നാസിറുദ്ധീന്‍ തൂസി
ഇസ്‌ലാമിക ബൗദ്ധിക ചരിത്രത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തി പ്രശോഭിച്ച് നിന്ന അതുല്യ പ്രതിഭയായിരുന്നു നാസിറുദ്ധീന്‍ തൂസി. ഗണിതം, ഗോളശാസ്ത്രം, തത്വചിന്ത തുടങ്ങിയ മേഖലയില്‍ ഒരു വെള്ളി നക്ഷത്രമായി പ്രോജ്ജ്വലിച്ച് നിന്ന അദ്ദേഹം ഇവ്വിഷയങ്ങളിലെല്ലാമായി 150 ലധികം അമൂല്യ ഗ്രന്ഥങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചിട്ടുണ്ട്.
ജീവിതം
മുഹഖിഖു തൂസി എന്ന പേരില്‍ പ്രസിദ്ധനായ ഇദ്ദേഹം ഇറാനിലെ ത്വൂസില്‍ ഹിജ്‌റ 597/ ക്രിസ്തബ്ദം 1201 ലാണ് ജനിക്കുന്നത്. പിതാവില്‍ നിന്ന് മതം ശാസ്ത്ര വിഷയങ്ങളില്‍ പ്രാഥമിക വിജ്ഞാനം കരസ്ഥമാക്കിയ അദ്ദേഹം ഉന്നത പഠനത്തിനായി നിഷാപൂരിലെത്തുകയും ഫരീദുദ്ധീന്‍ ദമ്മാദ് എന്നിവരില്‍ നിന്ന് തത്വചിന്തയും ഖുത്ബുദ്ദീന്‍ മിസ്‌രിയില്‍ നിന്ന് വൈദ്യശാസ്ത്രവും കമാലുദ്ധീന്‍ മസ്‌രിയില്‍ നിന്ന് ഗണിത ശാസ്ത്രവും കരസ്ഥമാക്കിയതോടെ അല്‍ ത്വൂസി ഉന്നത പണ്ഡിത ശ്രേണിയില്‍ അവരോധിക്കപ്പെട്ടു. വൈദ്യശാസ്ത്രത്തിലെ അഗ്രേസര പണ്ഡിതനായ അല്‍ റാസിയുടെ ശിഷ്യത്വം കൂടി ലഭിച്ചതോടെ അല്‍ ത്വൂസി ഈ മേഖലകളിലെല്ലാം അവസാന വാക്കായി മാറി. അറബി, പേര്‍ഷ്യന്‍, തുര്‍ക്കിഷ് ഭാഷകളില്‍ അഗാധ അവഗാഹം നേടിയിരുന്ന അദ്ദേഹം 1232 ല്‍ നാസിറുദ്ദീന്‍ മുഖ്തസിം എന്ന ഖുറാസാനി സുല്‍ത്താന്റെ രാജസദസ്സില്‍ സ്ഥാനമുറപ്പിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അഖ്‌ലാഖെ നാസിരി എന്ന പേരില്‍ ഒരു ഗ്രന്ഥവും രചിച്ചു. തുടര്‍ന്ന് അബ്ബാസി ഖലീഫയുടെ രാജസദസ്സില്‍ സ്ഥാനം നേടാന്‍ അദ്ദേഹത്തിന്റെ മന്ത്രിക്ക് ഖലീഫയെ പുകഴ്ത്തുന്ന ഒരു കവിതയോടെയുള്ള കത്ത് കൈമാറി. അബ്ബാസി ഭരണകൂടത്തോട് ശത്രുതയിലായിരുന്ന അല്‍ മുഖ്തസിം ഇതറിഞ്ഞതോടെ കോപാകുലനായി അല്‍ ത്വൂസിയെ ജയിലിലടച്ചു. വര്‍ഷങ്ങള്‍ നീണ്ട് നിന്ന ജയില്‍വാസവും തന്റെ വിജ്ഞാന വികാസത്തിനായി അദ്ദേഹം വിനിയോഗിച്ചു. മംഗോളിയന്‍ രാജാവായ ഹൂലാഖു ഖാന്‍ ഇറാന്‍ പിടിച്ചടക്കിയതോടെ അല്‍ തൂസിയുടെ രാശി തെളിഞ്ഞു. ഹൂലാഖു അദ്ദേഹത്തെ മോചിപ്പിക്കുക മാത്രമല്ല തന്റെ ശാസ്ത്ര ഉപദേശകനാക്കുകയും ചെയ്തു. മറാഗയില്‍ ഒരു പരീക്ഷണശാല നിര്‍മ്മിക്കാന്‍ അല്‍ തൂസി നിര്‍ദ്ദേശിച്ചത് ഏറെ താല്‍പര്യപൂര്‍വ്വം ഹൂലാഖു ഖാന്‍ സമ്മതിക്കുകയും തന്റെ ശിഷ്ട കാലം മുഴുവന്‍ ഈ പരീക്ഷണശാലയില്‍ അല്‍ ത്വൂസി ശാസ്ത്ര പരീക്ഷണങ്ങളില്‍ മുഴുകി ചെലവഴിക്കുകയും ചെയ്തു. 672/1274 ലാണ് ആ മഹാ പ്രതിഭ ഇഹലോകവാസം വെടിഞ്ഞത്.
നേട്ടങ്ങള്‍
അല്‍ തൂസി രചിച്ച 150 ഗ്രന്ഥങ്ങളില്‍ 20 എണ്ണം പേര്‍ഷ്യന്‍ ഭാഷയിലും ബാക്കിയുള്ളവ അറബിയിലുമായിരുന്നു. ഗോളശാസ്ത്രം, ജ്യോതിഷം, ജ്യോമിതി, അങ്കഗണിതം, ത്രിമാനഗണിതം, വൈദ്യം, ധാതുവിദ്യ, തര്‍ക്കശാസ്ത്രം, തത്വചിന്ത, ദൈവികശാസ്ത്രം തുടങ്ങി ഏതാണ്ടെല്ലാ ശാസ്ത്ര മേഖലകളിലും അദ്ദേഹത്തിന് ഗ്രന്ഥങ്ങളുണ്ട്.
പ്രധാന കൃതികള്‍
തദ്‌രിക (ഗോളശാസ്ത്രം), ശക്‌ലുല്‍ ഖിത്വാ (ത്രിമാനഗണിതം), തന്‍സുക് നാമ (ധാതുശാസ്ത്രം), അഖ്‌ലാഖെ നാസിരി (എതിക്‌സ്), തജ്‌രീദ് (തിയോളജി). ശീഈ മദ്ഹബ് അനുധാവനം ചെയ്തിരുന്ന അദ്ദേഹം രചിച്ച ഗ്രന്ഥമാണ് തജ്‌രീദ്. ഇതില്‍ ശീഈ വിശ്വാസ സംഹിതകള്‍ പ്രതിപാദക്കപ്പെട്ടിട്ടുണ്ട്. 400 ലധികം ശറഹുകള്‍ ഈ ഗ്രന്ഥത്തിനുണ്ട്. ഗണിത ശാസ്ത്രത്തില്‍ നിന്ന് വേര്‍പ്പെടുത്തി ത്രിമാന ഗണിതം പുതിയൊരു ശാഖയാക്കി അവതരിപ്പിച്ചത് അല്‍ തൂസിയാണ്. ഹൂലാഖു ഖാന്‍ നിര്‍മ്മിച് നല്‍കിയ പരീക്ഷണ ശാല ലൈബ്രറിയും മറ്റു ഉപകരണങ്ങളുമടക്കം എല്ലാ സൗകര്യവും കൂടിയതായിരുന്നു. പരീക്ഷണശാലയുടെ ഡയറക്ടറായി അവരോധിതനായ അല്‍ ത്വൂസി ഖുതുബ്ദ്ദീന്‍ ശീറാസി, മുഹ്‌യുദ്ദീന്‍ അല്‍ മഗ്‌രിബി, മുഹ്‌യുദ്ദീന്‍ അല്‍ ഉര്‍ദി തുടങ്ങിയ അക്കാലത്തെ പ്രമുഖ ശാസ്ത്ര പ്രതിഭകളെ ഈ പരീക്ഷണശാലയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഫാഓ മുന്‍ജി എന്ന് പേരുള്ള ഒരു ചൈനീസ് ശാസ്ത്രജ്ഞനും ഇവിടെയുണ്ടായിരുന്നുവെന്നത് ഇതിന്റെ പ്രശസ്തിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അത്ഭുത ശാസ്ത്ര പ്രതിഭയായ ടോളമിയുടെ ഗോള ശാസ്ത്ര വാദങ്ങളെ തെറ്റാണെന്ന് സമര്‍ഥിച്ച അല്‍ തൂസി പുതിയ ഗോള ശാസ്ത്ര രൂപവും അവതരിപ്പിച്ചത് അദ്ദേഹത്തന്റെ കഴിവിന്റെ നേര്‍ദര്‍ശനമാണ്.
Leave A Comment