പ്രഭാതം ശുഭകരമായിരിക്കട്ടെ...

uഅല്ലാഹുവേ! നിന്റെ ഉദ്ദേശ്യത്താലാണ് ഞങ്ങള്‍ പ്രഭാതമുണര്‍ന്നത്. നിന്റെ ഉദ്ദേശ്യത്താല്‍ ഞങ്ങള്‍ പ്രദോഷത്തിലായി. നിന്റെ ഉദ്ദേശ്യത്താല്‍ ഞങ്ങള്‍ ജീവിക്കുന്നു. നിന്റെ ഉദ്ദേശ്യത്താല്‍ ഞങ്ങള്‍ മരിക്കുന്നു. നിന്നിലേക്ക് തന്നെയാണ് പുനരുത്ഥാനവും' എന്ന് പുണ്യനബി(സ്വ) പ്രഭാതത്തില്‍ ഉണരുമ്പോള്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. -അബൂദാവൂദ്, തുര്‍മുദി ഇസ്‌ലാമിന് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രവേശനമുണ്ട്. ഭൗതിക വ്യവഹാരങ്ങളില്‍ അല്ലാഹുവിനും ഇസ്‌ലാമിനും പ്രവേശനമില്ലെന്ന സിദ്ധാന്തം ഇസ്‌ലാമികമല്ല. മസ്ജിദുകളുടെ അകത്തളങ്ങളില്‍ ഒതുങ്ങി കൂടിയിരുന്ന് ഇബാദത്തുകളില്‍ മുഴുകാന്‍ മാത്രമല്ല ഇസ്‌ലാമിക കല്‍പന. വ്യക്തി ജീവിതത്തിന്റെ നിഖില വശങ്ങളിലുമെന്നപോലെ സാമൂഹിക ജീവിതത്തിന്റെ സര്‍വമണ്ഡലങ്ങളിലും അല്ലാഹുവിന്റെ കല്‍പനകളും പ്രവാചകരുടെ നിര്‍ദേശങ്ങളും മാതൃകയും സ്വീകരിക്കേണ്ടതുണ്ട്. ഒരു പുതിയ ദിനത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രഭാതത്തിലുണരുമ്പോള്‍ തന്നെ ചുണ്ടിലും ഹൃദയത്തിലും സൃഷ്ടിച്ച നാഥനെ കുറിച്ചുള്ള ചിന്തയും പ്രാര്‍ത്ഥനയുമായിരിക്കണം. ജീവിതത്തിലേക്ക് ഇലാഹീ ചിന്തയുടെയും ഭക്തിയുടേതുമായ ഒരു പുതിയ കവാടം തുറക്കപ്പെടുകയാണ് ഓരോ ദിനവും ഇതിലൂടെ. മുസല്‍മാന്റെ ജീവിതത്തെ വിശ്വാസത്തിന്റെയും തഖ്‌വയുടെയും കണ്ണാടിയില്‍ നോക്കികാണാന്‍ പറ്റുന്ന ഒരു പ്രാര്‍ത്ഥനാവാക്യമാണ് പ്രവാചകന്‍ ഉരുവിട്ടുമാതൃകയാക്കി പകര്‍ന്നുതന്നിട്ടുള്ളത്. ജീവിതത്തെ പരിപൂര്‍ണമായി അല്ലാഹുവിന്റെ വിധിയില്‍ അര്‍പ്പിക്കുകയെന്ന സമഗ്രമായ തത്വമാണത്. പ്രഭാതത്തില്‍ ഉണരുന്നതും രാത്രി വരെ ജീവിച്ചിരിക്കുന്നതും അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. പകല്‍ ഉദിക്കുന്നു; അസ്തമിക്കുന്നു, രാവ് വരുന്നു; പോകുന്നു, രാപ്പകലുകളുടെ മുറതെറ്റാത്ത ഈ ഗമനാഗമനവും മനുഷ്യന്റെ നിദ്രയും ഉണര്‍ച്ചയും അല്ലാഹുവിന്റെ നിയന്ത്രണത്തിനും വ്യവസ്ഥിതിക്കും അനുസൃതമായി നടക്കുന്നതാകുന്നു. ഈ ബോധം ഹൃത്തടത്തില്‍ രൂഢമൂലമാണെങ്കില്‍, അല്ലാഹുവിനെ കളങ്കമന്യേഅനുസരിക്കാന്‍ മനുഷ്യന് സാധിക്കുന്നു. സ്രഷ്ടാവില്‍ ഭരമേല്‍പിച്ച് വിജയവും ആത്മസമാധാനവും ആര്‍ജ്ജിച്ചെടുക്കുവാനും കഴിയുന്നു. നിങ്ങളുടെ ഉറക്കിലും ഉണര്‍വിലും അല്ലാഹുവിന്റെ മഹത്വത്തെ കാണിക്കുന്ന ദൃഷ്ടാന്തങ്ങളുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ പലവുരുപറഞ്ഞിട്ടുണ്ട്. ''രാത്രിയെ അവന്‍ ഒരു വസ്ത്രമാക്കി, നിദ്രയെ വിശ്രമവും'' എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. സുഖദായകവും ആര്‍ദ്രവുമായ ഒരു പുതപ്പായി രാത്രി നമുക്കനുഭവപ്പെടുന്നില്ലേ? രാത്രിയുടെ ഇരുളിനെപ്പോലെ മറ്റേതൊരു കരിമ്പടപ്പുതപ്പാണുളളത്? രാത്രിയെന്ന വസ്ത്രത്തിന്റെ അഭാവം നമുക്കെന്തുമാത്രം അസഹ്യമായിരിക്കും. ഈ സത്യത്തെ കുറിച്ച് ഒരു ദിവസം ഒരു നിമിഷമെങ്കിലും പുലര്‍കാലത്ത് പുതപ്പ് വകഞ്ഞുമാറ്റി എഴുന്നേല്‍ക്കുമ്പോള്‍ നാം ഓര്‍ത്തിട്ടുണ്ടോ? അതുപോലെ നിദ്ര. വിശ്രമം എന്ന ഖുര്‍ആന്‍ നല്‍കിയ വിശേഷണത്തേക്കാല്‍ അനുയോജ്യമായ ഒരു വിശേഷണം നിദ്രക്കില്ല. മനസ്സിന്റെയും തലച്ചോറിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് നിദ്രയുടെ അനിവാര്യത പറയേണ്ടതില്ലല്ലോ? ഉറക്കമില്ലായ്മ ശരീരത്തെയും മനസ്സിനെയും എങ്ങനെ അപായപ്പെടുത്തുമെന്നതും നമുക്ക് അജ്ഞാതമല്ല. ബോധമനസ്സ് തിരശ്ശീലക്ക് പിന്നിലേക്ക് വലിയുകയും ജീവന്‍ സാധാരണമട്ടില്‍ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിദ്രയെന്ന അത്ഭുതപ്രതിഭാസം തികച്ചും ചിന്തനീയമായ ഒരു ഇലാഹീ ദൃഷ്ടാന്തം തന്നെ. അല്ലാഹുവിന്റെ കണക്കാക്കലും ആജ്ഞയുമില്ലെങ്കില്‍ രാവില്ല, പകലുമില്ല, നിദ്രയോ ഉണര്‍ച്ചയോ ഇല്ല. അതിനാല്‍ ഓരോനില്‍നിന്നും ഓരോന്നിലേക്ക് തിരിച്ചുവരുമ്പോള്‍ അല്ലാഹുവിനെ സ്മരിച്ച് നന്ദി പ്രകടിപ്പിക്കുകയാണ് വേണ്ടത്. ഇതുതന്നെയാണ് പ്രവാചകന്റെ ഈ പ്രാര്‍ത്ഥനാവാക്യം ഉത്‌ബോധിപ്പിക്കുന്നത്. ജീവിതത്തെയും മരണത്തെയും അനിവാര്യമായ പരലോകത്തെയും പുനരുത്ഥാനത്തെയും ഈ വചനം ഓര്‍മിപ്പിക്കുന്നു. എല്ലാ പ്രാഭാതത്തിലും ഇത്തരം ചിന്തകളെ മനസ്സില്‍ താലോലിക്കുന്നവന് ലക്ഷ്യബോധവും വിജയവും കരഗതമാക്കാന്‍ കഴിയുമെന്നത് നിസ്തര്‍ക്കം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter