ഹിജാബ് സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു: ഓക്‌സ്‌ഫോഡ് പഠനം
hiiലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിജാബ് ധാരണക്കെതിരെ ശക്തമായ നിയമങ്ങളും ശബ്ദങ്ങളും രൂപപ്പെട്ടുവരുമ്പോഴും യുവതികള്‍ക്കിടയില്‍ ഇത് കൂടുതല്‍ പ്രിയമുള്ളതായി മാറിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദ്യാസമ്പന്നരായ, പുറംലോകവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന യുവതികളാണ് ഹിജാബ് വളരെ താല്‍പര്യത്തോടെ വ്യാപകമായി തെരഞ്ഞെടുക്കുന്നത്. തങ്ങള്‍ക്ക് ആത്മാഭിമാനത്തോടെ പുറംലോകവുമായി സംവദിക്കാനും ഇതര മതസ്ഥരുമായി ഇടപഴകാനും ജോലി സ്ഥലങ്ങളില്‍ സജീവമായി നിലകൊള്ളാനും ഈ വസ്ത്രധാരണാരീതി അവസരമൊരുക്കുന്നതായി അവര്‍ പറയുന്നു. ആധുനിക കാലത്തും എന്തുകൊണ്ട് സ്ത്രീകളില്‍ ഹിജാബ് ധാരണ വര്‍ദ്ധിക്കുന്നു എന്ന വിഷയത്തില്‍ നടന്ന ഒരു പഠനമാണ് അല്‍ഭുതകരമായ ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ, മുസ്‌ലിം യുവതികളെ ഹിജാബില്‍നിന്നും തടയുന്നത് എതിര്‍ തരംഗങ്ങള്‍ക്കായിരിക്കും അവസരം സൃഷ്ടിക്കുകയെന്നും പഠനം പറയുന്നു. സ്ത്രീകള്‍ക്ക് സമൂഹവുമായി ഇടപഴകാന്‍ അവര്‍ തന്നെ തെരഞ്ഞെടുത്ത വസ്ത്രമാണ് ഹിജാബ്, അതവര്‍ക്ക് സുരക്ഷിതത്വ ബോധവും ആത്മാഭിമാനവും നല്‍കുന്നുവെങ്കില്‍ അതവരുടെ അവകാശമാണ്. അതിനെ, നിയമത്തിന്റെ ആയുധമപയോഗിച്ച് നിരോധിക്കുന്നത് അവരുടെ അവകാശ നിഷേധമായിരിക്കും. സ്ത്രീകളെ വിദ്യാഭ്യാസത്തില്‍നിന്നും പൊതുപ്രവര്‍ത്തനത്തില്‍നിന്നും വീട്ടിനകത്തേക്കു വലിക്കാനും ഇത് കാരണമാകും. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പുറത്തിറക്കുന്ന യൂറോപ്യന്‍ സോഷ്യല്‍ റീവ്യൂ ആണ് ഈ പഠനം പ്രസിദ്ദീകരിച്ചത്. പ്രധാനമായും യൂറോപ്പിലെ മുസ്‌ലിം സ്ത്രീകളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടന്നത്. കൂടുതല്‍ മതബോധമുള്ള സ്ത്രീകള്‍ പൊതുമേഖലയിലേക്കു കടന്നുവരുമ്പോള്‍ അവര്‍ സ്വന്തത്തോടും സമൂഹത്തോടുമുള്ള ഒരു നീതീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ വസ്ത്ര ധാരണ തെരഞ്ഞെടുക്കുന്നത്. മതത്തിന്റെ നിഷ്‌കര്‍ഷതകള്‍ വര്‍ജ്ജിക്കാതെ സാമൂഹിക മേഖലകളില്‍ സജീവമാകാന്‍ ഇതവര്‍ക്ക് അവസരമൊരുക്കുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ ഒസാന്‍ അക്‌സോയ് പറയുന്നു. ഹിജാബ് പൊതുവെ, സ്ത്രീകളുടെ മതബോധത്തെ പ്രതിനിധീകരിക്കുന്നതായാണ് ഇന്ന് പൊതുവെ മനസ്സിലാക്കപ്പെടുന്നത്. അത് ശരിയല്ല. ആധുനിക പ്രലോഭനങ്ങള്‍ക്ക് വശംവദരാകാന്‍ തങ്ങള്‍ തയ്യാറല്ലായെന്ന ഇച്ഛാശക്തിയോടെയുള്ള അവരുടെ മനോഭാവമാണ് ഈ വസ്ത്രധാരണയിലൂടെ പ്രകടമാകുന്നത്, അക്‌സോയ് നിരീക്ഷിക്കുന്നു. അതോടൊപ്പം ഇതര മത വിഭാഗങ്ങളുമായി കൂടുതല്‍ ഇടപഴകാനും അടുത്തുപ്രവര്‍ത്തിക്കാനുമുള്ള അവസരവുമാണ് ഇതുവഴി രൂപപ്പെടുന്നത്. വിദ്യാസമ്പന്നരായ മുസ്‌ലിം യുവതികള്‍ ആ ഒരുനിലക്കാണ് ഹിജാബിനെ ഇന്ന് തെരഞ്ഞെടുക്കുന്നതും, പഠനം പറയുന്നു. വിവ. ഇര്‍ശാന അയ്യനാരി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter