ഇതര മതസ്ഥരുടെ മുമ്പില്‍ അടഞ്ഞ് കിടക്കേണ്ടതാണോ നമ്മുടെ പള്ളി വാതിലുകള്‍

കേരളത്തിലെ ആയിരക്കണക്കിന് മസ്ജിദുകൾ, പ്രത്യേക ജനാധിപത്യ ഭരണസംവിധാനങ്ങൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. മതവും സാമൂഹിക നവോത്ഥാനവും മാത്രം ലക്ഷീകരിച്ച് പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ കേരളത്തിലെ മുസ്‌ലിം പൊതു സമൂഹത്തിന്റെ പ്രൗഢോജ്വലമായ നവോത്ഥാനത്തിന് അതിന്റെ പ്രതിഫലനങ്ങൾ കണ്ടിരുന്നു. എന്നാൽ, നേതൃത്വത്തിന് രാഷ്ട്രീയ മാനങ്ങളും ഭാരവാഹിത്വ പദവികൾ അലങ്കരിക്കുന്നതിന് രാഷ്ട്രീയ ഇടപെടലുകളും കൈവന്നപ്പോൾ മഹല്ല് നടത്തിപ്പിന്റെ ലക്ഷ്യങ്ങളും മുസ്‌ലിം സമൂഹത്തിൽ മസ്ജിദുകളിലൂടെ നിർവ്വഹിക്കപ്പെടേണ്ട നന്മകളും അന്യം നിന്ന് പോകുന്നു എന്നതാണ് യാഥാർത്ഥ്യം.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട എം.എൽ.എക്കുള്ള സ്വീകരണവും കേക്ക് മുറിയും രാഷ്ട്രീയ താൽപ്പര്യങ്ങളുടെ സാമാന്യവത്ക്കരണത്തിന് കാരണമാകുന്നത് ഒരു വസ്തുതയാണ്, അത് കൊണ്ട് തന്നെ അത്തരം പ്രവണതകൾ പ്രോത്സാഹിപ്പിക്കപെടരുത്. ഇത്തരം അബദ്ധങ്ങൾ വരാതെ സൂക്ഷിക്കുകയും മതബോധമുള്ള ജനസമൂഹത്തെ സൃഷ്ടിക്കാനും അവർക്ക് വഴി കാണിക്കാനും നമ്മുടെ മസ്ജിദുകൾ ഉപയോഗപ്പെടുത്തപ്പെടുത്താൻ ഇമാമുമാരും മഹല്ല് ഭാരവാഹികളും പ്രധാനമായും ഊന്നൽ നൽകുകയുമാണ് വേണ്ടത് എന്ന് ആമുഖമായി പറയട്ടെ.. 

റമദാനു ഏതാനും ദിവസം മുമ്പ് ആലുവയിലെ എന്റെ ഒരു സുഹൃത്ത് വന്നു പറഞ്ഞു, എന്റെ ചില അമുസ്‌ലിം സുഹൃത്തുക്കൾക്ക് നമ്മുടെ സമുദായത്തിലെ ആരാധനാ കർമ്മങ്ങളെ കുറിച്ച് പല സംശയങ്ങളുമുണ്ട്. അതിനാൽ അവർക്ക് മസ്ജിദിന്റെ അകവും ആരാധനാ കർമ്മങ്ങളുമൊന്ന് നേരിട്ട് കാണണം. അതോടൊപ്പം അവർക്കുള്ള  സംശയങ്ങൾക്ക് താങ്കളോട് ഒരു സംവേദനവുമാകാം. റമദാനിൽ ഉചിതമായ സമയം നമുക്ക് കാണാമെന്ന് പറഞ്ഞെങ്കിലും  സാധിച്ചില്ല. 

കാലങ്ങളായി തങ്ങളുടെ ചുറ്റുപാടുകളിലുമുള്ള മസ്ജിദുകളെ, ആരാധനാലയങ്ങളെ വളരെ ആദരവോടെയും ബഹുമാനത്തോടെയും കാണുന്ന സമൂഹം, ഇത്തരം സംശയങ്ങളിലേക്കും ആശങ്കകളിലേക്കും എത്തിച്ചേർന്നത് മസ്ജിദുകളെ സംബന്ധിച്ച തെറ്റായ പ്രചാരണങ്ങളിലൂടെയാണെന്നത് അവിതർക്കിതമാണ്. അങ്ങനെയുള്ള സംശയങ്ങൾക്ക് മറുപടി കണ്ടെത്താനും അത് ദൂരീകരിക്കാനും ശ്രമിക്കുന്നത് തന്നെ അവരുടെ മതേതര ബോധത്തിന്റെയും കാപട്യ രാഹിത്യത്തിന്റെയും അടയാളമാണെന്നാണ് നാം മനസിലാക്കേണ്ടത്. 

Also Read:ഗ്യാന്‍വാപി മസ്ജിദിന് നേരെ ഉയരുന്ന സംഘ്പരിവാര്‍ കണ്ണുകള്‍

നീറ്റ് പരീക്ഷക്കെത്തിയവർക്ക് പള്ളിക്കകത്ത് വിശ്രമ സൗകര്യമൊരുക്കിയത് ആലുവക്കടുത്ത ചാലക്കലിലാണ്. അന്നത് വാർത്തയായിരുന്നു. പ്രളയകാലത്താണ് മേജർ രവി മസ്ജിദുകളുടെ അകത്തളങ്ങളെക്കുറിച്ച് പൊതു സമൂഹത്തോട് പറഞ്ഞത്. ഒരു വാഫി കാമ്പസിലെ മസ്ജിദിൽ പി ജയരാജൻ പ്രസംഗിക്കുന്നതിനെ പലരും വിമർശിച്ചു കണ്ടു. എന്നാൽ ഇതൊന്നും വാർത്തയാകാത്ത സഹകരണത്തിലേക്ക് നാം എത്തണം. വൈക്കം മുഹമ്മദ് ബഷീർ മരണപ്പെട്ടയന്ന് കഥാകൃത്ത് വികെഎൻ ബേപ്പൂർ പള്ളിയിൽ കയറിയതും ഇമാമുമായി സംസാരിച്ചതും നടൻ മാമുക്കോയ പറയുന്നത് കേട്ടിട്ടുണ്ട്. നിങ്ങളുടെ പള്ളിയിലെ മൗലവിമാർ ഇത്രയും വായിക്കുന്നവരാണെന്ന് ഞാനിപ്പോഴാണറിഞ്ഞതെന്ന് വി കെ എൻ പറഞ്ഞത്രേ.

 ഒരു പള്ളി നിർമ്മാണ പ്രക്രിയയിൽ പ്രത്യക്ഷമായും പരോക്ഷമായും എത്രയോ അമുസ്‌ലിംകൾ പങ്കുവഹിക്കുന്നുണ്ട്. ആ പള്ളികളുടെ അകങ്ങളിലുള്ള മിമ്പറുകളെ കുറിച്ചും പഴയ പള്ളികളുടെ മച്ചുകളെ കുറിച്ചുമൊക്കെ പഠിച്ച് നോക്കുമ്പോൾ കലാബോധമുള്ള അമുസ്‌ലിംകളുടെ നിർമ്മാണ ചാതുരിയാണ് അതിൽ പ്രകടമായത് എന്ന് കാണാൻ കഴിയും.

മസ്ജിദുകളുടെ വൈവിധ്യമാർന്ന ഉപയോഗപ്പെടുത്തലുകൾക്ക് നബി തങ്ങൾ തന്നെയാണ് മാതൃക. ചുമലിൽ കല്ലുകൾ ചുമന്ന് കൊണ്ട് പോകാനും, മസ്ജിദുന്നബവിയുടെ നിർമ്മാണത്തിൽ പങ്കാളിയാവാനും മദീനയിലെത്തിയ പ്രവാചകൻ തയ്യാറായി എന്നതാണല്ലോ ചരിത്രം. വാങ്ക് വിളിക്കാനും നിസ്കരിക്കാനും മാത്രമല്ല, നബിയുടെ നേതൃത്വത്തിൽ നടന്ന പ്രക്രിയകളാണ് പിൽക്കാലത്ത് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളും ശൈലികളുമൊക്കെയായി മാറിയത്. നബിയുടെ മസ്ജിദിനെ സംബന്ധിച്ച് ഒരു അന്തർദേശീയ വിദ്യാലയം എന്നു പറയാറുണ്ട്. പല നാട്ടുകാരും ആ പഠനശാലയിലുണ്ടായിരുന്നു. അതൊരു കോടതിയായി. ശിക്ഷണ മുറകൾ സ്വീകരിക്കുന്ന ഇടമായിരുന്നു. പരിഭവങ്ങൾ കേൾക്കുന്ന ഒരു കാരുണ്യ കേന്ദ്രമായി നബി തങ്ങൾ വികസിപ്പിച്ചെടുത്തത് പിൽക്കാലത്ത് ലോകത്ത് തന്നെ വലിയ മാതൃകയായി.

കേരളത്തിലെ മുസ്‌ലിം സംസ്കൃതിക്ക് ഊടും പാവും നൽകിയ ദർസ് സമ്പ്രദായം നബി തിരുമേനി (സ) മസ്ജിദുന്നബവിയിൽ കാണിച്ച വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ സ്വീകരിച്ചതായിരുന്നു. കാരണം, നിസ്കരിക്കാൻ നേതൃത്വം നൽകുന്ന ഇമാമിനെ  അധ്യാപകനായി നിയമിച്ച് പരിസര പ്രദേശങ്ങളിലും വിവിധ ഭാഗങ്ങളിലും മത പഠനത്തിന് താൽപര്യമുള്ള കുട്ടികളെ പള്ളികളിലെ പഠിതാക്കളായി വെച്ചു. അവർക്കുള്ള ആഹാരം നൽകാൻ പള്ളിയുടെ ചുറ്റുപാടുകളിലുമുള്ള വീട്ടുകാർ തയാറായി. പള്ളിയിൽ നിസ്കരിക്കാൻ ഉപയോഗിക്കുന്ന ഭാഗങ്ങൾ അവർക്കുള്ള ഹോസ്റ്റലുകളാക്കി മാറ്റി. ഇതിലൂടെകേരളത്തിന്റെ വിപ്ലവകരമായ ഇസ്‌ലാമിക സംസ്കൃതി ശക്തമാക്കി നിലനിർത്തുകയുണ്ടായി.

പള്ളിക്കൂടം എന്ന വാക്ക് ആരാധനാലയവും വിദ്യാഭ്യാസവും തമ്മിലുള്ള ഉൾച്ചേരലിനെയാണ് സൂചിപ്പിക്കുന്നത്. മസ്ജിദുകളിലൂടെ വൈജ്ഞാനികവും സാംസ്കാരികവുമായ ചോദനകളെ പ്രചോദിപ്പിക്കേണ്ട കാലഘട്ടമാണിത്. സമൂഹത്തിലെ ഛിദ്രതയും, വിശ്വാസപരമായ അധഃപതനവും, നിരീശ്വരവാദവുമൊക്കെ നേരിടാനുതകുന്ന നല്ല ഇടങ്ങളാണ് മസ്ജിദുകൾ. അവ രാഷ്ട്രീയവും മറ്റു താൽപര്യങ്ങളും മാറ്റിവെച്ച് ഏക മനസോടെ മുസ്‌ലിം ബഹുജന സമൂഹത്തിന്റെ പുരോഗതികൾക്കായി സമർപ്പിക്കേണ്ട കാലഘട്ടമാണിത്. 

വഴിയോരങ്ങളിലും പട്ടണങ്ങളിലുമുള്ള പള്ളികളിൽ സ്ത്രീകൾക്ക് നിസ്കരിക്കാനുള്ള പ്രത്യേക സൗകര്യം ഏർപ്പെടുത്തിയത് തന്നെ മസ്ജിദുകൾക്കുള്ള സമീപനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തുന്നുണ്ട്.

മതവിഷയങ്ങളിൽ അഗാധ പഠനം നടത്തി, വലിയ ഗുരുവര്യൻമാർക്ക് കീഴിൽ പരിശീലനം നേടി അറിവ് നേടിയ പണ്ഡിതൻമാരാണ് മസ്ജിദുകളിലെ ഇമാമുമാർ. പുതിയ തലമുറക്ക് നിഷ്കളങ്കമായും ഭയരഹിതമായും അവരെ സമീപിക്കാനും , സംശയങ്ങൾ ദൂരീകരിക്കാനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടണം. എന്നാൽ, ഏതൊരാൾക്കും സന്തോഷത്തോടെ കടന്ന് വരാനും സമീപിക്കാനും സംസാരിക്കാനും ഇടപെടാനുമുള്ള ഇടങ്ങളാണ് മസ്ജിദുകൾ എന്ന ഉജ്ജ്വലമായ സന്ദേശം നൽകാൻ ഓരോ മഹല്ല് ജമാഅത്തുകൾക്കും ഭാരവാഹികൾക്കും ഇമാമുമാർക്കും സാധ്യമാകണം. നന്മകളുടെയും സൗഹൃദത്തിന്റെയും കേന്ദ്രങ്ങളായി നമ്മുടെ മസ്ജിദുകൾ പരിലസിക്കണം. 

സൂറത്തു തൗബയുടെ 18ാമത്തെ വചനമിങ്ങനെയാണ്: " അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും നിസ്കാരം യഥാവിധി നിലനിർത്തുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയല്ലാതെ പേടിക്കാതിരിക്കുകയും ചെയ്യുന്നവർ മാത്രമേ അവന്റെ മസ്ജിദുകൾ പരിപാലിക്കാവൂ. അവർ സന്മാർഗ പ്രാപ്തരായേക്കാം."

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter