മആലിമുസ്സുന്നതിന്നബവിയ്യ : ഖത്മുസ്സുന്നയിലൂടെ ഒരു തീർത്ഥയാത്ര

ഹദീസ് ലോകത്തെ ഏറെ പ്രശംസനീയമായ സംഭാവനയാണ് മആലിമുസ്സുന്നതിന്നബവിയ്യ. ഇസ്‍ലാമിക പ്രമാണങ്ങളില്‍ വിശുദ്ദ ഖുര്‍ആന്‍ കഴിഞ്ഞാല്‍ സ്ഥാനമുള്ളത് പ്രവാചക ജീവിതം വരച്ച് കാണിക്കുന്ന ഹദീസുകള്‍ക്കാണ്. വിശുദ്ധ ഖുര്‍ആന്‍ ഒരു ഗ്രന്ഥമായി ക്രോഡീകൃതമായാണ് ഇന്ന് ലഭ്യമെങ്കില്‍, വിശുദ്ധ ഹദീസുകളില്‍ അവയുടെ പ്രാബല്യം, പ്രതിപാദ്യവിഷയം തുടങ്ങി വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഒട്ടേറെ ഗ്രന്ഥങ്ങളിലായി പരന്ന് കിടക്കുകയാണ്. പലതിലും പകുതിയോളം ആവര്‍ത്തനങ്ങളുമാണ്. എന്നാല്‍, ആവര്‍ത്തനങ്ങളെല്ലാം ഒഴിവാക്കി, ലഭ്യമായ ഹദീസുകളെല്ലാം ഒരു ഗ്രന്ഥത്തില്‍ സമാഹരിക്കാനായാല്‍ അത് വലിയൊരു കാര്യം തന്നെയാവുമെന്നതില്‍ സംശയമില്ല. അതാണ് മആലിമുസ്സുന്നതിന്നബവിയ്യയിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്.

സിറിയന്‍ പണ്ഡിതനായ ശൈഖ് സ്വാലിഹ് അശ്ശാമിയാണ് ഇതിന്റെ ക്രോഡീകരണം നടത്തിയിരിക്കുന്നത്. ഡമസ്കസിലെ ദൂമായിലാണ് ശൈഖ് സ്വാലിഹിന്റെ ജനനം. ദൂമായിലെ മുഫ്തിയായിരുന്ന സ്വന്തം പിതാവില്‍നിന്നായി പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ശേഷം ഡമസ്കസ് യൂണിവേഴ്സിറ്റിയിലെ ശരീഅ വിഭാഗത്തില്‍ ചേരുകയും പ്രമുഖരായ പല പണ്ഡിതരില്‍നിന്ന് വിദ്യ നേടുകയും ചെയ്തു. ഔദ്യോഗിക പഠനശേഷം, അധ്യാപന-പ്രബോധന-രചന മേഖലകളിലായിരുന്നു അദ്ദേഹം ചെലവഴിച്ചത്. ഏറെ ഉപകാരപ്രദമായ ഒട്ടേറെ രചനകള്‍ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ടതാണ് മആലിമുസ്സുന്നതിന്നബവിയ്യ.

ശൈഖ് സ്വാലിഹ് ശാമിയുടെ ഇരുപത് വര്‍ഷം നീണ്ട കഠിനാധ്വാനമാണ് ഈ ഗ്രന്ഥമെന്ന് പറയാം. പതിനാലു ഹദീസ് ഗ്രന്ഥങ്ങളിൽ നിന്ന്, ആവർത്തനങ്ങളെല്ലാം ഒഴിവാക്കിയാണ് അദ്ദേഹം ഇത് സാധിച്ചത്. ആവര്‍ത്തനങ്ങളെല്ലാം അടക്കം 1,14,194 ഹദീസുകളാണ് ഈ പതിനാല് കിതാബുകളിലായി ലഭ്യമായുള്ളത്. ഒരേ ഹദീസ് തന്നെ പല ഗ്രന്ഥങ്ങളിലും വരുന്നതിന് പുറമെ, ഒരേ ഗ്രന്ഥത്തില്‍ തന്നെ വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കുന്നിടത്തും വിവിധ നിവേദകരില്‍നിന്ന് ഉദ്ധരിച്ചുമെല്ലാമാണ് ആവര്‍ത്തനം വരുന്നത്. 

അത്തരത്തിലുള്ള ആവര്‍ത്തനങ്ങളെല്ലാം ഒഴിവാക്കിയതോടെ, 28,430 ഹദീസുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഒരേ ആശയം വിവിധ വാക്കുകളിലൂടെ വന്ന ആവര്‍ത്തനവും ഒഴിവാക്കിയതോടെ, ഹദീസുകളുടെ എണ്ണം 3,921 ആയി മാറി. അവയാണ് മആലിമുസ്സുന്നയില്‍, ശൈഖ് സ്വാലിഹ് ക്രോഡീകരിച്ചിരിക്കുന്നത്. അഥവാ, ഈ ഗ്രന്ഥത്തിലെ 3,921 ഹദീസുകള്‍ വായിക്കുന്നതോടെ, 14 ഗ്രന്ഥങ്ങളിലായി പരന്ന് കിടക്കുന്ന 1,14,194 ഹദീസുകൾ വായിച്ചു തീർക്കുന്ന പ്രതീതിയും അനുഭൂതിയുമാണ് കൈവരിക്കാനാവുന്നത് എന്നര്‍ത്ഥം. معالم السنة النبوية എന്നു പേരിട്ട ഈ ഗ്രന്ഥം, മൂന്നു വാല്യങ്ങളിലായി  നെറ്റിൽ, ഫ്രീ ഡൌണ്‍ലോഡിംഗ് സൌകര്യത്തോടെ ലഭ്യമാണ്. കൂടാതെ, ഗ്രന്ഥത്തിന്റെ ഓഡിയോ പതിപ്പും ഉണ്ട്.  

ഒഴിവ് സമയങ്ങളിൽ, അൽപാൽപമായി വായിച്ച് തീർത്താൽ തന്നെ (ഒരു ദിവസം മിനിമം പതിനൊന്ന് ഹദീസ് വെച്ച് വായിച്ചു തുടങ്ങുക)  ഒരു വര്‍ഷം കൊണ്ട് തിരു ഹദീസുകളിലൂടെ ഒരു തീർഥയാത്ര നടത്താൻ സാധിക്കാതെ വരില്ല.  നാഥൻ തുണക്കട്ടെ.

ശൈഖ് സ്വാലിഹ് അവലംബിച്ച പതിനാലു കിതാബുകൾ : 
موطأ، مسند أحمد، صحيح البخاري، صحيح مسلم، سنن أبي داود، جامع الترمذي، سنن النسائي، سنن ابن ماجه، سنن الدارمي، السنن الكبرى للبيهقي، صحيح ابن خزيمة، صحيح ابن حبان، مستدرك الحاكم، الأحاديث المختارة للمقدسي.

معالم السنة النبوية
- الجزء الاول :
‏https://d1.islamhouse.com/data/ar/ih_books/parts/ar_ma3lam_alsunnah_alnabawia/ar-01-ma3lam-alsunnah-alnabawia.pdf
- الجزء الثاني :
‏https://d1.islamhouse.com/data/ar/ih_books/parts/ar_ma3lam_alsunnah_alnabawia/ar-02-ma3lam-alsunnah-alnabawia.pdf
- الجزء الثالث :
‏https://d1.islamhouse.com/data/ar/ih_books/parts/ar_ma3lam_alsunnah_alnabawia/ar-03-ma3lam-alsunnah-alnabawia.pdf

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter