കൊന്നത് ഇസ്രായേൽ എങ്കിലും ജയിച്ചത് ഹമാസ് തന്നെ

11 ദിവസം നീണ്ട ആക്രമണത്തിനു ശേഷം ഗസ്സയില്‍ ഹമാസും ഇസ്രയേലും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അധിനിവേശത്തിന്റെ പുതിയ ശ്രമത്തിന് താല്‍കാലിക വിരാമം. അപ്പോഴേക്കും ഫലസ്തീനില്‍ നിന്ന് പതിനായിരങ്ങള്‍ വീണ്ടും കുടിയിറക്കപ്പെടുകയും നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. ശൈഖ് ജര്‍റയിലെ ഫലസ്തീനികളുടെ വീടുകള്‍ എവിടെ നിന്നോ വന്ന ജൂതര്‍ തങ്ങളുടെ വീടായി പ്രഖ്യാപിക്കുകയും വീട് നഷ്ടപ്പെട്ടവന്റെ വിലാപങ്ങള്‍ അഖ്‌സാ പരിസരത്ത് പോലും രക്തച്ചൊരിച്ചിലുകള്‍ തീര്‍ക്കുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യങ്ങളുടെ കണ്ണില്‍ കേവലം ഫലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം മാത്രമാവുകയും ഇസ്രയേലിന്റെ പ്രതിരോധ സേന ഹമാസ് ‘തീവ്രവാദികള്‍ക്ക്’ കനത്ത തിരിച്ചടി നല്‍കുകയും മാത്രം ചെയ്തു.

ഇസ്രേയേലിലേക്ക് എപ്പോഴും ആദ്യം റോക്കറ്റാക്രമണം നടത്തുന്ന, ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ കനത്ത പ്രത്യാക്രമണത്തില്‍ തോറ്റ് പിന്മാറുന്ന ഹമാസിന്റെ ചിത്രം മാത്രമാണ് കാലങ്ങളായി മുഖ്യധാരാ മാധ്യങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം നമ്മുടെ മനസ്സില്‍ കുത്തിവെച്ചിട്ടുള്ളത്. സത്യത്തില്‍ ഹമാസിന്റെ റോക്കറ്റുകള്‍ ലക്ഷ്യം കാണാതെ പാളിപ്പോകുന്ന, ഇസ്രയേല്‍ പ്രതിരോധത്തില്‍ തകര്‍ന്ന് തരിപ്പണമാകുന്ന യാതൊരു വിധത്തിലുമുള്ള സ്വാധീനങ്ങളും സൃഷ്ടിക്കാത്ത കേവലമായ പാഴ്‌ചെലവുകളാണോ? ഇപ്രാവശ്യത്തെ ഹമാസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അങ്ങനെ ആയിരുന്നില്ലെന്നാണ് ഇസ്രയേലിന് അകത്ത് നിന്ന് തന്നെ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ഇസ്രയേലില്‍ തന്നെ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ദ ജറൂസലം പോസ്റ്റിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം നാളിത് വരെയുള്ള ഹമാസ് പ്രതിരോധങ്ങളില്‍ ഇസ്രയേലിന് ഏറ്റവുമധികം തലവേദന സൃഷ്ടിച്ചത് ഇപ്രാവശ്യത്തെ പ്രത്യാക്രമണമായിരുന്നു. കോടിക്കണക്കിന് രൂപ ചിലവിട്ട് ഉപയോഗിക്കുന്ന അയേണ്‍ ഡോം അടക്കമുള്ള അത്യാധുനിക മിസൈല്‍ നിര്‍വീര്യ സംവിധാനങ്ങളുണ്ടായിട്ടും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ഹമാസിന്റെ റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് ഇടിച്ചുകയറി നാശം വിതച്ചുവെന്നാണ്  ജറൂസലം  പോസ്റ്റ് പറയുന്നത്. ഹമാസിനെ നശിപ്പിക്കുമെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും വീമ്പിളക്കിയെങ്കിലും നിരപരാധികളുടെ ജീവനെടുക്കുന്നതിന് അപ്പുറം  ഇസ്രയേല്‍ പട്ടാളത്തിന് കാര്യമായ ഇടപെടല്‍ പോലും നടത്താനായില്ല. കാര്യപ്രസക്തമായ ആയുധ വിഭവങ്ങള്‍ ഇല്ലാതിരുന്നിട്ട് കൂടി സംഘര്‍ഷത്തിന്റെ ആദ്യവാരം ഹമാസ് വ്യക്തമായ മേല്‍ക്കൈ നേടി എന്നും പത്രം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. 

സാധാരണ പട്ടാളക്കാര്‍ക്ക് നിയന്ത്രിക്കാവുന്ന ചെറിയ പരിധികളില്‍ മാത്രം വീണുടഞ്ഞു പോയിരുന്ന ഹമാസിന്റെ റോക്കറ്റുകള്‍ ഇപ്പോള്‍ ഇസ്രയേലില്‍ വിവിധ ഭാഗങ്ങളില്‍ ഭീതിതമായ അന്തരീക്ഷമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. നെതന്യാഹുവിന്റെ നടപടികള്‍ മുതല്‍ ശൈഖ് ജര്‍റയിലെ കുടിയേറ്റം അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ഇസ്രയേലിന് അകത്ത് തന്നെ രൂപപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ ആഭ്യന്തര കലഹങ്ങളായി തെരുവുകളിലേക്ക് വ്യാപിച്ചപ്പോള്‍ ഗവര്‍മെന്റിന്റെ കൈപിടിയില്‍ നിന്നും കാര്യങ്ങള്‍ പലപ്പോഴും പിടിവിട്ടു. തീവ്രജൂത വിഭാഗങ്ങള്‍ ഇസ്രയേലിന് അകത്തെ അറബ് വിഭാഗങ്ങള്‍ക്കെതിരെ ശക്തമായ അതിക്രമങ്ങളും ആക്രമണങ്ങളും നടത്തുന്ന സാഹചര്യം ചെറുതല്ലാത്ത രീതിയില്‍ രാജ്യത്തിനകത്ത് തന്നെ കലാപങ്ങള്‍ക്ക് വഴിമരുന്നിട്ടു. റോഡിലൂടെ പോകുകയായിരുന്ന അറബിയെ കാറില്‍ നിന്ന് വലിച്ചിഴച്ച് അക്രമിക്കുന്ന വീഡിയോയും ജൂതര്‍ക്കിടയില്‍ തന്നെ എതിര്‍പ്പ് വിളിച്ചു വരുത്തി.

Also Read:ഫലസ്ഥീന്‍: സംഘര്‍ഷങ്ങള്‍ക്ക് അറുതിയായോ?

ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് കനത്ത ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ഹമാസ് വിക്ഷേപിക്കുന്ന റോക്കറ്റ് ആക്രമണങ്ങളെ മുഖ്യപ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതില്‍ അന്താരാഷ്ട്ര മാധ്യങ്ങളുടെ ശ്രമഫലമായി കാലങ്ങളായി ഇസ്രയേല്‍ വിജയിക്കാറുണ്ട്. ഫലസ്തീന് അകത്ത് പോലും ചിലപ്പോഴെങ്കിലും ഹമാസ് ഒറ്റപ്പെട്ട് പോകാറുണ്ട്. എന്നാല്‍ ഇസ്രയേലിന്റെ അതിക്രമങ്ങളില്‍ ഫതഹ് പാര്‍ട്ടി തുടരുന്ന നിസ്സംഗത ഹമാസിന് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രീതിയുണ്ടാക്കിയിട്ടുണ്ടെന്ന് വേണം പറയാന്‍. പതിവിന്ന് വിപരീതമായ വെസ്റ്റ് ബാങ്കിലെ മുഴുവന്‍ മുസ്ലിംകളെയും അറബ് ഇസ്രയേല്‍ കമ്മ്യൂണിറ്റിയെയുമെല്ലാം ഒരേ കുടക്കീഴില്‍ കൊണ്ടുവരാനും കൂടുതല്‍ ജനപിന്തുണയോടെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഹമാസിന് സാധിച്ചു. 

നാളിതുവരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യതസ്തമായി മുഴുവന്‍ പലസ്തീനികളും ഐക്യകണ്‌ഠേന പിന്തുണക്കുന്നു എന്നാണ് ഇപ്രാവശ്യത്തെ ഏറ്റവും വലിയ വിജയം എന്ന് ഹമാസിന്റെ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ കൃത്യമായി പറയുകയും ചെയ്തു. ഇസ്രയേലിന് അകത്ത് പൊതുവെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുഖം തിരിഞ്ഞ് ജീവിക്കുന്നവര്‍ പോലും ഇപ്രാവശ്യം ഇസ്രയേല്‍ ക്രൂരതകള്‍ക്കെതിരെ അതിശക്തമായി പ്രതിഷേധിക്കുന്ന സാഹചര്യങ്ങളുണ്ടായി. ഫലസ്തീനികത്ത് കൂടുതല്‍ ഐക്യശ്രമങ്ങളുണ്ടാകുമ്പോള്‍ ഇസ്രയേലില്‍ ജൂതര്‍ക്കിടയില്‍ കനത്ത ഭിന്നതകളും അഭിപ്രായാന്തരങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുന്നു എന്നാണ് ജെറുസലേം പോസ്റ്റിന്റെ കണ്ടത്തല്‍. അയല്‍ രാഷ്ട്രങ്ങളായ ലബനാന്‍ ജോര്‍ദാന്‍ അതിര്‍ത്തികളില്‍ ഇസ്രയേല്‍ സൈന്യത്തിന് നേരെ കനത്ത പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ലബനാനില്‍ നിന്ന് അപ്രതീക്ഷിതമായി വന്ന മിസൈലുകള്‍ ഇസ്രയേലില്‍ നാശനഷ്ടങ്ങള്‍ വിതക്കുകയും ചെയ്തു.

ആള്‍നാശം വിതക്കുന്നതിലും കൂടുതല്‍ സംഹാരതാണ്ഡവമാടുന്നതിലും (ആയുധ സംഘര്‍ഷത്തില്‍ )്എന്നത്തേഴും പോലെ ഇസ്രയേല്‍ സേന ഇപ്പോഴും വിജയിച്ചു എന്ന് പറയാമെങ്കിലും ആത്യന്തികമായി യുദ്ധം വിജയിച്ചത് ഇപ്രാവശ്യം ഹമാസ് തന്നെയാണ് എന്നാണ് ജറൂസലം  പോസ്റ്റ് വിലയിരുത്തുന്നത് . വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടെ നിലവിലുള്ള സാഹചര്യം പതുക്കെ പതുക്കെ സാധാരണ ഗതയില്‍ എത്തിയേക്കാമെങ്കിലും ഒരൊറ്റ ആഴ്ചകൊണ്ട് തന്നെ ഇസ്രയേലിനുള്ളിലെ ജൂതര്‍ക്കിടയിലും അറബികള്‍ക്കിടയിലും അതിശക്തമായ ആഭ്യന്തര യുദ്ധങ്ങള്‍ക്ക് തിരികൊളുത്താനും ഗാസയില്‍ നിന്ന് എക്കാലത്തേയും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനും ഹമാസിന് സാധിച്ചെങ്കില്‍ വരുംകാലം ഇസ്രയേല്‍ സൈന്യത്തെ സംബന്ധിച്ച് കനത്ത വെല്ലുവിളി നിറഞ്ഞതായിരിക്കും എന്നാണ് പത്രത്തിന്റെ കണ്ടെത്തല്‍. 

രണ്ട് വര്‍ഷമായ ഒരു സ്ഥിരതയുള്ള ഗവര്‍മെന്റ് പോലുമില്ലാത്ത ഇസ്രായേലിന് മുന്നില്‍ ഈ സാഹചര്യം നേരിടാന്‍ ഒരു ഫലപ്രദമായ സംവിധാനം പോലുമില്ല എന്ന് പത്രം സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നുണ്ട്. കൊറോണ വൈറസും രാഷ്ട്രീയ അസ്ഥിരതയും ദിനം പ്രതി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന അഭിപ്രായ ഭിന്നതകളും ഇസ്രയേലില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥയെ കൃത്യമായി കണ്ടറിഞ്ഞ് തന്ത്രപരമായി മുന്നേറാനും അകത്തെ മുറിവുകളില്‍ കൂടുതല്‍ മുളക് പുരട്ടാനും ഹമാസിന് സാധിച്ചു എന്ന് തന്നെ പറയാം. ഹമാസിന്റെ തീപ്പൊരിക്ക് മുന്നില്‍ കത്താന്‍ വെമ്പല്‍ കൊള്ളുന്ന വിറക് കൊള്ളികളായി തയ്യാറായി നില്‍ക്കുകയായിരുന്നു ഇസ്രയേല്‍ എന്ന ആത്മവിമര്‍ശനവും പത്രം ഉന്നയിക്കുന്നുണ്ട്. ഇസ്രയേലിന് അകത്ത് തന്നെ രൂപപ്പെട്ട ആഴത്തിലുള്ള ഈ മുറിവുകള്‍ ഭേദപ്പെടാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് എത്രയും പെടന്ന് തന്നെ കൂടുതല്‍ ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ ഇസ്രായേലിന്റെ ഭാവി തന്നെ ആശങ്കയിലാണ് എന്നാണ് ജറൂസലം പോസ്റ്റ് പറയുന്നത്.

തയ്യാറാക്കിയത് :മുഹ്സിനുല്‍ ഖര്‍നി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter