ഗാസക്കാരോടൊപ്പം കരഞ്ഞു കരഞ്ഞു നമുക്ക് തന്നെ മടുത്തുപോയില്ലേ; ഒരു ‘വറൈറ്റി’ക്ക് ഇപ്രാവശ്യം ഇസ്രായേലിനൊപ്പം കൂടിയാലോ?
‘ഫലസ്തീനെ കുറിച്ച് ഇനിയെന്താടോ എഴുതാനുള്ളത്’ എന്നാണ് അതുസംബന്ധമായി ഒരു കുറിപ്പ് ആവശ്യപ്പെടുന്നവരോടൊക്കെ ആദ്യം തന്നെ ചോദിക്കാറുള്ളത്. ഇസ്റായേലിന്റെ പൊള്ളവാദങ്ങളും ഗാസയിലെ മുസ്ലികളുടെ ദുരിതവും ആര്‍ക്കും അറിവുള്ളതാണ്; ആഗോളമാധ്യമങ്ങള്‍ക്ക് ഇസ്രായേലാണ് പുണ്യാളരെങ്കിലും! ആക്രമണങ്ങളുടെ ഓരോ എഡിഷനുകളിലും ഇരുഭാഗത്തു നിന്നും കൊല്ലപ്പെടുന്നവരുടെ മൊത്തം കണക്ക് നോക്കിയാല്‍ തന്നെ ഇക്കാര്യം ബോധ്യപ്പെടുന്നതാണല്ലോ. 2009 ലെ അക്രമത്തില്‍ ഫലസ്തീനികളായ 1100 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇസ്റായേലില്‍ വധിക്കപ്പെട്ടത് 13 ആളുകള്‍ മാത്രമായിരുന്നു. (‘മാത്രം’ എന്ന പദം മനപ്പൂര്‍വം തന്നെ ഉപയോഗിച്ചതാണ്) 2012 ലേതില്‍ ഇസ്രായേലിന്‍റെ തന്നെ ഔദ്യോഗിക കണക്കനുസരിച്ച് 213 പേരാണ് ഫലസ്തീനില്‍ കൊല്ലപ്പെട്ടത്. ഇപ്രാവശ്യം അത് ഇരുനൂറിനടുത്തെത്തിക്കഴിഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപനം തീരുമാനമാകാത്ത സ്ഥിതിക്ക് എണ്ണം ഇനിയും കൂടാവുന്നതാണ്. വീടുവിട്ടുപോകേണ്ടി വന്നവരുടെയും മറ്റുനഷ്ടങ്ങള്‍ സംഭവിച്ചവരുടെയും കണക്ക് ഇതിലില്ലെന്ന് പ്രത്യേകം ഓര്‍ക്കുക.
തങ്ങളുടെ പദ്ധതി യഥാവിധി നടപ്പാകുന്നതിന് പുതുലോകക്രമത്തില്‍ ഗാസയില്‍ ഇടയ്ക്കിടക്ക് മിസൈല്‍ വീഴുക ആവശ്യമാണെന്ന് ഇസ്റായേല്‍ മനസ്സിലാക്കുന്നുണ്ട്. ഇസ്രായേല്‍ നരഹത്യകളുടെ പുതിയ പതിപ്പുകളില്‍ അതു റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമങ്ങളും ലേഖകരും ഒരു പരിധി കഴിഞ്ഞാല്‍ പഴയ വാദങ്ങള്‍ തത്കാലം ഒഴിവാക്കി, വായനക്കാരെയും കാഴ്ചക്കാരെയും സ്വാധീനിക്കാനും മറ്റോ, അല്‍പം വ്യത്യസ്തമായ പുതിയ ആംഗിളുകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമെന്നത് സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ മാധ്യമങ്ങളെയും എഴുത്തുകാരെയും അവരറിയാതെ തന്നെ സ്വാധീനിക്കാമെന്ന് ഇസ്റായേല്‍ കണക്ക് കൂട്ടുന്നു. ആക്രമണങ്ങളെ ഇസ്റായേല്‍ ആഗോളസമക്ഷം ന്യായീകരിക്കുന്ന രീതി തന്നെ ഓരോ വര്‍ഷങ്ങളിലും വ്യത്യസ്തങ്ങളാകുന്നത് ഇവിടെയാണ് ചേര്‍ത്തുവായിക്കേണ്ടത്.
പലപ്പോഴും ആക്രമണം നടത്തുന്നുവെന്ന് ഇസ്രായേല്‍ പരിതപിക്കുന്ന ഹമാസ് എന്ന സംഘടനയോട് ഫലസ്തീനിലെ ഔദ്യോഗിക ഭരണകൂടവും മഹ്മൂദ് അബ്ബാസുമെല്ലാം എന്ത് സമീപനം സ്വീകരിക്കണമെന്ന കാര്യത്തില്‍ മുന്‍വര്‍ഷത്തെ ഡിമാന്‍റിന് നേരെ എതിരായ ഡിമാന്‍റ് മുന്നോട്ട് വെക്കുന്ന സാഹചര്യങ്ങള്‍ വരെ ഇസ്രായേലിന്‍റെ ഭാഗത്ത് നിന്നുണ്ടാകായ ചരിത്രമുണ്ട് എന്ന് റോബര്‍ട്ട് ഫിസ്ക് ഈയിടെ എഴുതിയ ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. നേരത്തെ ഹമാസുമായി ബന്ധമില്ലാതിരുന്ന സമയത്ത് ഹമാസിനെ പ്രതിനിധീകരിക്കാത്ത അബ്ബാസുമായി ഒരു ചര്‍ച്ച നടത്തിയെട്ടെന്ത് എന്ന് ഇസ്രായേല്‍ ചോദിച്ചിരുന്നു. സഖ്യഭരണകൂടം സ്ഥാപിക്കപ്പെട്ടതോടെ, പിന്നെയുണ്ടായ ആക്രമണ കാലത്ത് ചോദ്യം തലതിരിച്ചിട്ടു ഇസ്രായേല്‍. തീവ്രവാദസംഘടനയുമായി(?) ബന്ധം സ്ഥാപിച്ചിരിക്കെ അബ്ബാസുമായി പിന്നെ എന്തിന് തങ്ങള്‍ സമാധാന ചര്‍ച്ച നടത്തണമെന്ന് ചോദിച്ചു അവര്‍. ഹമാസുമായുള്ള ബന്ധം വിഛേദിച്ചാല്‍ മാത്രമെ പരസ്പരസംസാരം സാധ്യമാകൂവെന്നായി അപ്പോഴത്തെ നിലപാട്- ഫിസ്ക് വിശദീകരിക്കുന്നു. ജൂതരാജ്യത്തെ സംബന്ധിച്ചിടത്തോളം വേണ്ടത് അവര്‍ അതിക്രമിച്ച് കയറിപ്പിടിച്ച ഭൂമി വിട്ടുകൊടുക്കാതെ കൈവശം വെക്കുകയാണ്. അതായത് ഭൂമിയാണ് ഇസ്റായേലിന്‍റെ പ്രശ്നം. അത് തങ്ങള്‍ക്ക് കൈവിട്ടുപോകാതിരിക്കാനാണ് ഈ തത്രപ്പാടെല്ലാം. അതിനിടെ അവര്‍ പറയുന്ന ന്യായങ്ങളിലെ ഏങ്കോണിപ്പുകള്‍ അവര്‍ പോലും അറിയാതെ പോകുന്നു, ശ്രദ്ധിക്കാതെയും.
ലണ്ടനിലും ആസ്ട്രേലിയയിലും ലോകത്തിന്‍റെ ഇതരഭാഗങ്ങളിലുമെല്ലാം ഇസ്റായേല്‍ വിരുദ്ധപ്രക്ഷോഭങ്ങള്‍
നടക്കുമ്പോഴായിരിക്കും ‘ലണ്ടണ് നേരെ ഒരു റോക്കറ്റാക്രമണം നടന്നാല്‍ നിങ്ങളുടെ ഭരണകൂടം വെറുതെ നോക്കിനില്‍ക്കുമോ’ എന്ന് ഇസ്റായേല്‍ സ്ഥാനപതികളിലാരെങ്കിലും ചോദിക്കുക. അതുവഴി ഇസ്റായേല്‍ അവര്‍ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളെ പോലും അനുകൂലമാക്കിയെടുക്കുന്ന മനശാസ്ത്രം പ്രയോഗിക്കുകയാണ്. അപ്പോഴാണ് ബി.ബി.സി പോലുളള ലോകോത്തര മാധ്യമങ്ങള്‍ ഇസ്രായേലിലേക്ക് ഫളൈറ്റ് ചാര്‍ട്ട് ചെയ്ത് അവിടെ ഹമാസ് വീഴ്ത്തിയ റോക്കറ്റുകളുടെ കഷ്ണങ്ങളെ കൂട്ടിവെച്ച് പുതിയ ഫീച്ചര്‍ തയ്യാറാക്കുന്നത്. അത് കാണുന്ന പലരും പിന്നെ ഹമാസ് വിരുദ്ധ ലേഖനങ്ങളുടെ പരമ്പര തയ്യാറാക്കുകയായി. തീവ്രവാദിസംഘടനയായി വീണ്ടും ഹമാസിനെ ചാപ്പകുത്തുകയായി. അപ്പോഴാണ് രാഹുല്‍ ഈശ്വരന്മാര്‍ ചാനല്‍ സ്റ്റുഡിയോകളില്‍ വന്നിരുന്ന് ഇസ്റായേല്‍മൌലിദ് നടത്തുന്നത്. നെതന്യാഹുമാല പാടുന്നത്. അതിന് വേണ്ടി മലയാളത്തിലെയടക്കം ചാനലുകള്‍ ‘ബിരിയാണി’ വെച്ചുവിളമ്പുന്നത്.
എന്നുവെച്ചാല്‍, ഇസ്രായേലിന് പ്രതികൂലമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ പോലും ഒരര്‍ഥത്തില്‍ ആക്രമണത്തെ അനുകൂലിക്കുന്ന പരുവത്തിലാക്കി മാറ്റുന്നതില്‍ ജൂതരാജ്യം വിജയിക്കുന്നു. അതല്ലെങ്കില്‍ പറയൂ. ഗാസയെ അനുകൂലിച്ചും ഗാസയിലെ ജീവിതങ്ങളെ ചിത്രീകരിച്ചും ലോകസമക്ഷം രൂപപ്പെട്ട സന്നദ്ധസംഘടനകളും മനുഷ്യാവകാശപ്രസ്ഥാനങ്ങളും ഇത്ര തോതില്‍ വേറെ എത് കാര്യത്തിലാണ് ലോകചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടുള്ളത്? എന്നിട്ടും ഇസ്രായേല്‍ എന്ന രാജ്യത്തെ ഇതൊന്നും ലേശം പോലും ഏശാത്തത് എന്ത്കൊണ്ട്? ഈ ചോദ്യത്തിന് ചില ഉത്തരങ്ങളെല്ലാം മേല്‍പറഞ്ഞതില്‍ ഉണ്ടെന്ന് തോന്നുന്നു. ചിലപ്പോള്‍ വെറും തോന്നലായിരിക്കാം.
കഴിഞ്ഞ തവണത്തെ ആക്രമണ കാലത്ത് സോഷ്യല്‍നെറ്റുവര്‍ക്കിങ്ങ് സൈറ്റുകളെ ഇസ്രായേല്‍ കാര്യമായി ഉപയോഗപ്പെടുത്തിയിരുന്നു, ഒരുപരിധി വരെ ഹമാസും. ലോകചരിത്രത്തിലാദ്യമായാണ് ഒരു ട്വിറ്റര്‍ ആക്രമണ പ്രത്യാക്രമണം നടന്നതെന്ന് അക്രമാനന്തരം രാഷ്ട്രീയപണ്ഡിതര്‍ നിരീക്ഷിക്കുകയുണ്ടായി. അമേരിക്കയിലും ലിബര്‍ട്ടിസ്റ്റാച്യൂ, ഈഫല്‍ടവര്‍ തുടങ്ങി ലോകത്തെ പ്രധാന നഗരങ്ങളിലെ നിര്‍മിതികള്‍ക്ക് മേലേ റോക്കറ്റ് വന്നുപതിക്കുന്ന ഒരു ഗ്രാഫിക്സ്ചിത്രം ഇസ്രായേല്‍ അക്കാലത്ത് കാര്യമായി ഉപയോഗപ്പെടുത്തിയിരുന്നു. സ്വയം പ്രതിരോധാര്‍ഥം ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ പിന്താങ്ങുന്നുവെങ്കില്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്യൂവെന്നായിരുന്നു ആ ഗ്രാഫിക്ചിത്രത്തിലെ ഇംഗ്ലീഷ് വാചകം. ഹമാസ് സെദ്റുത്തിലേക്ക് റോക്കറ്റ് വിടുന്നുവെങ്കില്‍ തന്നെ അതവരുടെ സ്വന്തം മണ്ണിലേക്കാണെന്നും അതാണ് യഥാര്‍ഥത്തില്‍ സ്വയംപ്രതിരോധമെന്നുള്ള വസ്തുത എല്ലാരും മറന്നുപോകുന്നു. ഫിസ്ക് ചൂണ്ടിക്കാണിക്കുന്ന പോലെ, 1948 ന് മുമ്പ് ആ പ്രദേശത്തിന്‍റെ പേര് ഹുജ് എന്നായിരുന്നു. അവിടെയെല്ലാവരും ഫലസ്തീനി അറബികളായിരുന്നു. അവിടെക്ക് ജൂതര്‍ അതിക്രമിച്ചുകയറിയതാണ്. എന്നിട്ടവര്‍ ഫലസ്തീനികളെ ഗാസമുനമ്പിലേക്ക് അഭയാര്‍ഥികളാക്കി ആട്ടിയോടിച്ചതാണ്. അത്തരമൊരു ആട്ടിയോടിക്കലിന്‍റെയും അഭയാര്‍ഥിവല്‍ക്കരണത്തിന്‍റെയും മുന്‍ചരിത്രമുണ്ടെങ്കില്‍ ഈഫല്‍ടവറിനും ലിബര്‍ട്ടിസ്റ്റാച്യൂവിന് മേലുമെല്ലാം ഇതിനുസമാനമായ രീതിയില്‍ റോക്കറ്റ് പതിക്കുമെന്നത് തീര്‍ച്ചയാണ്. ലോകത്ത് അത്തരത്തിലുള്ള പ്രദേശങ്ങളിലെല്ലാം അത് നടക്കുന്നുവെന്നത് നിത്യകാഴ്ചയുമാണ്.
മലയാളികളെ സംബന്ധിച്ചിടത്തോളം വേനല്‍കാലവും വര്‍ഷക്കാലവും മാറിമാറി വരുംപോലെയാണ് ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് അക്രമകാലവും സമാധാന(?)കാലവും. അതവിടെ മാറിമാറി വരുന്നു. സമാധാനവും അക്രമവും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഗാസന് പശ്ചാത്തലത്തില്‍ മാധ്യമങ്ങളുടെ ഇസ്റായേല്‍ അനുകൂല നിലപാടിനെ കുറിച്ച് എഴുതിയിട്ടോ പരിതപിച്ചിട്ടോ കാര്യമില്ലെന്നാണ് തോന്നുന്നത്. മരണവും രക്തവും നിത്യകാഴ്ചയായിടത്ത് പിന്നെ ചാനലുകാര്‍ക്ക് വാര്‍ത്ത മൃതദേഹങ്ങളാകില്ല. പകരം റോക്കറ്റ് കൊണ്ടപ്പോള്‍ ഏതെങ്കിലും ഒലീവിലക്ക് ഓട്ടവീണതോ അല്ലെങ്കില്‍ അതിന്‍റെ ചില്ല മുറിഞ്ഞതോ ഒക്കെ ആകും. ഇടയക്കാലത്ത് പല മാധ്യമങ്ങളിലും ഫലസ്തീനിലെ കൃഷിഭൂമികള്‍ക്ക് വരുന്ന നാശങ്ങളെ കുറിച്ച് ഗമണ്ടന്‍ഫീച്ചറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത് ഓര്‍ക്കുക. അതിലും പ്രേക്ഷകനെ പിടിക്കാന്‍ കഴിയാതെ ആകുമ്പോള്‍ പിന്നെ അവര്‍ ക്യാമറ തിരിച്ചുവെച്ച് ഇസ്റായേലില്‍ പതിച്ച റോക്കറ്റുകളിലെ ചോരയുടെ പാട് നോക്കി നടക്കും. അതൊക്കെ തീരെ സ്വാഭാവികമാണെന്നാണ് വ്യക്തിപരമായ നിരീക്ഷണം. കാരണം മാധ്യമപ്രവര്‍ത്തനം എന്നത് പുതിയ കാലത്ത് അതിനു പറയുന്ന പേരാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ശത്രുരാജ്യത്തിന്റെ ആക്രമണം കാരണം മൂന്നോ അതിലേറെയോ പ്രാവശ്യം സ്വന്തം വീടും സ്വത്തും നഷ്ടപ്പെട്ടവരാണ് ഗാസയിലെ കുടുംബങ്ങള്‍ ഭൂരിപക്ഷവും. അവര്‍ക്ക് സ്വന്തമെന്ന് പറയുന്ന പലരേയുമാണ് ഈ അഞ്ചുവര്‍ഷത്തിനിടെ മാത്രം നഷ്ടപ്പെട്ടത്. എന്നിട്ടും അവര്‍ ഇപ്പോഴും ജീവിക്കാനുള്ള ധൈര്യം കാണിക്കുന്നുവെന്നതിലാണ് ഒരുപക്ഷേ ലോകത്ത് ഇന്നേ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു വാര്‍ത്ത കിടക്കുന്നത്. അതായത് അക്രമകാലത്തേതിലുപരി ഗാസ ഇനി നമുക്ക് വാര്‍ത്തയാകേണ്ടത് അക്രമം തത്കാലത്തേക്ക് ഇടവേള എടുക്കുന്ന സന്ദര്‍ഭങ്ങളിലാണ് എന്നര്‍ഥം.
ഗാസയിലെ അക്രമത്തെ ബദര്‍യുദ്ധമായി ചേര്‍ത്തുവായിച്ചും രണ്ടും തമ്മിലെ സമാനതകള്‍ ഒത്തുനോക്കിയുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഫൈസ്ബുക്ക് പ്രൊഫൈലുകളില്‍ പ്രത്യേക്ഷപ്പെട്ടിരുന്ന ഇസ്റായേല്‍വിരുദ്ധ സ്റ്റാറ്റസുകളെയും മേല്‍പറഞ്ഞ ‘മടുപ്പി’ന്‍റെ ബാക്കിപത്രമായിട്ട് തന്നെയാണ് നോക്കിക്കാണുന്നത്. പറഞ്ഞത് തന്നെ പറയുമ്പോഴുള്ള മടുപ്പൊഴിവാക്കാന്‍ എല്ലാവരും അടിസ്ഥാന വിഷയം വിട്ട് പുതിയതെന്തെങ്കിലും അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ആ അര്‍ഥത്തില്‍ ഈ കുറിപ്പും വായിച്ചുതീരുമ്പോള്‍ നിങ്ങള്‍ക്ക് എന്തോ ഒന്നായി തോന്നിയെങ്കില്‍, സോറി.



Leave A Comment