റബീഅ് - ഹൃദയ വസന്തം,  02.ശമാഇല്‍, ഒരു വിജ്ഞാന ശാഖയായി വളര്‍ന്ന ശരീരപ്രകൃതി

ഇസ്‍ലാമിക വിജ്ഞാനീയങ്ങളിലെ ഒരു പ്രത്യേക ശാഖയാണ് ശമാഇല്‍. സ്വഭാവം, ശരീര പ്രകൃതി എന്നെല്ലാമാണ് ഈ അറബി പദം അര്‍ത്ഥമാക്കുന്നത്. ഇസ്‍ലാമിക വിജ്ഞാന ലോകത്ത് പ്രവാചകരുടെ ശരീര പ്രകൃതി വിശദീകരിക്കുന്ന വിജ്ഞാന ശാഖയാണ് ഇത്.
പ്രവാചകരുടെ ബാഹ്യവും ആന്തരികവുമായ വിശേഷണങ്ങളാണ് ഈ വിജ്ഞാന ശാഖയുടെ പ്രതിപാദ്യവിഷയം. പ്രവാചകരുടെ ഖല്‍ഖും (ശരീരവിശേഷങ്ങള്‍) ഖുലുഖും (സ്വഭാവവിശേഷങ്ങള്‍) ആണ് ഇതില്‍ കടുന്നവരുന്നത്. ആയിരത്തിലേറെ ഗ്രന്ഥങ്ങളാണ്, ഇവ വിശദീകരിച്ചും അവകളുടെ അധികവ്യാഖ്യാനങ്ങളും വിശദീകരണങ്ങളുമായി ഈ മേഖലയില്‍ രചിക്കപ്പെട്ടിട്ടുള്ളത്. പ്രവാചകരുടെ നിറം, ശരീരത്തിന്റെയും അവയവങ്ങളുടെയും അളവുകളും വിശേഷണങ്ങളും മുതല്‍, തലയിലെയും താടിയിലെയും രോമങ്ങളുടെ വിശേഷങ്ങളും അവയുടെ എണ്ണവും വരെ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അവിടത്തെ നടത്തവും ഇരുത്തവുമെല്ലാം ഇതില്‍ കടന്നുവരുന്നു. ലജ്ജ, ധൈര്യം, സ്ഥൈര്യം, അഭിമാന ബോധം, സുഗന്ധസ്നേഹം തുടങ്ങി സമ്പൂര്‍ണ്ണതയുടെ വിശേഷണങ്ങള്‍ ഒന്നൊഴിയാതെ നമുക്കവിടെ സവിസ്തരം കാണാനാവുന്നു.

Read More: നബിതങ്ങളുടെ ശരീരപ്രകൃതി- രണ്ട്
ലോകത്ത് ഇത്രമാത്രം അതിസൂക്ഷ്മമായി വായിക്കപ്പെട്ട, പരിചയപ്പെട്ട വേറൊരു നേതാവും ഇല്ല തന്നെ. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ഒപ്പിയെടുത്ത് ക്രോഡീകരിക്കപ്പെട്ട്, കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ സംശയങ്ങള്‍ക്കോ ഇടം കൊടുക്കാതെ, തലമുറകള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടതിന് പുറമെയാണ് ശരീര പ്രകൃതവും സ്വഭാവവിശേഷങ്ങളും മാത്രം ചര്‍ച്ച ചെയ്യുന്ന ഒരു വിജ്ഞാന ശാഖ തന്നെ വളര്‍ന്നുവന്നത്. 
അവിടത്തെ വാക്കുകളും പ്രവൃത്തികളും അടങ്ങുന്ന ഹദീസുകള്‍ നിവേദനം ചെയ്യുന്നതിലും ഉദ്ധരിക്കുന്നതിലും കാണിക്കുന്ന അതേ സൂക്ഷ്മത ഈ മേഖലയിലും സൂക്ഷിക്കുകയും ചെയ്തിരിക്കുന്നു. അത് കൊണ്ട് തന്നെ, അവയെല്ലാം പൂര്‍ണ്ണമായും വിശ്വാസ യോഗ്യമാണെന്ന് നിസ്സംശയം പറയാം.
അഥവാ, എല്ലാം കൃത്യമായി സംവിധാനിക്കപ്പെട്ടതായിരുന്നു ആ ജീവിതം എന്ന് പറയാം. ആ തിരുജീവിതം നേരിട്ട് കാണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത, അവസാന കാലം വരെ വരുന്നവര്‍ക്കെല്ലാം അവിടത്തെ അറിയേണ്ടതുണ്ട്. അതിനായി നിയോഗിച്ചയച്ച പ്രപഞ്ച നാഥന്‍ തന്നെ അവ രേഖപ്പെടുത്താനുള്ള സംവിധാനങ്ങള്‍ കൂടി ഒരുക്കി എന്ന് വേണം മനസ്സിലാക്കാന്‍... അറിയാം നമുക്കാ വ്യക്തിത്വത്തെ... സ്നേഹിക്കാം ആ പ്രവാചകരെ...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter