റബീഅ് - ഹൃദയ വസന്തം 04. ജനനത്തില്‍ തുടങ്ങുന്ന അല്‍ഭുതങ്ങള്‍
പ്രവാചകരുടെ തിരുജന്മം തന്നെ അല്‍ഭുതങ്ങളാല്‍ നിറഞ്ഞതായിരുന്നു. ഒരു സാധാരണ കുഞ്ഞല്ല ഈ ജനിക്കുന്നതെന്ന് അതോടെ തന്നെ പലര്‍ക്കും ബോധ്യമായിരുന്നു. ഗര്‍ഭം ധരിച്ച മാതാവിനായിരുന്നു അത് ആദ്യമായി ബോധ്യമായതെന്ന് പറയാം. സാധാരണ ഗര്‍ഭധാരണത്തിലുണ്ടാവുന്നത് പോലുള്ള വേദനകളോ പ്രയാസങ്ങളോ ഒന്നുമറിഞ്ഞില്ലെന്ന് മാത്രമല്ല, ഇടക്കിടെ സന്തോഷദായകമായ സ്വപ്നങ്ങളും വിശേഷങ്ങളും അനുഭവിച്ചിരുന്നുവെന്ന് ആമിനാബീവി തന്നെ പറയുന്നതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്.
പിതാവായ അബ്ദുല്ലായില്‍ തന്നെ അതിന്റെ അടയാളങ്ങള്‍ പ്രകടമായിരുന്നുവത്രെ. സംസം കിണറിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അബ്ദുല്‍മുത്ത്വലിബ് നടത്തിയ നേര്‍ച്ച പ്രകാരം ബലിയര്‍പ്പിക്കപ്പെടാന്‍ നറുക്ക് വീണത് പിതാവ് അബ്ദുല്ലക്കായിരുന്നു. പക്ഷേ, അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. അബ്ദുല്‍മുത്ത്വലിബിന്റെ മനസ്സ് മാറിയതും പകരം നൂറ് ഒട്ടകങ്ങളെ ബലിദാനം നടത്തുന്നതുമെല്ലാം ഈ അല്‍ഭുതജനനത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. അബ്ദുല്ലായുടെ മുഖത്ത് നിന്ന് തന്നെ ആ പ്രകാശത്തിന്റെ സാന്നിധ്യം പലരും വായിച്ചെടുത്തിരുന്നുവത്രെ. ഈ പുരുഷനില്‍നിന്ന് മഹാനായ ഒരു കുഞ്ഞ് ജനിക്കാനുണ്ടെന്ന് മനസ്സിലാക്കിയ ചില സ്ത്രീകള്‍ അദ്ദേഹത്തോട് വിവാഹാഭ്യാര്‍ത്ഥന നടത്തിയിരുന്നതായും ചരിത്രത്തില്‍ കാണാം. ആമിനാബീവിയെ വിവാഹം കഴിച്ച് അവര്‍ ഗര്‍ഭവതിയായതോടെ അബ്ദുല്ലായില്‍നിന്ന് ആ പ്രകാശം നീങ്ങിയതായും മുമ്പ് വിവാഹാലോചനയുമായി വന്നിരുന്ന ചിലര്‍ അതോടെ അത് നിരസിച്ചതും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
ആകാശത്ത് അഹ്മദ് നക്ഷത്രം ഉദിച്ചതില്‍നിന്ന് തന്നെ ആ ജന്മം മദീനയിലെ ജുതപണ്ഡിതരടക്കം പലരും വായിച്ചെടുത്തതായി ചരിത്രത്തില്‍ കാണാം. യസ്‍രിബിലെ ഒരു കോട്ടക്ക് മുകളില്‍ കയറി, അവിടെയുണ്ടായിരുന്ന ജൂതന്മാരെയെല്ലാം വിളിച്ച് വരുത്തി അവരോട് ഇക്കാര്യം അറിയിച്ച ഒരു ജൂതവിശ്വാസിയുടെ സംഭവം ഹദീസുകളില്‍ തന്നെ കാണാം. സിറിയയിലെ പല പുരോഹിതരും അവിടെയെത്തിയ മക്കക്കാരായ കച്ചവടക്കാരോട്, നിങ്ങളുടെ നാട്ടില്‍ ഒരു തിരുജന്മം നടന്നിരിക്കുന്നുവല്ലോ എന്ന് പറഞ്ഞതായും കാണാവുന്നതാണ്.
തിരുപ്പിറവിയുടെ സമയം ലോകം പല അല്‍ഭുതങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതായും പറയപ്പെടുന്നുണ്ട്. ബഹുദൈവാരാധകരുടെ ബിംബങ്ങള്‍ കീഴ്മേല്‍ മറിഞ്ഞതും സാവ തടാകം വറ്റി വരണ്ടതും അഗ്നിയാരാധകരുടെ അഗ്നി കുണ്ഡം അണഞ്ഞതുമെല്ലാം ഇത്തരത്തില്‍ പറയപ്പെടുന്നവയാണ്.
അഥവാ, ആ ജനനം തന്നെ അല്‍ഭുതകരമായിരുന്നു എന്നര്‍ത്ഥം. അന്ധകാരം തുടച്ച് നീക്കാനായി നിയോഗിക്കപ്പെട്ട ആ തിരുജീവിതത്തിന്റെ തുടക്കം അങ്ങനെ ആവാതിരിക്കാന്‍ വഴിയില്ലല്ലോ. അറിയാം നമുക്കാ വ്യക്തിത്വത്തെ... സ്നേഹിക്കാം ആ പ്രവാചകരെ...
Leave A Comment