ഇമാം നവവി(റ): വിജ്ഞാനത്തിന് ഉഴിഞ്ഞുവെച്ച ജീവിതം
പ്രമുഖ സാത്വികനും പണ്ഡിതനുമായിരുന്ന ശൈഖ് യാസീനു ബ്‌നു യൂസുഫില്‍ മാറാക്കിശി(റ) ഒരിക്കല്‍ സിറിയയിലെ നവാ എന്ന ഗ്രാമത്തിലെത്തി. അവിടെ കുറെ കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവരുടെ അതേ പ്രായക്കാരനായ ഒരു കുട്ടി കളികളിലൊന്നും പങ്കെടുക്കാതെ കൂട്ടുകാരില്‍ നിന്ന് രക്ഷപ്പെടുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ആ കുട്ടിയെ നിരീക്ഷിച്ചപ്പോള്‍, യഹ്‌യ എന്നാണ് അവന്റെ പേരെന്നും കൂട്ടുകാര്‍ കളിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ സമയം നഷ്ടമാക്കിക്കൂടെന്ന ചിന്തയില്‍ മാറിപ്പോവുകയാണെന്നും അദ്ദേഹത്തിന് മനസ്സിലാക്കാനായി. രക്ഷപ്പെട്ട് പോവുമ്പോഴും അവന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു.
ശൈഖ് യാസീന്‍(റ) പറയുന്നു: ‘എനിക്ക് ആ കുട്ടിയോട് വലിയ ഇഷ്ടം തോന്നി. അവനെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഉസ്താദിനെ സമീപിച്ച് ഞാൻ ചില നിര്‍ദേശങ്ങള്‍ നല്‍കി. ഞാന്‍ ഗുരുനാഥനോടിങ്ങനെ പറഞ്ഞു: ഈ കുട്ടി വലിയ പണ്ഡിതനും വലിയ പരിത്യാഗിയുമായിത്തീരുമെന്നും ഇവനെ കൊണ്ട് സമുദായത്തിന് വലിയ ഉപകാരം ലഭിക്കുമെന്നും എനിക്കു പ്രതീക്ഷയുണ്ട്.’ ഇതു കേട്ട് ഗുരു ചോദിച്ചു: നിങ്ങളെന്താ ജ്യോത്സ്യനാണോ? ഞാന്‍ പറഞ്ഞു: ‘അല്ല, അല്ലാഹുവാണ് എന്നെക്കൊണ്ട് ഇത് പറയിപ്പിച്ചത്.
മഹാനായ ഇമാം നവവിയുടെ കുട്ടിക്കാലത്ത് നടന്ന സംഭവമാണ് മേൽ ഉദ്ദരിച്ചത്. ഹിജ്‌റ 631 മുഹർറം മാസത്തിലായിരുന്നു ഇമാം നവവിയുടെ ജനനം. വ്യാപാരിയും സാത്വികനുമായിരുന്ന അദ്ദേഹത്തിന്റെ പിതാവ് അബൂ യഹ്‌യ ശറഫ് അൽമുർരി, മകനെ ഇസ്‌ലാമിക തത്വങ്ങളിൽ വളർത്തുന്നതിൽ അദ്ദേഹം അതീവ തല്പരനുമായിരുന്നു.
ചെറുപ്പം മുതലേ ഇമാം നവവി തന്റെ വലിയ വൈജ്ഞാനിക ഉന്നതിയുടെ അടയാളങ്ങൾ പ്രകടിപ്പിച്ചിരുന്നു. വിനോദങ്ങളിൽ സമയം പാഴാക്കാതെ, അറിവ് നേടുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. അനുസരണയും അച്ചടക്കവും അദ്ദേഹത്തിന് ചെറുപ്പത്തിൽ തന്നെ സമൂഹത്തിൽ വലിയ ബഹുമാനം നേടിക്കൊടുത്തു.
പുത്രന്റെ അസാധാരണമായ ആത്മീയ ഉൾക്കാഴ്ച മനസ്സിലാക്കാൻ പിതാവിന് ഏറെ കാലം വേണ്ടിവന്നില്ല. ഏഴാം വയസ്സിൽ, പിതാവിനോടൊപ്പം ഉറങ്ങുമ്പോൾ, അദ്ദേഹം അർദ്ധരാത്രി പിതാവിനെ ഉണർത്തി, വീടാകെ നിറഞ്ഞുനിൽക്കുന്ന ഒരു തിളക്കമുള്ള പ്രകാശത്തെക്കുറിച്ച് അന്വേഷിച്ചു. വീട്ടുകാരെ മുഴുവൻ വിളിച്ചുണർത്തിയിട്ടും, അദ്ദേഹം കണ്ട പ്രകാശം മറ്റാർക്കും കാണാൻ കഴിഞ്ഞില്ല. ഈ ഗഹനമായ അനുഭവം റമദാൻ 27-ാം രാവിലായിരുന്നു നടന്നത്. തന്റെ മകൻ ലൈലത്തുൽ ഖദ്റിന്റെ അനുഗ്രഹീത പ്രകാശമാണ് കണ്ടതെന്ന് പിതാവ് ശറഫ് ഇതിനെ വ്യാഖ്യാനിച്ചു. ഇത് തന്റെ മകന്റെ ഉന്നതമായ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് ഉറപ്പുനൽകിയ മറ്റൊരു സംഭവമായിരുന്നു.
ഡമസ്കസിലേക്കുള്ള യാത്രയും പ്രാഥമിക പഠനവും
ഹിജ്‌റ 649-ൽ, 19-ാം വയസ്സില്‍, സ്വദേശമായ നവയിൽ പഠന സൗകര്യങ്ങൾ കുറവായിരുന്നതിനാല്‍, ഉപരിപഠനാര്‍ത്ഥം പിതാവ് മകനെ ഡമസ്‌കസിലേക്ക് കൊണ്ടുപോയി. അന്ന് ഇസ്‍ലാമിക വിജ്ഞാനത്തിന്റെ മുഖ്യകേന്ദ്രവും പണ്ഡിതന്മാരുടെയും പാഠശാലകളുടെയും വറ്റാത്ത ഉറവിടമായിരുന്നു ഡമസ്‌കസ്. വ്യത്യസ്ത വിഷയങ്ങളില്‍ പ്രഗത്ഭരായ പണ്ഡിതര്‍ നേതൃത്വം നല്‍കുന്ന മുന്നൂറിലേറെ വൈജ്ഞാനിക കേന്ദ്രങ്ങള്‍ അന്നവിടെയുണ്ടായിരുന്നു. നവായില്‍ നിന്ന് ഡമസ്‌കസിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. പക്ഷേ വിജ്ഞാന കുതുകിയായ പുത്രനും സര്‍വ പിന്തുണയും നല്‍കി കൂടെ നില്‍ക്കാന്‍ തയ്യാറായ പിതാവിനും ആ ദുരിത യാത്ര ഒട്ടും വിഷമകരമായി തോന്നിയതേയില്ല.
ഡമസ്കസിൽ പ്രസിദ്ധമായ അമവീ മസ്ജിദിലെ ഖത്വീബായിരുന്ന ജമാലുദ്ദീന്‍ അബ്ദുല്‍ കാഫിയെ സമീപിച്ചപ്പോൾ അദ്ദേഹം നവവി(റ)യെ താജുദ്ദീനില്‍ ഫസാറി(റ)യുടെ സദസ്സിലെത്തിച്ചു. എന്നാൽ അൽപകാലത്തിന് ശേഷം താമസ സൗകര്യമില്ലാത്തതിനാല്‍ ഇമാം പ്രയാസപ്പെടുകയും ഉസ്താദ് അദ്ദേഹത്തെ അബൂ ഇബ്‌റാഹിം ഇസ്ഹാഖ് അല്‍മഗ്‌രിബി(റ)യെ സമീപിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. അങ്ങനെയാണ് ഇമാം മദ്‌റസതുര്‍റവാഹിയ്യ എന്നറിയപ്പെടുന്ന വൈജ്ഞാനിക കേന്ദ്രത്തിലെത്തുന്നത്. അമവീ മസ്ജിദിനോട് ചേര്‍ന്നായിരുന്നു ഈ സ്ഥാപനം.
നവവി ഇമാമിന്റെ പ്രധാന ശിഷ്യനായ ഇബ്‌നുൽ അത്താർ പറയുന്നു: ശൈഖ് പറയുകയുണ്ടായി, 'മദ്‌റസത്തുർറവാഹിയ്യയിൽ ഏകദേശം രണ്ട് വർഷത്തോളം ഞാൻ ഉറങ്ങാനായി പോലും കിടക്കാതെ പഠനത്തിൽ മുഴുകി. എന്റെ ഭക്ഷണം മദ്‌റസയിലെ റേഷൻ മാത്രമായിരുന്നു, മറ്റൊന്നും എനിക്കുണ്ടായിരുന്നില്ല. നാലര മാസത്തിനുള്ളിൽ ഞാൻ 'അത്തൻബീഹ്' മനഃപാഠമാക്കി, ബാക്കിയുള്ള വർഷത്തിൽ 'അൽ-മുഹദ്ദബി'ന്റെ നാലിലൊരു ഭാഗവും ഹൃദിസ്ഥമാക്കി.'
ഇമാം തുടർന്ന് പറയുന്നു: 'എന്റെ ശൈഖ്, ഇമാമും സൂക്ഷ്മശാലിയായ പണ്ഡിതനുമായ അബൂ ഇബ്രാഹിം ഇസ്ഹാഖ് ബിൻ അഹ്മദ് ബിൻ ഉസ്മാൻ അൽമഗ്‌രിബി അൽശാഫിഈയുടെ അടുത്ത് ഞാൻ പഠിച്ചു. അദ്ദേഹത്തോടൊപ്പം ഞാൻ നിരന്തരമായി കഴിഞ്ഞു കൂടുകയും, എന്റെ പഠനത്തോടുള്ള താല്പര്യവും കൃത്യനിഷ്ഠയും ജനങ്ങളുമായി അധികം ഇടപെഴകാത്ത സ്വഭാവവും കണ്ട് അദ്ദേഹത്തിന് എന്നിൽ മതിപ്പ് തോന്നുകയും ചെയ്തു. അദ്ദേഹം എന്നെ അതിയായി സ്നേഹിക്കുകയും, അദ്ദേഹത്തിന്റെ ക്ലാസ്സിൽ ഭൂരിഭാഗ വിദ്യാർത്ഥികൾക്കും പാഠങ്ങൾ ആവർത്തിച്ച് പഠിപ്പിക്കുന്ന ചുമതല എന്നെ ഏൽപ്പിക്കുകയും ചെയ്തു.'
ഇമാം രാത്രിയോ പകലോ സമയം പാഴാക്കിയിരുന്നില്ല. പകരം, ലഭ്യമായ സമയമെല്ലാം വിദ്യ നേടുന്നതിനായി മാത്രം വിനിയോഗിച്ചു. വഴിയിലൂടെ പോകുമ്പോഴും വരുമ്പോഴും പോലും അദ്ദേഹം മനഃപാഠമാക്കിയത് ആവർത്തിച്ചോ പുസ്തകങ്ങൾ വായിച്ചോ പഠനത്തിൽ മുഴുകി. ഈ രീതിയിൽ ഏകദേശം ആറ് വർഷത്തോളം അദ്ദേഹം അറിവ് നേടുന്നതിൽ തുടർന്നു. ഇത് അദ്ദേഹത്തിന്റെ പ്രധാന ശിഷ്യൻ ഇബ്‌നു അത്താർ തന്റെ ഗ്രന്ഥമായ 'തുഹ്ഫത്തു ത്വാലിബീൻ'ൽ രേഖപ്പെടുത്തുന്നുണ്ട്.
ഹജ്ജ് യാത്ര: ത്യാഗനിർഭരമായ തീർത്ഥാടനം
ഡമസ്‌കസിലെത്തി രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍, 21-ാം വയസ്സില്‍ പിതാവിനൊപ്പം ഹജ്ജിന് പുറപ്പെട്ടു. ഹിജ്‌റ 651 റജബ് ആദ്യത്തിലായിരുന്നു യാത്ര. മദീനയില്‍ ഒന്നര മാസം താമസിച്ചു. അക്കാലത്തെ ഹജ്ജ് യാത്ര എത്രയധികം ക്ലേശകരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അതോടൊപ്പം യാത്രാരംഭത്തില്‍ തുടങ്ങിയ പനി അറഫാ ദിനം വരെ നീണ്ടു നില്‍ക്കുകയും ചെയ്തു. അതില്‍ അവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയോ അക്ഷമരാവുകയോ ചെയ്തില്ല. ആ പരീക്ഷണ ഘട്ടം ക്ഷമാപൂര്‍വം നേരിട്ടു. ഹജ്ജ് കഴിഞ്ഞ് ജന്മദേശത്തേക്ക് വന്നെങ്കിലും തുടര്‍ പഠനത്തിനായി ഡമസ്‌കസിലേക്ക് തന്നെ പോയി.
അദ്ദേഹത്തിന്റെ പിതാവ് പറയുന്നു: "ഹജ്ജ് കഴിഞ്ഞ് ഞങ്ങൾ നവായിൽ തിരിച്ചെത്തിയ ഉടൻ അവൻ ഡമസ്കസിലേക്ക് പോയി. അല്ലാഹു അദ്ദേഹത്തിന് ധാരാളമായി അനുഗ്രഹങ്ങൾ ചൊരിഞ്ഞു. അദ്ദേഹം നിരന്തരം വിജ്ഞാനത്തിൽ മുഴുകുകയും തന്റെ ശൈഖ് അബൂ ഇബ്രാഹിം ഇസ്ഹാഖിനെ ആരാധനയിലും, നമസ്കാരത്തിലും, തുടർച്ചയായ നോമ്പിലും, സൂക്ഷ്മതയിലും പിന്തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെ ശൈഖ് മരണപ്പെട്ടപ്പോൾ അദ്ദേഹം വിജ്ഞാനത്തിലും കർമ്മങ്ങളിലും കൂടുതൽ മുഴുകുകയും മറ്റൊരു ഹജ്ജ് നിർവഹിക്കുകയും ചെയ്തു." (തുഹ്ഫത്തു ത്വാലിബീൻ / ഇമാം ഇബ്നുല്‍ അത്താര്‍ (റ) :43 ആം പേജ് )
പഠനരീതിയും ഗുരുവര്യന്മാരും
ഇമാം പറയുന്നു: "ഞാൻ എല്ലാ ദിവസവും മഹാനായ ഗുരുക്കന്മാരുടെ അടുത്ത് നിന്ന് 12 പാഠങ്ങൾ പഠിച്ചിരുന്നു. ഇമാം ഗസ്സാലി(റ)യുടെ ഫിഖ്ഹ് ഗ്രന്ഥമായ വസ്വീത്വില്‍ നിന്ന് രണ്ട് പാഠങ്ങളും, ഇമാം ശീറാസി(റ)യുടെ കർമ്മശാസ്ത്ര ഗ്രന്ഥമായ അൽമുഹദ്ദബ്, ഹാഫിള് അബൂ അബ്ദില്ലാഹിൽ അൻദുലൂസി(റ)യുടെ ഹദീസ് കിതാബായ അൽജംഉ ബൈനസ്സ്വഹീഹൈനി, സ്വഹീഹ് മുസ്‌ലിം, ഇബ്നു ജിന്നി(റ)യുടെ വ്യാകരണ ഗ്രന്ഥമായ ലുമഅ്, ഇബ്നുസ്സക്കീത്ത്(റ)യുടെ സാഹിത്യ കൃതിയായ ഇസ്വ്‌ലാഹുൽ മൻത്വിഖ്, ഇൽമുസ്സ്വർഫ് (ഭാഷാശാസ്ത്രം), ഉസ്വൂലുൽ ഫിഖ്ഹ് (കർമ്മശാസ്ത്ര നിദാനങ്ങൾ), അസ്മാഉരിജാൽ (ഹദീസ് നിവേദക ചരിത്രം), ഉസ്വൂലുദ്ദീൻ (വിശ്വാസകാര്യങ്ങൾ) എന്നിവകളിൽ നിന്ന് ഓരോ പാഠവുമായിരുന്നു ദിവസവും പഠിച്ചിരുന്നത്."
പ്രധാന ഗുരുവായ അബൂഇബ്‌റാഹീം ഇസ്ഹാഖില്‍ മഗ്‌രിബി(റ) ഇമാം നവവി(റ)യെ നന്നായി സ്വാധീനിച്ചിരുന്നു. പഠനത്തിലും ആത്മീയതയിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉതകുന്നതായിരുന്നു ഗുരുവിന്റെ പെരുമാറ്റം. നിസ്‌കാരത്തിന്റെയും സ്ഥിരമായ നോമ്പിന്റെയും കാര്യത്തിലും പരിത്യാഗത്തിലും സൂക്ഷ്മതയിലും സമയം നഷ്ടപ്പെടുത്താതിരിക്കുന്നതിലുമെല്ലാം ഉസ്താദായിരുന്നു ഇമാമിന്റെ മാതൃക. ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വ്യത്യസ്ത ഗുരുനാഥന്മാരില്‍ നിന്നാണ് ഓരോ വിജ്ഞാനവും ആര്‍ജിച്ചത്. (അവരിൽ പ്രധാനികളെ താഴെ കൊടുക്കുന്നു)
- മുഹമ്മദ് ഇബ്നു അഹമ്മദ് അൽമഖ്ദിസി
- ഇസ്മായിൽ ഇബ്നു ഇബ്രാഹിം ഇബ്നു അബി അൽയുസ്ർ
- അഹമ്മദ് ഇബ്നു അബ്ദുദ്ദാഇം
- ഖാലിദ് അൽനാബുൽസി
- അബ്ദുൽഅസീസ് അൽഹമവി അൽഅൻസാരി
- അൽഹസൻ ഇബ്നു മുഹമ്മദ് അൽബകരി
- അബ്ദുൽകരീം ഇബ്നു അബ്ദുൽസമദ്
- അബ്ദുൽറഹ്മാൻ അൽഅൻബാരി
രാപകല്‍ വ്യത്യാസമന്യേ, സ്വന്തം ശരീരത്തിന്റെ സുഖസൗകര്യങ്ങള്‍ അവഗണിച്ചുള്ള പഠനമായിരുന്നു ഇമാമിന്റേത്. ക്ലാസുകള്‍ കേട്ടും എഴുതിയും പാരായണം ചെയ്തും ഗുരുവര്യരെ തേടി സഞ്ചരിച്ചുമാണ് ജീവിതകാലം മൊത്തം ചെലവഴിച്ചത്. വിജ്ഞാനത്തെ ആഴത്തിൽ പ്രണയിച്ചപ്പോൾ പിന്നീട് വൈവാഹിക ജീവിതത്തെ കുറിച്ച് പോലും ആലോചിച്ചില്ല. വിവാഹത്തിന്റെ മഹത്ത്വം നന്നായി അറിയുന്ന, അതേപറ്റി രചന നടത്തിയ അദ്ദേഹം പക്ഷേ, വിജ്ഞാന പ്രണയത്തില്‍ വിവാഹം പോലും മറന്നു പോയി എന്നാണ് പണ്ഡിതര്‍ പറയുന്നത്. വിവാഹത്തെ പറ്റി ഇമാമിനോട് ചോദിച്ചപ്പോള്‍: ‘ഒരു സുന്നത്തിലൂടെ ഒരുപാട് ഹറാമുണ്ടാവലിനെ ഞാന്‍ ഭയക്കുന്നു’ എന്നായിരുന്നുവത്രെ മറുപടി.
ഇമാമിന്റെ സവിശേഷ ജീവിതം
വളരെ ലളിതമായ ജീവിതമായിരുന്നു ഇമാം നയിച്ചത്. ഭൗതിക ലോകത്തെ യാതൊരുവിധ സന്തോഷവും അദ്ദേഹം ആഗ്രഹിച്ചില്ല. ആകെ ഒരു തലപ്പാവും നീളക്കുപ്പായവുമാണ് ഉണ്ടായിരുന്നത്. നവയിൽ നിന്ന് പിതാവ് അയക്കുന്ന റൊട്ടിയും ഒലീവ് എണ്ണയുമല്ലാതെ മറ്റൊന്നും ഭക്ഷിച്ചിരുന്നില്ല. പിതാവിൽ നിന്ന് ലഭിക്കുന്നത് അനുവദനീയമായ മാർഗങ്ങളിലൂടെ സമ്പാദിച്ചതാണെന്ന ഉറപ്പുള്ളത് കൊണ്ടായിരുന്നു ഇമാം അത് മാത്രം ഭക്ഷിച്ചിരുന്നത്.
മുഴുവൻ സമയവും പഠനത്തിനായി മാറ്റിവെച്ച ഇമാം ഉറങ്ങാൻ പോലും താത്പര്യപ്പെട്ടിരുന്നില്ല. "ഉറക്കം ശരീരത്തെ അപ്പാടെ കീഴടക്കുമ്പോൾ കിതാബിലേക്ക് ചായും, പെട്ടെന്ന് തന്നെ ഞെട്ടിയുണരുകയും ചെയ്യും" തന്റെ ഉറക്കിനെ കുറിച്ച് പണ്ഡിതൻ ബദറുദ്ധീൻ ഇബ്നു ജമാഅ ചോദിച്ചപ്പോൾ ഇമാം ഇങ്ങനെയാണ് പ്രതികരിച്ചത്.
അദ്ദേഹം അധികം ചിരിക്കാറുണ്ടായിരുന്നില്ല, വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നില്ല, കയ്പേറിയതാണെങ്കിൽ പോലും സത്യം മാത്രമേ പറയുമായിരുന്നുള്ളൂ. അല്ലാഹുവിന്റെ കാര്യത്തിൽ ആരുടെയും ആക്ഷേപം അദ്ദേഹം ഭയപ്പെട്ടില്ല. പരിത്യാഗം, ഭയഭക്തി, എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സവിശേഷ ഗുണങ്ങൾ.
അദ്ദേഹം രാവും പകലും ഒരു നേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അതും ഇശാ നിസ്കാരത്തിന് ശേഷം. ആരുടെ പക്കൽ നിന്നും ഒന്നും സ്വീകരിക്കുമായിരുന്നില്ല. രാജാക്കൻമാരെയും മറ്റു ജനങ്ങളെയും നമകൊണ്ട് ഉപദേശിക്കുകയും തിന്മ കൊണ്ട് വിരോധിക്കുകയും ചെയ്യുമായിരുന്നു.
ഇമാമിന്റെ ശിഷ്യനായ ഇബ്ൻ അത്താർ പറയുന്നു ."എന്റെ പ്രിയ സുഹൃത്ത് അബൂ അബ്ദുല്ല മുഹമ്മദ് ഇബ്നു അബിൽ ഫത്ഹ് അൽബഅ്‍ലി അൽഹംബലി, ശൈഖ് ജീവിച്ചിരുന്ന കാലത്ത് എന്നോട് പറഞ്ഞു: "ഒരു ദിവസം, പാതിരാത്രിയിൽ ഞാൻ ദമസ്കസിലെ ഉമയ്യദ് പള്ളിയിലുണ്ടായിരുന്നു. ആ സമയത്ത് ശൈഖ് ഇരുട്ടിൽ ഒരു തൂണിനടുത്ത് നിന്ന് നമസ്കരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹം അല്ലാഹുവിന്റെ വചനമായ, ("അവരെ നിർത്തൂ, തീർച്ചയായും അവർ ചോദ്യം ചെയ്യപ്പെടുന്നവരാണ്- ഖുർആൻ 37:24) ദുഃഖത്തോടും ഭയഭക്തിയോടും കൂടി ആവർത്തിച്ച് ചൊല്ലിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു." വിനയത്തിന്റെയും പരിത്യാഗത്തിന്റെയും ഉദാത്ത പ്രതീകമായിരുന്നു മഹാനവർകൾ.
ബഹുമുഖ പണ്ഡിതൻ
ഇമാം നവവി(റ)യുടെ ജ്ഞാനത്തിന്റെ ആഴവും അദ്ദേഹത്തിന്റെ ബഹുമുഖ മേഖലകളിലുള്ള പ്രവീണവും ചരിത്രഗ്രന്ഥങ്ങളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കർമ്മശാസ്ത്രത്തിലും ഹദീസ് വിജ്ഞാനീയത്തിലും അദ്ദേഹത്തിന്റെ അറിവ് അഗാധമായിരുന്നു. ആ വിജ്ഞാനം സമൂഹത്തിന് പകർന്നു നൽകുന്നതിൽ അദ്ദേഹം വിജയം കൈവരിക്കുകയും ചെയ്തു. ഫഖീഹ് (കർമ്മശാസ്ത്രജ്ഞൻ) എന്നും മുഹദ്ദിസ് (ഹദീസ് പണ്ഡിതൻ) എന്നും വിശേഷിപ്പിക്കാൻ തക്കവിധം, ഈ രണ്ട് മേഖലകളിലും അദ്ദേഹത്തിന്റെ പാണ്ഡിത്യവും സംഭാവനകളും സമാനതകളില്ലാത്തതാണ്.
രണ്ടാം ശാഫിഈ എന്ന വിളിപ്പേരുള്ള ഇമാം നവവി തന്റെ കാലഘട്ടത്തിലെ മുഖ്യ കർമ്മശാസ്ത്ര പണ്ഡിതനായിരുന്നു. ഇബ്നു കസീർ(റ) പറയുന്നു: ഇമാം നവവി(റ) മദ്ഹബിന്റെ ശൈഖും ആ കാലത്തെ കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ നേതാവുമായിരുന്നു (അൽ മൻഹലുൽ അദബ്). ആദ്യ ഗുരു ഇമാം ഇസ്ഹാഖുല്‍ മഗ്‌രിബി(റ), ഡമസ്‌കസിലെ മുഫ്തിയായിരുന്ന അബ്ദുര്‍റഹ്മാനുബ്‌നു നൂഹ്, മുഫ്തി അബൂഹഫ്‌സ് ഉമറുബ്‌നു അസ്അദര്‍റബഈ, അബുല്‍ ഹസനുബ്‌നു സല്ലാര്‍(റ) എന്നിവരായിരുന്നു ഇമാമിന്റെ കര്‍മശാസ്ത്രത്തിലെ പ്രധാന ഗുരുവര്യർ.
അതേസമയം ഹദീസിലും ഉസൂലുൽ ഫിഖ്‌ഹിലും ഭാഷാ വിജ്ഞാനത്തിലും നിപുണനായിരുന്നു മഹാൻ. ശൈഖ് അബൂഇസ്ഹാഖില്‍ മുറാദി അല്‍ ഉന്‍ദുലുസി, അബുല്‍ ബഖാഅ് ഖാലിദുന്നാബല്‍സി തുടങ്ങിയവരില്‍ നിന്നായിരുന്നു ഇമാം പ്രധാനമായും ഹദീസ് വിജ്ഞാനം നുകർന്നത്.
രചനകളും ശിഷ്യഗണങ്ങളും
ഹി. 663–664 ലാണ് ഇമാം രചനാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഇസ്‍ലാമിക ചരിത്രത്തിലെ നിർണ്ണായകമായ പല ഗ്രന്ഥങ്ങളുടെയും ക്രോഡീകരണം പൂർത്തീകരിക്കാൻ മഹാനവർകൾക്ക് സാധിച്ചു. അദ്ദേഹത്തിന്റെ അതുല്യ ഗ്രന്ഥമായ അൽമജ്മൂഅ് ഒമ്പത് വാള്യങ്ങളുള്ള ബ്രഹദ് ഗ്രന്ഥമാണ്. പക്ഷേ, അതിന്റെ രചന പൂർത്തീകരിക്കുന്നതിന് മുമ്പ് അദ്ദേഹം വഫാത്തായി. വഫാത്തിന് ശേഷം തഖിയുദ്ധീൻ സുബ്കിയാണ് ഗ്രന്ഥം പൂർത്തീകരിച്ചത്.
ഫിഖ്‌ഹിലും ഹദീസിലും മറ്റുമായി അദ്ദേഹം പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ചിലത് നോക്കാം.
- രിയാളു സ്വാലിഹീൻ
- അൽ മിൻഹാജ് ബി ശർഹി സ്വഹീഹ് മുസ്‌ലിം
- അൽ മജ്മൂഅ് ശർഹുൽമുഹദ്ദബ്
- മിൻഹാജുത്വാലിബീൻ
- തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്
- തഖ്‌രീബ് അൽ തൈസീർ
- അർബഈനന്നവവി
- കിതാബ് അൽഅദ്കാർ
- ശർഹു സുനനി അബീ ദാവൂദ്
- ശർഹു സ്വഹീഹിൽ ബുഖാരി
- മുഖ്തസ്വറു തിർമിദി
- ത്വബഖാതു ശാഫിഇയ്യ
- റൗളതു ത്വാലിബീൻ
- ബുസ്താനുൽ ആരിഫീൻ
ഇമാം തന്റെ 24 ആം വയസ്സിൽ അഷ്റഫിയ കോളേജിൽ അധ്യാപനം ആരംഭിച്ചു. പ്രഗൽഭ പണ്ഡിതനെന്ന സൽപ്പേര് അന്നേ ഇമാം നവവിയെ തേടിയെത്തിയിരുന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക് നാനാഭാഗത്ത് നിന്നും വിദ്യാർഥികൾ ഒഴുകിയെത്തിക്കൊണ്ടിരുന്നു.
അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ശിഷ്യന്മാരെ ചുവടെ കൊടുക്കുന്നു.
- ഇബ്ൻ അത്വാർ
- ജമാലുദ്ദീൻ മിസ്സി
- അബൂ റബീഅ് അൽ ഹാശിമി
- ബദ്ർ മുഹമ്മദ് ബ്നു ജമാഅ
- അബൂ അബ്ബാസ് ഇബ്നു ഫറാഅ
ഇമാം നവവി(റ)യുടെ കറാമത്തുകൾ
ഇമാം നവവി(റ)യുടെ ജീവിതത്തിൽ ഉണ്ടായ ചില അത്ഭുതകരമായ സംഭവങ്ങൾ കൂടി നോക്കാം.
- അസുഖം ഭേദമാക്കൽ - ഇബ്ൻ അത്വാർ(റ) പറയുന്നു: അബുൽ ഹസൻ(റ) ഒരിക്കൽ എന്നോട് പറയുകയുണ്ടായി: "എന്റെ കാലിന് സന്ധിവാതം പിടിപെട്ട് ഞാൻ കിടപ്പിലായിരുന്നു. ഈ വിവരമറിഞ്ഞ ശൈഖ് നവവി എന്നെ സന്ദർശിക്കാൻ വന്നു. അദ്ദേഹം എന്നോട് ക്ഷമയെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും വിശദമായി സംസാരിച്ചു. അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്ന ഓരോ നിമിഷവും എന്റെ വേദന കുറഞ്ഞുവന്നു. ഒടുവിൽ എന്റെ രോഗം പൂർണ്ണമായും ഭേദമായി."
- ഇമാമിന്റെ കൈ പ്രകാശിക്കൽ - ഇമാം ഖൽയൂബി(റ) പറയുന്നു: ഒരിക്കൽ മഹാനവർകൾ ഗ്രന്ഥരചനയിൽ മുഴുകിയിരിക്കുമ്പോൾ വിളക്ക് കെട്ടുപോയി. ആ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ കൈകൾ പ്രകാശിക്കുകയും, ആ വെളിച്ചത്തിൽ അദ്ദേഹം ഗ്രന്ഥരചന പൂർത്തിയാക്കുകയും ചെയ്തു.
ശിഷ്യൻ ഇബ്നുല്‍അത്ത്വാർ പറയുന്നു: ഒരിക്കൽ ശൈഖ് എന്നോട് ഇപ്രകാരം പറഞ്ഞു: ഞാൻ റവാഹിയ്യയിൽ ആയിരിക്കെ ഒരിക്കല്‍ എനിക്ക് രോഗം പിടിപെട്ടു. ഒരു രാത്രി ഞാൻ മദ്രസയുടെ കിഴക്ക് ഭാഗത്ത് കിടക്കുകയായിരുന്നു. എന്റെ പിതാവും സഹോദരങ്ങളും ബന്ധുക്കളുമെല്ലാം എന്റെ അരികിൽ ഉറങ്ങുന്നുണ്ട്. അപ്പോൾ, എന്റെ റബ്ബ് എന്റെ രോഗം മാറ്റി, എനിക്ക് ഉന്മേഷം ലഭിച്ചു. എന്റെ മനസ്സ് ദിക്ർ ചൊല്ലാൻ അതിയായി ആഗ്രഹിച്ചു. അങ്ങനെ ഞാൻ ദിക്ർ ചൊല്ലാൻ തുടങ്ങി. ഞാൻ ഉറക്കെയും പതിയെയും ദിക്ർ ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ, നല്ല ഭംഗിയുള്ള ഒരു വൃദ്ധൻ ഹൗളിനരികിൽ നിന്ന് വുളൂഅ് എടുക്കുന്നത് ഞാൻ കണ്ടു. അദ്ദേഹം വുളൂഅ് ചെയ്ത് കഴിഞ്ഞപ്പോൾ എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു: "മോനേ , നീ അല്ലാഹുവിനെ ഓർത്ത് നിന്റെ പിതാവിനും സഹോദരങ്ങൾക്കും കുടുംബക്കാർക്കും ഈ മദ്രസയിലുള്ള മറ്റുള്ളവർക്കും ശല്യമുണ്ടാക്കരുത്." ഞാൻ ചോദിച്ചു: "ഷെയ്ഖ്, നിങ്ങളാരാണ്.
അദ്ദേഹം പറഞ്ഞു: "ഞാൻ നിന്റെ ഒരു നല്ല ഉപദേശകനെന്ന് കരുതിക്കോളൂ, കൂടുതലൊന്നും അറിയേണ്ട." എന്റെ മനസ്സിൽ അത് ഇബ്ലീസാണെന്ന് തോന്നി. അപ്പോൾ ഞാൻ പറഞ്ഞു: "ശപിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു." ഈ ദിക്ർ ഞാൻ ശബ്ദം ഉയർത്തി ചൊല്ലിയപ്പോൾ, അയാൾ തിരിഞ്ഞ് മദ്രസയുടെ വാതിലിനടുത്തേക്ക് വേഗത്തിൽ നടന്നു. എൻ്റെ ശബ്ദം കേട്ട് എന്റെ പിതാവും മറ്റുള്ളവരും ഉണർന്നു. ഞാൻ മദ്രസയുടെ വാതിൽക്കൽ ചെന്ന് നോക്കിയപ്പോൾ അത് പഴയ പോലെ തന്നെ ഭദ്രമായി അടച്ചിരുന്നു. അവിടെ പരിശോധിച്ചപ്പോഴും, അവിടെ ഉണ്ടായിരുന്നവരല്ലാതെ മറ്റാരെയും കണ്ടില്ല. എന്റെ ചെയ്തി കണ്ട എന്റെ പിതാവ് എന്നോട് ചോദിച്ചു: "യഹ്‌യ! നിനക്കെന്തുപറ്റി?" ഞാൻ നടന്നതെല്ലാം അവരോട് പറഞ്ഞു. അവർക്കെല്ലാം അത്ഭുതമായി, അപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് ദിക്റും തസ്ബീഹും ചൊല്ലി.
നവവി(റ)വും സുൽത്താൻ ദാഹിറും
സത്യം വിളിച്ച് പറയുന്നതിൽ ലവലേശം പോലും ഭയമില്ലാത്തവരായിരുന്നു ഇമാം നവവി(റ). ഒരു പണ്ഡിതനെന്നതിലുപരി സഹാനുഭൂതിയുടെയും സഹവർത്തിത്തത്തിന്റെയും ഉത്തമ മാതൃകയായിരുന്നു മഹാനവർകൾ. അദ്ദേഹം പല ഭരണാധികാരികൾക്കും നന്മ ഉപദേശിച്ച് കൊണ്ട് കത്തെഴുതിയിരുന്നു. മഹാൻ ജീവിച്ചിരുന്നത് സുൽത്താൻ ദാഹിറിന്റെ ഭരണകാലത്തായിരുന്നു. ദാഹിർ വലിയ യോദ്ധാവായിരുന്നു. എന്നിരുന്നാലും, ഭരണാധികാരികൾക്ക് തെറ്റുകൾ സംഭവിക്കുമ്പോൾ അവരെ തിരുത്തേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണെന്ന് ഇമാം നവവി ഉറച്ചുവിശ്വസിച്ചു. മുഖം നോക്കാതെ സത്യം പറയാൻ അദ്ദേഹം ധൈര്യം കാണിച്ചു. ദമസ്കസിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി, അമിത നികുതി കുറയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഇമാം നവവി സുൽത്താന് പലതവണ കത്തുകളെഴുതി. ഈ കത്തുകളിൽ മറ്റ് പണ്ഡിതന്മാരും ഒപ്പുവെച്ച് അദ്ദേഹത്തിന് പിന്തുണ നൽകി. "മതം ഗുണകാംക്ഷയാണ്)" എന്ന നബിവചനത്തിൽ അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു. മഴ കുറഞ്ഞതിനാലും വില കുതിച്ചുയർന്നതിനാലും കൃഷി നശിച്ചതിനാലും കന്നുകാലികൾ ചത്തൊടുങ്ങിയതിനാലും സിറിയൻ ജനത അനുഭവിച്ച ദുരിതങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഭരണാധികാരികൾ ജനങ്ങളോട് ദയ കാണിക്കേണ്ടതിന്റെയും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടതിന്റെയും പ്രാധാന്യം ഖുർആന്‍ സൂക്തങ്ങളും ഹദീസുകളും ഉദ്ധരിച്ച് അദ്ദേഹം സുൽത്താനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
ദാഹിർ ജനങ്ങളിൽ നിന്ന് വലിയതോതിൽ നികുതി ഈടാക്കിയിരുന്നു. ജിഹാദിന്റെ പേരിൽ അധിക നികുതി ചുമത്തിയ സുൽത്താന്റെ നിലപാടിനെ ഇമാം നവവി ശക്തമായി എതിർത്തു. ജിഹാദ് ഫർള് കിഫായ ആണെന്നും, ബൈത്തുൽമാൽ സമ്പന്നമായിരിക്കുമ്പോൾ ജനങ്ങളിൽ നിന്ന് ഒന്നും എടുക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടക്ക് സുൽത്താൻ ദാഹിർ ഇമാമിനോട് യുദ്ധത്തിനായി ജനങ്ങളിൽ നിന്ന് അധിക നികുതി ഈടാക്കുന്നതിന് അനുകൂലമായി ഫത്‍വ ആവശ്യപ്പെട്ടു. എന്നാൽ ഇമാം അതിനെ ശക്തമായി തന്നെ എതിർക്കുകയും കത്തുകൾ അയക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ദാഹിർ ഇമാമിനെ ഭീഷണിപ്പെടുത്തുകയും ഡമസ്ക്കസ്സിൽ നിന്നും നാട് കടത്തുകയും ഇമാം തന്റെ ജന്മനാടായ നവയിലേക്ക് തിരിച്ചുപോകുകയും ചെയ്തു. എന്നാൽ പണ്ഡിത സമൂഹത്തെ സംബന്ധിച്ച് ഇമാമില്ലാത്ത ഡമസ്കസ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവർ ഒന്നടങ്കം അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സുൽത്താൻ ഡമസ്കസിൽ ഉണ്ടെങ്കിൽ അങ്ങോട്ട് വരില്ലെന്നായിരുന്നു നിലപാട്. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ ദാഹിർ മരണമടയുകയും ഇമാം വീണ്ടും ഡമസ്കസിൽ എത്തുകയും ചെയ്തു.
നവവി ഇമാമിന്റെ വഫാത്ത്
പണ്ഡിത ലോകത്ത് ഏറെ ആദരിക്കപ്പെട്ട ഇമാം നവവി, ഹിജ്റ 676-ലെ ഒരു രാത്രി തന്റെ ജന്മനാടായ നവായിൽ വെച്ച് ഈ ലോകത്തോട് വിടപറഞ്ഞു. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ അവിടെ ഖബറടക്കി. വഫാത്തിന് തൊട്ടുമുമ്പ്, അദ്ദേഹം ജറുസലേമിലേക്കും ഹെബ്രോണിലേക്കും (അൽഖലീൽ) ഒരു ആത്മീയ യാത്ര നടത്തിയിരുന്നു. തനിക്ക് ഒരു ദൈവിക ദർശനത്തിലൂടെയാണ് യാത്ര ചെയ്യാനുള്ള അനുവാദം ലഭിച്ചതെന്ന് അദ്ദേഹം തന്റെ പ്രിയപ്പെട്ട കൂട്ടുകാരനോട് സ്വകാര്യമായി പറഞ്ഞിരുന്നു. പുറപ്പെടുന്നതിന് മുമ്പ്, തന്റെ ഗുരുനാഥന്മാരുടെ ഖബറിടങ്ങൾ സന്ദർശിക്കുകയും ജീവിച്ചിരിക്കുന്ന കൂട്ടുകാരായ ശൈഖ് യൂസുഫ് അൽഫുകഹാ, ശൈഖ് മുഹമ്മദ് അൽഇഖ്മീമീ, ശൈഖ് ഷംസുദ്ദീൻ ഇബ്നു അബൂഉമർ പോലെയുള്ളവരോട് യാത്ര പറയുകയും ചെയ്തിരുന്നു. അൽപകാലം മുമ്പ് ദരിദ്രരായ രണ്ടാളുകൾ ഇമാമിന് കൂജയും യാത്രാവസ്ത്രവും സമ്മാനിച്ചിരുന്നു. ഇതിനെ ഇമാം തന്റെ റബ്ബ് തന്നെ തിരികെ വിളിക്കുന്നു എന്നൊരു സൂചനയായി കണ്ടിരുന്നു എന്നതാണ് ചരിത്രം. പുണ്യയാത്ര കഴിഞ്ഞ് നവായിൽ തിരിച്ചെത്തിയ ശേഷം, തന്റെ പിതാവിന്റെ വീട്ടിൽ വെച്ച് അദ്ദേഹം രോഗബാധിതനാകുകയും ഏതാനും ദിവസങ്ങൾക്കകം ഇഹലോകവാസം വെടിയുകയും ചെയ്തു.
കേവലം നാല്പത്തഞ്ച് വർഷത്തിനിടയിൽ വിജ്ഞാന ലോകത്തിന് നിസ്തുലമായ സംഭാവനകളാണ് ഇമാം നവവി(റ) നല്കിയത്. നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഇന്നും വിജ്ഞാനലോകത്ത് അദ്ദേഹം നല്കിയ സംഭാവനകളെല്ലാം നിറഞ്ഞ് നില്ക്കുകയാണ്. ഇമാം നവവി ഇപ്പോഴും ജീവിക്കുന്നുവെന്നും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആയുസ്സ് ഇനിയും തിട്ടപ്പെടുത്താനായിട്ടില്ലെന്നതും പല പണ്ഡിതരും പറയുന്നതും അത് കൊണ്ട് തന്നെ. ആ മഹാനോടൊപ്പം അല്ലാഹു നമ്മെയും അവന്റെ സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ച് കൂട്ടുമാറാവട്ടെ, ആമീന്‍.
References
* تحفة الطالبين في ترجمة الإمام محي الدين - ഇബ്ൻ അത്താർ (റ)
* المنهل العذب الروي في ترجمة قطب الأولياء النووي - ഇമാം സഖാവി (റ)
* طبقات الشافعية الكبرى - തഖിയുദ്ധീൻ സുബ്കി (റ)
ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് ലേഖകന്‍. ഇസ്‌ലാമിക പണ്ഡിതരുടെ ജീവിത പഠനങ്ങളാണ് താല്പര്യവിഷയം.
4 Comments
-
-
-
-
ഇമാം നവവി رحمه الله യുടെ ജീവിതം വളരെ മനോഹരമായി ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്നു. ലേഖകന്‍ അഭിനന്ദനങ്ങൾ. എളുപ്പം വായിക്കാവുന്ന രീതിയിൽ, ആരും മനസ്സിലാക്കുന്ന ഭാഷയിൽ തന്നെ ഇത് എഴുതിയിരിക്കുന്നു. അറിവിനും ദീനീ പഠനത്തിനും ഇമാമിന്റെ സമർപ്പണം മനസിലാക്കാൻ ഈ ലേഖനം വളരെ ഉപകാരപ്രദമാണ്. ഇത്തരത്തിൽ കൂടുതൽ ലേഖനങ്ങൾ എഴുതാൻ സാധിക്കട്ടെ
Leave A Comment