ഭോപാല്‍ 'ഏറ്റുമുട്ടല്‍' സ്റ്റേറ്റ് ഭീകരതയുടെ മറ്റൊരു സൃഷ്ടി
വിചാരണയിലായിരുന്ന 8 'സിമി പ്രവര്‍ത്തകരെ' വ്യാജ ഏറ്റുമുട്ടല്‍ വഴി പോലീസ് കൊലപ്പെടുത്തിയത് സ്റ്റേറ്റ് ഭീകരതയുടെ മറ്റൊരു മുഖമാണ് തുറന്നു കാട്ടുന്നത്. ശത്രുക്കളെയും എതിരാളികളെയും വകവരുത്താന്‍ ലാറ്റിനമേരിക്കയിലും മറ്റും ഉപയോഗിച്ചുവരുന്ന ഡത് സ്‌ക്വോഡിനെ ഇവിടെയും ഉപയോഗിക്കപ്പെട്ടിരിക്കുന്നു. പോലീസ് തന്നെ ആ 'കൃത്യം' മനോഹരമായി നിര്‍വഹിക്കുന്നതിനാല്‍ നമ്മുടെ ജനാധിപത്യ രാജ്യത്ത് അത്തരം ഡത് സ്‌ക്വോഡുകള്‍ ആവശ്യമാകുന്നുമില്ല.
പല മാധ്യമങ്ങളും ഈ 8 പേരെയും ഭീകരവാദികളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ പോലെയുള്ള പത്രങ്ങളും ഇതേ രീതിയില്‍ തന്നെ അക്ഷരം നിരത്തിയിരിക്കുന്നു. കേവലം ആരോപണമായതുകൊണ്ടുതന്നെ തെളിയിക്കപ്പെടേണ്ട കാര്യമാണിത്. മറ്റു ചില മാധ്യമങ്ങള്‍ 'സിമി പ്രവര്‍ത്തകര്‍' എന്നാണ് ഇവരെ വിളിച്ചിരിക്കുന്നത്. 2011 സെപ്തംബര്‍ മുതല്‍ നിഷ്‌ക്രിയമായ, നിരോധിക്കപ്പെട്ട ഒരു സംഘടനയിലേക്ക് എങ്ങനെയാണ് സ്റ്റേറ്റിന് ഇവരെ ചേര്‍ത്തിപ്പറയാന്‍ കഴിയുന്നത്? ഇവിടെ വളരെ പ്രസക്തമായൊരു ചോദ്യമാണിത്.
സത്യത്തില്‍, സിമി എന്നത് ഒരു നിഴല്‍ മാത്രമാണ്. ഇത്രമാത്രം ഉയര്‍ത്തിക്കാട്ടി ഭീതി സൃഷ്ടിക്കപ്പെടാന്‍ മാത്രമൊന്നും ആ മായാ സങ്കല്‍പം വളര്‍ന്നുവികസിച്ചിട്ടില്ല. സിമിയുടെ സാഹിത്യങ്ങളെ അടിസ്ഥാനമാക്കി ഞാന്‍ നടത്തിയ ഒരു റിസര്‍ച്ചിന്റെ അടിസ്ഥാനത്തില്‍ എനിക്ക് മനസ്സിലായിട്ടുള്ളത് 1996 കാലങ്ങളില്‍ ഇതിന് 413 കോര്‍ മെമ്പര്‍മാര്‍ മാത്രമേയുള്ളൂ എന്നാണ്. എന്നാല്‍, കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ സിമി പ്രവര്‍ത്തകന്‍ എന്ന ടാഗ് ചുമത്തി എത്രയെത്ര പേരാണ് വധിക്കപ്പെട്ടിട്ടുള്ളത്? അങ്ങനെയെങ്കില്‍, ഈയൊരു പ്രയോഗം ഇവിടത്തെ മീഡിയകളെയും പോലീസിനെയും അന്വേഷണ ഏജന്‍സികളെയും രാഷ്ട്രീയ മുന്നണികളെയുമെല്ലാം ഒരുപോലെ ഉള്‍കൊള്ളിക്കുന്നതല്ലേ? മീഡിയ രംഗത്ത് പ്രവീണ്‍ സ്വാമിയെപ്പോലെയുള്ളവരും ഈയൊരു ഗണത്തില്‍ എണ്ണപ്പെട്ടുകൂടേ?
എന്‍.ഐ.എ വിഷയം അന്വേഷിക്കുമെന്നാണ് നമുക്ക് ലഭിച്ചിരിക്കുന്ന മറുപടി. രാജ്യത്തെ തുടച്ച് വൃത്തിയാക്കി ശുദ്ധീകരിക്കുന്ന ഒരു ചൂലാണല്ലോ അത്!
ജീവിത കാലത്തു തന്നെ നീതി നിഷേധിക്കപ്പെട്ട ഈ 8 പേര്‍ക്ക് ഇനി മരണത്തിനു ശേഷമാണോ നീതി ലഭിക്കാന്‍ പോകുന്നത് എന്നതാണ് ഇവിടെ ഉയര്‍ന്നുവരുന്ന പ്രസക്തമായൊരു ചോദ്യം. മാധ്യമങ്ങളും പല രാഷ്ട്രീയ ശക്തികളും ഭീകരവാദികള്‍ എന്ന മുദ്ര അവരുടെ മുഖങ്ങളില്‍ ചാര്‍ത്തിക്കഴിഞ്ഞിരിക്കെ പിന്നെ എങ്ങനെ അവര്‍ക്ക് അതില്‍നിന്നുള്ള മോചനം ലഭിക്കും?
9/11 സംഭവത്തിനു ശേഷം മനുഷ്യരെ അവരായി അവതരിപ്പിക്കുന്നതിനു പകരം ഭീകരവാദികളും തീവ്രവാദികളുമാക്കി അവതരിപ്പിക്കുന്ന പ്രവണത വല്ലാതെ കൂടി വന്നിട്ടുണ്ട്. നീതി കൊതിക്കുന്ന പാവം ഇരകളാണ് ഇവരെല്ലാം. എന്നാല്‍, പോട്ട, യു.എ.പി.എ പോലുള്ള കാടന്‍ നിയമങ്ങളാണ് ഇവരെയെല്ലാം കാത്തിരിക്കുന്നത്. ഈയൊരു ഭീകരാന്തരീക്ഷം എന്നും ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തെ ഭീതിയുടെ നിഴലിലാക്കുമെന്നത് തീര്‍ച്ചയാണ്.
വിവ. ഇര്‍ശാന അയ്യനാരി



Leave A Comment