ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ (റ)- മാതാവ് പകര്‍ന്ന കരുത്ത്

ബാഗ്ദാദ് ജുമാമസ്ജിദില്‍ വിശാലമായ ദര്‍സ് നടക്കുകയാണ്. വിജ്ഞാന ദാഹികളായ വലിയൊരു പറ്റം ആളുകള്‍ക്ക്, നാല്‍പത് കഴിഞ്ഞ ഗുരു അറിവ് വിതറിക്കൊണ്ടിരിക്കുന്നു. വിനയവും ഗൌരവവും ഒരു പോലെ നിഴലിക്കുന്ന ആ മുഖം സൂര്യതേജസ്സ് പോലെ തിളങ്ങുകയാണ്. പെട്ടെന്ന്, സദസ്യര്‍ക്കിടയില്‍ നിന്നൊരാള്‍ എഴുന്നേറ്റ് നിന്നു ചോദിച്ചു,  എനിക്കൊരു കാര്യം അറിയാനുണ്ടായിരുന്നു. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണോ അല്ലെയോ, എന്താണ് താങ്കള്‍ എന്ത് പറയുന്നു.
സദസ്യര്‍ എല്ലാവരും അയാളെ നോക്കി. നാളിതു വരെ കേള്‍ക്കാത്തൊരു ചോദ്യമാണ്. ഉസ്താദ് അല്‍പനേരം കണ്ണടച്ചിരുന്നു. പിന്നീട് ശാന്തനായി പറഞ്ഞു. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയല്ല. കാരണം സൃഷ്ടികളെല്ലാം നാശത്തിന് വിധേയമാണ്. ഖുര്‍ആന്‍ നശിക്കുമെന്ന് പറയുന്നത് എങ്ങനെ സഹിക്കാനാകും.
ഉസ്താദ് പറഞ്ഞാല്‍ പിന്നെ അങ്ങനെ തന്നെ. അധിക ശിഷ്യര്‍ക്കും തൃപ്തിയായെങ്കിലും ചിലര്‍ക്ക് സംശയം ബാക്കിനിന്നു. അല്ലാഹു അല്ലാത്തതെല്ലാം അവന്റെ സൃഷ്ടികളല്ലേ. പിന്നെങ്ങനെ ആ മറുപടി ശരിയാകും. മറ്റു ചിലരത് ശരി വെച്ചു. സദസ്സ് ഇളകി രണ്ട് വിഭാഗമായി.
വിഷയം പണ്ഡിതര്‍ക്കിടയില്‍ ചര്‍ച്ചയായി. അവസാനം കാര്യം രാജ സദസ്സിലെത്തി. സൃഷ്ടി വാദികള്‍ രാജാവിനെ വശത്താക്കി. രാജാവ് വിധി പുറപ്പെടീച്ചു. രാജ്യത്തെ എല്ലാ പണ്ഡിതരും വിഷയത്തില്‍ അഭിപ്രായം പറയുക. ഖുര്‍ആന്‍ സൃഷ്ടിയല്ലെന്നു പറയുന്ന പണ്ഡിതന്മാരെല്ലാം ശിക്ഷിക്കപ്പെടട്ടെ.
രാജ വിധിയാണ്. ഭൂരിഭാഗ പണ്ഡിതരും രാജാവിനൊപ്പം നിന്നു. സ്വരക്ഷയില്‍ പേടി തോന്നിയ ചിലര്‍ സത്യമല്ലെന്നറിഞ്ഞിട്ടും നാവ് കൊണ്ട് സൃഷ്ടിയാണെന്ന് പറഞ്ഞു രക്ഷപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ നാനാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി രക്ഷനേടി.  പക്ഷേ, രണ്ട് പേര്‍ മാത്രം അതിനൊന്നും തയ്യാറായില്ല. ഫലം എന്തുതന്നെയായാലും സത്യത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുക തന്നെ ചെയ്തു. അവരിലൊരാള്‍ താമസിയാതെ മരണപ്പെട്ടു, രാജാവിന്‍റെ കിരാത മര്‍ദ്ദനങ്ങളേല്‍ക്കാന്‍ ഒരാള്‍ മാത്രം ബാക്കിയായി. 
അദ്ദേഹത്തെ  കോടതിയില്‍ ഹാജരാക്കി ചോദ്യം ചെയ്തു. തന്റെ വാദത്തില്‍ ഉറച്ചു നിന്ന  അദ്ദേഹത്തെ ചങ്ങലയില്‍ ബന്ധിച്ച് കിരാതമായി പീഢിപ്പിച്ച് ജയിലിലടച്ചു. ഏത് നിമിഷം ഖുര്‍ആന്‍ സൃഷ്ടിയാണെന്നു പറയുന്നുവോ അപ്പോള്‍ മോചിതനാക്കാം എന്ന പ്രലോഭനത്തോടെ. പക്ഷേ, സത്യം മറച്ചു വെക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു, കാരണം അതാണല്ലോ പണ്ഡിതധര്‍മ്മം.
അദ്ദേഹം ജയിലില്‍ തന്നെ തുടര്‍ന്നു. കള്ളന്മാര്‍ക്കും പിടിച്ചു പറിക്കാര്‍ക്കുമൊപ്പം. വൈകാതെ രാജാവ് മരണമടയുകയും ശേഷം പലരും മാറിമാറി ഭരിക്കുകയും ചെയ്തു. നീണ്ട ഇരുപത് സംവത്സരങ്ങള്‍ കഴിഞ്ഞു പോയി. അവസാനം അധികാരമേറ്റ രാജാവ്, ഇത് പണ്ഡിതചര്‍ച്ചകളില്‍ ഒതുങ്ങേണ്ട വിഷയമാണെന്ന് തിരിച്ചറിഞ്ഞ് ആ പണ്ഡിതനെ മോചിതനാക്കി.
ഇരുപത് വര്‍ഷം കഴിഞ്ഞ് പുറത്ത് വന്ന ആ അറുപതുകാരന്‍ ബഗ്ദാദിലെ തന്റെ പള്ളിയിലേക്ക് വീണ്ടും അറിവിന്റെ വെളിച്ചം വിതറാന്‍ നടന്നു പോയി. അപ്പോഴും അവരത് പറയുന്നുണ്ടായിരുന്നു, ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയല്ല. സൃഷ്ടികളെല്ലാം നശിക്കാനുള്ളതാണ്. അല്ലാഹുവിന്റെ കലാം നശിക്കുമെന്ന് പറയാന് എനിക്ക് വയ്യ.
ധീരനായ ഈ ചരിത്ര പുരുഷനാണ് ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ (റ). നേര് പറയാന്‍ നാവ് വിറക്കാത്ത ആ വിജ്ഞാന നിറകുംഭത്തെ അതിന് പ്രാപ്തനാക്കിയത് ഒരു സ്ത്രീയായിരുന്നു എന്ന് നമുക്ക് എത്രപേര്‍ക്കറിയാം. 
അതെ, സ്വഫിയ്യ ബിന്‍ത് മൈമൂന ബിന്‍ത് അബ്ദുല് മാലിക്. ഇമാം അഹ്മദ് ബ്നുഹമ്പല്‍(റ) എന്ന പണ്ഡിത പ്രതിഭയെ ലോകത്തിന് സമര്‍പ്പിച്ചത് ഈ സമര്‍ഥയായ മാതാവായിരുന്നു എന്നതാണ് സത്യം. 
ഹിജ്റ നൂറ്റി അറുപത്തി നാലില്‍ ബഗ്ദാദില്‍ ജനിച്ച ഹമ്പലി ഇമാമിന് തന്റെ മൂന്നാം വയസ്സില്‍ പിതാവ് നഷ്ടപ്പെട്ടു. പിന്നീടങ്ങോട്ട് അദ്ദേഹം വളര്‍ന്നത് മാതാവിന്റെ തണലിലായിരുന്നു, അതിലുപരി ആ മഹതിയുടെ ചിട്ടയാര്‍ന്ന ശിക്ഷണത്തിലായിരുന്നു. 
മാതാവിന്‍റെ ശിക്ഷണമില്ലായിരുന്നെങ്കില്‍ താന്‍ ഉണ്ടാകുമായിരുന്നില്ലെന്ന് ഇമാം അഹ്മദ്(റ) തന്നെ പലവേളകളില്‍ സാക്ഷ്യപ്പെടുത്തിയതായി കാണാം.
ഭര്‍ത്താവ് മരണപ്പെട്ടതോടെ, മൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഈ മകനെയും കൊണ്ട് ഇനി എങ്ങനെ ജീവിക്കുമെന്നാലോചിച്ച് പതറുകയായിരുന്നില്ല ആ മാതാവ്. മറിച്ച്, ആ കുട്ടിയുടെ പിതാവ് കൂടി ആയി അവിടുന്ന് മാറുകയായിരുന്നു പിന്നീടങ്ങോട്ട്. രാത്രി നിസ്കാരവും പകല്‍ നോമ്പുമായി കഴിച്ച് കൂട്ടിയിരുന്ന ആ മാതാവ്, പത്തു വയസ്സായപ്പോഴേക്കും ഖുര്‍‍‍‍ആന്‍ മനപ്പാഠമാക്കാനുള്ള അവസരം മകന് ഒരുക്കിക്കൊടുത്തു. 
ബഗ്ദാദ് നഗരത്തിലായിരുന്നു അവരുടെ താമസം. ഭരണസിരാകേന്ദ്രമെന്നതിനാല്‍ ബഗ്ദാദ് അക്കാലത്തെ ഏറ്റവും പ്രസിദ്ധമായ വിജ്ഞാന നഗരവും അഗ്രേസരരായ പല പണ്ഡിതരുടെയും തട്ടകവുമായിരുന്നു. അവരില്‍നിന്നെല്ലാം അറിവ് നുകരാനുള്ള അവസരം ആ ഉമ്മ മകന്ന് ഒരുക്കിക്കൊടുത്തു. ശേഷം, ഇറാഖിന്‍റെ വിവിധ ഭാഗങ്ങളിലേക്കും അതും കഴിഞ്ഞ് ഹിജാസ്, തിഹാമ, യമന്‍ തുടങ്ങിയ അതിപ്രശസ്ത വിജ്ഞാനകേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത് ആ മാതാവ് തന്നെയായിരുന്നു.
പ്രായോചിതമായ ദീനീ ശിക്ഷണങ്ങള്‍ നല്‍കുന്നിടത്ത് ഒരേ സമയം മാതാവിന്‍റെ സ്നേഹവും പിതാവിന്‍റെ കാര്‍ക്കശ്യവും നമുക്ക് അവരുടെ ചരിത്രത്തില്‍ കാണാനാവുന്നു. അഹ്മദ് ബ്നു ഹമ്പല്‍ (റ) തന്നെ പറയുന്നത് കാണുക: “ബഗ്ദാദിലെ ഏറ്റവും തണുപ്പുള്ള രാത്രികളില്‍ പോലും ഉമ്മ എന്നെ അതിരാവിലെ വിളിച്ചുണര്‍ത്തി വുളു എടുക്കാന്‍ വെള്ളം ചൂടാക്കി തരും. തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ ഉമ്മയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം കൊണ്ട് എന്നെ പുതപ്പിച്ച് പള്ളിയിലേക്ക് നിസ്കരിക്കാന്‍ കൊണ്ടു വിടും. തങ്ങളുടെ വീടിന് വളരെ അകലെയായിരുന്നു പള്ളിയുണ്ടായിരുന്നത്. വഴിയില്‍ പള്ളിയില്‍ പോകുന്ന ആരെയെങ്കിലും കണ്ടാല്‍ അവരോടൊപ്പം പറഞ്ഞുവിടും. ആരെയും കണ്ടില്ലെങ്കില്‍ പള്ളി വരെ ഉമ്മ തന്നെ എന്നെ കൊണ്ടു വിടുമായിരുന്നു”.
ശേഷം മകനെ പള്ളി ദര്‍സിലേക്ക് പറഞ്ഞയക്കുമ്പോഴും നേരമോ കാലമോ പ്രഭാതസമയത്തെ അതിശക്തമായ തണുപ്പോ അവര്‍ക്ക് തടസ്സമായില്ല. കാരണം, ഇല്‍മിനെ അത്രമാത്രം സ്നേഹിക്കുകയും തന്റെ മകനെ ഒരു മതപണ്ഡിതനാക്കണമെന്ന് ആത്മാര്‍ത്ഥമായി സ്വപ്നം കാണുകുയം ചെയ്തിരുന്നു അവര്‍. അതു കൊണ്ടു തന്നെ മകനും ഇല്‍മിനോടുള്ള അഭിനിവേശം മനസ്സില്‍ കൂടികൂടി വന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അറിവു തേടി അകലങ്ങളിലുള്ള വിജ്ഞാന കേന്ദ്രങ്ങളിലേക്ക് മകനെ അയക്കാനും അവര്‍ ധൈര്യം കാണിച്ചു. അന്ന് മകന് പ്രായം വെറും പതിനാറ്, അവരാകട്ടെ കൂട്ടിന് അല്ലാഹുവല്ലാതെ വേറെയാരുമില്ലാത്ത വിധവയും.
ഭൂമിയില്‍ ജനിച്ചു വീഴുന്ന കുട്ടിക്ക് ആദ്യ പ്രചോദനവും മാതൃകയും ഉമ്മ തന്നെയാണ്. അത് തിരിച്ചറിഞ്ഞുള്ള രീതികളാണ് സ്വഫിയ്യ എന്ന ആ മാതാവ് തന്റെ മകനോട് സ്വീകരിച്ചത്. ഭര്‍ത്താവില്ലാഞ്ഞിട്ടും തന്റെ മകനെ പണ്ഡിതനാക്കുക എന്ന മഹത്തരമായ ലക്ഷ്യത്തിനു വേണ്ടി പൊരുതുകയായിരുന്നു അവര്‍. അവസാനം ആ സ്വപ്നം അവര്‍ നേടിയെടുക്കുകയും ചെയ്തു. 
ഉമ്മയുടെ പ്രചോദനവും പ്രേരണയും കൈമുതലാക്കി അഹ്മദ് (റ) പല ദേശങ്ങളും ചുറ്റി. ഹദീസിലും ഫിഖ്ഹിലും ഇസ്‍ലാമിക ചരിത്രത്തിലുമെന്നല്ല അഹ്മദ് (റ) പ്രാവീണ്യം നേടാത്ത വിജ്ഞാന മേഖലകള്‍ ഇല്ലെന്ന് തന്നെ പറയാം. കൂടെ, ആ വിജ്ഞാനം തന്നിലര്‍പ്പിച്ച ഉത്തരവാദിത്തത്തെകുറിച്ചും അവിടുന്ന് തികച്ചും ബോധ്യവാനായിരുന്നു. 
അറിവു തേടി മതി വരാത്ത അവര്‍ വിവാഹം കഴിച്ചതു പോലും നാല്‍പതാം വയസ്സിലായിരുന്നു. തന്റെ ഉമ്മ ജീവിച്ചിരുന്നത് കൊണ്ടാണ് നാല്‍പതാം വയസ്സു വരെ കല്യാണം കഴിക്കാതിരുന്നതെന്നും ചില ഉദ്ധരണികളില്‍ കാണാം.
എല്ലാം നേടി ലോകത്തിന്‍റെ നെറുകയിലെത്തിയിട്ടും ജീവിതത്തിന്‍റെ അവസാന ദിവസങ്ങളില്‍ പോലും അദ്ദേഹം മാതാവിനെ കുറിച്ച് ഓര്‍ക്കാത്ത ദിവസമുണ്ടായിരുന്നില്ല. എഴുപതാം വയസ്സിലും സുബ്ഹി നിസ്കാരത്തിന് വേണ്ടി പള്ളിയില്‍ പോകുമ്പോള്‍, അല്ലാഹു എന്‍റെ ഉമ്മാക്ക് കരുണ വര്‍ഷിക്കട്ടെ, ഉമ്മയെ ഓര്‍ക്കാതെ എനിക്ക് സുബ്ഹിക്ക് പള്ളിയില്‍ പോവാനാവില്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നുവത്രെ.
നാല് മദ്ഹബുകളിലൊന്നിന്‍റെ ഇമാമായി അവര്‍ ഇന്നും ലോകത്ത് അനുധാവനം ചെയ്യപ്പെടുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മുസ്‍ലിം ലോകം ഇന്നും ഖുര്‍ആന്‍സൃഷ്ടി വിവാദത്തില്‍ അവിടുന്ന് പുലര്‍ത്തിയ ആ ധീരസമീപനത്തിന് മുന്നില്‍, സര്‍വ്വോപരി ആ ധര്‍മ്മനിര്‍വ്വഹണത്തിന് മുന്നില്‍ കൈകൂപ്പി നില്‍ക്കുകയാണ്.
സ്വഫിയ്യ എന്ന മാതാവിന്റെ വേരില്‍ നിന്ന് വെള്ളവും വളവും സ്വീകരിച്ച് കരുത്താര്‍ജിച്ച ആ മഹാനെ നമുക്ക് സ്മരിക്കാം, ഒപ്പം എല്ലാറ്റിനും കാരണക്കാരിയായ സമര്‍ഥയായ ആ മാതാവിനെയും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter