അടഞ്ഞുപോകരുത് മസ്ജിദുല്‍ അഖ്‌സയുടെ വാതിലുകള്‍

മസ്ജിദുല്‍ അഖ്‌സക്ക് പതിനഞ്ച് വാതിലുകളുണ്ട്. ഇതില്‍ പലതും വളരെ മുമ്പുതന്നെ അടഞ്ഞു കിടക്കുന്നതാണ്. ഒരിക്കലും തുറക്കപ്പെടാറില്ല. ചില വാതിലുകള്‍ കഴിഞ്ഞ ജൂലൈ 14 ന് സയണിസറ്റ് അധിനിവേശക്കാര്‍ നിര്‍ബന്ധപൂര്‍വ്വം അടച്ചിട്ടു. ബാക്കിയുള്ള വാതിലുകള്‍ക്കു മുമ്പില്‍ ജൂലൈ 16 മുതല്‍ ഇസ്രയേല്‍ പട്ടാളം ഇലക്ട്രോണിക് മെഷീനുകള്‍ ഘടിപ്പിച്ച വാതിലുകള്‍ ഫിറ്റ് ചെയ്ത്, പള്ളിയിലേക്ക് വരുന്നവരെ പരിശോധിക്കാന്‍ സെക്യൂരിറ്റികളെ നിയമിച്ചിരിക്കയാണ്. വാതിലുകള്‍ ഇങ്ങനെ മനസ്സിലാക്കാം:

്അടഞ്ഞുകിടക്കുന്ന വാതിലുകള്‍

1. അല്‍ ബാബു സ്സുലാസീ: കുരിശു യുദ്ധങ്ങള്‍ക്കു ശേഷം സ്വലാഹുദ്ദീന്‍ അയ്യൂബിയാണ് ഈ വാതില്‍ വൃത്തിയാക്കി പരിപാലിക്കുകയും സംവിധാനിക്കുകയും ചെയ്തത്.

2. അല്‍ ബാബുല്‍ മസ്ദൂജ്: പള്ളിയുടെ തെക്കേ ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അമവികളാണ് ഇത് നിര്‍മിച്ചത്.

3. ബാബുര്‍റഹ്മ: പള്ളിയുടെ കിഴക്കേ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 

4. ബാബുല്‍ ജനാഇസ്: പള്ളിയുടെ കിഴക്കുഭാഗത്തു തന്നെ സ്ഥിതിചെയ്യുന്ന ചെറിയൊരു വാതിലാണിത്. മയ്യിത്തുകള്‍ പുറത്തു ഖബറിസ്ഥാനിക്ക് കൊണ്ടുവരാനാണ് മുമ്പ് ഇത് ഉപയോഗിച്ചിരുന്നത്. കുരിശുപോരാളികളില്‍നിന്നും മസ്ജിദുല്‍ അഖ്‌സ കീഴടക്കിയ ശേഷം സ്വലാഹുദ്ദീന്‍ അയ്യൂബിയാണ് ഇത് അടച്ചത്. കിഴക്കു ഭാഗത്തുനിന്നുള്ള ആക്രമണങ്ങളില്‍നിന്നും മോചനം കിട്ടാനാണ് അദ്ദേഹം ഇത് ചെയ്തത്.

5. അല്‍ ബാബുല്‍ മുഫ്‌റദ്: ഈ വാതിലിന്റെ അടയാളം പോലും ഇന്ന് മസ്ജിദുല്‍ അഖ്‌സായുടെ ചുമരുകളില്‍ ദൃശ്യമല്ല. 

മറ്റു വാതിലുകളും അവയുടെ വര്‍ത്തമാനവും

6. ബാബുല്‍ അസ്ബാഥ്: മസ്ജിദുല്‍ അഖ്‌സായുടെ സുപ്രധാന കവാടങ്ങളിലൊന്നാണിത്. പള്ളിയുടെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇതിലൂടെയാണ് ഖുദുസിന് പുറത്തുള്ളവര്‍ ഇതിലേക്ക് നിസ്‌കരിക്കാന്‍ വരുന്നത്. ഈ വാതിലാണ് ഇക്കഴിഞ്ഞ ജൂലൈ 14 ന് (2017) വെള്ളിയാഴ്ച ഇസ്രയേല്‍ പട്ടാളം അടച്ചിട്ടത്. അതിനെ തുടര്‍ന്ന് അവിടെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഫലസ്തീനി യുവാക്കള്‍ രക്തസാക്ഷികളായി. രണ്ട് ഇസ്രയേല്‍ പട്ടാളക്കാരും വധിക്കപ്പെട്ടു.

തുടര്‍ന്ന് ഞായറാഴ്ച പട്ടാളം അവിടെ ഇലക്ട്രോണിക് കവാടം സ്ഥാപിച്ച് അകത്തു കയറുന്നവരെ പരിശോധിക്കുന്ന രീതി സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ നിബന്ധനകള്‍ ഒത്തവരെ മാത്രമേ അതിലൂടെ പള്ളിയിലൂടെ കടത്തി വിടുന്നുള്ളൂ. ബാക്കിയെല്ലാവരെയും തിരിച്ചയക്കുകയാണ്. നിസ്‌കരിക്കാനായി പള്ളിയില്‍ പ്രവേശിക്കുന്നതില്‍ വിശ്വാസികള്‍ക്കു നേരെയുള്ള ഇസ്രയേലിന്റെ ഈ അവകാശനിഷേധത്തിനെതിരെയാണ് ഇന്ന് പോരാട്ടം നടന്നുകൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളും ഇതിനെതിരെ പ്രസ്താവനകളിറക്കി രംഗത്തുവന്നിട്ടുണ്ട്. 

7. ബാബു ഹിത്ത്വ: പള്ളിയുടെ വടക്കുഭാഗത്ത് കിഴക്കേ മൂലയോട് ചേര്‍ന്നാണ് ഈ വാതില്‍. ഇതിനടുത്തുവെച്ചാണ് ഈയിടെ രണ്ട് ഇസ്രയേല്‍ പട്ടാളം വധിക്കപ്പെട്ടത്. ഇപ്പോഴത് അടച്ചിട്ടിരിക്കയാണ്.

8. ബാബുല്‍ മലിക് ഫൈസ്വല്‍: പള്ളിയുടെ വടക്കേ ചുമരിന്റെ മധ്യത്തിലായാണ് ഈ വാതില്‍ സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഈ വാതിലും അടച്ചിടപ്പെട്ടിരിക്കയാണ്.

9. ബാബുല്‍ ഗവാനിമ: പള്ളിയുടെ പടിഞ്ഞാറേ ചുമരിലാണ് ഈ വാതില്‍. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇതും അടച്ചിടപ്പെട്ടിരിക്കുന്നു.

10. ബാബു ന്നാളിര്‍ (ബാബുല്‍ മജ്‌ലിസ്): പള്ളിയുടെ സജീവമായ വാതിലുകളിലൊന്നാണിത്. നാട്ടുകാരും പരിസരത്തെ കച്ചവടക്കാരും നിസ്‌കരിക്കാനായി അകത്തു കയറുന്നത് ഈ വാതിലിലൂടെയാണ്. 

കഴിഞ്ഞ 14 ന് ഈ വാതിലും അടക്കപ്പെട്ടു. തുടര്‍ന്ന് ചെക്ക് ചെയ്യുന്ന ഇലക്ട്രോണിക് മെഷീന്‍ ഗെയ്റ്റ് സംവിധാനം ഘടിപ്പിച്ച ശേഷം ഞായറാഴ്ച തുറന്നുകൊടുത്തിട്ടുണ്ട്. 

11. ബാബുല്‍ ഹദീദ്: പള്ളിയുടെ പടിഞ്ഞാര്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന കവാടമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇതും അടഞ്ഞുകിടക്കുകയാണ്. തുറന്നിട്ടില്ലെങ്കിലും അതിനടുത്തും ഇസ്രയേല്‍ പട്ടാളം ഇലക്ട്രോണിക് ചെക്കിംഗ് മെഷീനുമായി സെക്യൂരിറ്റിയെ നിയമിച്ചിട്ടുണ്ട്.

12. ബാബുല്‍ ഖത്ത്വാനീന്‍: മസ്ജിദുല്‍ അഖ്‌സായുടെ ഏറ്റവും വലിയ വാതിലുകളിലൊന്നാണിത്. പള്ളിയുടെ പടിഞ്ഞാറേ ചുമരില്‍ സ്ഥിതിചെയ്യുന്നു. ജൂലൈ 14 മുതല്‍ അടച്ചിട്ട ഇവിടെയും നിസ്‌കരിക്കാനെത്തുന്നവരെ പരിശോധന നടത്താന്‍ ഇലക്ട്രോണിക് മെഷീന്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രയേല്‍ പട്ടാളം. 

13. ബാബുല്‍ മുത്വഹ്ഹറ: പടിഞ്ഞാറേ ചുമരില്‍ ബാബുല്‍ ഖത്ത്വാനീനിനോട് അടുത്തായി സ്ഥിതിചെയ്യുന്നു. ജൂലൈ 14 മുതല്‍ അടഞ്ഞു കിടക്കുകയാണ്.

14. ബാബു സ്സില്‍സില: പടിഞ്ഞാറേ ഇടനാഴിയില്‍ സ്ഥിതിചെയ്യുന്ന വാതിലാണിത്. തദ്ദേശീയരായ ആളുകള്‍ അവരുടെ ചെറിയ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. ജൂലൈ 14 ന് ഇതും അടക്കപ്പെട്ടിരുന്നു. ഞായറാഴ്ച ഇലക്ട്രോണിക് ചെക്കിംഗ് മെഷീന്‍ സ്ഥാപിച്ച് തുടറന്നുകൊടുത്തിട്ടുണ്ട്. 

15. ബാബുല്‍ മുഗാറബ: മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ലാത്ത വാതിലാണിത്. 1967 ല്‍ അതിന്റെ ചാവി അവര്‍ സ്വന്തമാക്കിയ ശേഷം ഇസ്രയേലീ പട്ടാളമാണ് അത് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ, നിസ്‌കരിക്കുന്നവര്‍ക്കു നേരെ പലപ്പോഴും അക്രമങ്ങള്‍ അഴിച്ചുവിടുന്നതും ഈ കവാടത്തിലൂടെയാണ്. 

അവലംബം: അ്ല്‍ജസീറ.നെറ്റ് 
വിവ. ഇര്‍ശാന അയ്യനാരി
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter