സാറ അല്‍നബാലീ, ഫലസ്തീന്റെ കഥകള്‍ പറയാന്‍ ഇനി അവരില്ല

ഫലസ്തീന്‍ ജനതയും ഖുദ്സിനെ സ്നേഹിക്കുന്നവരും ഒന്നടങ്കം ഉമ്മുവലീദ് എന്ന് സ്നേഹത്തോടെ വിളിച്ച സാറ അല്‍നബാലി ഓര്‍മ്മയായിരിക്കുകയാണ്. മസ്ജിദുല്‍ അഖ്സക്ക് കാവലൊരുക്കി അവര്‍ സ്ഥിരമായി ഇരിക്കാറുണ്ടായിരുന്ന ഇടം ഒഴിഞ്ഞ് കിടക്കുന്നത്, അഖ്സയിലെത്തുന്നവരില്‍ ആ തപ്തസ്മരണകളെ മായാതെ നിര്‍ത്തുന്നു.

മസ്ജിദുല്‍അഖ്സയില്‍നിന്ന് അല്പം ദൂരെയായി സ്ഥിതി ചെയ്യുന്ന റഅ്സുല്‍ആമൂദ് എന്ന ഗ്രാമത്തിലായിരുന്നു സാറയുടെ താമസം. കുന്നും കല്ലും നിറഞ്ഞ വഴി താണ്ടിവേണം അവര്‍ക്ക് ഹറമിലെത്താന്‍. എന്നാലും, എല്ലാം സഹിച്ച് അവസാനം വരെ അവര്‍ ദിവസവും മസ്ജിദുല്‍ അഖ്സയിലെത്തി. സുബ്ഹിക്കെത്തുന്ന അവര്‍ അസ്ര്‍ നിസ്കാരവും കഴിഞ്ഞേ മടങ്ങുമായിരുന്നുള്ളൂ.

പള്ളിയിലെത്തുന്നവര്‍ക്ക് മസ്ജിദുല്‍അഖ്സയുടെയും ഫലസ്തീന്റെയും പ്രതാപ കാല കഥകളും ഇസ്റാഈല്‍ അധിനിവേശത്തിന്റെ ഭീകരതകളും പറഞ്ഞുകൊടുക്കുക അവരുടെ പതിവായിരുന്നു. അത് കൊണ്ട് തന്നെ, മസ്ജിദിലെത്തുന്നവരൊക്കെ ആ വയോധികയെ കാണാതെ പോവാറില്ലായിരുന്നു.

സാറ നബാലി ഈ പതിവ് തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ മസ്ജിദുല്‍ അഖ്സയുടെ കാവലാണ് തന്റെ ദൌത്യം എന്ന് സ്വയം വിശ്വസിച്ചായിരുന്നു ഇതെല്ലാം. വാഹന-ഗതാഗത സൌകര്യങ്ങളൊന്നുമില്ലാതിരുന്ന പഴയകാലത്തും ഒരു ദിവസം പോലും അവര്‍ ഖുദ്സ് സന്ദര്‍ശനത്തിന് മുടക്കം വരുത്തിയിരുന്നില്ല. കുന്ന് കയറി കല്ലും മുള്ളും താണ്ടി നടന്ന് ക്ഷീണിക്കുമ്പോള്‍ സമീപത്ത് കാണുന്ന ഏതെങ്കിലും കല്ലിലിരുന്ന് അല്പം വിശ്രമിക്കും. ഇരിക്കുമ്പോഴെല്ലാം രണ്ട് റക്അത് നിസ്കരിക്കുന്നതും അവരുടെ പതിവായിരുന്നു.

പള്ളിയിലേക്കുള്ള കവാടത്തില്‍ പലപ്പോഴും ഇസ്‍റാഈല്‍ പോലീസുകാര്‍ സാറയെ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പോലീസുകാരുടെ മൂക്കിന് നേരെ വിരല്‍ ചൂണ്ടിയുള്ള സാറയുടെ ധീരമായ വാക്കുകള്‍ക്ക് മുമ്പില്‍ പിടിച്ചുനില്ക്കാനാവാതെ അവരെ കടത്തിവിടുക മാത്രമേ അവര്‍ക്ക് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ.

ചെറുപ്പക്കാര്‍ക്കെല്ലാം മസ്ജിദുല്‍ അഖ്സയിലേക്ക് പ്രവേശനം നിഷേധിച്ച ഒരു വേളയില്‍, കവാടത്തിലെത്തിയ സാറയോട് പോലീസ് ചോദിച്ചു, നിങ്ങള്‍ക്കെത്ര വയസ്സായി. അവരുടെ മറുപടി ഇങ്ങനെയായിരുന്നു, നീയും നിന്റെ വാപ്പയും ജനിക്കുന്നതിന് മുമ്പേ ഞാന്‍ ഇവിടെ ഈ പള്ളിയിലുണ്ട്. 

ഇസ്‍റാഈല്‍ പോലീസുകാരെ കാണുമ്പോഴെല്ലാം, ഇവിടെ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞ് പോവൂ എന്ന അര്‍ത്ഥത്തില്‍ (ഇന്‍ഖലിഊ) എന്ന് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ശേഷം, ഫലസ്തീന്‍ വിമോചനത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളില്‍ ഒന്നായി മാറിയ ഇത്, സാറ നബാലിയുടെ സ്വാധീനമാണ് വിളിച്ചറിയിക്കുന്നത്. 

സന്തോഷിപ്പിക്കുന്നവള്‍ എന്നാണ് സാറ എന്ന വാക്കിനര്‍ത്ഥം. പേരിനെ അന്വര്‍ത്ഥമാക്കി, മസ്ജിദുല്‍ അഖ്സയിലെത്തുന്നവര്‍ക്കെല്ലാം സന്തോഷം വിതറുകയായിരുന്നു അവര്‍. അവരുടെ സാന്നിധ്യം തന്നെ വിമോചന സമരങ്ങള്‍ക്ക് വലിയൊരു പ്രചോദനമായിരുന്നുവെന്നാണ് ഫലസ്തീനികള്‍ സാക്ഷ്യപ്പെടുത്തുന്നത്. 

എപ്പോഴും ഫലസ്തീന്റെ പ്രാദേശിക വസ്ത്രങ്ങളും ഷാളും ധരിച്ചിരുന്ന അവരെ കണ്ടാല്‍ തന്നെ ഒരു സൈനിക കമാന്ഡറെ പോലെയായിരുന്നു. കൈയ്യിലെപ്പോഴും, നൂറ് മണികളുള്ള തസ്ബീഹ് മാലയുമുണ്ടാവും.

ഏഴ് മക്കളും പേരക്കുട്ടികളുമടങ്ങുന്ന വലിയൊരു കുടുംബത്തിന്റെ വല്യുമ്മ കൂടിയാണ് സാറ. മക്കളില്‍ പലരും വിദേശ രാജ്യങ്ങളിലാണ് പഠനവും ജോലിയും. അവരെ സന്ദര്‍ശിക്കാനായി അമേരിക്കയിലേക്ക് വരെ യാത്ര ചെയ്ത അവര്‍ക്ക്, രണ്ട് പ്രാവശ്യം ഹജ്ജ് ചെയ്യാനും അഞ്ച് തവണ ഉംറ ചെയ്യാനും ഭാഗ്യമുണ്ടായിട്ടുണ്ട്.

വളരെ ശാന്തമായിരുന്നു സാറയുടെ അന്ത്യവും. അല്ലാഹുവേ, ജീവിതം നീ എനിക്കൊരു ഭാരമാക്കരുതേ എന്നായിരുന്നു എപ്പോഴും അവരുടെ പ്രാര്‍ത്ഥന. അത് സ്വീകരിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ മരണം. വളരെ ശാന്തമായി, തെളിഞ്ഞ മുഖത്തോടെ, ആശുപത്രിയിലെത്തും മുമ്പേ വാഹനത്തില്‍ വെച്ച്, 2021 ലെ അവാസന ദിവസം, വെള്ളിയാഴ്ച, പതുക്കെ ആ കണ്ണുകളടയുകയായിരുന്നു.

2021 ന്റെ അവസാന നിമിഷങ്ങള്‍, ഫലസ്തീന് സമ്മാനിച്ച ദുഖവാര്‍ത്തകളിലൊന്നായിരുന്നു അത്. 91 വയസ്സായിരുന്നെങ്കിലും വളരെ ആരോഗ്യവതിയായിരുന്ന അവരുടെ ശരീരത്തില്‍ പ്രായാനുസൃതമായ ചുളിവുകള്‍ പോലും വീണിരുന്നില്ലെന്നാണ് പരിചിതര്‍ പറയുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter