ഇസ്‍ലാമിക ചരിത്രത്തില്‍ വെളിച്ചത്തിന്റെ ഇടം, വിളക്കുകളുടെയും

നിങ്ങൾ ഇസ്‍ലാമിനെ പ്രകാശിപ്പിച്ചിരിക്കുന്നു, അല്ലാഹു നിങ്ങൾക്ക് ഇരു വീട്ടിലും പ്രഭ ചൊരിയട്ടെ..
ശാമിൽ നിന്ന് സൈതെണ്ണയും വിളക്കുമായി മദീനയിലെത്തി മസ്ജിദുന്നബവിയിൽ സ്ഥാപിക്കാൻ തന്റെ സേവകനോട് കൽപിച്ച തമീം ഇബ്നു ഔസുദ്ദാരിയെന്ന സ്വഹാബിയോട് പ്രവാചകർ(സ്വ)യുടെ പ്രതികരണം ഇങ്ങനെയായിരുന്നു. സൂര്യാസ്തമയ നേരത്ത് തന്റെ മസ്ജിദ് അതിയായി പ്രകാശിക്കുന്നത് കണ്ട് നിർവൃതി പൂണ്ട പ്രവാചകരുടെ നിഷ്കളങ്കമായ പ്രാർത്ഥനയായിരുന്നു അത്. വെളിച്ചം സമ്മാനിക്കുന്ന ആന്തരികമായ ശാന്തിയോ മറ്റോ ആവാം പ്രവാചക പ്രസ്താവനയുടെ പ്രചോദനമെങ്കിലും മസ്ജിദുന്നബവി പ്രകാശിപ്പിച്ചതിനെ ഇസ്‍ലാമിന്ന് വെളിച്ചം നൽകിയ പോലെ കണ്ട പ്രവാചക സമീപനത്തില്‍നിന്ന്, ഇസ്‍ലാമിന്റെ നാഗരിക നിർമിതികളിലെ പ്രകാശത്തിന്റെ ഇടം നമുക്ക് വ്യക്തമായി വായിച്ചെടുക്കാവുന്നതാണ്.

മരുഭൂ നിവാസികളിലേക്ക് വരുമ്പോൾ അതിന് വിശേഷപ്പെട്ട മൂല്യ സങ്കൽപങ്ങൾ തന്നെ കാണാം.അതുകൊണ്ട് തന്നെയാവണം ദിവ്യ സന്ദേശങ്ങള ഖുർആൻ സ്പഷ്ടമായ വെളിച്ചമെന്നും വിശ്വാസത്തെ ഇരുളിൽ നിന്നുള്ള മോചനമെന്നും വിശേഷിപ്പിച്ചത്. ഒരു അധ്യായത്തിന് സൂറതുന്നൂര്‍  എന്ന് നാമകരണവും ചെയ്തിരിക്കുന്നു. വെളിച്ചത്തിനുമേൽ വെളിച്ചമെന്ന പ്രയോഗമൊക്കെ എത്ര മനോഹരമാണ്. 

ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രാരംഭ ഘട്ടം മുതൽ തന്നെ വെളിച്ചവുമായുള്ള വിശ്വാസികളുടെ അടുപ്പവും കാണാം. രാത്രി സമയങ്ങളിലും തടസ്സങ്ങളില്ലാതെ പള്ളിയിലേക്ക് എത്താൻ മാത്രം വെളിച്ചം പലപ്പോഴും അന്നുണ്ടായിരുന്നു. അതിനാൽ തന്നെ ഇസ്‌ലാമിന്റെ തുടക്കത്തോടൊപ്പം തന്നെ വെളിച്ചത്തിന്റെ ചരിത്രവും ജനിക്കുകയായിരുന്നു എന്ന പ്രയോഗം അതിശയോക്തിയാവുന്നില്ല. 
പരിശുദ്ധ റമളാനിന്റെ രാത്രികളിൽ ഖലീഫ ഉമർ(റ) മദീനാ പള്ളിയെ ജ്വലിപ്പിച്ച് നിർത്തുമായിരുന്നു.ആ വെളിച്ചത്തിലാണ് മുസ്‌ലിം സമുഹം തറാവീഹിന്റെ മധുരം നുകർന്നിരുന്നത്. പിന്നീട് വന്നവരെല്ലാം ആ പാത തന്നെയാണ് പിന്തുടർന്നത്. വിളക്കുകൾ സ്ഥാപിച്ച് അലി(റ) ഉമർ(റ) വിന്ന് വേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നു. 

കാലം കഴിയുന്നതനുസരിച്ച് രീതികളും മാറി വന്നു. ഔദ്യോഗിക ഖജനാവിൽ നിന്ന് ഒരു തുക ഇത്തരം പ്രവർത്തനങ്ങൾക്ക് മാറ്റി വെക്കപ്പെട്ടു. മേൽനോട്ടത്തിന്ന് അസ്ഹാബുൽ ഖനാദീൽ എന്ന തസ്തികയും അതിന്ന് മേലുദ്യോഗസ്തരും നിലവിൽ വന്നു. സംസ്കാരങ്ങളും നാഗരികതകളും മാറി വന്നതിനനുസരിച്ച് വിളക്കുകളുടെ രൂപങ്ങളിലും മാറ്റങ്ങൾ സംഭവിച്ചു. അമൂല്യമായ വസ്തുക്കൾ ചേർത്ത് ഏറ്റവും നിപുണരായ ശിൽപികൾ നിർമിച്ചെടുക്കുന്ന മനോഹര നിർമിതികളായി അവകൾ മാറി. 

അക്കാരണത്താൽ തന്നെ വിളക്കുകൾക്കായി പല മോഷണ ശ്രമങ്ങളും നടന്നു. ഇത്തരം ഒരുപാട് സംഭവങ്ങൾ ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. കഅ്ബയിലെ ഹജറുൽ അസ്‍വദും വിളക്കുകളും മോഷണം നടത്തിയ ഖറാമിത്വകളുടെ സംഭവം തന്നെയാണ് അതിൽ പ്രധാനപ്പെട്ടത്. പ്രവാചകരുടെ കാലത്ത് തന്നെ ഈന്തപ്പന നാരുകൾ കൊണ്ട് മസ്ജിദുന്നബവി പ്രകാശിപ്പിക്കാരുണ്ടായിരുന്നു.പിന്നീട് തമീം ഇബ്നു ഔസുദ്ദാരി(റ) ശാമിൽ നിന്നും വിളക്കും സൈതെണ്ണയും കൊണ്ട് വരികയും അത് വച്ച് പ്രകാശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

പ്രവാചകകാല ശേഷം ഖലീഫ ഉമർ(റ)ന്റെ കാലത്ത് റമളാനിൽ ഒറ്റക്ക് നിസ്കരിച്ചിരുന്ന സ്വഹാബത്തിനെ ഒരുമിച്ച് കൂട്ടുകയും ഉബയ്യ്ബ്നു കഅബ്(റ)ന്റെ നേതൃത്വത്തിൽ ഒറ്റ ജമാഅത്താക്കുകയും ചെയ്തതോടെയാണ് വിളക്കുകളുടെ സംവിധാനം കൂടുതൽ കരുത്ത് പ്രാപിക്കുന്നത്.ഇതാണ് റമളാനും വിളക്കുകളും വെളിച്ചവും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കമായി ഗണിക്കപ്പെടുന്നത്.

കാലക്രമേണ മറ്റു പല ആചാരങ്ങളെയും പോലെ ഇതും പവിത്രമായി ഗണിക്കപ്പെട്ടു. റമളാനിൽ പള്ളികൾ പ്രത്യേകം പ്രകാശിപ്പിക്കൽ സുന്നത്തായ കാര്യമാണെന്ന് പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു.വൈകാതെ പൊതു ഖജനാവിൽ നിന്ന് വിളക്കുകൾ സ്ഥാപിക്കാൻ പ്രത്യേക തുക തന്നെ അനുവദിച്ച് തുടങ്ങി. അമവി ഖലീഫ മുആവിയയാണ് ഇത്തരത്തിൽ ബൈതുൽ മാലിൽ(പൊതു ഖജനാവ്)നിന്ന് ആദ്യമായി ചിലവഴിച്ചതെന്ന് തന്റെ അൽബുൽദാൻ എന്ന ഗ്രന്ഥത്തിൽ ഇബ്നു ഫഖീഹിൽ ഹമദാനി പറയുന്നുണ്ട്.

അബ്ബാസികളുടെ തുടക്കത്തോടെ റമാളാനു പുറമേ മറ്റു മാസങ്ങളിലേക്കും ഇത് വ്യാപിക്കുകയുണ്ടായി. ബറാമിക വിഭാഗമായിരുന്നു അതിൽ പ്രധാനികൾ. ശഅബാൻ പകുതിയാവുന്ന രാത്രി ലൈലതുൽ വഖീദ് (വിളക്കു കത്തിക്കുന്ന രാത്രി) എന്ന നിലക്ക് അവർ ആചരിച്ചു പോന്നു. ഈ സംഭവങ്ങളെല്ലാം മിസ്റിൽ ഫാത്വിമികളാണ് ഈ സംവിധാനം ആദ്യമായി നടപ്പിലാക്കിയെതന്ന വാദത്തെ പൊളിക്കുന്നുണ്ട്. എങ്കിലും എടുത്ത് പറയേണ്ട ഒരു സ്ഥാനം മിസ്റിന് ഇവ്വിഷയകമായി ഉണ്ടെന്നത് അനിഷേധ്യ വസ്തുതയാണ്. ഫാനൂസ് എന്നറിയപ്പെട്ടിരുന്ന, മെഴുക് കൊണ്ട് കത്തിക്കപ്പെട്ടിരുന്ന വിളക്കുകൾ അവരുടെ പ്രത്യേകതയാണ്.

മിസ്‌രികളുടെ ആഘോഷ വേളകകളിലെ വിളക്ക് സംസ്കാരത്തെപ്പറ്റി മസ്ഊദി വിശദമായി മുറൂജുദ്ദഹബെന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. വിളക്കുകളെ റമദാനിന്റെ ചിഹ്നങ്ങളെന്ന് തന്നെ വിളിക്കാവുന്ന വിധമായിരുന്നു മിസ്‍റിലെന്ന് പറയാം. നാല് കർമ്മശാസ്ത്ര മദ്ഹബിന്റെ അനുയായികൾക്കുമിടയിൽ ഈ വിഷയത്തിൽ ഒരു മത്സരം നിലനിന്നതായും അതിൽ മാലികി മദ്ഹബുകാർ മുൻതൂക്കം നേടിയിരുന്നതായും ഇബ്നു ജുബൈർ പറയുന്നുണ്ട്. ഈജിപ്തിലെ ചില ജനവിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന യൗമുറുക്ബ എന്ന വിശിഷ്ടദിനത്തെക്കുറിച്ച് ഇബ്നു ബതൂത തന്റെ റിഹ്‍ലയിൽ പ്രതിപാദിക്കുന്നുണ്ട്. ഖാളിയുടെ നേതൃത്വത്തിൽ നാടൊന്നാകെ റമളാന് മുന്നോടിയായി വിളക്കുകൾ തെളിയിക്കുന്ന ചടങ്ങാണ് അത്. അങ്ങനയങ്ങനെ അത് റമളാൻ വന്നണയുന്നതിന്റെ അടയാളമായി മാറി. റമളാൻ വിടപറയുന്നതോടെ അത് അണക്കുകയും ചെയ്യുമായിരുന്നു.

പള്ളികളിൽ വിളക്കുകൾ സ്ഥാപിക്കുന്നതിന്ന് പുറമേ മറ്റു പല ആവശ്യങ്ങൾക്കും പിന്നീട് അത് ഉപയോഗിക്കപ്പെട്ടു. റമളാൻ സ്ഥിരപ്പെട്ടതിന്റെ അടയാളമായി വിളക്കുകൾ തെളിയുന്നത് കണക്കാക്കപ്പെട്ടിരുന്നു. അത്താഴ സമയം അറിയിക്കാനായിരുന്നു മറ്റൊരു ഉപയോഗം. അത്താഴത്തിന്റെ വിളിയെത്താത്ത ദൂരെയുള്ളവർ വെളിച്ചം കണ്ടായിരുന്നു സമയം കണക്കാക്കിയിരുന്നത്. മുസ്‌ലിം പ്രദേശങ്ങളിലെല്ലാം ഈ രീതി നിലനിന്നിരുന്നതായി പറയപ്പെടുന്നു. ഈജിപ്തിൽ ഫാനൂസുസ്സഹർ എന്ന പേരിൽ പ്രത്യേക വിളക്ക് സംവിധാനങ്ങൾ തന്നെയുണ്ടായിരുന്നു. ഈ രീതി ഒരു പാട് കാലം തുടർന്ന് പോന്നിരുന്നു.

അലങ്കാര വസ്തുക്കളായും വിളക്കുകൾ ഉപയോഗിക്കപ്പെട്ടിരുന്നതായി കാണം. ഉമവീ ഭരണാധികാരികളായിരുന്നു അതിന് തുടക്കം കുറിച്ചത്. ഉമറുബ്നു അബ്ദുൽ അസീസ്(റ) തന്റെ ഭരണകാലത്ത് പള്ളിയിലുണ്ടായിരുന്ന ആഡംബര വിളക്കുകളെ തിരിച്ച് ബൈതുൽ മാലിൽ നിക്ഷേപിച്ചതായി ഇബ്നു ഖൽദൂൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരു ഹറമുകളിലുമായി ഒട്ടനവധി അലങ്കാര വിളക്കുകൾ അക്കാലത്ത് തെളിയിക്കപ്പെടുമായിരുന്നു. അന്ദലൂസിലെ ഖുർതുബ ജുമാ മസ്ജിദിലും കൂറ്റൻ വിളക്കുകൾ സ്ഥാപിക്കപ്പെട്ടിരുന്നു. ഹറമുകളിൽ ഖസാനത്തു സൈത് എന്ന പേരിൽ വിളക്കുകളും എണ്ണയുമൊക്കെ സൂക്ഷിക്കാൻ പ്രത്യേകം മുറികൾ തന്നെയുണ്ടായിരുന്നു. അതിനായി ജോലിക്കാരും അവർക്ക് മാസ ശമ്പളവും ഏർപെടുത്തിയിരുന്നു.

കാലക്രമേണ ഭരണാധികാരികൾ തങ്ങളുടെ ചെലവുകൾക്ക് അത് ഉപയോഗിച്ചു തുടങ്ങി. മോഷണ ശ്രമങ്ങളും അധികരിച്ചു വന്നു. അക്കാരണത്താൽ തന്നെ പള്ളികളിലെ വിളക്കുകൾ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെ ഫുഖഹാക്കൾ കടുത്ത ഭാഷയിൽ എതിർക്കുന്നതായി കാണാം. 

പ്രവാചക കാലം മുതൽ ഇന്നു വരെയും നിലനിന്ന് പോന്നിട്ടുള്ളതാണ് ഇസ്‌ലാമിക നാഗരികതയിലെ വെളിച്ചത്തിന്റെ ചരിത്രം. മറ്റൊരർതഥത്തിൽ അത് ഇസ്‍ലാമിന്റെ ചരിത്രം കൂടിയാണ് എന്ന് പറയാം. ഇസ്‍ലാമിനോളം തന്നെ പ്രായമുള്ള ചരിത്രം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter