സമസ്ത ട്രഷറർ  ചേലക്കാട് മുഹമ്മദ് മുസ്ലിയാർ നിര്യാതനായി

നാദാപുരം : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററുമായ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ (91) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. മയ്യത്ത് നിസ്കാരം വൈകുന്നേരം 4 മണിക്ക്  ചേലക്കാട് ജുമുഅത്ത് പള്ളിയിൽ നടക്കും.
2004 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍ അംഗമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയാണ്. ചേലക്കാട് കുളമുള്ളതില്‍ അബ്ദുല്ല മുസ്ലിയാരുടെയും കുഞ്ഞാമിയുടെയും മകനായി 1932ല്‍ ജനിച്ച ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്‍ നിരവധി ശിഷ്യരുടെ ഗുരുവും വിവിധ മഹല്ലുകളുടെ ഖാസിയുമാണ്. വയനാട്ടിലെ വാളാട് ജുമുഅത്ത് പള്ളിയില്‍ 45 കൊല്ലം ഖാസിയായി സേവനം ചെയ്ത തന്റെ പിതാവാണ് ആദ്യ ഗുരു. പിന്നീട് നാദാപുരം, പൂക്കോം, ചെമ്മങ്കടവ്, പൊടിയാട്, മേല്‍മുറി, വാഴക്കാട്, പാറക്കടവ് എന്നീ പള്ളി ദര്‍സുകളിലെ പഠനത്തിന് ശേഷം 1962ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും മൗലവി ഫാളില്‍ ബാഖവി ബിരുദം നേടി. കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, കുട്ടി മുസ്ലിയാര്‍ ഫള്ഫരി, കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദ് ശീറാസി, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ശൈഖ് അബൂബക്കര്‍ ഹസ്രത്ത് എന്നിവര്‍ പ്രധാന ഗുരുക്കളാണ്. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബിരുദം നേടിയ ശേഷം അണ്ടോണ, കൊളവല്ലൂര്‍, ഇരിക്കൂര്‍, കണ്ണാടിപ്പറമ്പ്, പഴങ്ങാടി മാടായി, ചിയ്യൂര്, ചേലക്കാട് എന്നിവിടങ്ങളിലും, 11 വര്‍ഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലും, 7 വര്‍ഷം നന്തി ദാറുസ്സലാം അറബിക് കോളേജിലും, 6 വര്‍ഷം മടവൂര്‍ സി.എം മഖാം അശ്അരി കോളേജിലും മുദരിസായി സേവനം ചെയ്തിട്ടുണ്ട്.
മക്കൾ : കുഞ്ഞബ്ദുള്ള, അഷ്‌റഫ്‌, അബ്ദുൽ ജലീൽ വാഫി, മറിയം, അസ്യ.
മരുമക്കൾ : എം ടി ഹാഷിം തങ്ങൾ, കുഞ്ഞബ്ദുള്ള കുളപറമ്പ് വാണിമേൽ, ഹൈരുന്നിസ, സൽമ, നാഫില.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter