കലാപ ഭീതിയിൽ മണിപ്പൂരിലെ പാംഗൽ മുസ്‍ലിംകള്‍
ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന രാജ്യത്തിന്റെ വടക്ക് - കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട കലാപം 3 മാസത്തോളമായി തുടരുകയാണ് . ഇതിനകം150-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും പതിനായിരക്കണക്കിന് ആളുകൾ ആഭ്യന്തരമായി പലായനം ചെയ്യുകയും ചെയ്തു. കലാപം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള സമാധാന ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഒരോ ദിവസവും അക്രമങ്ങളുടെയും പീഢനങ്ങളുടെയും വാർത്തകളാണ് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നത് .
പ്രധാനമായും, മണിപ്പൂരിലെ കലാപം ഭൂരിപക്ഷ വിഭാഗമായ മെയ്തികളും ഗോത്ര വിഭാഗമായ കുക്കികളും തമ്മിലാണ് നടക്കുന്നത് എങ്കിലും, മെയ്തികളിൽ പെട്ട പാംഗൽ മുസ്‍ലിംകൾ ഇതിലൊന്നും പങ്ക് ചേരാതെ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനുള ശ്രമങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു. പക്ഷെ, രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ വെച്ച് മെയ്തി പാംഗലുകളുടെ സംഘടനയായ UMPC (ജില്ലാ പരിഷത്ത് നേതാക്കളെപ്പോലുള്ള ചില തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മണിപ്പൂരിലെ മെയ്തി-പംഗൽ സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുടെയും നേതാക്കളുടെയും ഒരു കൂട്ടായ്മയായാണ് യുഎംപിസി, ജൂലായ് 8 നാണ് ഇത് രൂപീകരിച്ചത്)വാർത്താ സമ്മേളനം നടത്തുകയും ഞങ്ങൾ സംഘർഷത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് ഭയപ്പെടുന്നു എന്ന് തുറന്നു പറയുകയും ചെയ്തു . അതോടെ പാംഗൽ മുസ്‍ലിംകളെ കുറിച്ചുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ ചെറിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുന്നു.
ആരാണ് മെയ്തി പാംഗൽ മുസ്‍ലിംകൾ?
2011 ലെ സെൻസസ് പ്രകാരം മണിപ്പൂരിലെ ജനസംഖ്യയുടെ 53% ശതമാനവും മെയ്തി വിഭാഗക്കാരാണ്. മെയ്തികളിൽ 80% ശതമാനത്തിലധികവും ഹിന്ദുക്കളും 10% താഴെ മുസ്‍ലിംകളുമാണുള്ളത്. ആദ്യമായി മുസ്‍ലിംകൾ മണിപ്പൂരിൽ എത്തുന്നത് പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മണിപ്പൂരി ഭരണകൂടത്തിന്റെ രാജാവായിരുന്ന ഖഗെംബ (khagemba ) യുടെ കാലത്താണ്. പതിനാറാം നൂറ്റാണ്ടിൽ തന്നെ മണിപ്പൂരിൽ മുസ്‍ലിംകളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെടുന്നു എങ്കിലും വലിയ രീതിയില്‍ മുസ്‍ലിംകൾ മണിപ്പൂരിലെത്തുന്നത് പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെയാണ്. രാജാവായ ഖഗെംബ ( 1597-1652) യുടെ കാലത്ത് സയൽഹെത് (ഇന്നത്തെ ബംഗ്ലാദേശിൽ സ്ഥിതി ചെയ്യുന്നു) മുസ്‍ലിം സൈനിക സംഘത്തെ പരാജയപ്പെടുത്തുകയും പിടികൂടുകയും ചെയ്തു. ഖഗെംബ ആ ഭടന്മാർക്ക് മണിപ്പൂരിൽ താമസിക്കാൻ അനുമതി നൽകുകയും അവർ മണിപ്പൂർ ജനതയുമായും അവിടുത്തെ സാഹചര്യങ്ങളുമായും ഇടകലരുകയും മെയ്തി കുടുംബത്തിലെ ആളുകളെ വിവാഹം കഴിക്കുകയും മെയ്തി ഭാഷ അവരുടെ മാതൃഭാഷയായി സ്വീകരിക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ ബംഗ്ലാദേശിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നുമുള്ള മുസ്‍ലിംകളുടെ കുടിയേറ്റങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. പിന്നീട്, മണിപ്പൂരി ഭരണകൂടം നിരവധി മുസ്‍ലിംകളെ അവരുടെ ഭരണത്തിലും സൈന്യത്തിലും നിയോഗിച്ചു. അവർ പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന ബർമ്മയിൽ നിന്നുണ്ടായ അധിനിവേശത്തെയും 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് അധിനിവേശത്തെയും ചെറുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചു. ഇവരുടെ പിൻഗാമികളാണ് മെയ്തി പാംഗൾ മുസ്‍ലിംകൾ .
പാംഗൾ എന്ന വാക്ക് മുഗൾ എന്ന വാക്കിന്റെ പ്രാദേശിക വ്യതിയാനമായ മംഗൾ എന്നതിൽ നിന്നാണെന്നും ബംഗാൾ എന്ന വാക്കിൽ നിന്നാണെന്നും അഭിപ്രായമുണ്ട്. മെയ്തി ഹിന്ദുക്കളും പാംഗൽ മുസ്‍ലിംകളും മെയ്തി വിഭാഗത്തിൽ പെട്ടവരാണെങ്കിലും ഇരുഭാഗത്തിനിടയിലും പലപ്പോഴും പലതരത്തിലുമുള്ള സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് 1993 ൽ നടന്ന കലാപം. അക്രമണത്തിന് ആരാണ് തുടക്കമിട്ടത് എന്നതിന് പരസ്പരവിരുദ്ധമായ പല റിപ്പോർട്ടുകൾ ഉണ്ടെങ്കിലും കൂടുതൽ റിപ്പോർട്ടുകളും മെയ്തി വിമതരുടെ പ്രവർത്തനങ്ങളാണ് ആക്രമണങ്ങൾക്ക് തുടക്കമിട്ടത് എന്ന് സാക്ഷ്യപ്പെടുത്തുന്നു. 1993 മെയ് മൂന്നിന് തൗബൽ ജില്ലയിൽ മെയ്തി വിഭാഗത്തിലെ ആൾക്കൂട്ടം മുസ്‍ലിംകളുടെ വാണിജ്യ സ്ഥാപനങ്ങളും താമസസ്ഥലങ്ങളും തകർത്തു കളഞ്ഞു. ഔദ്യോഗിക കണക്ക് പ്രകാരം നൂറിലധികം ആളുകൾക്ക് അന്ന് ജീവൻ നഷ്ടമായി. കലാപത്തിനുശേഷം മണിപ്പൂർ സർക്കാർ പാംഗലുകൾക്ക് ഒബിസി പദവി നൽകുകയും ഗവൺമെൻറ് ഉദ്യോഗങ്ങളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും 4% സംവരണം ഏർപ്പെടുത്തുകയും ചെയ്തു.
1972 മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ചപ്പോൾ ആദ്യ മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തത് മുഹമ്മദ് അലിമുദ്ദീൻ എന്ന പാംഗൽ മുസ്‍ലിം ആയിരുന്നു എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ഇന്ന് മണിപ്പൂരിലെ ജനസംഖ്യയുടെ 8.40 ശതമാനവും പംഗലുകളാണ്. തൗബൽ, പടിഞ്ഞാറൻ ഇംഫാൽ, കിഴക്കൻ ഇംഫാൽ എന്നീ ജില്ലകളിലാണ് അവർ കൂടുതലായി താമസിക്കുന്നത്. മെയ്ത്തികളും കുക്കികളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന മണിപ്പൂർ കലാപത്തിൽ ഒരു വിഭാഗത്തിനൊപ്പവും നിൽക്കാതെ നിഷ്പക്ഷമായി നിന്നുകൊണ്ട് സമാധാനം പുനസ്ഥാപിക്കാനും സംസ്ഥാനത്തെ കലാപം ഇല്ലാതാക്കാനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമായി മുന്നിൽ നിൽക്കുകയായിരുന്നു ഇവര്‍. പക്ഷെ കലാപം തങ്ങളിലേക്ക് കൂടി വ്യാപിക്കുമോ എന്ന ആശങ്കയിലും ഭയത്തിലും ആണ് ഇപ്പൊൾ ഈ പാംഗൽ മുസ്‍ലിംകള്‍. ഡല്‍ഹിയില്‍ അവര്‍ നടത്തിയ പത്ര സമ്മേളനം അതാണ് വിളിച്ച് പറയുന്നത്. അത്തരം രീതിയിലേക്ക് കൂടി കലാപം വ്യാപിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
Leave A Comment