വൈക്കം മുഹമ്മദ് ബശീര്‍

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പില്‍ 1908-ല്‍ ജനനം. തലയോലപ്പറമ്പില്‍ നിന്നുതന്നെയായിരുന്നു  പ്രാഥമിക വിദ്യാഭ്യാസം നേടിയത്. സ്കൂള്‍ പഠനകാലത്ത്, കോഴിക്കോട്ടെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍  നിന്ന് ഒളിച്ചോടുകയും സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ഗാന്ധിജിയെ തോട്ടുവെന്നു പില്‍ക്കാലത്ത് ബഷീര്‍ അഭിമാനം കൊണ്ടിരുന്നു. 1930-ല്‍ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുക കൂടി ചെയ്തതോടെയാണ് ജീവിതത്തിന്റെ ഗതി മാറണമെന്ന അന്തിമ കാഹളം ബഷീറില്‍ മുഴങ്ങിയത്. പിന്നെയുള്ള ജീവിതം സഞ്ചാരങ്ങളുടെയം സാഹസികതകളുടെതുമായിരുന്നു. ഇന്ത്യയും ആഫ്രിക്കയും അറബ് രാജ്യങ്ങളും അദ്ദേഹത്തെ പരുഷമായ അനുഭവങ്ങളിലൂടെ വഴിനടത്തി. പട്ടിണിയും ദാരിദ്ര്യവും കണ്ടും കൊണ്ടും ജീവിച്ച ബഷീറിലും   ബഷീര്‍ കഥകളിലും  ഒരേ ജീവന്‍ തുടിച്ചു.

ജീവിതത്തില്‍ അദ്ദേഹം കെട്ടിയ വേഷങ്ങളും നേരിട്ട സാഹസികതകളും തന്നെയാണ് തന്റെ രചനകളുടെ ആത്മാവ്. ഉത്തരേന്ത്യയിലെ സൂഫീ ഖാന്‍ഗാഹുകളില്‍ അദ്ദേഹം കഴിഞ്ഞു കൂടിയത് നീണ്ട കാലമാണ്. ആധുനിക മലയാള സാഹിത്യകാരന്മാരുടെ രചനകളില്‍  ഏറ്റവുമധികം വായിക്കപ്പെടുന്നത് ബഷീര്‍ സാഹിത്യങ്ങളാണ്. അതിലളിതമായ വാക്കുകള്‍ അടുക്കിവെച്ചു വായനക്കാരെ ഒരേസമയം  ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു ബഷീറിയനിസം എന്ന പുതിയൊരു  ശാഖ മലയാളത്തിനദ്ദേഹം  സമ്മാനിച്ചു. ബേപ്പൂര്‍ സുല്‍ത്താന്‍ എന്നാണു മലയാള മണ്ണ്  അദ്ദേഹത്തിനു നല്‍കിയ അപരനാമം. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരിലേക്ക് അദ്ദേഹത്തിന്റെ തൂലിക ഇറങ്ങിച്ചെന്നു, അവരുടെ ജീവിതം ജീവസ്സുറ്റ കഥകളാക്കി സമൂഹത്തിനു മുന്നിലെക്കെത്തിച്ചു ബഷീരിലെ കഥാകാരന്‍. ഇതുവഴി ഇല്ലാതായത്, സമൂഹത്തിലെ മുകള്‍ തട്ടിലുള്ളവര്‍ മാത്രം കഥാപത്രങ്ങളായിരിക്കുക എന്ന കാലങ്ങളായുള്ള കീഴ്വഴക്കമായിരുന്നു. മതിലുകള്‍, പ്രേമലേഖനം, ബാല്യകാലസഖി, ന്ടുപ്പൂപ്പാക്കൊരാനണ്ടാര്‍ന്നു, പാത്തുമ്മായുടെ ആട് എന്നിവ നോവലുകളില്‍ പ്രഥമഗണനീയമാണ്.

എം.പി.പോള്‍ എന്ന ഓര്‍മ്മക്കുറിപ്പും ചെവിയോര്‍ക്കുക അന്തിമ കാഹളം എന്ന പ്രഭാഷണവും നിരവധി ചെറുകഥകളും കൊണ്ട് മലയാള സാഹിത്യത്തെ ധന്യമാക്കിയ ബഷീറിനെ കാലിക്കറ്റ്‌ യൂനിവേര്സിടി 1987ല്‍  ഡി.ലിറ്റ്‌ നല്‍കി ആദരിച്ചു. ഇംഗ്ലീഷിലേക്കും  ഇന്ത്യയിലെ  പ്രധാന ഭാഷകളിലേക്കും ബഷീര്‍ കൃതികള്‍ തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഡോ. റൊണാള്‍ഡ്‌ ആഷര്‍ എന്ന വിദേശിയാണ് സ്കോട്ട് ലാന്റിലെ   ഒരു യൂനിവേര്സിട്ടിക്കുവേണ്ടി ബഷീര്‍ കൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത്‌. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. 1982-ല്‍ ബഷീര്‍ പത്മശ്രീ പുരസ്‌കാരം നേടി. കേന്ദ്ര കേരള സാഹിത്യ അക്കാദമികളുടെ ഫെല്ലോഷിപ്പുകളും ബഷീറിനെ തേടിയെത്തി. 1994 ജൂലൈ  5-നു  മലയാള ത്തിന്റെ ഈ ഇമ്മിണി ബല്യ സാഹിത്യകാരന്‍  ബേപ്പൂരില്‍ നിര്യാതനായി.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter