സകരിയ്യ അൽ അൻസ്വാരി: സാത്വികനായ പണ്ഡിത പ്രതിഭ
ഇസ് ലാമിക ലോകം ദർശിച്ച വലിയ പണ്ഡിതനും സ്വൂഫിവര്യനുമാണ് മഹാനായ സകരിയ അൽ അൻസ്വാരി (റ). അബൂ യഹ് യ സകരിയ്യ ബ്നു മുഹമ്മദ് അൽ അൻസ്വാരി എന്നാണ് പൂർണ്ണ നാമം. ഒരു നൂറ്റാണ്ട് കാലത്തെ അനുഗ്രഹീത ജീവിതം കൊണ്ട് അനേകം അമൂല്യ ഗ്രന്ഥങ്ങളും ബഹുമുഖ പ്രതിഭകളായ ഒരുപാട് ശിഷ്യരെയും ലോകത്തിന് സമ്മാനിച്ചാണ് അദ്ദേഹം കടന്നുപോയത്. ആഴത്തിലുള്ള അറിവും മറ്റിതര വൈജ്ഞാനിക ഇടപെടലുകളും കാരണം ഖാളി ഖുളാത്, ശൈഖുൽ ഇസ്ലാം എന്നീ പേരുകളിലും ചരിത്രത്തിലദ്ദേഹം അറിയപ്പെടുന്നു. ഒമ്പതാം നൂറ്റാണ്ടിന്റെ മുജദ്ദിദായി (പരിഷ്കർത്താവ്) എണ്ണിയ പണ്ഡിതരുമുണ്ട്.
ജനനം, വളർച്ച,ജീവിതം
ഹിജ്റ.823 ൽ ഈജിപ്തിലെ സുനൈക ( നിലവിൽ ഹെൽമിയ) എന്ന ഗ്രാമത്തിൽ ഭൂജാതനായി. ദാരിദ്ര്യം മുറ്റി നിൽക്കുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. എന്നാലും, കുഞ്ഞുനാൾ തൊട്ട് ജ്ഞാന സമ്പാദനത്തിൽ അതിയായ താത്പര്യം കാണിച്ച അദ്ദേഹം സ്വന്തം നാട്ടിൽ നിന്ന് തന്നെ ഖുർആനും ഫിഖ്ഹിന്റെ ബാലപാഠങ്ങളും പഠിച്ചു.
ഹി. 841 ൽ അറിവന്വേഷിച്ച് അൽ അസ്ഹറിലെത്തി. ജീവിതോപാധിക്ക് വഴിയില്ലാതെ പ്രയാസപ്പെട്ട സാഹചര്യങ്ങളിലും എല്ലാം തരണം ചെയ്ത് പഠനത്തിൽ മുഴുകി. ഇബ്നു ഹജർ അൽ അസ്ഖലാനി, ജലാലുദ്ധീൻ മഹല്ലിയടക്കമുള്ള അക്കാലത്തെ പേരുകേട്ട നിരവധി പണ്ഡിതന്മാരെ സമീപിച്ച് വ്യത്യസ്ത ശാഖകളിൽ വ്യുൽപത്തി നേടി.
ചുരുങ്ങിയ കാലം കൊണ്ട് തഫ്സീർ, ഹദീസ്, ഉസ്വൂലുൽ ഹദീസ്, അഖീദ, ഫിഖ്ഹ്, ഉസ്വൂൽ, തസ്വവ്വുഫ്, സാഹിത്യം, മൻത്വിഖ് തുടങ്ങി എല്ലാ വിജ്ഞാനീയങ്ങളിലും അഗ്രേസരനായി മാറി. ആ ജ്ഞാനപ്പൂന്തോപ്പിൽ മധു നുകരാൻ വിവിധ രാജ്യങ്ങളിൽ നിന്ന് വരെ വിദ്യാർത്ഥികൾ വന്നുതുടങ്ങി. അൽ അസ്ഹറിലെ പഠനത്തിനിടയിൽ കുറച്ച് കാലം സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോയി കൃഷിവേലയിലേർപ്പെട്ടതൊഴിച്ചാൽ ബാക്കി സമയങ്ങളൊക്കെയും ഇമാം സകരിയ (റ) കൈറോയിൽ തന്നെയുണ്ടായിരുന്നു.
Also Read:താജുദ്ധീൻ അസ്സുബ്കി: ജ്ഞാനലോകത്തെ മഹാ വിസ്മയം
നിരവധി സ്ഥാനമാനങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ആ കാലത്തെ ഏറ്റവും വലിയ അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്ന മഹാനായ ഇമാം ശാഫിഈ(റ)യുടെ മഖാമിനോട് ചേർന്നുള്ള ദർസിലെ അധ്യാപക തസ്തികയാണ് അതിലൊന്ന്. അന്ന് ഈജിപ്ത് ഭരിച്ചിരുന്ന മംലൂകി രാജാവായ ഖായത്ബായിയുടെ നിർബന്ധത്തിന് വഴങ്ങി ഖാളി ഖുളാത് പദവി ഏറ്റെടുക്കേണ്ടി വന്നും. എങ്കിലും, അതൊരു അധികപ്പറ്റായിട്ടാണ് അദ്ദേഹം മനസ്സിലാക്കിയിരുന്നത്. ചില വിഷയങ്ങളിലെ കൃത്യമായ നിലപാട് കാരണം രാജാവ് സ്ഥാനഭ്രഷ്ടനാക്കിയതോടെ സകരിയ്യ തങ്ങൾക്ക് അതിയായ സന്തോഷവുമായി. കൂടുതൽ സമയം പഠന - രചനകളിൽ വ്യാപൃതനാകാമല്ലോ എന്ന സന്തോഷമായിരുന്നു അത്. കൂടാതെ, ഒരുപാട് പ്രമുഖ പഠന കേന്ദ്രങ്ങളിലും ഖാൻഖാഹുകളിലും അധ്യാപനവും പ്രഭാഷണവും നടത്താനും അദ്ദേഹത്തിന് സൗഭാഗ്യമുണ്ടായി.
മംലൂകി - ഉസ്മാനി എന്നീ രണ്ട് വ്യത്യസ്ത ഭരണകൂടങ്ങൾക്ക് കീഴിലെ ഈജിപ്ത് അനുഭവിച്ചയാളാണ് സകരിയ്യ അൽ അൻസ്വാരി. ഒമ്പത്, പത്ത് നൂറ്റാണ്ടുകളിലും അദ്ദേഹം ജീവിച്ചു. ആരുടെ മുഖത്ത് നോക്കിയും സത്യം വിളംബരം ചെയ്യാനും നന്മ ഉപദേശിക്കാനുമുള്ള ആർജവം അദ്ദേഹത്തിനുണ്ടായിരുന്നു. തികഞ്ഞ സാത്വികനായി ജീവിച്ച ഇമാമവർകൾ വലിയ ധർമ്മിഷ്ടനും പ്രാർത്ഥനകൾക്ക് ക്ഷിപ്രഫലം ലഭ്യമാകുന്ന പണ്ഡിതനുമായിരുന്നു.
പ്രധാന ഉസ്താദുമാരും ശിഷ്യരും:
നീണ്ട വിജ്ഞാന യാത്രയിൽ ഏറ്റവും പ്രഗത്ഭരായ ഉസ്താദുമാരിൽ നിന്നാണ് അദ്ദേഹം അറിവ് സമ്പാദിച്ചത്. അതുപോലെ, പല മേഖലകളിൽ പരിണതപ്രജ്ഞരായ ഒരുപിടി ശിഷ്യസമ്പത്തും അദ്ദേഹത്തിനുണ്ട്.
അൽ ഹാഫിദ് ഇബ്നു ഹജർ അൽ അസ്ഖലാനി, ജലാലുദ്ധീൻ മഹല്ലി, ശംസുദ്ധീൻ ഖായാതി, സിറാജുദ്ധീൻ ഉമർ അൽ ബുൽഖൈനി, കമാലു ബ്നു ഹുമാം തുടങ്ങി ഒരുപാട് പണ്ഡിതപ്രമുഖർ അദ്ദേഹത്തിന്റെ ഉസ്താദുമാരായിരുന്നു.
ഹംസ ബ്നു അബ്ദില്ല അന്നാശിരി, ഇബ്നു ഹജർ അൽ ഹൈതമി, ശിഹാബുദ്ധീൻ അഹ്മദ് റംലി, ശംസുദ്ധീൻ ഖത്വീബ് അശ്ശർബീനി, അബ്ദുൽ വഹാബ് ശഅറാനി എന്നിവർ ശിഷ്യപ്രമുഖരിൽ ചിലർ മാത്രമാണ്.
പ്രധാന രചനകൾ:
കുറച്ചു കാലം അന്ധത ബാധിച്ചിട്ടും വിവിധ വിഷയങ്ങളിൽ അമ്പതിലധികം ബൃഹത് ഗ്രന്ഥങ്ങൾ ശൈഖ് സകരിയ്യ അൽ അൻസാരിയുടെ തൂലികയിൽ വിരിഞ്ഞിട്ടുണ്ട്.
അസ്ന മത്വാലിബ് ഫി ശറഹി റൗളി ത്വാലിബ്, അൽ ഗുററുൽ ബഹിയ്യ, തുഹ്ഫതുത്വുല്ലാബ്, മൻഹജു തുല്ലാബ്, ഫത്ഹുൽ വഹാബ്, തുഹ്ഫതുൽ ബാരി, ഫത്ഹുൽ ബാഖി എന്നിവ ആ അമൂല്യ രചനകളിൽ ചിലത് മാത്രമാണ്.
ഹി.926 ദുൽഹിജ്ജ 4 നാണ് മഹാൻ ഈ ലോകത്തോട് വിടചൊല്ലിയത്. 103 വയസ്സായിരുന്നു പ്രായം. ആ ധന്യ ജീവിതത്തിലെ അടയാളപ്പെടുത്തലുകളുടെ മൂല്യം വിളിച്ചോതി ആയിരങ്ങൾ ജനാസ നിസ്കാരത്തിന് തടിച്ചുകൂടിയിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അനുശോചന പ്രവാഹവുമുണ്ടായി.
Leave A Comment