സമീര്‍ മന്‍സൂര്‍ പുസ്തകശാല... ഗസ്സയിലെ ഫിനിക്സ് പക്ഷി
സമീര്‍ മന്‍സൂര്‍ ബുക്‍ഷോപ്പ്... ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇത് കേവലമൊരു പുസ്തകശാലയല്ല, മറിച്ച് ഇസ്രായേല്‍ അടിച്ചമര്‍ത്തലില്‍നിന്നുള്ള തിരിച്ചുവരവിന്റെ പ്രതീകമാണ് ഇന്ന് ആ നാമം. അത് കൊണ്ട് തന്നെയാണ്, കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബുക്‍ഷോപ്പിന്റെ പുനരുദ്ഘാടനം ഗസ്സയില്‍ ആഘോഷഛായ തീര്‍ത്തതും.
കഴിഞ്ഞ മെയ് 18നായിരുന്നു, ഫല്സ്തീനികളുടെ വായനാദാഹമകറ്റുന്ന ഈ പുസ്തകശാല ഇസ്രായേല്‍ അക്രമണത്തിന് ഇരയായത്. ബുക്‍ഷോപ് ഉടമ സമീര്‍ മന്‍സൂര്‍ ആ ദിനങ്ങളെ ഓര്‍ക്കുന്നത് ഇങ്ങനെയാണ്,
2021, മെയ് 18, അതൊരു ചൊവ്വാഴ്ചയായിരുന്നു. അതിരാവിലെ സുബ്ഹി നിസ്കാരം കഴിഞ്ഞ് ഞാന്‍ വീട്ടിലിരിക്കുകയായിരുന്നു. ജൂത അക്രമങ്ങള്‍ പലയിടത്തും നടക്കുന്ന സമയമായത് കൊണ്ട്, രാവിലെ തന്നെ വാര്‍ത്തകള്‍ അറിയാനായി ടെലിവിഷന്‍ ഓണാക്കി. തന്റെ പുസ്തക ശാല നിലകൊള്ളുന്ന കെട്ടിടം തകര്‍ക്കുമെന്ന ഇസ്രായേല്‍ ഭീഷണി ടിവിയിലൂടെയാണ് ഞാന്‍ അറിയുന്നത്. പിന്നെ എനിക്ക് നില്‍പ്പുറച്ചില്ല. കൈയ്യില്‍ കിട്ടിയ വസ്ത്രവും ധരിച്ച് ഞാന്‍ ഇറങ്ങിയോടി. എന്റെ ജീവിതത്തിലെ നീണ്ട നാല്‍പത് വര്‍ഷത്തെ അധ്വാനമാണ് ആ ഷോപ്പ്.
അവിടെയെത്തിയപ്പോഴേക്കും കെട്ടിടത്തിന് മേല്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇരൂനൂറ് മീറ്റര്‍ അകലെ അവര്‍ എന്നെ തടഞ്ഞു. നാല്‍പത് വര്‍ഷത്തെ അധ്വാനവും വിവിധ വിജ്ഞനീയങ്ങളുടെ കേദാരമായ ലക്ഷക്കണക്കിന് പുസ്തകങ്ങളും ഏതാനും നിമിഷങ്ങള്‍ കൊണ്ട് ചാരക്കൂമ്പാരമായി മാറുന്നത് അവിടെ നിന്ന് എനിക്ക് നോക്കിക്കാണേണ്ടിവന്നു.
ആക്രമണങ്ങളവസാനിച്ച് സൈന്യം മടങ്ങിപ്പോയപ്പോള്‍ ഞാന്‍ പതുക്കെ അങ്ങോട്ട് നീങ്ങി. പൊട്ടിപ്പൊളിഞ്ഞ പ്ലാസ്റ്റിക് കസേരകളും ചിതറിക്കിടക്കുന്ന ഏതാനും പേപ്പറുകളും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. മറ്റുള്ളതെല്ലാം കെട്ടിടത്തിന്റെ അവശിഷ്ടങ്ങളോടൊപ്പം സിമന്റ് കൂമ്പാരമായി കഴിഞ്ഞിരുന്നു. വിശുദ്ധ ഖുര്‍ആന്റെ പ്രതികളടക്കം ഒരു ലക്ഷത്തിലേറെ പുസ്തകങ്ങളാണല്ലോ ആ കൂമ്പാരമായി കിടക്കുന്നത് എന്നോര്‍ത്തപ്പോള്‍, പുസ്തകങ്ങളുടെയും വിജ്ഞാനത്തിന്റെയും വിലയറിയാത്ത അക്രമികളെ കുറിച്ച് പുഛമാണ് എനിക്ക് തോന്നിയത്.
ചെറുപ്പം മുതലേ വായനയെയും പുസ്തകങ്ങളെയും സ്നേഹിച്ച എനിക്ക് എല്ലാമെല്ലം ആ പുസ്തകശാലയായിരുന്നു. സായുധ സംഘങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. രണ്ട് ഇന്‍തിഫാദകള്‍ക്ക് ഞാനും എന്റെ പുസ്തകശാലയും സാക്ഷിയായിട്ടുണ്ടെങ്കിലും അന്നൊന്നും ഇത് അക്രമിക്കപ്പെട്ടിരുന്നില്ല.
ഫലസ്തീനികള്‍ക്കെല്ലാം സുപരിചിതമാണ് ആ പുസ്തകശാല. സമീര്‍ മന്‍സൂര്‍ പ്രസാധനാലയം തകര്‍ക്കപ്പെട്ടു എന്നത് സാമൂഹ്യമാധ്യമങ്ങളില്‍ അതിവേഗം ചര്‍ച്ചയായി. എന്ത് വില കൊടുത്തും അത് പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യമുയര്‍ന്നു. അതോടെ, പല ഭാഗത്ത് നിന്നും സാമ്പത്തിക സഹായം ഒഴുകിയെത്തി.
ഒമ്പത് മാസത്തിനകം പൂര്‍വ്വാധികം പ്രൌഢിയോടെ അത് വീണ്ടും തലയുയര്‍ത്തി നിന്നു. ആയിരം സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ രണ്ട് നിലകളിലായാണ് പുനര്‍ നിര്‍മ്മിക്കപ്പെട്ട പുസ്തകശാലയില്‍ ഇപ്പോള്‍ മൂന്ന് ലക്ഷത്തിലേറെ ഗ്രന്ഥങ്ങളുണ്ട്. മൂന്നര ലക്ഷം ഡോളറിനടുത്താണ് ഇതിന് ചെലവ് വന്നത്. അതില്‍ തൊണ്ണൂറ് ശതമാനവും പുറത്ത് നിന്ന് ഒഴുകിയെത്തിയ സംഭാവനകളായിരുന്നു.
ഉദ്ഘാടന വേളക്ക് സാക്ഷിയാവാനെത്തിയ ആയിരക്കണക്കിന് ആളുകളെ കണ്ട് ഷോപ്പ് ഉടമ സമീര്‍ മന്‍സൂറിന് സന്തോഷം അടക്കാനായില്ല, അദ്ദേഹം പറഞ്ഞു, എനിക്കിപ്പോള്‍ വല്ലാത്ത സന്തോഷമാണ് തോന്നുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ എല്ലാം നശിച്ചു എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഇന്ന് അത് പൂര്‍വ്വാധികം ശക്തിയോടെ, ഫലസ്തീനിനകത്തും പുറത്തുമുള്ള പൊതുജന പിന്തുണയോടെ തിരിച്ച് വന്നിരിക്കുകയാണ്. ചാരത്തില്‍ നിന്ന് പുനര്‍ജ്ജനിക്കുന്ന ഫിനിക്സ് പക്ഷിയെന്ന് നാമൊക്കെ പറയാറുണ്ട്, അക്ഷരാര്‍ത്ഥത്തില്‍ അത്തരം ഒരു ഫിനിക്സ് പക്ഷിയാണ് ഈ പുസ്തകശാല. വായനയെ പ്രണയിക്കുന്ന ഇഖ്റഇന്റെ ഉമ്മത് ഇതല്ലാതെ മറ്റെന്ത് ചെയ്യാനാണ്,
ഉദ്ഘാടനത്തോടനുബന്ധിച്ച് തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന ഫിനിക്സ് പക്ഷിയെ പ്പോലെ എന്ന ബോഡിലേക്ക് ചൂണ്ടി ഇത് പറഞ്ഞ് നിര്‍ത്തുമ്പോള്‍, അദ്ദേഹത്തിന്റെ കണ്ണുകള്‍ സന്തോഷത്തിന്റെ കണ്ണീര്‍ കണങ്ങള്‍ പൊടിയുന്നുണ്ടായിരുന്നു.
Leave A Comment