ഇമാം ഇബ്നു ഹജര്‍ അൽഅസ്ഖലാനി(റ)യും ബദ്‍ലുൽ മാഊനും

സ്വഹീഹുൽ ബുഖാരി എന്ന ലോക പ്രസിദ്ധമായ ഹദീസ് ഗ്രന്ഥത്തിന്റെ വിശ്വ വിഖ്യാത വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുൽബാരിയിലൂടെ ലോകം അറിയപ്പെട്ട ഹദീസ് പണ്ഡിതനാണ് ഇബ്നുഹജര്‍ അൽഅസ്ഖലാനി(റ). അമീറുൽ മുഅ്മിനീൻ എന്ന അപര നാമത്തിലാണ് പണ്ഡിതലോകത്ത് അദ്ദേഹം അറിയപ്പെടുന്നത് . അഹ്മദ് ബിന്‍ അലി ബിൻ മുഹമ്മദ് അബുൽ ഫള്ൽ ശിഹാബുദ്ധീൻ അൽകിനാനി അൽഅസ്ഖലാനി എന്നാണ് പൂർണ നാമം.

ജീവിതരേഖ 

ക്രിസ്ത്വബ്ദം 1372 (ഹി.773) മംലൂക് ഭരണകൂടത്തിന്റെ കേന്ദ്രമായിരുന്ന ഈജിപ്തിലാണ് ഇമാം ഇബ്നു ഹജര്‍ അൽഅസ്ഖലാനി(റ) ജനിക്കുന്നത്. ഇമാം സഖാവിയുടെ അഭിപ്രായമനുസരിച്ച് അസ്ഖലാനി(റ)ന്റെ പ്രപിതാക്കളിൽ ചിലർക്ക് ഇബ്‌നുഹജർ എന്ന സ്ഥാനപ്പേരുണ്ടായിരുന്നു. അവരിലേക്ക് ചേർത്തിയിട്ടാണ് അദ്ദേഹവും  "ഇബ്ൻഹജർ"  എന്ന് അറിയപ്പെട്ടതത്രെ. ഇമാം അസ്ഖലാനി(റ)ന്റെ കുടുംബം ഫലസ്തീനിലെ അസ്ഖലാനിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് പിതാവ് ഈജിപ്തിലേക്ക് താമസം മാറുകയായിരുന്നു. ഇതിനാലാണ് “അസ്ഖലാനി” എന്ന് പേര് ചേർക്കപ്പെട്ടത്. ഇമാം അസ്ഖലാനി(റ)ക്ക്  അഞ്ച് വയസ്സ് പൂർത്തിയാവുന്നതിന് മുമ്പ് തന്നെ തന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ നഷ്ട്ടപ്പെട്ടിരുന്നു.

ശേഷം ഈജിപ്തിലെ അറിയപ്പെട്ട കച്ചവടക്കാരനും തന്റെ ബന്ധുവുമായ സകിയുദ്ധീൻ അബീബക്ർ അൽഖറൂബിയായിരുന്നു ഇമാമിനെ പരിപാലിച്ചിരുന്നത്. ഇമാം അസ്ഖലാനി(റ)ക്ക് രണ്ടു വിവാഹങ്ങളിലായി ആറു മക്കളുണ്ടായിരുന്നു. അവരിൽ മൂന്നുപേരും അക്കാലത്ത് ലോകത്ത് പടർന്നുപിടിച്ചിരുന്ന പ്ലേഗ് മഹാമാരിയിൽ (പിൽക്കാലത്ത് ബ്ലാക്ക് ഡെത്ത് എന്ന് അറിയപ്പെട്ട)  മരണപ്പെടുകയുണ്ടായി.  തന്റെ ഒൻപതാം വയസ്സിൽ തന്നെ ഇമാം അസ്ഖലാനി(റ) വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയിരുന്നു.  അതുപോലെ തന്നെ മുഖ്തസറു ഇബ്‌നുൽഹാജിബ്, അൽഹാവി അസ്സഗീർ, ഉംദത്തുൽ അഹ്‌കാം, അൽഫിയാ തുടങ്ങിയ  അനവധി ഗ്രന്ഥങ്ങളും ചെറുപ്പത്തിലേ അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു.

ജ്ഞാനസമ്പാദനം

അക്കാലത്ത് വിവിധ വിജ്ഞാനശാഖകളിൽ ശോഭിച്ചിരുന്ന പണ്ഡിതന്മാരെ  തേടി ഇമാം അസ്ഖലാനി(റ), ഖൂസ്, അലക്സാൻഡ്രിയ, യെമൻ, ഹിജാസ്, ശാം തുടങ്ങി നിരവധി നാടുകളിലേക്ക് യാത്ര പോയി. സകിയുദ്ധീൻ അൽഖറൂബിയുടെ കൂടെ  മക്കയിലേക്ക്  പോയ അവസരത്തിലാണ് ഇമാം അസ്ഖലാനി(റ)ക്ക് ഹദീസ് പഠനത്തിന് വഴി തെളിയുന്നത്. അവിടെ വെച്ച്  ഇമാം അസ്ഖലാനി(റ)  അൽ ഹാഫിള് സൈനുദ്ധീൻ അൽഇറാഖിയിൽ നിന്നും ഇല്മുല് ഹദീസിൽ പഠനം നടത്തി. ശേഷം ഇമാം ബുൽഖൈനി, ഇബ്ൻ മുലഖന്, ഇസ്സുബ്നു ജമാഅ തുടങ്ങിയവരിൽ നിന്ന് കർമശാസ്ത്രം പഠിക്കുകയും അവർ ഇമാമിന് ഫത്‍വ നൽകാനും തദ്‌രീസ് നടത്താനും  ഇജാസത്  നൽകുകയും ചെയ്തു. ഇമാം മജ്ദ അൽഫൈറൂസാബാദിയിൽ നിന്ന് ഭാഷാ പഠനവും, ഇമാം ബദ്ർ അൽബഷ്തകിയിൽ നിന്ന് അറബി സാഹ്യത്യവും കാവ്യശാസ്ത്രവും, ഇമാം തനൂഖിയിൽ നിന്ന് ഖിറാഅത് പഠനവും പൂർത്തിയാക്കി.
ദീർഘ കാലത്തെ പഠനത്തിന് ശേഷം ഗ്രന്ഥരചനയിൽ വ്യപൃതനാവുകയും, ഏകദേശം 150 ഓളം ഗ്രന്ഥങ്ങൾ വിവിധ വിജ്ഞാനശാഖകളിലായി ഇമാം അസ്ഖലാനി(റ) രചിക്കുകയും ചെയ്തു.

ഇമാം അസ്ഖലാനി (റ) യുടെ പ്രധാന രചനകൾ:

01. ഫത്ഹുൽബാരി ബിശറഹി  സ്വഹീഹിൽ ബുഖാരി 
02. ബദ്‍ലുൽ  മാഊൻ ഫി ഫള്ലി ത്വാഊൻ
03. ഇത്ഹാഫുൽ മഹർറ ഫി  അത്റാഫിൽ  അഷറ
04. അൽ ഇസ്വാബത്തു ഫി തമ്മീസി സ്വഹാബാ 
05. നുഖ്ബത്തുൽ ഫിക്ർ 
06. ബുലൂഗുൽ മറാം
07. തഹ്‌ദീബുത്തഹ്‌ദീബ് 
08. അദ്ദുററുൽ കാമിന ഫി അഅ് യാനിൽ മിഅതി സാമിന
09. ഇൻബാഉൽ  ഗുംർ ബിഅൻബാഅിൽ ഗുമുർ 

ബദ്‍ലുൽ മാഊൻ ഫി ഫള്ലി ത്വാഊൻ

ഇമാം അസ്ഖലാനി(റ)ന്റെ രചനകിൽ ഏറെ വേറിട്ടതും ആധുനിക കാലത്ത് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതുമായ ഗ്രന്ഥമാണ് ബദ്‍ലുൽ മാഊൻ ഫീ ഫള്ലി ത്വാഊൻ.  "പ്ലേഗ്" പോലെ ലോകത്തെ പിടിച്ചുകുലുക്കിയ ഒരു മഹാമാരിയെകുറിച്ച് അതിന്റെ ആവിർഭാവവും ആ രോഗത്തെ എങ്ങനെ പ്രധിരോധിക്കണമെന്നും അതിന്റെ ഇസ്‍ലാമികമായ വശങ്ങളും മറ്റും ചർച്ച ചെയ്യുന്ന ഒരു ബ്രഹത്തായ  ഗ്രന്ഥമാണ് ബദ്‍ലുൽ മാഊൻ.

ഏകദേശം ഒരു വർഷം മുമ്പാണ്   അമേരിക്കയിലെ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ജോയല്‍ ബ്ലെക്കറും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ മൈറാജ് സയ്യിദും ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധീകരിച്ചത്.  Merits of Plague എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ വിവർത്തനം, ആധുനിക ലോകത്ത്‌ ഈ ഗ്രന്ഥത്തെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്ക് അവസരം തുറന്നു കൊടുത്തു.

അഞ്ച് അധ്യായങ്ങളായിട്ടാണ് ഈ ഗ്രന്ഥം  വിഭജിച്ചിരിക്കുന്നത്. ഓരോ അധ്യായങ്ങൾക്ക് കീഴിലും നിശ്ചിത ഫസ്‌ലുകളായിട്ടാണ്  ഓരോ വിഷയങ്ങളും ചർച്ച ചെയ്യുന്നത്.

ഒന്നാം അധ്യായത്തിൽ പ്ലേഗിന്റെ തുടക്കവും അത് മുമ്പുള്ള സമൂഹങ്ങൾക്ക് ശിക്ഷയായും എന്നാൽ വിശ്വാസി സമൂഹത്തിന് അനുഗ്രഹവുമായാണ് ഇറക്കപെട്ടതെന്നും  ഇമാം സമർത്ഥിക്കുന്നു. ഇത്തരത്തിൽ നാല് ഫസ്‌ലുകളായിട്ടാണ്   ഒന്നാം അധ്യായം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്.

രണ്ടാം അധ്യായത്തിൽ പ്ലേഗിന്റെ കൃത്യമായ നിർവചനവും അതിന്റെ ഭാഷാപരമായ ചർച്ചകളും അതുപോലെതന്നെ വൈദ്യപണ്ഡിതരുടെ അഭിപ്രായങ്ങളും അതുമായി ബന്ധപ്പെട്ട ഹദീസുകളെയും ഈ അധ്യായത്തിൽ പരാമർശിക്കുന്നുണ്ട്. ഇത്തരത്തിൽ ഒമ്പത് ഫസ്‌ലുകളായിട്ടാണ്  രണ്ടാം  അധ്യായത്തെ വിശദീകരിക്കുന്നത്.

മൂന്നാം അധ്യായത്തിൽ പ്ലേഗ് ബാധിച്ചു മരണപ്പെട്ട വിശ്വാസികൾ ശുഹദാഇന്റെ സ്ഥാനത്താണെന്നും, അതോടൊപ്പം തന്നെ  ആരാണ് ശഹീദെന്നും, അവരുടെ സ്ഥാനമാണങ്ങളെന്താണെന്നും ഈ അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. മദീനത്തുന്നബവിയിൽ പ്ലേഗ് എത്തിപ്പെടാത്തതിന്റെ കാരണങ്ങളും നബി തങ്ങളുടെ അതുമായി ബന്ധപ്പെട്ട പ്രസ്താവനകളും  വിശദമായി വിവരിച്ച് കൊണ്ട് വിശാലമായ പത്തു ഫസ്‌ലുകളെയാണ് ഈ അധ്യായത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

നാലാം അധ്യായത്തിൽ പ്ലേഗുമായി ബന്ധപ്പെട്ടു വരുന്ന വിധിവിലക്കുകളാണ് പരാമർശിക്കുന്നത്. ഒരു നാട്ടിൽ പ്ലേഗ് വന്നാൽ അന്നാട്ടുകാർ അവിടെ നിന്ന് പുറത്തു പോകുന്നതിന്റെയും മറുനാട്ടിലുള്ളവർ അവിടേക്ക് പ്രവേശിക്കുന്നതിന്റെയും നിയമങ്ങളും നിയന്ത്രണങ്ങളും  കൃത്യമായി രേഖപ്പെടുത്തുന്നു. നാല് ദീർഘമായ ഫസ്‌ലുകളിലൂടെയാണ്   ഈ അധ്യായത്തെ ഇമാം അവതരിപ്പിക്കുന്നത്.

അഞ്ചാമത്തേതും അവസാനത്തേതുമായ അധ്യായത്തിൽ പ്ലേഗ് ഉണ്ടായാൽ ആളുകൾ ചെയ്യേണ്ട കടമകളും ഉത്തരവാദിത്യങ്ങളും അതുപോലെ പ്ലേഗ് ബാധിച്ചവർ പാലിക്കേണ്ട മര്യാദകളുമാണ് വിവരിക്കുന്നത്. 

അവസാനമായി കിതാബിന്റെ ഉപസംഹാരത്തിൽ, ഇസ്‍ലാമിക കാലഘട്ടം മുതൽ  ഹിജ്‌റ 848 വരെ  വ്യത്യസ്ത കാലഘട്ടങ്ങളിൽ  ഉണ്ടായ പ്ലേഗ് വ്യാപനത്തെ സംബന്ധിച്ച് ചുരുങ്ങിയ രൂപത്തിൽ പ്രസ്താവിക്കുന്നുണ്ട്.   

പ്ലേഗ് പോലെത്തെ ഒരു മഹാമാരിയെകുറിച്ച് അതിന്റെ ചരിത്രവും ഇസ്‍ലാമിക വശങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് രചിക്കപ്പെട്ട ബദ്‍ലുൽ മാഊൻ ഫീ ഫള്ലി ത്വാഊൻ എന്ന ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ)യുടെ ഈ ഗ്രന്ഥം ആധുനിക കാലഘട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. 

കൊറോണ പോലെ, ലോകമൊന്നാകെ പടർന്ന്പിടിച്ച പല തരത്തിലുള്ള  മഹാമാരികൾക്കും ഈ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന  ആത്മീയവും പ്രായോഗികവുമായ ചികിത്സാ  രീതികൾ പിന്തുടരപ്പെടാവുന്നതാണ്.


വിജ്ഞാനസമ്പാദനത്തിനും  സംവേദനത്തിനുമായി കഴിച്ചുക്കൂട്ടിയ ആ മഹദ് ജീവിതം, ഹി.852 ദുൽഹിജ്ജ 28ന് പര്യവസാനിച്ച്, അദ്ദേഹം നാഥനിലേക്ക് യാത്രയായി. 

അവലംബം:

01. ഫത്ഹുൽബാരി
02. ബദ്‍ലുൽ മാഊൻ ഫി ഫള്ലി ത്വാഊൻ
03. അൽ ജവാഹിറു വദ്ദുററു ഫി തർജുമതി ശൈഖിൽ ഇസ്ലാം ഇബ്ൻ ഹജർ(റ), ഇമാം സഖാവി(റ) 
04. ഇത്ഹാഫുൽ മഹർറ ഫി  അത്റാഫിൽ  അഷറ
05.    അൽ ഇസ്വാബത്തു ഫി തമ്മീസി സ്വഹാബാ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter