ആഇശത്തുൽ ബാഊനിയ്യ: തിരുപ്രണയത്തിന്റെ പെൺകാവ്യ ലോകം

ആധ്യാത്മികതയും പാണ്ഡിത്യവും ഒത്തിണങ്ങിയ പ്രവാചകാനുരാഗത്തിന്റെ പെണ്ണെഴുത്തുകാരിയാണ് ആഇശത്തുൽ ബാഊനിയ്യ. പണ്ഡിതരാലും സാഹിത്യപടുക്കളാലും സമ്പന്നമായ ഒരു കുടുംബത്തിലാണ് ഹിജ്റ 805-ൽ കിഴക്കൻ ജോർദാനിലെ സ്വാലിഹിയ്യയിൽ മഹതി ജനിക്കുന്നത്. പണ്ഡിത, അധ്യാപിക, ഗ്രന്ഥകാരി എന്നീ മേഖലകളിലെല്ലാം പ്രതിഷ്ട നേടിയ ഇവർ ആത്മീയ ലോകത്തും പാരമ്യതയിലെത്തിയിരുന്നു. പിതാവ് അബുൽ മഹാസിൻ യുസുഫ് ബ്നു അഹ്മദൽ മഖ്ദിസി അശ്ശാഫിഈ (ഹി.880) ഡമസ്കസിലും അലപ്പോയിലും ട്രിപ്പോളിയിലും ഖാളി സ്ഥാനം വഹിച്ചിരുന്നു. സഹോദരൻ ബഹാഉദ്ദീൻ മുഹമ്മദ് അൽ ബാഊനി (ഹി.916) ചരിത്രഗ്രന്ഥങ്ങളും കവിതകളും രചിച്ച പണ്ഡിതനാണ്. പിതൃസഹോദരന്മാരും പ്രമുഖ പണ്ഡിതന്മാരുടെ കൂട്ടത്തിൽ പെട്ടവരായിരുന്നു. അതിനാൽ തന്നെ പിതാവിന്റെ അധ്യാപനത്തിലൂടെ ഒരു മുസ്‍ലിം വനിതക്കു എത്രത്തോളം വൈജ്ഞാനിക സേവനം സാധ്യമാകുമെന്നതിന്റെ ഒരു മികച്ച ഉദാഹരണമായി കൂടി മഹതി മാറി.

തിരുനബിയോടുള്ള അഗാധമായ അനുരാഗത്തിന്റെ തീവ്രത സ്വർണ്ണ ലിപികളാൽ ഉല്ലേഖനം ചെയ്ത ഇവർ ഇമാം ബൂസ്വീരി, ഇമാം സ്വർസ്വാരി, അബ്ദു റഹീമിൽ ബർഈ തുടങ്ങിയവരുടെ ശ്രേണിയിൽ വരുന്ന അനുരാഗകവയത്രിയാണ്. അതിന് നിലമൊരുക്കിയത് പഠിച്ചറിഞ്ഞ കാര്യങ്ങളും കുടുംബസാഹചര്യങ്ങളുമാണ്. ഡമസ്കസിൽ പിതാവിനൊപ്പമാണ് ചെറുപ്പവും യൗവ്വനവും കഴിഞ്ഞത്. കുടുംബത്തിന്റെ പരിചരണവും പരിശീലനവും വൈജ്ഞാനികവും സാഹിതീയവുമായ പുരോഗതിക്ക് നിമിത്തമായി. ഭൗതികലോകത്തും നിറഞ്ഞ സാന്നിധ്യമായിരുന്ന അവരുടെ അഞ്ഞൂറാം വാര്‍ഷികം, 2006-7 ൽ യുനസ്കോ പോലും ആചരിച്ചിരുന്നു. വ്യത്യസ്തമായ അടയാളപ്പെടുത്തലുകൾ സാധ്യമാക്കിയ 64 പ്രമുഖരെ ആചരിച്ച കൂട്ടത്തിലായിരുന്നു അവരും ഇടം പിടിച്ചത്.
 

കാവ്യലോകത്തെ തന്റെ അടയാളപ്പെടുത്തലുകളെ കവിതകളിൽ ചിലതിന്റെ ആമുഖങ്ങളിൽ തന്നെ വിശദീകരിക്കുന്നുണ്ട്. പ്രവാചക പ്രണയത്തിന്റെ ആഴവും പരപ്പും ആവാഹിച്ചെടുത്ത ആത്മീയപ്രഭയും അഭിലാഷങ്ങളും അവരുടെ വരികളിൽ പ്രകടമാണ്. പ്രവാചകാപദാനത്തിന്റെ ഉന്നതതലങ്ങളിൽ സ്പർശിച്ച ഓരോ വാക്കുകൾക്കും ഒരു ആശിഖിന്റെ ഭാവം കാണാം. ഒരു സ്ത്രീയെന്ന നിലക്ക്, പൂര്‍ണ്ണമായും മതകീയമായ ജീവിതം നയിച്ചതോടൊപ്പം ലോകത്തോളം വളരാനും മഹതിക്കായി.

കവനകൗശലത്തിന്റെ വർണവൈവിധ്യത്തിൽ പ്രവാചകസ്നേഹം പ്രസാദിതമായതാണ് ഇബ്നു ഹാശിമിനെയും ഇബ്നു ഇസ്ഹാഖിനെയും പോലുള്ള ധൈഷണികരെക്കാൾ സാധാരണക്കാർക്കു വരെ ബുർദ ചിരപരിചിതമായതിന്റെ നിദാനം. അത്തരമൊരു അനുരാഗത്തിന്റെ തോളിലേറിയാണ് ആഇശ ബാഊനിയ്യയും തന്റെ തൂലിക ചലിപ്പിച്ചത്. ഡമസ്കസിലും കൈറോയിലുമാണ് വളരെക്കാലം അവർ കഴിച്ചു കൂട്ടിയത്. പിതാവ് ഡമസ്കസിലെ ഖാളിയായിരുന്നപ്പോഴായിരുന്നു അവിടത്തെ വാസം. ശേഷം കൈറോയിലേക്കു താമസം മാറി. പിന്നീട് കാലങ്ങൾക്കു ശേഷം ഡമസ്കസിൽ തിരിച്ചെത്തുകയും അവിടെ വെച്ച് വഫാത്താകുകയും ചെയ്തു. 

അവരുടെ ജീവിതത്തില്‍ പല ആധ്യാത്മിക ജ്ഞാനികളുടെയും ജീവിതപാഠങ്ങൾ സ്വാധീനം ചൊലുത്തിയതായി കാണാം. റാബിഅത്തുൽ അദവിയ്യ, ഇബ്നു ഫാരിള്, സുഹ്റവർദി(റ) തുടങ്ങിയവർ ഇതിൽ പെടും. തിരുനബി(സ)യാണ് കവയത്രിയുടെ പ്രേമഭാജനം. അവിടുത്തെ പ്രശംസിക്കാനാവുന്നത് മഹാ സൗഭാഗ്യമായി അവർ കരുതുന്നു. 'അൽ ഖൗലുസ്സ്വഹീഹ് ഫീ തഖ്മീസി ബുർദത്തിൽ മദീഹ്' എന്ന പ്രകീർത്തന കാവ്യം അലങ്കാരശാസ്ത്രത്തെ മനോഹരമായി ഉപയോഗിച്ച വരികളാൽ സമ്പുഷ്ടമാണ്. 'അൽ ഫത്ഹുൽ മുബീൻ' എന്ന പേരിൽ പിൽകാലത്ത് രചിച്ച മറ്റൊരു തിരുകീർത്തനം ഏറെ സുന്ദരമാണ്.'ഫുതൂഹുൽ ഹഖ് ഫീ മദ്ഹി സയ്യിദിൽ ഖൽഖ്' എന്ന കവിത 170 വരികളിലൂടെ തിരുപ്രണയത്തെ അടയാളപ്പെടുത്തുന്ന കാവ്യരചനയാണ്. നിരവധി കവിതകളിലൂടെ തന്റെ പ്രേമഭാജനത്തോടുള്ള അടങ്ങാത്ത കീർത്തന പ്രവാഹമാണ് മഹതി തുറന്നു വെച്ചിരിക്കുന്നത്.

'അൽ മൗലിദുൽ അഹ്താ ഫിൽ മൗരിദിൽ അസ്നാ' എന്ന ഗദ്യ-പദ്യ സമ്മിശ്രമായ ഗ്രന്ഥം രചിച്ചതും ആഇശ ബാഊനിയ്യയാണ്. മദ്ഹും സ്നേഹവും ചരിത്രവും തിരുവിശേഷവർണനയുമെല്ലാം ഇടകലർത്തിയുള്ള അവതരണം അതിനെ വേറിട്ടു നിറുത്തുന്നു.

മുഹമ്മദ്(സ)യുടെ പ്രഭ സഞ്ചരിച്ചു.
ഉന്നതശ്രേഷ്ട ഗുണങ്ങളിണങ്ങിയ വിശുദ്ധരിലൂടെ
ചന്ദ്രൻ ഭ്രമണപഥത്തിൽ ചരിക്കും പോൽ
തിരുമാതാവിലതു നിറശോഭയിൽ പ്രകടമായ്
അവിഹിതങ്ങളിൽ നിന്നു പ്രമിതാക്കൾ വിശുദ്ധരായ്
സംശുദ്ധരും സമ്പൂർണരുമായവിടുന്ന് ജാതരായ്...

മഹതി ഓരോ വരികളും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നെടുത്ത് കുറിച്ചതായി തോന്നുന്ന വശ്യതയാർന്ന പ്രേമാഭിലാഷമാണ് ഇതിലും സമാനമായ വരികളിലുമെല്ലാം പ്രകടമാവുന്നത്. ആസ്വാദനമർഹിക്കുന്ന കാവ്യശീലുകളാണ് ആഇശ ബാഊനിയ്യയുടെ തൂലികയിലൂടെ വിരിഞ്ഞത്. റസൂലിനെ സ്നേഹിച്ചും പ്രേമിച്ചും ജീവിതം കഴിച്ച മഹതി ജനമനസ്സുകളില്‍ ഇന്നും സ്മരിക്കപ്പെടുകയും ജീവിക്കുകയുമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter