തർബിയ്യത്തിന്റെ ആദ്യചുവടുകൾ തുടങ്ങേണ്ടത്...

മക്കൾ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളാണ്. അവർക്ക് തർബിയ്യത്ത് നൽകാൻ ചുമതലപ്പെടുത്തപ്പെട്ടവരാണ് മാതാപിതാക്കൾ. എന്നാൽ നമ്മിൽ പലരും ഇതിൽ പരാജയപ്പെട്ടു പോകുന്നു എന്നതാണ് സത്യം. പല മാതാപിതാക്കളും "കുഞ്ഞല്ലേ" എന്ന ചിന്തയിൽ അധികം ശ്രദ്ധ കൊടുക്കാത്ത കാലഘട്ടമാണ് 2 മുതൽ 7 വയസ്സുവരെയുള്ള പ്രായം. ഈ പ്രായത്തിനിടയിലാണ് മക്കളുടെ സ്വഭാവരൂപികരണം സംഭവിക്കുന്നതെന്ന് പലരും തിരിച്ചറിയാറില്ല. ആ കാലഘട്ടത്തിൽ അവരെ സ്വാധീനിക്കുന്ന ഘടകങ്ങൾക്കനുസരിച്ചാണ് ഭാവിയിലെ അവരുടെ വാക്കുകളും പ്രവർത്തികളും പ്രകടമാവുക.

   സാമ്യതയും വ്യത്യസ്ഥതയും തിരിച്ചറിയാൻ ഈ പ്രായത്തിൽ കുട്ടികൾക്ക് ബുദ്ധിമുട്ടാണ്. അളവുകൾക്കും തൂക്കങ്ങൾക്കും അവരുടെ ലോകത്ത് പ്രസക്തിയില്ല. എങ്കിലും അവരുടെ ഓർമ ശക്തിയും ബുദ്ധിശക്തിയും അപാരമാണ്. ഏതാണ്ട് 2 വയസ്സോടെ കുട്ടികൾ അക്ഷരങ്ങൾ ചേർത്ത് വാക്കുകളാക്കാനും, 3 വയസ്സോടെ അവ വാക്യങ്ങളാക്കി ഉപയോഗിക്കുവാനും തുടങ്ങും. ആ കഴിവിനെ പരിപോഷിപ്പിക്കാനുള്ള മാതാപിതാക്കളുടെ കഴിവില്ലായ്മയാണ് പല കുട്ടികളുടെ കാര്യത്തിലും വില്ലനാവുന്നത്. വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങൾ തുടങ്ങേണ്ടത് 3 വയസ്സുമുതലാണ്. അതിന് അഞ്ചും ആറും വയസ്സു വരെ കാത്തിരിക്കുന്നത് വിഢ്ഢിത്തമാണ്. വീടുകളിൽ വെച്ചു തന്നെ മക്കൾക്ക് വിദ്യ പകരാൻ കഴിയണം മാതാപിതാക്കൾക്ക്. തല്ലാതെ  തലോടിയും കഥകളായും പാട്ടുകളായും ആ കുഞ്ഞുമനസ്സുകളിലേക്ക് അറിവിന്റെ ആനന്ദം പകരാൻ കഴിയണം. അല്ലാഹ്, മുഹമ്മദ് ﷺ , അൽഹംദുലില്ലാഹ്, ഇൻഷാഅല്ലാഹ് തുടങ്ങിയ അറബിപദങ്ങൾ അവർക്ക് പരിചയപ്പെടുത്തികൊടുക്കണം. അതവരുടെ നിത്യജീവിതത്തിൽ ഉപയോഗിക്കാനും ശീലിപ്പിക്കണം.

7 വയസ്സായിട്ടും മക്കൾക്ക് എല്ലാം ഒരുക്കി കൊടുക്കുന്ന, അവരെ സ്വന്തമായി ചെയ്യാൻ പരിശീലിപ്പിക്കാത്ത മാതാ പിതാകളുണ്ട്. ജീവിതത്തിൽ സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്തവരായി ഇത്തരം മക്കൾ മാറുന്നു. കുട്ടികളിൽ നിരാശ്രയത്വം വളരുന്ന പ്രായമാണ് 2 മുതൽ 7 വയസ്സുവരെ. അവർ ഒരു നേതാവിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്ന കാലം. ആ സമയത്തവരെ വാർത്തെടുക്കുകയാണ് വേണ്ടത് താഴ്ത്തികെട്ടി തളർത്തുകയല്ല. അവരുടെ പരിമിതികളെ ചൂരൽതുമ്പാലല്ല സ്നേഹത്താൽ പറഞ്ഞു കൊടുക്കണം. അവരുടെ ഭാഷയിൽ ആർദ്രതയോടെ പകർന്നുകൊടുക്കുന്നതൊന്നും ആ കുഞ്ഞുമനം തട്ടുകയില്ലെന്നുള്ള തിരിച്ചറിവാണ് ആദ്യം നമ്മിലുണ്ടാവേണ്ടത്.

 സ്വന്തം ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കുമായിരിക്കും അവർ മറ്റുള്ളവരെക്കാൾ പ്രാധാന്യം കൊടുക്കുക. അത് കൊണ്ടുതന്നെ ഒരു കാര്യത്തെ സ്വന്തം കണ്ണിലൂടെ മാത്രമേ അവർക്ക് കാണാനാകൂ. തന്റെതായി അവർ കാണുന്ന ഒന്നും മറ്റൊരാൾക്ക് നൽകാൻ അവർ സന്നദ്ധരാവുകയില്ല. അതവർ പഠിക്കേണ്ടത് കാതുകളിലൂടെ കേട്ടല്ല. കണ്മുന്നിൽ കണ്ടുകൊണ്ടാണ്. സാഹോദരസ്നേഹവും, പങ്കുവെക്കലുമൊക്കെ കണ്ടുകൊണ്ടവർ മനസ്സിലാക്കണം. അതിനുതകുന്ന ഗൃഹാന്തരീക്ഷം അവർക്കുണ്ടാവണം. ബഹുമാനവും, സത്യസന്ധതയും, വാഗദ ത്തപാലനവുമെല്ലാം കുട്ടികളോടും അതുപോലെ മറ്റുള്ളവരോടും നാം പുലർത്തണം. അത് കണ്ടു വളരുന്ന മക്കളൊ രിക്കലും വഴികേടിലാവില്ല. മാതാപിതാക്കളുടെ കുലീനതയും വിട്ടുവീഴ്ച്ചയും അവർക്ക് മുതൽകൂട്ടാവണം. നമ്മെക്കാൾ താഴ്ന്നവരോട് നാം പെരുമാറുന്നതിനനുസരിച്ചാവും അവർ ഭാവിയിൽ പെരുമാറുക. മാതാപിതാക്കൾ എങ്ങനെയാവണം എന്നാണ് അവർ നമ്മിൽ നിന്ന് പഠിക്കേണ്ടത്, എങ്ങനെയാവരുതെന്നല്ല. മക്കൾക്ക് വേണ്ടി സമ്പാദിക്കുകയും, അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുകയും, അസുഖം വരുമ്പോൾ ശുശ്രൂഷിക്കുകയും ചെയ്യുന്ന സാധാരണ മാതപിതാക്കൾക്കപ്പുറം അവരുടെ ജീവിതത്തിൽ ബഹുമാനർഹമായ സ്ഥാനം നേടിയെടുക്കാനും, ഏത് കാര്യത്തിലും അവർക്കുള്ള ആദർശമാതൃകയാവാനും മാതപിതാക്കൾക്കുകഴിയണം. പഠിച്ചെടുക്കന്നതിനെക്കാൾ പിടിച്ചെടുക്കുന്നവരാണ് ഈ പ്രായത്തിലെ കുട്ടികൾ. അവരുടെ ഉള്ളിൽ കയറുന്നതൊന്നും അത്ര വേഗത്തിൽ മാഞ്ഞുപോകുന്നതുമല്ല. 

  "നഫ്സ്ത്വലബ്" എന്നറിയപ്പെടുന്ന ഈ പ്രായത്തിലെ കുട്ടികൾ എല്ലാം അറിയാൻ ആഗ്രഹിക്കുന്നവരാണ്. കാണുന്നതിലും കേൾക്കുന്നതിലും സംശയം പ്രകടിപ്പിക്കുന്നവർ. അതുകൊണ്ട് തന്നെ ഈമാനിന്റെ യഥാർത്ഥ സത്തയെ നിഷ്കളങ്കമായ കുഞ്ഞുമനസ്സിൽ ഊട്ടിയുറപ്പിക്കാൻ ഏറ്റവും ഉചിതമായ കാലവും ഇതു തന്നെ.  "الامّ مدرسۃ الاوّل" - ഉമ്മയാണ് ആദ്യത്തെ മദ്രസ എന്നതിനപ്പുറം "അവ്വലിനെ"- "ഏകഇലാഹിനെ" പഠിപ്പിക്കുന്ന മദ്രസ എന്നും നമുക്കീ ഹദീസിനെ വായിക്കാം. അവരുടെ ചിന്തകളെയും ചോദ്യങ്ങളെയും ഏകത്വത്തിലേക്ക് നയിക്കാൻ ഉമ്മയാണ് വഴികാട്ടിയാവേണ്ടത്. ഗർഭപാത്രത്തിൽ ഉലൂഹിയത്തും ഉബൂദിയത്തും അനുഭവിച്ചു കഴിയുന്ന കുഞ്ഞ് കാരണങ്ങളുടെ ലോകത്തേക്ക് വരുമ്പോൾ ഏകത്വത്തിൽ നിന്നും നാനാത്വത്തിലേക്ക് വഴി മാറുന്നു. തനിക്ക് പാൽ തരുന്ന മാറിടമാണ് തനിക്ക് ഭക്ഷണം നൽകുന്നതെന്ന ചിന്ത ശൈത്താൻ കുഞ്ഞുങ്ങളിൽ ജനിപ്പിക്കുന്നു. അതു കൊണ്ടാണ് പാൽ കൊടുക്കുന്ന സമയങ്ങളിൽ തഹ്‌ലീലും തസ്ബീഹും വർധിപ്പിക്കാൻ ഉമ്മമാരോട് പറയപ്പെട്ടിട്ടുള്ളത്. അവർ ചൂണ്ടുന്ന ഓരോ വസ്തുവിലും അല്ലാഹുവിനെ കാണിക്കുന്നവളാവണം ഉമ്മ. ശിക്ഷണത്തിൽ പ്രയോഗിക്കുന്ന വാക്കുകളിലും അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട്. "നീ അത് ചെയ്താൽ അള്ളാഹു നരകത്തിലിടും, നിന്നെ തീയിലിട്ട് കരിക്കും " എന്നൊക്കെയുള്ള ശൈലികൾ കുട്ടികളിൽ പ്രയോഗിക്കാതിരിക്കാൻ ശ്രമിക്കണം. അതവരിൽ ക്രൂരനായ ഒരു രാജാവിന്റെ ചിത്രമാണുണ്ടാക്കുക. പകരം  "നീ സത്യം പറഞ്ഞാൽ അള്ളാഹു നിന്നെ ഇഷ്ടപ്പെടും. നിനക്ക് സ്വർഗം കിട്ടും " തുടങ്ങിയ അല്ലാഹുവിന്റെ സ്നേഹവും കാരുണ്യവും പ്രകടമാവുന്ന വാക്കുകളാവണം ഉപയോഗിക്കേണ്ടത്. അവർക്ക് നൽകുന്ന ഓരോ സമ്മാനങ്ങളും അല്ലാഹുവിൽ നിന്നുള്ളതായി പരിചയപ്പെടുത്തണം. അല്ലാഹുവിന്റെ കൂടെ തന്നെ മുഹമ്മദ് നബി ﷺ യേയും അവർക്ക് പരിചിതമാക്കണം. നല്ലത് ചെയ്യുമ്പോൾ അത് റസൂലിന് ഇഷ്ടമുള്ളതാണെന്നും, ഇങ്ങനെയാണ് റസൂൽ ചെയ്തിരുന്നതെന്നുമൊക്കെ സ്നേഹത്താൽ പറയണം. അവരോട് പെരുമാറുമ്പോഴും റസൂലിന്റെ സുന്നത്തുകൾ പാലിച്ചു ചെയ്യാനും അതവരുടെ ഭാഷയിൽ മനസ്സിലാക്കികൊടുക്കാനും ശ്രമിക്കണം. പ്രവാചകർ ﷺ യുടെ കഥകളാവണം അവർ ഉറങ്ങുമ്പോൾ കേൾക്കേണ്ടത്. പാട്ടുകൾക്ക് പകരം ഇമ്പമൂറുന്ന മൗലിദുകളും മദ്ഹുകളും അവരുടെ കാതുകളിൽ മുഴങ്ങണം. ജീവിതത്തിലെ തിരക്കുകളിലേക്ക് കടക്കും മുന്നേ തന്നെ തന്റെ സൗഭാഗ്യങ്ങൾ അവർക്ക് തിരിച്ചറിയാനാവണം. മുസ്ലിമായി ജനിച്ച തന്റെ ദീനിനെ കുറിച്ചു ഭാവിയിൽ സംശയിക്കാതിരിക്കാൻ അതവരെ സഹായിക്കും. ഇബാദത്തുകളിലും മറ്റു സത്കർമ്മങ്ങളിലും നമ്മൾ കാണിക്കുന്ന ഉന്മേഷവും, തൃപ്തിയും, ആഹ്ലാദവുമാവണം അവർ പകർത്തിയെടുക്കേണ്ടത്. "ബാങ്ക് കൊടുത്തു ഇനി നിസ്കരിക്കണമല്ലോ" എന്ന മനോഭാവമാണ് നമ്മളിലുള്ളതെങ്കിൽ അതവരിൽ ദോഷം ചെയ്യുമെന്ന് തിരിച്ചറിയുക.
 അല്ലാഹുവിന്റെ ദീനിനു മുതൽകൂട്ടാവുന്ന സൽസന്താനങ്ങളായി മക്കളെ വളർത്തുവാൻ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ..

സഫ്ഹാന മർയം
ബി എ സൈക്കോളജി 
സൈത്തൂൻ ഇന്റര്‍നാഷണൽ ഗേള്‍സ് കാമ്പസ്, കോട്ടക്കൽ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter