വിശേഷങ്ങളുടെ ഖുർആൻ: (24) ഖുർആനും മാനവിക മൂല്യങ്ങളും
ഖുർആനും മാനവിക മൂല്യങ്ങളും
വിശുദ്ധ ഖുർആൻ്റെ പ്രമേയം മനുഷ്യനാണ്.മാനവരാശിയുടെ നൻമയും മോക്ഷവുമാണ് അതിൻ്റെ ലക്ഷ്യം. മനുഷ്യരെല്ലാം ഒന്നാണ്. തുല്യരാണ്. ഒരേ വഴിയിലൂടെ കടന്നു വന്നവർ. ഒന്നുമില്ലായ്മയിൽ നിന്ന് വന്നു. ഒടുവിൽ ഒന്നുമില്ലായ്മയിൽ വിലയം പ്രാപിക്കുന്നു. പിന്നെ പുനർജൻമം, വിചാരണ, നൻമ -തിൻമകളുടെ തോതനുസരിച്ച് മോക്ഷവും ശിക്ഷയും. മനുഷ്യനെ സംബന്ധിച്ച ഖുർആൻ്റെ പൊതു വീക്ഷണം ഇങ്ങനെ സംഗ്രഹിക്കാം.
ഖുർആൻ പൊതുവായ കാര്യങ്ങൾ പറയുമ്പോൾ 'യാ അയ്യുഹന്നാസ്' ( ഓ ജനങ്ങളേ) എന്ന സംബോധനയിലൂടെ വിവരിക്കുക. വിശ്വാസികളെയോ അന്ത്യപ്രവാചകൻ്റെ അനുയായികളെയോ മാത്രം ഉദ്ദേശിച്ചല്ല. ഇങ്ങനെ 20 സ്ഥലത്തെങ്കിലും ജനങ്ങളെ വിളിച്ചു കൊണ്ടുള്ള വചനങ്ങളുണ്ട്. മാത്രമല്ല, ആദം സന്തതികളേ, എന്ന് വിളിച്ചു അഞ്ച് ഇടങ്ങളിൽ വേറെയും വന്നിട്ടുണ്ട്. ഇനി മനഷ്യ നെ കുറിക്കുന്ന ഇൻസാൻ എന്ന പദം തന്നെ 56 ഇടങ്ങളിൽ പ്രയോഗിച്ചപ്പോൾ അതേ അർത്ഥത്തിലുള്ള ' ഇൻസ്‌ ' എന്ന പദം 14 സ്ഥലങ്ങളിൽ വേറെയും വന്നിട്ടുണ്ട്.
മനുഷ്യരെ വിളിച്ചു പറയുന്ന കാര്യങ്ങളും അത്രയേറെ മൗലികവും അനിഷേധ്യവുമാണ്. എക്കാലത്തും മനുഷ്യർക്ക് ബാധകമായ പച്ചപ്പരമാർത്ഥങ്ങൾ. പുനരുത്ഥാനത്തിൻ്റെ പ്രായോഗികതയും സുനിശ്ചിതത്വവും എത്ര തൻമയത്വത്തോടെയാണ് വിവരിക്കുന്നതെന്ന് കാണാൻ അൽ ഹജ്ജ് അധ്യയം നാലാം വചനം ശ്രദ്ധിക്കുക:
"മനുഷ്യരേ, ശങ്കാകുലരാണ് നിങ്ങളെങ്കിൽ ഒന്നോർക്കുക: മണ്ണിൽ നിന്നും പിന്നിട് ഇന്ദ്രിയ കണത്തിൽ നിന്നും അനന്തരം രക്ത പിണ്ഡത്തിൽ നിന്നും അതിന് ശേഷം രൂപം നൽകപ്പെട്ടതും അല്ലാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും നാം തന്നെയാണ് നിങ്ങളെ സൃഷ്ടിച്ചത് - വസ്തുതകൾ നിങ്ങൾക്ക് സ്പഷ്ടമാകാനാണിത് പറയുന്നത് - നാം ഉദ്ദേശിക്കുന്നവയെ ഉമ്മമാരുടെ ഗർഭാശയങ്ങളിൽ ഒരു നിശ്ചിതാവധി വരെ സൂക്ഷിക്കുകയും തദനന്തരം ശിശുക്കളായി പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു.പിന്നീട് നിങ്ങൾ പൂർണ യൗവനം പ്രാപിക്കും. ചിലർ ഇടയ്ക്ക് വെച്ച് മരിക്കുകയും മറ്റു ചിലർ -എല്ലാം അറിഞ്ഞ ശേഷം ഒരു വിധ ജ്ഞാനവും ഇല്ലാതായിത്തീരുമാറ് - വാർധക്യത്തിൻ്റെ അധോതലത്തിലേക്ക് മടക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഭൂമി വരണ്ടുണങ്ങിക്കിടക്കുന്നതായി നിനക്ക് കാണാം.പിന്നെ നാമതിൽ മഴ വർഷിച്ചാൽ അത് ചൈതന്യവത്തായിത്തീരുകയും വികസിക്കുകയും ഇമ്പമാർന്ന സകലയിനം ചെടികളെയും മുളപ്പിക്കുകയും ചെയ്യുന്നു."
ഇത് പോലെ സൂറ: ഹുജുറാത്തിലെ വചനം 13ഉം അടിസ്ഥാനപരമായ യാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മാനവിക മൂല്യങ്ങളിൽ മനുഷ്യരെല്ലാം തുല്യരാണെന്നും പ്രത്യക്ഷത്തിൽ കാണുന്ന വൈജാത്യം തിരിച്ചറിയാനുള്ള ഉപാധി മാത്രമാണെന്നും അവിടെ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു. "ഹേ മർത്യ കുലമേ, ഒരാണിലും പെണ്ണിലും നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. അന്യോന്യം മനസ്സിലാക്കുവാൻ നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി. അല്ലാഹുവിങ്കൽ നിങ്ങളിലെ അത്യാദരണീയൻ ഏറ്റം ധർമനിഷ്ഠനത്രെ. അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമത്രെ."
അന്നിസാ അധ്യായം ആരംഭിക്കുന്നത് തന്നെ മനുഷ്യരെ വിളിച്ചു അവർ കടന്നു വന്ന വഴി ഓർമിപ്പിച്ചു കൊണ്ടാണ്: " ഹേ മനുഷ്യരേ, ഒരേയൊരു വ്യക്തിയിൽ നിന്ന് നിങ്ങളെ പടക്കുകയും അതിൽ നിന്ന് തന്നെ അതിൻ്റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരിൽ നിന്നുമായി ഒട്ടേറെ സ്ത്രീ പുരുഷൻമാരെ വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഏതൊരുവൻ്റെ പേരിൽ നിങ്ങൾ അവകാശങ്ങൾ ചോദിക്കുന്നുവോ ആ അല്ലാഹുവിനെയും കുടുംബ ബന്ധവും സൂക്ഷിക്കുക. നിശ്ചയം അവൻ നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാണ്. "
Also Read:വിശേഷങ്ങളുടെ ഖുർആൻ: (23) ജിഹാദ് എന്ന പ്രണയം 

ആദം സന്തതികളേ, എന്ന സംബോധന അഞ്ചിടങ്ങളിൽ വന്നതായി നേരത്തേ സൂചിപ്പിച്ചതാണല്ലോ. അതിൽ നാലും അ'അറാഫ് അധ്യായത്തിലാണ്. ഒന്ന് യാസീൻ അധ്യായത്തിലും. അ'അറാഫിൽ വന്ന വചനങ്ങൾ ചിലത് അവൻ്റെ ഉൽപ്പത്തി കാലത്തേക്ക് അവനെ കൂട്ടിക്കൊണ്ട് പോകുന്നു. നഗ്നത മറക്കാതെ നടന്ന കാലത്തെ ഓർമിപ്പിക്കുന്ന പ്രയോഗങ്ങൾ. " ഹേ, ആദം സന്തികളേ, നിങ്ങൾക്ക് നഗ്നത മറക്കാനും അലങ്കാരത്തിനുമുള്ള വസ്ത്രം നാം തന്നിരിക്കുന്നു. എന്നാൽ ഭക്തിയുടെ പുടവയാണ് ഏറ്റം ഉദാത്തം. അവർ പാഠമുൾക്കൊള്ളാനായി അല്ലാഹു അവതരിപ്പിക്കുന്ന ദൃഷ്ടാന്തങ്ങളിൽ പെട്ടതാണത്. " ( സൂക്തം: 26)

തുടർന്നു പൂർവ മാതാപിതാക്കൾ പൈശാചിക പ്രേരണയ്ക്ക് അടിപ്പെട്ട് ചെയ്തു പോയ അനർത്ഥങ്ങളും തദ്ഫലമായി അവർക്ക് രണ്ട് പേർക്കും നേരിടേണ്ടി വന്ന ദുരിതാനുഭവങ്ങളും ചൂണ്ടിക്കാട്ടി പിശാചിനെ തൊട്ട് മക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന വേളയിലും ആദം സന്തതികളേ, എന്ന അർത്ഥഗർഭമായ വിളി ഖുർആൻ പ്രയോഗിക്കുന്നുണ്ട്. വചനം 27 ശ്രദ്ധിക്കുക: " ഹേ ആദം സന്തതികളേ, മതാപിതാക്കളെ സ്വർഗത്തിൽ നിന്ന് ബഹിഷ്കരിച്ചത് പോലെ പിശാച് നിങ്ങളെ നരകത്തിൽ അകപ്പെടുത്താതിരിക്കട്ടെ. തങ്ങളുടെ ഗുപ്ത ഗുഹ്യങ്ങൾ കാണിച്ചു കൊടുക്കാനായി അവരുടെ ഉടയാടകൾ അവനഴിക്കുകയാണുണ്ടായത്. നിങ്ങൾ അവരെ കാണാത്ത വിധം അവനും സംഘവും നിങ്ങളെ കാണുക തന്നെ ചെയ്യുന്നുണ്ട്. വിശ്വാസം കൈകൊള്ളാത്തവർക്ക് പിശാചുക്കളെ നാം ചങ്ങാതിമാരാക്കിക്കൊടുത്തിരിക്കയാണ്."
മനുഷ്യൻ ആദരണീയ ജീവിയാണ്. മറ്റു ജീവികൾക്കൊന്നുമില്ലാത്ത സ്ഥാനവും പരിഗണനയുമാണ് ഖുർആൻ മനുഷ്യന് നൽകുന്നത്. സൃഷ്ടിപ്പിൽ തന്നെ അവനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തനാക്കി. ബുദ്ധി, വിവേചന ശക്തി, ശാരീരിക അഴക്, ഇഷ്ടമുള്ള വിഭവങ്ങൾ പാകം ചെയ്തു കഴിക്കാനുള്ള കഴിവ്, കരയിലും കടയിലും സഞ്ചരിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കാനുളള വൈദഗ്ധ്യം എല്ലാം മനുഷ്യൻ്റെ മാത്രം പ്രത്യേകതയാണ്. അൽ ഇസ് റാ അധ്യായം വചനം 70 നോക്കുക. "നിശ്ചയം നാം ആദമിൻ്റെ സന്തതികളെ ആദരിക്കുകയും കടലിലും കരയിലും വാഹനത്തിലേറ്റുകയും വിശിഷ്ട ഭോജ്യങ്ങളിൽ നിന്ന് അവർക്ക് ഉപജീവനമേ കുകയും നാം പടച്ച മിക്കവരേയുംകാൾ അവരെ പ്രത്യേകം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു."
പുരാതന കാലത്തെ മറ്റു ജീവികൾ നൈസർഗികമായി എങ്ങനെ ജീവിച്ചു വന്നോ അതേ ജീവിതരീതിയും സൗകര്യങ്ങളുമാണ് അവ ഇപ്പോഴും സ്വീകരിച്ചു പോരുന്നത്. കാലത്തിൻ്റെ മാറ്റങ്ങൾ അവയിൽ പുരോഗമനപരമായ ഒരു പരിവർത്തനവും പരിഷ്ക്കാരവും കൊണ്ട് വരുന്നില്ല. എന്നാൽ ബുദ്ധിമാനും ഭാവനാസമ്പന്നനുമായ മനുഷ്യൻ ഇന്ന്, കഴിഞ്ഞ കാലത്ത് പൂർവികർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാതിരുന്ന നിലവാരത്തിലേക്ക് ജീവിതത്തെ ഉയർത്തിയിരിക്കുന്നു. ആരംഭകാലത്ത് രണ്ട് സഹോദരങ്ങളിൽ ഒരാൾ അപരനെ വധിച്ചു കളഞ്ഞപ്പോൾ ആ മൃതദേഹം എങ്ങനെ സംസ്കരിക്കണമെന്ന് പോലും അറിയാതെ പകച്ചു നിൽക്കുകയും മുമ്പിൽ കണ്ട കാക്കയുടെ പ്രവൃത്തിയിൽ നിന്ന് പാഠം പഠിക്കുകയും ചെയ്ത മനുഷ്യനാണ് ഇന്ന് കാണുന്ന നിലവാരത്തിൽ എത്തിയതെന്ന് കൂടി ഓർക്കേണ്ടതുണ്ട്.
ജനിച്ച എല്ലാ മനുഷ്യർക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു. അകാരണമായി ആരെയും വകവരുത്താൻ ഒരുത്തനും അധികാരമില്ല. ആദമിൻ്റെ പ്രഥമ സന്തതികളിൽ ഒരാൾ അസൂയ മൂത്ത് മറ്റെയാളെ കൊന്ന സംഭവം വിവരിച്ച ഉടനെയാണ് ഖുർആൻ ഇക്കാര്യം വ്യക്തമാക്കുന്നത്: മാഇദ: വചനം 32 ശ്രദ്ധിക്കുക: " ഈ വധമുണ്ടായ കാരണത്താൽ, ഇസ്രായീല്യർക്ക് ഇപ്രകാരം നാം വിധി നൽകി. പ്രതിക്രിയയായോ നാട്ടിൽ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ ഒരാൾ മറ്റൊരാളെ വധിച്ചാൽ മർത്യ കുലത്തെ ഒന്നടങ്കം അവൻ കൊന്നത് പോലെയാണ്.ഒരാളെ കൊലയിൽ നിന്ന് വിമുക്തനാക്കിയാൽ മനുഷ്യരെ മുഴുവൻ അതിൽ നിന്ന് രക്ഷിച്ചത് പോലെയും. നമ്മുടെ ദൂതൻമാർ സ്പഷ്ടദൃഷ്ടാന്തങ്ങളും കൊണ്ട് ചെന്നിട്ടും അവരിലധിക പേരും പിന്നേയും ഭൂമിയിൽ അതിക്രമം കാട്ടുകയാകുന്നു."
പ്രതിക്രിയയെ ഖുർആൻ അംഗീകരിക്കുന്നു. പ്രതിക്രിയയിൽ നിങ്ങൾക്ക് ജീവിതമുണ്ടെന്നാണ് അൽ ബഖറ അധ്യായം വചനം 179 വ്യക്തമാക്കുന്നത്. സത്യത്തിൽ ഒരാളെ ദേഹോപദ്രവം ഏൽപ്പിക്കുകയോ കൊല്ലകയോ ചെയ്താൽ അതിൻ്റെ പ്രതിക്രിയയായി താനും അത്തരമൊരവസ്ഥയ്ക്ക് വിധേയനാകുമെന്ന ചിന്തയും ഭീതിയും സ്വയം അത്തരം കയ്യേറ്റങ്ങളിൽ നിന്ന് മാറി നിൽക്കാൻ അവന് കാരണമാകുമല്ലോ. ഇനി അവനത് ചെയ്തുവെന്നിരിക്കട്ടെ. അതിൻ്റെ പേരിൽ നൽകപ്പെടുന്ന പ്രതികാരം നേരിൽ കണ്ടും കേട്ടും ഭീതി പടരുമെന്നതിനാൽ മറ്റുള്ളവർക്കും അത്തരം കൃത്യങ്ങളിൽ നിന്ന് പിൻമാറാൻ അത് പ്രേരകമായി മാറുന്നു.
നീതി സാമൂഹിക സുരക്ഷയുടെ അടിക്കല്ലാണ്. ഒരു രാജ്യത്തിനും സമൂഹത്തിനും ഏറ്റം അനിവാര്യം നീതിയുടെ കാവലാളായ ഭരണഘടനയും അത് നടപ്പാക്കുന്ന ഭരണാധികാരികളുമാണ്. ജാതിയുടെയും മതത്തിൻ്റെയും നിറത്തിൻ്റെയും ഗോത്രത്തിൻ്റെയും പേരിൽ വിവേചനമില്ലാതെ എല്ലാവരോടും നീതിപൂർവം പെരുമാറുന്ന അന്തരീക്ഷമുണ്ടായാൽ അവിടത്തെ സ്വൈരജീവിതത്തിന് വേറെ കാരണം അന്വേഷിക്കേണ്ടതില്ല. പേർഷ്യയിലെ കിസ്റാ രാജാവിൻ്റെ പ്രതിനിധി മദീനയിലെത്തി ഖലീഫയെ കാണാൻ ചെന്നപ്പോൾ ഉമറുൽ ഫാറൂഖ് (റ) പാറാവുകാരും പരിവാരങ്ങളുമില്ലാതെ പകൽ സമയം പള്ളിയുടെ ഒരു ഭാഗത്ത് നഗ്ന മേനിയിൽ കിടന്നുറങ്ങുന്നത് കണ്ടു. ആശ്ചര്യ ഭരിതനായി അദ്ദേഹം പറഞ്ഞു പോയി. 'ഉമർ, നിങ്ങൾ നീതി പാലിച്ചു. അത് വഴി സുരക്ഷിതനായി ഉറങ്ങാൻ കഴിയുന്നു.'
ഖുർആൻ ഇത്തരമൊരു നീതിബോധത്തിന് അടിവരയിടുന്നു. " ഒരു വിഭാഗത്തോടുള്ള ശത്രുത നീതിപാലനത്തിൽ നിന്ന് നിങ്ങളെ തടയാതിരിക്കട്ടെ. നിങ്ങൾ നീതി പാലിക്കുക; അതാണ് ദൈവഭക്തിയോട് ഏറ്റവും അടുത്ത് നിൽക്കുന്നത് " (മാഇദ: 
കടപ്പാട് ചന്ദ്രിക ആഴ്ചപ്പതിപ്പ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter