റെ കാലത്താണ് തിയഡോർ ഹെർസലിന്റെ നേതൃത്വത്തിൽ സിയോണിസ്റ്റുകൾ ജൂതരാഷ്ട്ര വാദവുമായി കടന്നുവരുന്നത്. ഉയർന്നു വരുന്ന പ്രശ്നങ്ങളുടെ ഗൗരവം മനസ്സിലാക്കിയ സുൽത്താൻ ഫലസ്തീനെ സംരക്ഷിക്കാനുള്ള ഉദ്യമങ്ങൾക്ക് വേഗം കൂട്ടി. ഒരു നിമിഷത്തെ അശ്രദ്ധ വരുത്തിവെച്ചേക്കാവുന്ന വിനകൾ അദ്ദേഹം തന്റെ രാഷ്ട്രീയ പാണ്ഡിത്യത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കിയിരുന്നു. 1883 ൽ സ്ഥാവരവസ്തുക്കൾ വിദേശികളായ ജൂതന്മാർക്ക് വിൽക്കരുത് എന്ന നിയമം അദ്ദേഹം നടപ്പിലാക്കിയത് ഈ കുതന്ത്രം തിരിച്ചറിഞ്ഞത് കൊണ്ടായിരുന്നു. 1884 ൽ ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം അദ്ദേഹം നിരോധിച്ചതും അതിന്റെ ഭാഗമായി തന്നെ. അപ്പോഴും, മൂന്ന് മാസത്തില്‍ കൂടുതല്‍ തങ്ങരുതെന്ന നിബന്ധനയോടെ വിദേശികളായ ജൂതന്മാർക്ക് സന്ദർശനങ്ങൾക്ക് അദ്ദേഹം അനുമതി നല്കി. 

ഹെർസലുമായുള്ള അദ്ദേഹത്തിൻറെ കൂടിക്കാഴ്ച പ്രസിദ്ധമാണ്. ഫലസ്തീനിൽ ജൂതന്മാരെ പ്രവേശിക്കാൻ അനുവദിക്കുകയും ഭരണാവകാശം ജൂതർക്ക് നൽകുകയും ചെയ്താൽ ഉസ്മാനികളുടെ ഭാരിച്ച വിദേശ കടങ്ങൾ മുഴുവൻ ഞങ്ങൾ വീട്ടിത്തരികയും യൂറോപ്യൻ രാജ്യങ്ങളിൽ സുൽത്താന് വേണ്ടി പ്രചാരണങ്ങൾ നടത്തുകയും ചെയ്യാമെന്നായിരുന്നു സിയോണിസ്റ്റുകളുടെ ഓഫർ. "എൻറെ രാജ്യത്തിൻറെ ഒരിഞ്ചു ഭൂമിപോലും ഞാൻ ആർക്കും വിൽക്കാൻ പോകുന്നില്ല" എന്ന ആക്രോശത്തോടെയുള്ള മറുപടിയായിരുന്നു സുൽത്താന്റെ പ്രതികരണം. ഖലീഫ ഉമറി(റ)ന്റെ കൈകളിലൂടെ മുസ്‌ലിംകൾ അധീനപ്പെടുത്തിയ ഫലസ്തീൻ സിയോണിസ്റ്റുകൾക്ക് വിട്ടുനൽകിയാൽ മുസ്‌ലിംകളോടുള്ള കടുത്ത വഞ്ചനയാകുമതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ ശക്തമായ നിലപാടിന്റെ പേരിൽ അദ്ദേഹത്തിന് സ്വന്തം അധികാരവും അവസാനം തന്റെ ജീവന്‍ വരെയും അദ്ദേഹത്തിന് നഷ്ടപ്പെടുത്തേണ്ടി വന്നു.

സുൽത്താൻ അബ്ദുൽഹമീദ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കിയതോടെ സിയോണിസ്റ്റുകൾ തങ്ങളുടെ ലക്ഷ്യത്തിന്റെ പാതി ദൂരം പിന്നിട്ടു. അബ്ദുൽഹമീദ് അധികാരത്തിലിരുന്നാൽ തങ്ങളുടെ സ്വപ്‌നം ഒരിക്കലും സാക്ഷാത്കൃതമാവുകയില്ല എന്ന് അവർക്കുറപ്പായിരുന്നു. അബ്ദുൽഹമീദിനെ പുറത്താക്കി അധികാരത്തിലേറിയ യുവതുർക്കികൾക്ക് സിയോണിസ്റ്റുകളുടെ പല തന്ത്രങ്ങളുടെയും ഇരയാവേണ്ടി വന്നു. ശേഷം വന്ന സുൽത്താന്മാർക്ക് അബ്ദുൽഹമീദിന്റെ 'രാഷ്ട്രീയ പാണ്ഡിത്യം' ഇല്ലാതെ പോയതും കാര്യങ്ങൾ കുഴപ്പത്തിലാക്കി.

ഒന്നാം ലോകമഹായുദ്ധ കാലത്ത് തങ്ങളാലാവും വിധം ഉസ്മാനി സൈനികർ ഫലസ്തീൻ സംരക്ഷിച്ചെങ്കിലും ഒടുവിൽ ബ്രിട്ടന് മുന്നിൽ അവർക്ക് കീഴടങ്ങേണ്ടി വന്നു. ഫലസ്തീന്റെ മണ്ണിൽ ബ്രിട്ടൻ ആധിപത്യം ചെലുത്തിയത് ഒരു 'കുരിശുയുദ്ധ വിജയ'മായി യൂറോപ്യൻ മാധ്യമങ്ങൾ ആഘോഷിച്ചു. അതോടെ നാലു നൂറ്റാണ്ട് കാലം ആ മണ്ണിൽ നിലനിന്നിരുന്ന സമാധാനാന്തരീക്ഷത്തിന് ചരമഗീതവും രചിക്കപ്പെട്ടു. പിന്നീടങ്ങോട്ട്, സമാധാനം കളിയാടിയ ഒരു വര്‍ഷം പോലും ഫലസ്തീനില്‍ ഉണ്ടായിട്ടില്ലെന്ന് പറയാം. സുന്ദരമായ ആ പഴയ നാളുകള്‍ എത്രയും വേഗം തിരിച്ചുവരട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter