ശൈഖ് യൂസുഫ് അല്‍നബ്ഹാനി, പ്രണയം തീര്‍ത്ത രചനാ വിസ്മയം

പ്രാവാചകരേ
ആ പ്രഭയല്ലോ സമ്പൂര്‍ണ്ണം,
സൃഷ്ടികള്‍ അതിന്‍റെ ഭാഗവും...

അമ്പിയാക്കളല്ലയോ
അവിടത്തെ സേനാവ്യൂഹം

ഈ ഉണ്മയുടെ റൂഹേ,
അവിടന്നില്ലെങ്കില്‍
സര്‍വ്വം നിഷ്പ്രഭം.
....
സൃഷ്ടികളുടെ സയ്യിദിന്‍റെ
വസതിയിലാണ്,
പടിവാതിക്കലാണ്,
ഫഖീറുകള്‍ വന്നെത്തുന്നത്,
അവിടന്ന്
ദാനം ചെയ്യുന്നു,
ആ കരദ്വയങ്ങളിലൂടെ
ദിവ്യകടാക്ഷങ്ങള്‍ സാധിക്കുന്നു.
                      (ത്വീബതുല്‍ ഗറാ)

അലകളായൊഴുകുന്ന മദ്ഹിന്‍റെ പാലാഴി തീര്‍ക്കുന്ന ശ്രേഷ്ഠ കവിയും ഗ്രന്ഥകര്‍ത്താവും സൂഫിവര്യനും മഹാപണ്ഡിതനുമാണ് ഖാളി യൂസുഫ് അന്നബ്ഹാനി (1849-1932). എഴുപതിലേറെ ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. ഭൂരിഭാഗവും പ്രവാചകപ്രണയത്തിന്‍റെ സൃഷ്ടികളാണ്.  പ്രസിദ്ധനായ ഇസ്ആഫ് ശാശീബിയുടെ അഭിപ്രായത്തില്‍ അഹ്മദ് ശൗഖിയോളം വളരുമായിരുന്നു നബ്ഹാനി, അദ്ധേഹത്തിന്‍റെ കാവ്യപ്രമേയങ്ങള്‍ വിഭിന്നമായിരുന്നുവെങ്കില്‍. ലബനാനീ ചിന്തകനായ ശകീബ് അര്‍സലാന്‍ പറഞ്ഞത് തന്‍റെ കാലത്തെ സുപ്രസിദ്ധ കവിയായിരുന്നു നബ്ഹാനീ എന്നാണ്. 

ആഹ്....
എന്‍റെ ചിറകുകള്‍ 
ഉടഞ്ഞില്ലായിരുന്നെങ്കില്‍ 
ഞാന്‍ 
ഹിജാസിലേക്കു പറക്കുമായിരുന്നു.
എല്ലാ വൈകല്ല്യങ്ങള്‍ക്കും
പരിഹാരം അഹ്മദാണ്.
സൃഷ്ടികളുടെ സയ്യിദും
ഹഖിന്‍റെ തെളിച്ചവും
സന്മാര്‍ഗത്തിന്‍റെ
ചക്രവാളസൂര്യനും
ബശീറും നദീറും
അവിടന്നാണ്......(സആദതു ദാറൈന്‍)

പ്രണയത്തിന്‍റെ തീ പടര്‍ന്ന് പിടിച്ച വരികളാണ് അദ്ധേഹത്തിന്‍റേത്. വായനക്കാരനെ അപാരവും അവാച്യവുമായ കാവ്യലോകത്തിലേക്ക് കൈപിടിച്ചിരുത്തുന്നു. ആ പദാരവിന്ദങ്ങളെ ആസ്വദിച്ചവര്‍ മുഴുവനും അദ്ധേഹത്തെ അക്കാലത്തിന്‍റെ ബൂസ്വീരി എന്ന സ്ഥാനപ്പേര് നല്‍കി. അത്രമേല്‍ അഗാധവും ഗാഢവുമായിരുന്നു ആ വരികളിലെ പ്രവാചകപ്രേമം. 

ശൈഖ് നബ്ഹാനിയെ വ്യത്യസ്തനാക്കുന്ന പലതില്‍ ഒന്നാണ് കവിതകളിലൂടെ അദ്ധേഹം നടത്തിയ ആദര്‍ശ സംവാദം. തന്റെ കാവ്യനൈപുണിയുടെ അപാരമായ വഴക്കത്തെ അത് അടയാളപ്പെടുത്തുന്നുണ്ട്. അല്‍റാഇയ്യത്തു സ്സുഗ്റാ എന്ന ഗ്രന്ഥം അതിനു തെളിവാണ്. സലഫി പ്രസ്ഥാനത്തിന്‍റെ ആശയ ബിംബങ്ങലെ ഒന്നൊന്നായി പിടിച്ചെടുത്തു തുറന്നുകാട്ടുന്ന കവിതകള്‍ അവസാനിക്കുന്നതും പ്രവാചക പ്രണയത്തില്‍ തന്നെയായിരുന്നു. ഇബ്നു തൈമിയ, അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് രിള, മുഹമ്മദു ബനു അബ്ദില്‍ വഹാബ്, ശുക്രി അഫന്‍ദി എന്നിവരുടെ തനിനിറം കാണിച്ച ശേഷം പ്രവചകരുടെ അപദാനം പറഞ്ഞു, ആത്മനൊമ്പരം പങ്കുവെക്കുന്നത് ഇപ്രകാരമാണ്

എത്ര കാലം
ഗദ്യവും പദ്യവും ചൊല്ലി
ഞാന്‍ 
അല്ലാഹുവിലേക്ക് വിളിക്കും

അകതാരില്‍
വേദന എരിയുകയാണ്
അത്യുച്ചത്തില്‍
ഞാനിതാ വിളിച്ചു പറയുന്നു

ശത്രുക്കളിതാ
തമ്പടിച്ചിരിക്കുന്നു
അവര്‍
നമ്മുടെ വിശ്വാസത്തെ
മലിനമാക്കിയിരിക്കുന്നു

നീണ്ടു പോകുന്ന വരികളും നിരന്നു കിടക്കുന്ന ഉപമകളും അലങ്കാരങ്ങളും അവക്കിടയിലൂടെ തീപിടിച്ച പൊരുളുകളും, എല്ലാ ചേര്‍ന്ന് ബഹളമയമാണ് ഈ കവിതയുടെ പേജുകള്‍. അതും തുടങ്ങുന്നതും ഒടുങ്ങുന്നതും പ്രവാചകസ്മരണയിലും സ്നേഹത്തിലുമാണ്. ഒരര്‍ത്ഥത്തില്‍ മത നവീകരണത്തെ സൂഫിസം കൊണ്ടും പ്രവാചകപ്രണയം കൊണ്ടും പ്രതിരോധിക്കുന്നതായും നമുക്ക് കാണാനാവും.

ജാമിഉ കറാമാതില്‍ ഔലിയ എന്ന ഗ്രന്ഥത്തിന്‍റെ ആമുഖത്തില്‍ അസ്ഹറിലെ ഗുരുവര്യരായ ശൈഖ് ഇബ്റാഹീം ഇവളിന്‍റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. തന്‍റെ കൂട്ടുകാരനായ ഡോ. ഇബ്റാഹീമിനെ ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. 'മദീനക്കാരനായ ഒരു കൂട്ടുകാരനുണ്ടെനിക്ക്. പ്രായം ചെന്ന, സദ്‍വൃത്തനായ അദ്ധേഹം തനിക്ക് സംഭവിച്ച ഒരത്ഭുതം പങ്കുവെക്കുകയുണ്ടായി. അദ്ധേഹം പതിവായി നബിയെ സ്വപ്നം കാണാറുണ്ടായിരുന്നു. പിന്നീട് ഒരു പാട് കാലം ആ അനുഗ്രഹം നിഷേധിക്കപ്പെട്ടു. കടുത്ത ദുഖം അദ്ധേഹത്തെ പിടിപെട്ടു. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആ ദര്‍ശന ഭാഗ്യം വീണ്ടും അദ്ധേഹത്തെ തേടിയെത്തി. ഒരു പാടുകാലം കാണാത്തതിലുള്ള വേദന പങ്കുവെച്ചപ്പോള്‍ പ്രവാചകന്‍ അദ്ധേഹത്തോടു പറഞ്ഞുവത്രെ 'എനിക്ക് പ്രിയങ്കരനായ നബ്ഹാനിയെ ആക്ഷേപിക്കുന്ന ഈ ഗ്രന്ഥം താങ്കളുടെ അരികിലുണ്ടാകുമ്പോള്‍  എങ്ങനെയാണ് താങ്തള്‍ക്ക് എന്നെ കാണാനാവുക?'. നേരം പുലര്‍ന്നപ്പോള്‍ ഞാന്‍ ആ ഗ്രന്ഥം കത്തിച്ചുകളഞ്ഞു. നയ്‍ലുല്‍ അമാനി ഫില്‍ റദ്ധി അലല്‍ നബ്ഹാനി എന്ന ശുകരി അഫന്‍ദി അല്‍ ആലൂസി രചിച്ച ശൈഖ് നബഹാനിയെ വിമര്‍ശിക്കുന്ന ഒരു ഗ്രന്ഥമായിരുന്നു അത്. 

പ്രവാചകനും സ്വലാത്തും മദീനയും മനസ്സിലും മഷിത്തുമ്പിലും കൊണ്ടു നടന്നിരുന്ന സൂഫിയായ ശൈഖ് നബ്ഹാനിയെക്കുറിച്ചുള്ള ഇത്തരം സംഭവങ്ങള്‍ തികച്ചും സ്വാഭാവികമാണ്. അത്രമേല്‍ അപാരമാണ് ആ വ്യക്തിത്വം. അനിതര സാധാരണമായ ആ ആത്മിക വിശുദ്ധി. തന്റെ രചനകളിലെ പ്രധാനപ്രമേയവും പ്രവാചകന്‍ തന്നെയായിരുന്നു. അത്കൊണ്ട് തന്നെയാണ് പ്രവാചകനെ തേടിയിറങ്ങിയ ജര്‍മന്‍ ഓറിയന്‍റെലിസ്റ്റ് ആന്‍മേരി ഷിമ്മല്‍ തന്റെ വിശ്വപ്രസിദ്ധമായ 'ആന്‍ഡ് മുഹമ്മദ് ഈസ് ഹിസ് മെസ്സഞ്ചര്‍'  എന്ന കൃതിയില്‍ ശൈഖ് നബ്ഹാനിയെക്കൂടെ പരാമര്‍ശിച്ചത്. നബ്ഹാനിയുടെ പ്രവാചകപ്രകീര്‍ത്തന കാവ്യങ്ങളിലെ മാസ്റ്റര്‍ പീസ് രചനയായ ഹംസിയ്യയിലെ വരികള്‍ ഉദ്ധരിച്ച് കൊണ്ടാണ് ഷിമ്മല്‍ വിവരണം നടത്തുന്നത്. അഥവാ, പ്രവാചകനെത്തേടിയ ആധുനിക പടിഞ്ഞാറും കിഴക്കുമെല്ലാം നബ്ഹാനിയിലൂടെ കടന്നുപോകന്നെന്ന് ചുരുക്കം. ഇതിനു പുറമെ, ഹദീസ്, ഖുര്‍ആന്‍, തസവ്വുഫ്, അഹ്ലുസ്സുന്ന എന്നിവയും നബ്ഹാനിയുടെ രചനക്ക് വിധേയമായ വൃത്താന്തങ്ങളാണ്. 

ജനനം

ക്രിസ്താംബ്ദം 1849ല്‍ ഫലസ്ഥീനിലെ വടക്ക് സ്ഥിതിചെയ്യുന്ന ഹൈഫക്കടുത്തുള്ള  ഇജ്സിം ഗ്രാമത്തിലാണ് അദ്ധേഹം ജനിച്ചത്. ബനൂ നബ്ഹാന്‍ എന്നാണ് കുടുംബപേര്. യൂസുഫു ബ്നു ഇസ്മാഈല്‍ ബിന്‍ യൂസുഫ് അല്‍നബ്ഹാനി എന്നാണ് പൂര്‍ണ്ണനാമം.  വലിയതോതില്‍ മതനിഷ്ഠയുള്ള കുടംബത്തിലാണ് ശൈഖ് നബ്ഹാനിയുടെ ജനനം. പിതാവ് ശൈഖ് ഇസ്മാഈല്‍ അറിയപ്പെട്ട സൂഫിയും ഖുര്‍ആന്‍ പണ്ഡിതനുമായിരുന്നു. ഓരോ ദിവസവും ഖുര്‍ആനിന്‍റെ മൂന്നില്‍ ഒന്ന് വീതം പാരായണം ചെയ്യല്‍ അദ്ധേഹത്തിന്‍റെ ചര്യയായിരുന്നു. ആഴ്ച്ചയില്‍ മൂന്ന് ഖത്മുകള്‍ അദ്ധേഹം പൂര്‍ത്തിയാക്കാറുണ്ടായിരുന്നു.  സ്മര്യപുരുഷന്‍ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയത്  തന്‍റെ പിതാവിന്‍റെ അടുത്ത് നിന്ന് തന്നെയായിരുന്നു. കൂടാതെ ഫിഖ്ഹിലെയും നഹ്‍വിലേയും ബലാഗയിലേയും മത്നുകള്‍ പഠിച്ചതും മനപ്പാഠമാക്കിയതും പിതാവിന്‍റെ ശിക്ഷണത്തില്‍ തന്നെ. 

പഠനം

പിതാവ് ശൈഖ് ഇസ്മാഈലിന്റെ അടുത്തു നിന്ന് പ്രാഥമിക പഠനത്തിന് ശേഷം പിതാവിന്‍റെ നിര്‍ദേശ പ്രകാരം 1866ല്‍ ഈജിപ്തിലെ അല്‍അസ്ഹറില്‍ ചേര്‍ന്നു. ആറു വര്‍ഷം നീണ്ടു നിന്നു ഈജിപ്തിലെ പഠന കാലം. ഇക്കാലയളവില്‍ അന്നത്തെ അഗ്രേസരായ പണ്ഡിതരില്‍ നിന്നും അറിവ് നേടി. ഇബ്റാഹീം ബിന്‍ഹസന്‍ അസ്സഖാ അല്‍ശാഫിഈ, മുഹമ്മദ് അല്‍ദിംനഹൂരി അല്‍ശാഫിഈ, മഹ്മൂദ് ഹംസാവി, അമീന്‍ ബൈത്വാര്‍, അബദുല്ലാഹ് അല്‍സുക്രി, മുഹമ്മദ് സഈദുല്‍ജിബാല്‍, ഇബ്റാഹിം ഖലീലി അല്‍ശാഫിഈ, അബ്ദുറഹ്മാന്‍ അശ്ശിര്‍ബീനി, അബ്ദുല്ലാഹ് അല്‍സനൂസി, അബ്ദുല്‍ഖാദിര്‍ അല്‍റാഫിഈ അല്‍ഹനഫീ അല്‍ത്വറാബുല്‍സി, യൂസുഫുല്‍ ബര്‍ഖാവി തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. ശൈഖ് നബ്ഹാനി തന്നെ തന്‍റെ ഗുരുനാഥരെ ഇപ്രകാരം സ്മരിക്കുന്നു.

'അസ്ഹറിലെ പണ്ഡിതന്മാരില്‍ ഒരാള്‍ മതി ഒരു പ്രദേശത്തുകാരെ മുഴുവന്‍ സ്വര്‍ഗത്തിലേക്ക് എത്തിക്കുവാന്‍. അത്രമേല്‍ ശേഷി അവരിലോരോരുത്തര്‍ക്കും ഉണ്ട്. അറിവ് തേടി മറ്റൊരിടത്തേക്കും ആ ജനങ്ങള്‍ക്ക്  പോവേണ്ടിയും വരില്ല'. 

തന്റെ ഇരുപത്തിമൂന്നാം വയസ്സിലാണ് ശൈഖ് നബ്ഹാനി ഔദ്യോഗികമായ പഠനം പൂര്‍ത്തിയാക്കിയത്. അല്‍ അസ്ഹറിന്‍റെ ആധികാരികതയും അക്കാലത്തെ പണ്ഡിതപ്രവരരുടെ പ്രതിഭാധനത്വവും ശൈഖ് നബ്ഹാനിയെന്ന വിശ്വപണ്ഡിതനെ, സൂഫിയെ, ഫഖീഹിനെ, സാഹിത്യകാരനെ, കവിയെ നിര്‍മിച്ചെടുക്കുകയായിരുന്നു. ത്വരീഖതിന്‍റെ ലോകത്തേക്കും ശൈഖ് യൂസുഫ് നബ്ഹാനി കാലക്രമേണ കടന്ന് വരുന്നുണ്ട്.  ശൈഖ് ഇസ്മാഈല്‍ അല്‍നുവ്വാബില്‍ നിന്നും ഇദ്‍രീസിയ ത്വരീഖതും മുഹമ്മദ് ബിന്‍ മസ്ഊദ് അല്‍ഫാസി, അലി നൂറുദ്ധീന്‍ അല്‍യശ്റഥ്വി എന്നിവരില്‍ നിന്നും ത്വരീഖത് ശാദിലിയ്യയും സ്വീകരിച്ചു. കൂടാതെ ഇംദാദുല്ലാഹ് ഫാറൂഖിയില്‍നിന്നും ഗയ്സുദ്ധീന്‍ ഇര്‍ബലിയില്‍ നിന്നും നഖ്ശബന്ദി, ഹസന്‍ ബിന്‍ അബീഹലാവയില്‍ നിന്നും ഖാദിരിയ്യ, അബ്ദുല്‍ ഖാദിര്‍ അല്‍യാഫിഇയില്‍ നിന്നും രിഫാഇയ്യ, ഹസന്‍ രിദ്‍വാന്‍ സ്വഈദിയില്‍ നിന്നും ഖല്‍വതിയ്യ തുടങ്ങിയ ത്വരീഖതുകളും അദ്ധേഹം സ്വീകരിച്ചു. അല്‍ അഅലാമുല്‍ശ്ശര്‍ഖിയ്യ എന്ന ഗ്രന്ഥത്തില്‍ ശൈഖ് നബ്ഹാനി ഈ വിവരണങ്ങള്‍ നല്‍കുന്നുണ്ട്. അസ്ഹറില്‍ നിന്നും തിരിച്ച് തന്‍റെ ജന്മദേശമായ ഇജ്സിമിലെത്തിയ ശൈഖ്, പിന്നീട് ഡമസ്കസിലേക്കും ബൈറൂത്തിലേക്കും യാത്ര തിരിച്ചു. ഡമസ്കസില്‍ വോച്ചായിരുന്നു പ്രസിദ്ധ ഹദീസ് പണ്ഡിതന്‍ സയ്യിദുശ്ശരീഫ് മുഹമ്മദ് അഫന്‍ദി ഹംസ(റ)നെ കാണുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും.  അദ്ധേഹത്തില്‍ നിന്നും സ്വഹീഹുല്‍ ബുഖാരി പഠിക്കുകയും പഠിപ്പിക്കാനുള്ള ഇജാസത് വാങ്ങുകയും ചെയ്തു.

സേവനം

ക്രി. 1872 ല്‍ ഫലസ്ഥീനിലെ അക്കാ പ്രദേശത്ത് മതാധ്യാപകനായി ജോലി തേടിയതുമുതലാണ് തന്‍റെ ധന്യമായ സേവനസപര്യക്ക് തുടക്കം കുറിച്ചത്.  1873 ല്‍ ശൈഖ് നബ്ഹാനി ഫലസ്ഥീനിലെ തന്നെ ജനീന്‍ എന്ന പ്രദേശത്തെ ഉപന്യായാധിപനായി (നാഇബ് ഖാളി) നിയമിതനായി. 24 വയസ്സായിരുന്നു അന്ന് അദ്ധേഹത്തിന്‍റെ പ്രായം.  മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തുര്‍കിയിലെ ഇസതാംബൂളിലേക്കു തിരിച്ചു. പ്രസിദ്ധമായ അല്‍ജവാനിബ് പത്രത്തിന്‍റെ എഡിറ്ററായി ചുമതലയേറ്റു. ശേഷം 1880 ല്‍ ഇറാഖിലെ മൗസിലില്‍ കോയ് സന്‍ജഖ് പ്രവിശ്യയിലെ ഖാളിയായി നിയമിതനായി. അഞ്ചു മാസക്കാലം മാത്രമാണ് ആ പദവിയല്‍ ശൈഖ് നബ്ഹാനി തുടര്‍ന്നത്. അവിടെ നിന്നും വീണ്ടും ഇസ്താംബൂളിലേക്കു തിരിക്കുകയും 1882 വരെ ദാറുല്‍ഖിലാഫതില്‍ ഉദ്യോഗസ്ഥനായി തുടരുകയും ചെയ്തു. അവിടെ വെച്ചാണ് തന്‍റെ പ്രസിദ്ധമായ അല്‍ ശറഫുല്‍മുഅബ്ബദ് രചിച്ചത്. 

പിന്നീട്, സിറിയയിലെ ലാദികിയ്യയിലെ കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു, 1888 വരെ ഈ പദവിയില്‍ തുടര്‍ന്നു. അതിനു ശേഷമാണ് ഖുദ്സിലെ പീനല്‍ കോടതിയുടെ മേധാവിയായത്. അവിടെ വെച്ചാണ് ശൈഖ് ഹസന്‍  ബിന്‍ ഹലാവയെ കണുന്നതും ഖാദിരിയ്യാ ത്വരീഖത് സ്വീകരിക്കുന്നതും. പിന്നീട് 1887 ല്‍ ബൈറൂത് കോടതി മേധാവിയായി. രണ്ട് പതിറ്റാണ്ടിലേറെ കാലം അദ്ധേഹം അവിടെ തുടര്‍ന്നു. 1909 വരെ നീണ്ട ഈ കാലഘട്ടത്തിനിടക്കാണ് തന്‍റെ രചനാ ലോകത്തേക്ക്‌ വിശാലമായി കടന്നു ചെന്നതും വിസ്‌മയങ്ങള്‍ തീര്‍ത്തതും. ഓട്ടോമന്‍ ഭരണാധികരികളുമായുള്ള ശൈഖിന്‍റെ ബന്ധം കാരണമായിരുന്നു കോടതികളുമായി ബന്ധപ്പെട്ട ഉദ്യോഗങ്ങളില്‍ കാര്യമായും തളക്കപ്പെട്ടത്.  പിന്നീട് ശൈഖ് മദീനയിലേക്കു തിരിച്ചു. 1910 ല്‍ വീണ്ടും കയ്റോയിലെത്തുകയും ഖിദൈവി അബ്ബാസ് ഹില്‍മിയുടെ വലിയ ആദരം സ്വീകരിക്കുകയും ചെയ്തു. തന്‍റെ ആഴമേറിയ അറിവും പരിജ്ഞാനവും മുന്‍ നിര്‍ത്തി ഖിദൈവി മാസം തോറും ഒരു നിശ്ചിത തുക സമ്മാനമായി അദ്ദേഹത്തിനു നല്‍കാന്‍ തീരുമാനിച്ചു. പിന്നീട് ഒന്നാം ലോക മഹായുദ്ധം നടന്നപ്പോള്‍ തന്‍റെ ജന്മനാട്ടിലേക്കു തന്നെ മടങ്ങാന്‍ അദ്ധേഹം തീരുമാനിച്ചു. യുദ്ധത്തെ തുടര്‍ന്ന് ഫലസ്ഥീന്‍ കടന്നു പോയ രാഷ്ട്രീയ നീക്കങ്ങളെ തുടര്‍ന്ന് ശൈഖ് നബ്ഹാനി പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയും മൗനം ദീക്ഷിക്കുകയും ചെയ്തു. 1932 ജനുവരി 18 ഒരു റമളാന്‍ മാസത്തില്‍ തന്‍റ ജന്മ നാടായ ഇജ്സിമില്‍ വെച്ച് തന്നെ അദ്ദേഹം വഫാതായി.


രചനാ ലോകം

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ കലുഷമായ മതഭൂമികയിലിരുന്നാണ് ശൈഖ് നബ്ഹാനി പേന ചലിപ്പിച്ചത്. അസ്ഹര്‍ പ്രതിനിധാനം ചെയ്തിരുന്ന പാരമ്പര്യരീതികളുടെയും സലഫി ആശയധാര കടത്തിക്കൊണ്ട് വന്ന 'നവീകരണ' ശ്രമങ്ങളുടെയും കലഹകാലമായിരുന്നു അത്. ആധുനിക കണ്‍സര്‍വേറ്റീവ് സൂഫി ധാരയുടെ മുന്നണിപ്പോരാളിയായി ശൈഖ് നബ്ഹാനിയെ നമുക്കവിടെ കാണാനാവും. പേനയും പ്രവാചകപ്രണയവുമായിരുന്നു അദ്ധേഹത്തിന്‍റെ രണ്ട് പ്രധാന ആയുധങ്ങള്‍. മൂന്ന് തരത്തിലുള്ള നീക്കങ്ങളാണ്  അദ്ധേഹത്തിന്‍റെ രചനകള്‍ അടയാളപ്പെടുത്തുന്നത്. അതില്‍ പ്രഥമവും പ്രധാനവുമാണ് പ്രവാചകപ്രകീര്‍ത്തനം. മറ്റൊന്ന് തന്‍റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുള്ള രചനകളാണ്. തുര്‍ക്കി ഖലീഫയായിരുന്ന സുല്‍താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമനുമായി അഗാധമായ അടുപ്പവും അഭിനിവേഷവും ശൈഖ് സൂക്ഷിച്ചിരുന്നു. 1895ല്‍ പ്രസിദ്ധീകൃതമായ അല്‍അഹാദീസില്‍ അര്‍ബഈന്‍ ഫീ വുജൂബി ഥ്വാഅതി അമീരില്‍ മുഅ്മിനീന്‍ എന്ന ഗ്രന്ഥം ഈ രാഷ്ട്രീയ കൂട്ടുകെട്ടിന്‍റെ വെളിപ്പെടുത്തലാണ്. ഈ ഗ്രന്ഥത്തിന്‍റെ പതിനായിരം കോപ്പി ശൈഖ് സ്വന്തം ചെലവിലാണ് വിതരണം നടത്തിയത്.   മൂന്നാമത്തേത് മതനവീകരണ ശ്രമങ്ങള്‍ക്കെതിരിലുള്ള പടപ്പുറപ്പാടാണ്. അത് മതത്തിനകത്തുള്ള സലഫി മൂവ്മെന്‍റിനെയും പുറത്തുള്ള മിഷണറി പ്രവര്‍ത്തനങ്ങളെയും ഒരുപോലെ നേരിടുന്നതായിരുന്നു. ഇര്‍ശാദുല്‍ ഹയാറാ ഫീ തഹ്ദീറില്‍ മുസ്ലിമീന്‍ മിന്‍ മദാരിസിനസാറാ എന്ന ഗ്രന്ഥം സുല്‍താന്‍ അബ്ദുല്‍ ഹമീദിന്‍റെ കൂടെ ആശീര്‍വാദത്തോടെ ക്രിസ്ത്യന്‍ മിഷനറിക്കെതിരെ ബോധവത്കരിക്കുന്ന ഗ്രന്ഥമാണ്. വിദ്യാഭ്യാസത്തിന്‍റെ ആധുനികവത്കരണത്തിന്‍റെ മറവില്‍ കടത്തിക്കൊണ്ട് വരുന്ന അപകടങ്ങളെ വെളിച്ചത്ത് കൊണ്ടുവരുന്ന രചനയാണിത്.

ബൈറൂതിലെ താമസക്കാലം ശൈഖ് നബ്ഹാനിയുടെ അകക്കണ്ണ് തുറപ്പിച്ചു എന്നു പറയുന്നതാവും ശരി. തന്റെ രചനകളിലൂടെ മതപരിസരത്ത് നിന്നും മതേതര പരിസരത്തുനിന്നും പരിഷ്കരണത്തിന്‍റെ പേര് വെച്ച് വരുന്ന അപകടങ്ങള്‍ അദ്ധേഹം തുറന്ന് കാട്ടി. അതിന് ബൈറൂതിന്‍റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ആക്കം കൂട്ടി. യൂറോപ്പ്യര്‍ പ്രതീക്ഷയോടെ കണ്ടിരുന്ന നാടായിരുന്ന ബൈറൂത്. മുസ്‍ലിം സംസ്കാരത്തിന്‍റെ ഹൃദയഭൂമികയിലേക്കുള്ള എളുപ്പവഴിയായി അവര്‍ ബൈറൂതിനെ കണ്ടിരിക്കണം. വിദ്യാലയങ്ങള്‍ തുറന്നും മറ്റു സാമൂഹിക സാംസ്കാരിക പ്രതലങ്ങളില്‍ കൈവെച്ചും അവര്‍ ബൈറൂതിന്‍റെ ഭാഗമാകാന്‍ ശ്രമിച്ചു. പള്ളിക്കൂടങ്ങളുടെ മറവില്‍ ക്രിസ്തുമതം നിര്‍ബന്ധമായും പ്രയോഗിക്കാനും പഠിക്കാനും അവര്‍ വിദ്യാര്‍ത്ഥികളെ ശീലിപ്പിച്ചു. ഇവിടെയാണ് നബ്ഹാനിയെന്ന പണ്ഡിതന്റെ  ധര്‍മ്മസമരം ആരംഭിക്കുന്നത്. ഈ പാശ്ചാതലത്തില്‍ കൂടിയാണ് സുല്‍താന്‍ ഹമീദിനു വേണ്ടി വാദിച്ചതും മുസ്‍ലിം ഉപബോധമനസ്സിലേക്ക് മതവും മതാത്മക രാഷ്ട്രീയവും പകര്‍ന്ന് നല്‍കാന്‍ തന്‍റെ തൂലികയെടുത്തതും. 

1887 നു ശേഷമാണ് രചനാ ലോകത്തേക്ക് നബ്ഹാനിയുടെ കുതിച്ചു ചാട്ടമുണ്ടായത്. അഥവാ തന്‍റെ 38-ാം വയസ്സില്‍. അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്തിന്‍റെ ഫലം എന്നാണ് ഇതു സംബന്ധിയായി വിവരിക്കുന്നവരെല്ലാം ചുരുക്കിപ്പറയുന്നത്. അല്ലാഹു കൈ ആയിത്തിരുന്ന കറാമതിന്‍റെ പ്രതിഫലനം എന്നല്ലാതെ നമ്മുടെ വിസ്മയത്തെ ശമിപ്പിക്കുന്നില്ല. അത്രമേല്‍ ആരാധനയുടെയും ജീവിതവിശുദ്ധിയുടെയും അസാമാന്യപ്രതീകമായിരുന്നു നബ്ഹാനിയെന്ന വിശ്വപ്രതിഭ. 

സമ്പന്നമായ രചനാ ലോകമാണ് ശൈഖ് നബ്ഹാനിയുടെത്. കൃതികളുടെ ആധിക്യം കൊണ്ട് മികച്ച് നില്‍ക്കുന്ന സമകാലിക രചയിതാക്കളില്‍ ഒന്നാം ശ്രേണിയില്‍ തന്നെ ശൈഖ് നബ്ഹാനിയേയും നമുക്ക് കാണാനാവും. തഫ്സീര്‍, ഹദീസ്, തസവ്വുഫ്, താരീഖ്, സാഹിത്യം എന്നീ മേഖലകളിലാണ് തന്‍റെ തൂലിക തിളങ്ങി നിന്നത്. ഏകദേശം എഴുപതിലേറെ ഗ്രന്ഥങ്ങള്‍ ശൈഖ് നബ്ഹാനിയുടെതായി നിലവിലുണ്ട്. മിക്ക കൃതികളും കൈറോ, ബൈറൂത് എന്നിവിടങ്ങളില്‍ നിന്നും പ്രസിദ്ധീകൃതമായതാണ്. തന്‍റെ ഭൂരിഭാഗം കൃതികളും ബൈറൂതിലെ സേവനകാലത്ത് വിരചിതമായതാണ്. ഗദ്യവും പദ്യവും അടങ്ങുന്നതാണ് ഈ ഗ്രന്ഥങ്ങള്‍. പ്രവാചക പ്രണയത്താല്‍ ദീപ്തമായ വരികളില്‍ സാഹിത്യത്തിന്‍റെ വിവിധ ശില്‍പങ്ങള്‍ കൊത്തിവെച്ച ഒരു വാങ്മയവിസ്മയം തന്നെയാണ് തന്‍റെ മിക്ക കവിതകളും.  തന്‍റെ രചനകള്‍ തന്നെയാണ് ശൈഖ് നബ്ഹാനിയെ അമരനാക്കിയത്. 

ഇബ്നു തൈമിയയെയും മുഹമ്മദ് ബ്നു അബ്ദുല്‍വഹാബിനെയും കൈ വെച്ചതു മുതലാണ് അദ്ധേഹം വലിയതോതില്‍ വിമര്‍ശനവായനക്ക് വിധേയമായത്. മാത്രമല്ല, ജമാലുദ്ധീന്‍ അഫ്ഗാനിയെയും മുഹമ്മദ് അബ്ദുവിനെയും റശീദ് രിളയെയും കടുത്ത വിമര്‍ശനത്തിന് വിധേയമാക്കിയിട്ടുണ്ട് ശൈഖ് നബ്ഹാനി. നബ്ഹാനിയുടെ വിമര്‍ശനത്തിനു ഒരു സവിശേഷമായ പ്രസക്തി കൂടിയുണ്ട്. ഈ ത്രിമൂര്‍ത്തികളുടെയും സമപ്രായക്കാരനും സഹവാസി കൂടെയുമാണ് ശൈഖ് നബ്ഹാനി. അവരുടെ പരിഷ്കരണ കാലത്തുതന്നെയെന്നു മാത്രമല്ല, മിസ്റും അസ്ഹറും അറിയുന്ന ഒരു പണ്ഡിതന്‍ എന്ന നിലക്കു കൂടെ ശൈഖ് നബ്ഹാനിയുടെ വാക്കുകള്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്നു. മതനിഷേധത്തിലേക്ക് നയിക്കുന്ന യൂറോസെന്‍ട്രിക് വിദ്യാഭ്യാസ സാമൂഹിക പരിഷ്കാരങ്ങളെ നഖശിഖാന്തം എതിര്‍ത്ത ശൈഖ്, അതേ പശ്ചാത്തലത്തില്‍ നിന്നാണ് സലഫിസത്തെയും എതിര്‍ത്തത്. അഥവാ മോഡേര്‍ണിറ്റിയെയും പുരോഗതിയെയും പുല്‍കാന്‍ മതത്തിന്‍റെ ഉള്ളില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട പരിഷ്കാരങ്ങള്‍ ശരിയായ മതകീയ താല്‍പര്യത്തിന് വിഘാതമാണെന്ന് അദ്ധേഹം നിരീക്ഷിച്ചു.
 
1898 ലാണ് ഇജ്തിഹാദ് വാദിച്ചു വന്ന പുത്തനാശയക്കാരെ ഹുജ്ജത്തുല്ലാഹി അലല്‍ ആലമീന്‍ എന്ന ഗ്രന്ഥം കൊണ്ട് തുരത്തിയത്. മുജ്തഹിദുകള്‍ മത്രമേ മതത്തില്‍ സ്വതന്ത്ര ഗവേഷണം നടത്താവൂ എന്ന് അക്കമിട്ട് നിരത്തുന്നതായിരുന്നു ഈ ഗ്രന്ഥം. കൂടാതെ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഈ ഗവേഷണത്തിന്‍റെ വാതില്‍ അടഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. അല്‍സിഹാമു സ്സാഇബ എന്ന ഗ്രന്ധത്തില്‍ അദ്ദേഹം പറയുന്നു, 'ഈ നൂറ്റാണ്ടില്‍ അറിവ് ചുരുങ്ങുകയും അജ്ഞത പരക്കുകയും ചെയ്തിട്ടുണ്ട്. വിവരമില്ലാത്ത ഒരു വിഭാഗം ആളുകള്‍ പിശാചിന്‍റെ പിടിയില്‍ പെട്ടിട്ടുണ്ട്. അവര്‍ മദ്ഹബിന്‍റെ ഇമാമുമാരെ പോലെ തങ്ങള്‍ക്കും ഗവേഷണത്തിന് അവകാശമുണ്ടെന്ന് വാദിക്കുന്നു. ഒരു അര്‍ഹതയും ഇല്ലാത്തവരാണവര്‍. അവര്‍ക്കും അവരിലൂടെ മുസ്‍ലിംകള്‍ക്കും വലിയ പരിക്കാണ് വന്നെത്തിയിരിക്കുന്നത്. ഇതിനെതിരെ പൊരുതാന്‍ വേണ്ടിയാണ് ഞാന്‍ ഈ രചന നടത്തുന്നത്'.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബഗ്ദാദും ഡമസ്കസും കേന്ദ്രീകരിച്ച് നടന്ന ഉത്ഥാനശ്രമങ്ങള്‍ക്കിടയിലാണ് ഇബ്നു തൈമിയയുടെ ഗ്രന്ഥങ്ങള്‍ പ്രചാരം നേടിത്തുടങ്ങിയത്. അതാണ് സലഫി മൂവ്മെന്‍റിന് ചലനാത്മകത നല്‍കിയതും. അതുകൊണ്ടു തന്നെ ഇബ്നു തൈമിയയുടെ വാദങ്ങളെ തെരഞ്ഞു പിടിച്ചു തിരുത്തുന്ന രചനകള്‍ ശൈഖ് നബ്ഹാനിയിലൂടെ നാം കണ്ടു. ശവാഹിദുല്‍ ഹഖ് എന്ന ഗ്രന്ഥം ഇതിന്‍റെ മകുടോദാഹരണമാണ്. ഇബ്നു തൈമിയയുടെ അല്‍ഫുര്‍ഖാനിനും ഇബ്നുല്‍ഖയ്യിമിന്‍റെ ഇആസതു ലഹ്ഫാനിനുമുള്ള തിരുത്തായിരുന്നു അത്.  പ്രവാചകനോട് സഹായം തേടല്‍, മദ്ഹബ് പിമ്പറ്റല്‍, മഹാന്മാരുടെ മഖ്ബറകള്‍ സന്ദര്‍ശിക്കല്‍ തുടങ്ങിയ വിഷയങ്ങളെ അടിവരയിടുകയും ഇബ്നു തൈമിയയെയും ശിഷ്യരേയും പടിയടച്ച് പിണ്ഡം വെക്കുകയും ചെയ്യുന്നുണ്ട് ഈ കൃതികളില്‍. 

നബ്ഹാനിയുടെ ഈ വിമര്‍ശനത്തെ തുടര്‍ന്ന് അദ്ധേഹത്തെ ബഹിഷ്കരിക്കാനും അരികുവത്കരിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ എല്ലാ കാലങ്ങളിലും നടന്നിട്ടുണ്ട്‌. ജാമിഉ കറാമാതില്‍ ഔലിയാ, ശവാഹിദു ഫിഖ്ഹില്‍ ഇസ്തിഗാസ, അല്‍ ഖസ്വീദതുല്‍ റാഇയ്യ അല്‍കുബ്റാ, അല്‍ ഖസ്വീദതുല്‍ റാഇയ്യ അല്‍സുഗ്റാ എന്നീ കൃതികള്‍ ഇവ്വിഷയകമായി പ്രാധാന്യമര്‍ഹിക്കുന്നു. വഹാബികളായ ആറു പണ്ഡിതന്മാര്‍ ഒരുമിച്ചെഴുതിയ വിമര്‍ശന ഗ്രന്ഥമാണ് സിത്തു മന്‍ളൂമാതിന്‍ ഫില്‍ റദ്ധി അലാ സ്സ്വൂഫി യൂസുഫ് അല്‍നബ്ഹാനി. ഇത്തരത്തിലുള്ള പലവിധത്തിലുള്ള പ്രത്യാക്രമണങ്ങള്‍ക്ക് വിധേയനായിട്ടുണ്ട് ശൈഖ്. അല്‍മനാറിലൂടെ ശൈഖ് നബ്ഹാനിക്കെതിരെ ശക്തമായ പ്രത്യാക്രമണങ്ങളും നടന്നിട്ടുണ്ട്.  രചനകളുടെ ആധിക്യവും പ്രമേയത്തിന്‍റെ സമാനതയും നിരീക്ഷിക്കുമ്പോള്‍ ഇന്ത്യയിലെ അഹ്മദ് റസാഖാന്‍ ബറേല്‍വിയുടെ ഒരു വിശ്വരൂപമായി നബ്ഹാനിയെ നമുക്ക് കാണാവുന്നതാണ്. പ്രവാചക പ്രണയത്തിലൂടെ അഹ്ലുസ്സുന്നയുടെ ആശയങ്ങളെ അവതരിപ്പിക്കുകയും വഹാബിസത്തെയും അവരുടെ പരിഷ്കരണവാദങ്ങളെയും നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യുന്നതില്‍ ഇരുവരും വലിയ സാദൃശ്യമുണ്ട്. 

നബ്ഹാനിയും കേരളവും

ശൈഖ് നബ്ഹാനിയുടെ ഗ്രന്ഥങ്ങള്‍ അദ്ധേഹത്തിന്‍റെ കാലം തൊട്ട് തന്നെ കേരളത്തിലെത്തിയിട്ടുണ്ട്. ആദര്‍ശ പ്രചാരണത്തിന്‍റെ വഴിയില്‍ വലിയതോതില്‍ അവ താങ്ങായി നിന്നിട്ടുണ്ട്. 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ രൂപപ്പെട്ട അഹ്ലുസ്സുന്നവല്‍ജമാഅയുടെ ശക്തമായ മുന്നേറ്റത്തില്‍ നബ്ഹാനിയന്‍ ചിന്തകളുടെയും ചര്‍ച്ചകളുടെയും  കേരളീയ പതിപ്പുകള്‍ നമുക്ക് കാണാനാവും. അതിന്‍റെ അടിസ്ഥാനനിദാനങ്ങളായി വര്‍ത്തിച്ചത് മദീനയില്‍ വെച്ച് ശൈഖ് നബ്ഹാനിയുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ച മലയാളികളായ രണ്ട് മഹത്തുക്കള്‍ തന്നെയാവണം. ശൈഖുനാ അരിപ്ര മൊയ്തീന്‍ ഹാജി (1889-1958)യും ശൈഖുനാ പാലോട്ട് മൂസക്കുട്ടി ഹാജി (1878-1953)യുമാണ് അവര്‍. രണ്ട് പേരും സമസ്തയുടെ ആദര്‍ശ വഴികളിലെ ഉജ്ജ്വല സാനിധ്യങ്ങളായിരുന്നു. ഖാദിയാനിസത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയായിരുന്നു പാലോട്ട് മൂസ ഹാജിയെന്ന സമസ്തയുടെ സ്ഥാപിത കാലത്തെ മുശാവറ അംഗത്തിന്‍റെ  ഉദയം. അതേസമയം, പ്രസിദ്ധമായ തര്‍കുല്‍ മുവാലാത് ഫത്വവയില്‍ സമസ്ത പണ്ഡിതര്‍ക്കൊപ്പം നില്‍ക്കുകയും ഒപ്പ് വെക്കുകയും നിരവധി പണ്ഡിതരെ വാര്‍ത്തെടുക്കുകയും ചെയ്ത മഹാനായിരുന്നു അരിപ്ര മൊയ്തീന്‍ ഹാജി. കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാര്‍, കെ ടി മാനു മുസ്ലിയാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, കരിങ്ങനാട് മുഹമ്മദ് മുസ്ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത് എന്നിവര്‍ പ്രാധാന ശിഷ്യരായിരുന്നു. നബ്ഹാനി നിലകൊണ്ട ആശയത്തിന് വേണ്ടി നിലനില്‍ക്കുകയും മതനവീകരണശക്തികളോടെ് അടരാടി ജീവിക്കുകയും ചെയ്ത ഈ മഹത്തുക്കള്‍ കേരളത്തിലെ നബ്ഹാനിമാരായി മാറി.

ശൈഖ് നബ്ഹാനിയില്‍ നമുക്ക് ഒരു കേരളക്കാരനെ കണ്ടെത്താനാവുന്നുണ്ട്. അല്ലെങ്കില്‍ കേരളത്തില്‍ ഒര നബ്ഹാനിയെ നമുക്ക് ദൃശ്യമാവുന്നു. അടിസ്ഥാനപരമായി അദ്ധേഹം ഒരു ശഫിഈ മദ്ഹബുകാരനായിരുന്നു. അശ്അരീ വിശ്വാസ സരണി അനുധാവനം ചെയ്തു. മാത്രമല്ല പ്രവാചക പ്രണയത്താല്‍ പരവശനായ ഒരു സൂഫി കൂടിയാണ്. അദ്ധേഹം പ്രതിരോധിച്ച ഇസ്ലാമിനെയാണ് കേരള പണ്ഡിതരും പ്രതിരോധിക്കേണ്ടി വന്നത്. അദ്ധേഹം ഏറ്റവും കൂടുതല്‍ ആക്രമിച്ച പേരുകള്‍ തന്നെയാണ് കേരള ഉലമാഉം സധീരം നേരിട്ടത്. മാത്രമല്ല അദ്ധേഹം അവതരിപ്പിച്ച വിഷയങ്ങള്‍ തന്നെയാണ് സുപ്രാധാനമായ സംവാദങ്ങള്‍ക്കും ഖണ്ഡനങ്ങള്‍ക്കും വിധേയമായതും. ഇജ്തിഹാദ്, തഖ്‍ലീദ്, ഇസ്തിഗാസ, ഖബ്റ് സിയാറത്, കറാമുതുകള്‍, പ്രവാചക പ്രകീര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ ഉദാഹരണം. 

മതത്തിനകത്ത് സലഫിസമായിരുന്നുവെങ്കില്‍ പുറത്ത് മിഷണറി പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടന്നതായിരുന്നു. ബ്രിട്ടീഷ് കോളനി കാലത്ത് രംഗപ്രവേശം ചെയ്ത മിഷണറി പ്രവര്‍ത്തനങ്ങളെ നേരിട്ട നമ്മുടെ നേതൃത്വം നിര്‍വഹിച്ചതും അതേ ദൗത്യം തന്നെയിയിരുന്നു. ക്രൈസ്തവ പാഠ ശാലകള്‍ക്കെതിരെ തൂലിക ചലിപ്പിക്കുകയും ആധുനിക വിദ്യാഭ്യാസത്തെ എതിര്‍ക്കുകയും ചെയ്തതിനു പിറകില്‍ നബ്ഹാനി മുന്നോട്ടു വെക്കുന്ന കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം തന്നെയാണ് ആംഗലേയ വിദ്യാഭ്യാസത്തിന്‍റെ നിരാകരണത്തിലേക്ക് കേരളത്തില പണ്ഡിതരെയും നയിച്ചത്. 

തന്റെ മതപരമായ ദൗത്യ നിര്‍വ്വണത്തിന് വേണ്ടി രാഷ്ട്രീയ ബാന്ധവം സൂക്ഷിക്കാനും നബ്ഹാനി ശ്രദ്ധിച്ചിരുന്നു. തന്‍റെ ആശയപ്രചാരണത്തിന് പ്രായോഗികമായ ഒരു വഴി വെട്ടിത്തെളിച്ചത് അതിലൂടെയായിരുന്നു. കേരളീയ പണ്ഡിതരും മതപരമായ പ്രബോധന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായോഗികമായ ഒരു രാഷ്ട്രീയ ബാന്ധവം തുടക്കം മുതലേ സൃഷ്ടിച്ചെടുക്കുകയും നിലനിര്‍ത്തിപ്പോന്നതും ഇതിനോട് കൂട്ടി വായിക്കാം. 

ത്വരീഖത്തുകളിലൂടെ തന്‍റെ സൂഫീ ജീവിതം സാധ്യമാക്കിയ നബ്ഹാനി, പരമ്പര്യത്തിന്‍റെ യഥാര്‍ത്ഥ തനിമയാണ് കാത്തത്. വിവിധങ്ങളായ ത്വരീഖതുകളെ കൂടെ കൊണ്ടു നടക്കുകയും അതിലൂടെ  നമ്മുടെ പണ്ഡിതന്മാര്‍ ആധ്യാത്മികയാത്ര സാധ്യമാക്കുകയും ചെയ്തതും തഥൈവ.  പക്ഷെ ശൈഖ് നബ്ഹാനിയെ കേരളീയ ഉലമാഇല്‍ നിന്നും വേര്‍ത്തിരിക്കുന്ന ഒരു ഘടകം അദ്ധേഹത്തിന്‍റെ രചനലോകമാണ്. അറിവും സാഹിത്യവും സംഗമിക്കുന്ന ഒരു വിശ്വ വിസ്മയമാക്കി അദ്ധേഹത്തെ മാറ്റുന്നതും മറ്റൊന്നുമല്ല. 

അവലംബം

മക്തബതു യൂസുഫ് അല്‍ നബ്ഹാനി, Archive.org
ആന്‍ഡ് മുഹമ്മദ് ഈസ് ഹിസ് മെസ്സഞ്ചര്‍, ആന്‍മേരി ഷിമ്മല്‍
സൂഫിസം, ഇജ്തിഹാദ്, മോഡേര്‍ണിറ്റി, അമല്‍ ഗസല്‍
തറാജിമു ശ്ശഖ്സ്വിയ്യാത് , ദാകിറതുല്‍ അസ്ഹര്‍
യൂസുഫു ന്നബ്ഹാനി, alsufi.net
അല്‍ ആലിമുറബ്ബാനി യൂസുഫ് നബ്ഹാനി, athabat.net

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter