സീറ രചനകൾ: പാരമ്പര്യ-സമകാലിക വായനകളിലെ പാരസ്പര്യം
നബി ജീവിതത്തെ രണ്ടു ചട്ടക്കുള്ളിലായി ലോകത്തിന് മുന്നിൽ ആവിഷ്ക്കരിക്കുന്ന രചനാരൂപമാണ് സീറകൾ. എന്നാൽ ഈ സീറ സാഹിത്യത്തിൽ തന്നെ മുസ്‍ലിം ലോകത്ത് പാരമ്പര്യ സമകാലിക ആഖ്യാനങ്ങൾക്ക് തമ്മിൽ വലിയ അന്തരം ഉണ്ടായിട്ടുണ്ട്.
സീറ രചനകളിലെ ചരിത്രവും പാരമ്പര്യവും
വിശുദ്ധ റസൂലിന്റെ ജീവിതത്തിൽ നിന്ന് ഇസ്‍ലാമിക ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തപ്പെടുന്നത് നബിചര്യയാണ് (അസ്സുന്നതുന്നബവിയ്യ). രണ്ടാമതായാണ് സീറ രചനകൾക്ക് പ്രാരംഭം കുറിക്കപ്പെടുന്നത്. അവിടുത്തെ ജീവിതചര്യകളെയും മൊഴിമുത്തുകളെയും കുറിക്കുന്ന ഹദീസുകള്‍ രേഖപ്പെടുത്തപ്പെടുന്നത് പ്രവാചകരുടെ ജീവിതകാലത്ത് തന്നെ തങ്ങളുടെ സമ്മതപ്പൂർവം അവിടുത്തെ സ്വഹാബത്ത് ആരംഭിച്ചിരുന്നു. ഖുർആനും ഹദീസും തമ്മിൽ കൂടിക്കലരുമെന്നുള്ള ഭയത്താൽ ആദ്യകാലത്ത് തന്റെ ഹദീസുകൾ രേഖപ്പെടുത്തരുതെന്ന് തിരുമേനിയുടെ വിലക്കുണ്ടായിരുന്നെങ്കിലും പിന്നീട് തന്റെ അനുചരർക്ക് ഖുർആനിക ശൈലിയും മറ്റും കൃത്യമായി മനസ്സിലായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനുശേഷം നബി തിരുമേനി തന്നെ ഹദീസുകൾ രേഖപ്പെടുത്താൻ അനുവാദം നല്കിയതായി കാണാൻ സാധിക്കും.
ഹദീസുകളുടെ ക്രോഡീകരണത്തിന് ശേഷമാണ്, അവിടുത്തെ ജീവിതം സീറയായും മഗാസികള്‍ (യുദ്ധങ്ങളെ പ്രത്യേകം പ്രതിപാദിക്കുന്നത്) ആയും രേഖപ്പെടുത്തുന്ന സമ്പ്രദായം രൂപപ്പെട്ടത്. ഇത്തരത്തിൽ ആദ്യമായി സീറ രചനയില്‍ മുഴുകിയത് ഉർവതു ബിൻ സുബൈർ (റ) (വഫാത്ത് 92.ഹി) ആണ്. പിന്നീട് അബാൻ ബിൻ ഉസ്മാന്‍(റ)വും (വഫാത്ത് 105.ഹി), വഹബ് ബിൻ മുനബ്ബഹ്(റ)വും (വഫാത്ത് 110.ഹി) ശുറഹ്ബീൽ ബിൻ സഅ്ദ്(റ)വും (വഫാത്ത് 123.ഹി) ഇബ്നുശിഹാബ് അസ്സുഹ്‍രി(റ)വും (വഫാത്ത് 124.ഹി) ഇത്തരത്തിലുള്ള രചനകൾ നിർവഹിച്ചവരാണ്. സീറ രചനകളിൽ ഏറ്റവും പഴക്കം ചെന്ന ഇടപെടലുകളാണ് മുകളിൽ സൂചിപ്പിക്കപ്പെട്ടവയെല്ലാം. സീറ രചന എന്നതിലുപരി പിന്നീട് രൂപപ്പെട്ടു വന്ന ചരിത്രരചനക്ക് കൂടെയുള്ള ആദ്യരൂപങ്ങളായി ഇവയെ കണക്കുകൂട്ടാം.
എന്നാൽ ഈ രചനകളെല്ലാം പിന്നീട് കാലഹരണപ്പെട്ടു പോകുകയാണ് ഉണ്ടായത്. ഇമാം ത്വബരിയെ പോലുള്ളവർ ഇവരിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഏതാനും ചില ഭാഗങ്ങളല്ലാതെ ഒന്നും നമുക്ക് ലഭിച്ചിട്ടില്ല. എന്നാൽ ഇതിൽ വഹബ് ബിൻ മുനബ്ബഹ്(റ)ന്റെ ഗ്രന്ഥത്തിന്റെ ഒരു പ്രതി ഇപ്പോഴും ജർമ്മനിയിലെ ഹൈഡൽബർഗ് നഗരത്തിൽ സൂക്ഷിക്കപ്പെടുന്നതായി പറയപ്പെടുന്നു.
ഈ ഒരു ഘട്ടത്തിനു ശേഷം വന്ന രചനകളിൽ ഹദീസുകളിൽ നിന്നും മറ്റും നബി ചരിത്രത്തിന്റെ സിംഹഭാഗവും ഉൾക്കൊള്ളുന്ന രീതിയിലുള്ള മഹത്തായ ശ്രമങ്ങളാണ് നടന്നത്. ഇവയിൽ പ്രഥമ സ്ഥാനം മുഹമ്മദ് ബിനു ഇസ്ഹാഖ്(റ) (വഫാത്ത് 152.ഹി) യുടെ സീറക്കാണ്. അക്കാലത്ത് രചിക്കപ്പെട്ടവയിൽ ഏറ്റവും പ്രബലവും അവലംബാർഹവുമായ ഗ്രന്ഥമായിട്ടാണ് ചരിത്രകാരന്മാർ ഇതിനെ ഗണിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ അൽമഗാസി ഗ്രന്ഥം മുഴുവനായി അതുപോലെ നമുക്ക് ലഭിച്ചില്ലെങ്കിലും പിന്നീട് വന്ന ഇബ്നു ഹിശാം(റ) ഇതിന്റെ പല ഭാഗങ്ങളും പുനക്രമീകരിച്ചിട്ടുണ്ട്. അങ്ങനെ ഇബ്നു ഇസ്ഹാഖ്(റ)ന്റെ നിര്യാണത്തിനു ശേഷം 50 വർഷത്തിനുള്ളിൽ തന്നെ ഈ മഹത്കർമ്മം ഇബ്നു ഹിശാം(റ)ലൂടെ നിർവഹിക്കപ്പെട്ടു.
പ്രശസ്ത മുസ്‍ലിം ചരിത്രകാരൻ ഇബ്നു ഖല്ലികാൻ തന്റെ “വഫായാത്തുൽ അഅ്‍യാനിൽ” പറയുന്നത് ഇപ്രകാരമാണ്: "ഇബ്നു ഹിശാം ആണ് പ്രവാചകരുടെ ചരിത്രം ഇബ്നു ഇസ്ഹാക്കിന്റെ സീറയും മഗാസിയും നമുക്ക് സംസ്കരിച്ച് ചിട്ടപ്പെടുത്തി തന്നിട്ടുള്ളത്. അതാണിന്ന് സർവ്വസാധാരണയായി ജനങ്ങളുടെ കൈകളിൽ നാം കാണുന്ന സീറത്തു ഇബ്നി ഹിശാം". ഇവയുടെയെല്ലാം അവലംബം വിശുദ്ധ ഖുര്‍ആനും ഹദീസുകളും തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ.
സീറ രചനയിൽ വന്ന സമകാലിക ചിന്താ ധാരകൾ:
പത്തൊമ്പതാം നൂറ്റാണ്ടിലാണ് ചരിത്രരചനയിൽ വ്യത്യസ്ത ആശയധാരകൾ ഉടലെടുക്കാൻ തുടങ്ങിയത്. സബ്ജക്റ്റീവ് മെത്തേഡ്, ഒബ്ജക്റ്റീവ് മെത്തേഡ് എന്നിങ്ങനെ രണ്ടു രീതിയിലായി അതോടെ ചരിത്ര വീക്ഷണം. "സയന്റിഫിക് മെത്തേഡ് എന്നും വിളിക്കപ്പെടുന്ന സബ്ജക്ടീവ് മെത്തേഡിന്റെ പ്രധാന വക്താക്കളിൽ ഒരാളാണ് സിഗമണ്ട് ഫ്രോയിഡ്. ചരിത്രത്തെയും അതിലെ വ്യക്തിത്വങ്ങളെയും നിർവചിക്കുന്നിടത്ത് ഒരു ചരിത്രകാരൻ സ്വതന്ത്രമായുള്ള തന്റെ തോന്നലുകളെയും ചിന്തകളെയും ആശയങ്ങളെയും അതിൽ ചേർത്തു വെക്കുക എന്നതാണിതിന്റെ സാരം. എന്നുമാത്രമല്ല ഇത്തരത്തിൽ ഒരു ചരിത്രകാരൻ ചരിത്രത്തെ അവതരിപ്പിക്കുമ്പോഴേ അതു മൂല്യവത്തായ ഒരു കർമമാവുകയൊള്ളുവെന്നും അല്ലാതെ ചരിത്രസംഭവങ്ങളെ അപ്പടി വിവരിക്കുന്നതിൽ ഒരർത്ഥവുമില്ല എന്നുമാണ് ഇവരുടെ വശം. ഇത്തരത്തിലുള്ള സമീപനങ്ങൾ ചരിത്രരചനയെ കൂടുതൽ ജീവസുറ്റതാക്കുന്നു എന്നും അവർ വാദിച്ചു.
ചരിത്രരചനയിലെ ഏറ്റവും സമകാലികമായ വീക്ഷണങ്ങളിൽ "ശാസ്ത്രീയമായ രീതി" എന്ന പൊള്ള വാദവുമായി ഇത്തരത്തിലുള്ള ആശയങ്ങൾ വന്നുവെന്നത് തികച്ചും ഖേദകരം തന്നെയാണ്. കാരണം ഇത്തരത്തിലുള്ള സമീപനങ്ങൾ പിന്നീട് ചരിത്രത്തെ വളച്ചൊടിക്കുന്നതിൽ എത്രമേൽ സഹായിച്ചുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
ചരിത്രരചനയോടുള്ള ഈ സമീപനങ്ങൾ സീറ രചനകളിലും കടന്നുകയറുകയും ഒരു കൂട്ടം ഗവേഷകരും ചിന്തകരും ഈ ആശയത്തിൽ വർത്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തതിന്റെ ഫലമായി സ്വാഭാവികമായും അതിന്റെ ചെറുതല്ലാത്ത സ്വാധീനങ്ങൾ ഇതിൽ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. തുടർന്ന് സീറരചനയിലും ഇതൊരു പുതിയ ധാരയായി വളർന്നുവന്നു.
സമകാലിക ചരിത്ര വീക്ഷണങ്ങളുടെ പ്രാരംഭം
1882 മുതൽ ആരംഭിച്ച ഈജിപ്തിലെ ബ്രിട്ടീഷ് അധിനിവേശ കാലത്താണ് ഇതിന്റെ പ്രാരംഭം. അക്കാലത്തെ ലോക മുസ്‍ലിം ജനതയുടെ മുഴുവൻ വിജ്ഞാന തലസ്ഥാനമായിരുന്ന ഈജിപ്തിനും മുസ്‍ലിം വൈജ്ഞാനിക മണ്ഡലങ്ങളുടെ അച്ചുതണ്ടായി വർത്തിക്കുന്ന അൽഅസ്ഹർ യൂണിവേഴ്സിറ്റിക്കും വന്നേക്കാവുന്ന എന്തു സ്വാധീനങ്ങളും മുസ്‍ലിം ലോകത്തെ മുഴുവൻ ആഴത്തിൽ ബാധിക്കുമെന്ന ബോധം കൃത്യമായിതന്നെ ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കുണ്ടായിരുന്നു. ഈ സുവർണ്ണാവസരത്തിൽ ബ്രിട്ടീഷ് അധിനിവേശ ശക്തിക്ക് മുന്നിൽ രണ്ട് വഴികളുണ്ടായിരുന്നു. ഒന്നുകിൽ അൽഅസ്ഹറിനും മുഴുവൻ മുസ്‍ലിം സമൂഹത്തിനും ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കി ചേരി തിരിക്കുക, അല്ലെങ്കിൽ അൽഅസ്ഹറിന്റെ നേതൃത്വ പദവിയിലേക്ക് നുഴഞ്ഞു കയറുകയും അധിനിവേശ ശക്തിയുടെ താത്പര്യത്തിനനുസരിച്ച് അൽഅസ്ഹറിന്റെ രീതി മാറ്റുകയും ചെയ്യുക എന്നതാണ്. ഇതിൽ ഏറ്റവും എളുപ്പം രണ്ടാമത്തേതാണ് എന്നതിനാല്‍ അതാണ് അവര്‍ തെരഞ്ഞെടുത്തത്.
ഇങ്ങനെ നേതൃത്വപദവികളിലേക്ക് കടന്നുകയറാൻ അധിനിവേശ ശക്തികൾ തിരഞ്ഞെടുത്ത കുതന്ത്രവും അന്ന് മുസ്‍ലിം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദൗർബല്യത്തെ ചൂഷണം ചെയ്യുക എന്നുള്ളതാണ്. അന്ന് ഈജിപ്തിലും മറ്റു പ്രദേശങ്ങളിലും മുസ്‍ലിം ലോകത്ത് തന്നെ ആകമാനമുള്ള പൊതുബോധമായിരുന്നു പുതിയകാലത്ത് മുസ്‍ലിംകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അപചയവും പിന്നോക്കാവസ്ഥയും. ഇതേ സമയം പാശ്ചാത്യസമൂഹം ഭൗതികമായും നാഗരികമായും ശാസ്ത്രീയമായും നേടിക്കൊണ്ടിരുന്ന അത്യപൂർവമായ വികസനവും മുന്നേറ്റങ്ങളും മുസ്‍ലിം സമൂഹം അല്‍ഭുതത്തോടെയായിരുന്നു നോക്കിയിരുന്നത്. പാശ്ചാത്യരീതികള്‍ പിന്തുടരുകയാണ് തങ്ങളുടെ ഈ പതിതാവസ്ഥക്ക് പരിഹാരം എന്ന് വരെ അവരില്‍ ഭൂരിഭാഗവും ചിന്തിച്ചിരുന്നു.
ഈ അവസരം മുതലെടുത്ത്, പാശ്ചാത്യ സമൂഹങ്ങൾ ഇതെല്ലാം നേടിയെടുത്തത് ശാസ്ത്രത്തിനു മുന്നിൽ മതത്തെ കീഴ്പ്പെടുത്തിയാണെന്നുള്ള ധാരണ തന്ത്രപരമായി ഈജിപ്തിലെ ബുദ്ധിജീവികളിൽ സന്നിവേശിപ്പിക്കുകയായിരുന്നു ആദ്യമായി അവര്‍ ചെയ്തത്. അതിനാൽ മതം ശാസ്ത്രത്തിനു മുന്നിൽ എപ്പോഴും കീഴ്പ്പെട്ടിരിക്കണമെന്നും മതം ഒന്നും ശാസ്ത്രം അത് മറ്റൊന്നുമാണെന്നുള്ള ധാരണ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. അതിനാൽ പാശ്ചാത്യർ ക്രിസ്ത്യൻ മതത്തോട് ചെയ്ത അതേ സമീപനം മുസ്‍ലിംകൾ ഇസ്‍ലാമിനോടും ചെയ്യണമെന്നായിരുന്നു ഇതിന്റെ താല്പര്യം. അതിനാൽ പുതിയകാലത്തെ ശാസ്ത്രീയ നിയമങ്ങളോട് സമരസപ്പെടാത്ത മുഴുവൻ വിശ്വാസങ്ങളെയും മുസ്‍ലിം ചിന്താമണ്ഡലങ്ങളിൽ നിന്ന് പുറംതള്ളണമെന്നായി.
തുടർന്ന് യൂറോപ്യൻ നാഗരികതയിൽ ആകൃഷ്ടരായ എന്നാൽ ഇസ്‍ലാമിക മൂല്യങ്ങൾ കൃത്യമായി ബോധ്യപ്പെടാത്ത പലരും മനുഷ്യന്റെ അനുഭവങ്ങൾക്ക് പുറത്തുള്ള വിശ്വാസ യാഥാർത്ഥ്യങ്ങളെ നിരാകരിക്കാനാരംഭിച്ചു. ഇതാണ് പിന്നീട് ഇസ്‍ലാമിക ലോകത്ത് "ഇസ്‍ലാഹി മൂവ്മെന്റുകൾ" എന്ന പേരിൽ ഉയർന്നുവരുന്നത്. ഇതിനെതുടർന്ന് അവർക്ക് പല മതകീയ ചിന്തകളെയും പുനർവ്യാഖ്യാനം ചെയ്യേണ്ടതുണ്ടായിരുന്നു. സ്വാഭാവികമായും നബിചരിതവും അതിന്റെ പുതിയ മാനങ്ങളിൽ മനസ്സിലാക്കപ്പെടേണ്ടത് ആവശ്യമായി വന്നു. സീറയെ വിശദീകരിക്കുന്നതിലും അതിലെ ശാസ്ത്രത്തോട് യോജിക്കാത്ത അഭൗതികമായ സംഭവങ്ങളെയും പതിവിനെതിരായ കാര്യങ്ങളെയും യുക്തിക്ക് ബോധ്യമാവുന്ന രീതിയില്‍ വ്യാഖ്യാനിക്കേണ്ടിവന്നു.
ചരിത്രരചനയിൽ നേരത്തെ നാം പറഞ്ഞു വെച്ച സബ്ജക്റ്റീവ് മെത്തേഡ് ഇതിന് ഏറ്റവും ഉചിതമായ പരിഹാരമായിരുന്നു എന്നവർ കണ്ടെത്തി. ചരിത്രകാരൻ തന്റെ വ്യക്തിപരമായ ബോധങ്ങളെയും തിരിച്ചറിവുകളെയും ചരിത്രത്തോട് കൂട്ടിച്ചേർക്കുന്ന രീതിയാണിത്. ഇത്തരത്തിലുള്ള സീറ രചനകളും അങ്ങനെ പുറത്തുവന്നു തുടങ്ങി. മുസ്‍ലിം ലോകത്ത് അന്നേവരെ പാരമ്പര്യമായി പിന്തുടർന്ന് പോന്നിരുന്ന സനദ്, രിവായത് പോലുള്ളവയിലെ അടിസ്ഥാന തത്വങ്ങൾ പാടെ തമസ്കരിച്ചു കൊണ്ട് വ്യക്തിപരമായ അനുമാനങ്ങളും ചിന്തകളും അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇവയിൽ അധികവും. അതിനാൽ തന്നെ പതിവിന് എതിരായി നബി തിരുമേനിയുടെ ജീവിതത്തിൽ നടന്നിട്ടുള്ള മുഅജിസതുക്കളെ അസംഭവ്യമായി മനസ്സിലാക്കുകയും അതിനെ മറ്റുപല വിശേഷണങ്ങളുമായി ബന്ധപ്പെടുത്തി വിശദീകരിക്കുകയായിരുന്നു ഇക്കൂട്ടർ. അവർ അതിനെ നൈപുണ്യം, മാഹാത്മ്യം, ധീരത, വ്യക്തിപ്രഭാവം, നേതൃത്വപാടവം എന്നു തുടങ്ങി പല രീതിയിലും വിശേഷിപ്പിച്ചു.
നബി സീറയിൽ ഇത്തരത്തിലുള്ള സമീപനങ്ങൾക്ക് ഏറ്റവും നല്ല ഉദാഹരണമാണ് സുപ്രസിദ്ധ ഈജിപ്ഷ്യൻ എഴുത്തുകാരൻ ഹുസൈൻ ഹൈക്കൽ എഴുതിയ "ഹയാതു മുഹമ്മദ്" (The life of Muhammed) ഇതിൽ അദ്ദേഹം സ്വീകരിച്ച സമീപനത്തെ കൃത്യമായി ആമുഖത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: "ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങൾക്ക് പാരമ്പര്യ സീറ ഗ്രന്ഥങ്ങളിൽ നിന്നോ ഹദീസ് ഗ്രന്ഥങ്ങളിൽ നിന്നോ ഞാൻ തെളിവ് ഉദ്ധരിച്ചിട്ടില്ല. മറിച്ച് ശാസ്ത്രീയമായി അതിനെ തെളിയിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്".
അതുപോലെ ഇത്തരത്തിലുള്ള പുതിയ സമീപനങ്ങൾക്ക് മറ്റൊരു ഉദാഹരണമാണ് നൂറുൽ ഇസ്‍ലാം എന്ന മാഗസിനിൽ മുഹമ്മദ് ഫരീദ് വജ്ദി എഴുതിയ (The prophetic life in the light of science and philosophy) എന്ന ലേഖന പരമ്പരകൾ. അതിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: "നമ്മുടെ ഈയൊരു സീറ രചനയിൽ വന്നിട്ടുള്ള അമാനുഷിക സംഭവങ്ങൾ കൂടുതൽ വിവരിക്കാതെ അതിനുള്ള ബൗദ്ധിക കാരണങ്ങൾ കുറച്ചു പ്രയാസപ്പെട്ടാണ് എങ്കിലും സമർതഥിക്കാൻ നാം താൽപര്യം കാണിച്ചിട്ടുള്ളതെന്ന് വായനക്കാരന് അവ്യക്തമല്ലല്ലോ.."
ഇപ്രകാരം തന്നെ ഇതേ സബ്ജക്റ്റീവ് മെത്തേഡിലൂടെ പ്രവാചക തിരുജീവിതത്തെ സമീപിച്ച ഒരു കൂട്ടം ഓറിയന്റലിസ്റ്റുകളും മറ്റൊരു ഭാഗത്ത് ഉണ്ട്. ഇവർ പ്രവാചകൻ തിരുമേനിയുടെ മാഹാത്മ്യം വിശദീകരിക്കുകയും വാനോളം പുകഴ്ത്തുകയും ചെയ്യുന്നതായി നമുക്ക് കാണാമെങ്കിലും അവ മാനുഷിക പരിധികൾക്കപ്പുറം കടക്കുന്നില്ലെന്ന് കാണാവുന്നതാണ്. പ്രവാചകരിൽ ഉൾക്കൊണ്ടിട്ടുള്ള നുബുവ്വത്ത് എന്ന യഥാർത്ഥ സത്തയെ, വഹ്‍യിന്റെ യാഥാർത്ഥ്യത്തെ ഉള്‍ക്കൊള്ളാതെയും അംഗീകരിക്കാതെയുമുള്ള കേവല ചരിത്ര വായനകളായിരുന്നു അവയെല്ലാം.
അങ്ങനെ പ്രവാചക ചരിത്രത്തിൽ നിന്ന് വ്യക്തമായ തെളിവുകളുടെയും മറ്റും അടിസ്ഥാനത്തിൽ മുതവാതിർ ആയി വന്ന സംഭവങ്ങളെയും ചിലപ്പോൾ ഖുർആനിൽ തന്നെ സ്പഷ്ടമായി വിവരിക്കപ്പെട്ട കാര്യങ്ങളെയും അതിന്റെ യാഥാർത്ഥ്യത്തിൽ നിന്ന് വ്യതിചലിപ്പിച്ചുകൊണ്ട് മറ്റു പല അർത്ഥങ്ങൾ പ്രയാസപ്പെട്ടാണെങ്കിലും ഇവർ സാധാരണ സംഭവങ്ങളാക്കി വ്യാഖ്യാനിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന് ആനക്കലഹ സംഭവത്തിൽ അല്ലാഹു അയച്ചു എന്ന് ഖുർആനിൽ വ്യക്തമായി പരാമർശിക്കപ്പെട്ടിട്ടുള്ള "അബാബീൽ" കൊണ്ട് വിവക്ഷിക്കപ്പെടുന്നത് പ്ലേഗ് രോഗം ആണെന്ന് ഇവർ പറയുന്നു. സൂറത്തു ഇസ്രാഇൽ പരാമര്‍ശിച്ച ഇസ്‍റാഅ് (രാപ്രയാണം) സംഭവം അതൊരു സ്വപ്ന സഞ്ചാരം ആണെന്നും ആത്മീയ പര്യടനം ആണെന്നുമാണ് ഇവരുടെ പക്ഷം. അതുപോലെ പരിശുദ്ധമായ ബദർ യുദ്ധത്തിൽ അല്ലാഹു തന്റെ മലക്കുകളെ ആകാശ ലോകത്തിൽ നിന്ന് ഇറക്കി എന്ന് ഖുർആനിൽ പരാമർശിക്കപ്പെട്ടതിനെ അതൊരു ആത്മീയമായ പിൻബലം മാത്രമായി ചുരുക്കുകയാണ് അവര്‍.
ഈ വ്യാഖ്യാന പരമ്പരയിൽ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്നതും ഒരുപക്ഷേ ചിരിപ്പിക്കുന്നതുമായ ഒന്ന് നബി തങ്ങൾക്ക് ലഭിച്ചിട്ടുള്ള നുബുവ്വത്തും തങ്ങളിലുള്ള അനുചരരുടെ വിശ്വാസവും അന്ന് നടന്ന മുഴുവൻ മുസ്‍ലിം തേരോട്ടങ്ങളും എല്ലാം സാമ്പത്തിക താല്പര്യങ്ങളെ മുൻനിർത്തിയാണെന്നും വിശപ്പകറ്റാൻ ആണെന്നും സമ്പന്നർക്കും ജന്മിമാർക്കും എതിരെ ഒരു കൂട്ടം പാവങ്ങൾ കൊണ്ടുവന്ന പ്രക്ഷോഭം, ഒരു വലതുപക്ഷത്തിനെതിരെ ഇടതുപക്ഷം ഉയർത്തിയിട്ടുള്ള വിപ്ലവം ആണെന്ന് പറയുന്നവരും ഇവരിൽ ഉണ്ട് എന്നുള്ളതാണ്.
ഈ ഇസ്‍ലാഹികൾക്ക് അധിനിവേശ ശക്തികൾ കൊണ്ടുവന്നു നൽകിയ ഈ നവോത്ഥാനം സത്യത്തിൽ ദീനിന്റെ തന്നെ അടിസ്ഥാന ശിലകളെ തകിടം മറിക്കുന്നതാണെന്ന് ഇവർ മനസ്സിലാക്കാതെ പോയി. ഇസ്‍ലാമിനെ അതിന്റെ യഥാർത്ഥ ഗൈബിയ്യായ സത്തയിൽ നിന്ന് പുറത്തു നിർത്തൽ ഇസ്‍ലാമിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്. പ്രകൃതി നിയമങ്ങൾക്ക് പുറത്തുള്ള പ്രവാചക അത്ഭുതങ്ങളെ പ്രകൃതി നിയമങ്ങൾ കൊണ്ട് വ്യാഖ്യാനിക്കുന്നത് തികച്ചും അബദ്ധജടിലമാണ്.
പൂർണ്ണതയുടെ ഏറ്റവും ഉത്തുംഗതയിൽ എത്തിയ ഈ ദീനിനെ പരിപൂർണ്ണമാക്കാൻ ഇനി മറ്റൊരു ഇസ്‍ലാഹികളും വരേണ്ടതില്ലെന്ന് അവർ മനസ്സിലാക്കാതെ പോയി. മാത്രമല്ല പാശ്ചാത്യ സമൂഹങ്ങളുടെ നാഗരികതയിൽ മഞ്ഞളിച്ചു പോയ അവരുടെ കണ്ണുകൾക്ക്, ഏറ്റവും മഹത്തരമായ ഈ നാഗരികതയുടെ വലുപ്പം മനസ്സിലാക്കാനും പാശ്ചാത്യ നാഗരികതയുടെ പൊള്ളത്തരങ്ങളെ വായിച്ചെടുക്കാനും സാധിക്കാതെ പോയി എന്ന് പറയാതെ വയ്യ. ഇന്നും ഇസ്‍ലാഹികള്‍ എന്ന് പറഞ്ഞ് നടക്കുന്നവരിലധികവും ഈ തിരിച്ചറിവിലേക്ക് എത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഇസ്‍ലാമിനെ മനുഷ്യ നിര്‍മ്മിതമായ ഇതര മതങ്ങളെയും ഇസങ്ങളെയും പോലെ കേവലം ഒരു പ്രസ്ഥാനമായി കാണാതെ, അല്ലാഹുവില്‍നിന്ന് അവതീര്‍ണ്ണമായ സമ്പൂര്‍ണ്ണ ജീവിത രീതിയായി കാണാനാവുമ്പോഴേ നാം അതിന്റെ വലുപ്പവും മാഹാത്മ്യവും തിരിച്ചറിയൂ.



Leave A Comment