റബീഅ് - ഹൃദയ വസന്തം 01. പതിനാല് നൂറ്റാണ്ട് മുമ്പ് കടന്നുപോയ ഒരു ജീവിതം, ഇന്നും ചെലുത്തുന്ന സ്വാധീനം

അന്ത്യപ്രവാചകരായ മുഹമ്മദ് നബി(സ്വ)യുടെ 1498-ാം ജന്മദിനമാണ് ഈ റബീഉല്‍ അവ്വലില്‍ സമാഗതമാവുന്നത്. ഒന്നര സഹസ്രാബ്ദം കടന്ന് കഴിയുമ്പോഴും, ലോകം ഇത്രമേല്‍ ഓര്‍ക്കുന്ന വേറൊരു നേതാവ് അതിന് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ലെന്നത് അവിതര്‍ക്കിതമാണ്. മുസ്‍ലിംകളും അമുസ്‍ലിംകളുമായ, വിശ്വാസികളും അവിശ്വാസികളുമായ, ഈശ്വരവാദികളും നിരീശ്വരരുമായ, അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായ എല്ലാവര്‍ക്കും ആ നാമം സുപരിചിതമാണ്. പതിനാല് നൂറ്റാണ്ട് മുമ്പ് ഭൂമിയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു എന്ന് അറിയാത്തവരായി ഭൂലോകത്ത് തന്നെ ആരുമുണ്ടാവില്ലെന്ന് പറഞ്ഞാല്‍ പോലും അതിശയോക്തിയാവില്ല എന്നര്‍ത്ഥം. 
ആ നാമവും ജീവിതവും പരിചിതമാണെന്ന് മാത്രമല്ല, ലോകത്തിന്റെ നാനാദിക്കുകളിലായി, ലോകജനസംഖ്യയുടെ ഏകദേശം നാലിലൊന്ന് ആളുകള്‍ ഇന്നും ആ നേതാവിന്റെ അനുയായികളാണ്. അറേബ്യയില്‍ തുടക്കം കുറിച്ച ആ സന്ദേശം ഇന്ന് രാജ്യാതിര്‍ത്തികളും ഭൂഖണ്ഡങ്ങളും ഭേദിച്ച് ജപ്പാന്‍ മുതല്‍ അലാസ്ക വരെ വ്യാപിച്ച് കിടക്കുന്നു. ആ മതവും വിശ്വാസവും സ്വീകരിച്ചിട്ടില്ലെങ്കില്‍ പോലും മാതൃകായോഗ്യനായ ഒരു നേതാവെന്ന നിലയില്‍ ആ പ്രവാചകരെ ഉള്‍ക്കൊള്ളുകയും സ്നേഹിക്കുകയും ചെയ്യുന്ന അനേകം പേര്‍ വേറെയും. 

Read More: നബിതങ്ങളുടെ ശരീരപ്രകൃതി- ഭാഗം ഒന്ന്
ആ പ്രവാചകന്റെ മുഖഛായ എങ്ങനെയായിരുന്നു എന്ന് പോലും അറിയാതെയാണ് ഇത്രയും വലിയ അനുയായി വൃന്ദം രൂപപ്പെട്ടിരിക്കുന്നത് എന്നത് അതിലേറെ അല്ഭുതമാണ്. ഫേസ് ബുക് പേജോ ഇന്സ്റ്റഗ്രാം അക്കൗണ്ടോ ട്വിറ്റര്‍ ഹാന്റിലോ ഒന്നുമില്ലാതെ തന്നെ, ആ തിരുവദനം എങ്ങനെയായിരുന്നു എന്ന് കാണിക്കുന്ന ഒരു ചിത്രം പോലുമില്ലാതെ, 1.8 ബില്യണ്‍ ഫോളോവേഴ്സ് എന്ന് പറയാം. 
ഓര്‍ത്തുനോക്കിയാല്‍ അല്‍ഭുതം തന്നെ. ഒരു സാധാരണ മനുഷ്യനേതാവിന്റെ ജീവിതനേട്ടമായി നമുക്കിതിനെ കാണാനാവില്ല. കാരണം, അങ്ങനെയെങ്കില്‍ പ്രസ്തുത നേട്ടങ്ങളില്‍ തൊട്ടടുത്തെങ്കിലും നില്ക്കുന്ന വേറെയും നേതാക്കളുണ്ടാവേണ്ടിയിരുന്നു.
അവസാനം വരെ വരാനിരിക്കുന്ന മനുഷ്യകുലത്തിന് മുഴുവന്‍ മാതൃകയെന്നോണം പടച്ച തമ്പുരാന്‍ നിയോഗിച്ച അവസാന പ്രവാചകരായിരുന്നു ആ തിരുജന്മമെന്ന് വിശ്വസിക്കുന്നതും അത് കൊണ്ട് തന്നെ. അറിയാം നമുക്കാ വ്യക്തിത്വത്തെ... സ്നേഹിക്കാം ആ പ്രവാചകരെ...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter