ശാഫിഈ കര്‍മശാസ്ത്രം; രചനയും രചനാശ്രേണിയും

വാമൊഴിയും വരമൊഴിയും അറിവിന്റെ ആദാനപ്രദാന മാധ്യമങ്ങളാണെന്ന് അല്ലാഹു തന്നെ പറഞ്ഞുതന്നിട്ടുണ്ട്. ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തില്‍ പരം പ്രവാചകന്‍മാര്‍ക്കു പുറമെ നാല് ഗ്രന്ഥങ്ങളും നൂറ് ഏടുകളും അല്ലാഹു മനുഷ്യലോകത്തിനു നല്‍കിയത് വാക്കും വരയും ഒരേസമയം ആശയവിനിമയത്തിന്റെ വലിയ മാര്‍ഗങ്ങളാണെന്നതിന്റെ പ്രകാശനം കൂടിയാകണമല്ലോ.

മതജ്ഞാനങ്ങളെ കാത്തുവെക്കാനും കൈമാറ്റം ചെയ്യപ്പെടാനും വേണ്ടി ലോകത്ത് ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ഗ്രന്ഥരചനകള്‍ നടന്നിട്ടുള്ള ഒരു മതത്തിന്റെ രചനാവഴിയും ചരിത്രവും പുതിയകാലത്ത് വേണ്ടപോലെ പരിഗണിക്കപ്പെടുന്നില്ലെന്ന് തോന്നുന്നു. വരമൊഴിക്ക് മതബോധനത്തില്‍ വലിയ സ്ഥാനമുണ്ടെന്ന് അല്ലാഹു കാണിച്ചുതന്നെങ്കിലും വിശ്വാസികള്‍ക്ക് അതേറ്റെടുക്കേണ്ടിവരുന്നത് വളരെ കാലങ്ങള്‍ക്ക് ശേഷമാണ്. ഭൂമിയിലെ ആദ്യ പ്രവാചകന്‍ മുതല്‍ക്കേയുള്ള ഇസ്‌ലാമിക തത്വസംഹിതയുടെ വളര്‍ച്ചയില്‍ അവസാന പ്രവാചകത്വവും കഴിഞ്ഞ ഏകദേശം ഒരു നൂറ്റാണ്ടുശേഷമാണ് മനുഷ്യന്റെ എഴുത്തിന് സ്വാധീനം വരുന്നത്. അതുവരെ അല്ലാഹുവിന്റെ ഗ്രന്ഥങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മതത്തിന്റെ മൗലികജ്ഞാനങ്ങളെ സംരക്ഷിച്ചുപോരാന്‍ ഒരു അനിവാര്യമാധ്യമം എന്ന രീതിയില്‍ രചന (തസ്വ്‌നീഫ്) കടന്നുവരുന്നത് സ്വഹാബികളുടെ കാലഘട്ടത്തിനു ശേഷമാണെന്ന് ഇബ്‌നു ഹജരില്‍ ഹൈതമി(റ) തുഹ്ഫയില്‍ പറയുന്നുണ്ട്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടോടെയോ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയോ സ്വഹാബി കാലഘട്ടം അവസാനിച്ചിട്ടുണ്ട്. അവസാന സ്വഹാബിയായ അബൂത്വുഫൈല്‍ ആമിറുബ്‌നു പാസില അല്ലൈസി(റ) വഫാത്താകുന്നത് ഹിജ്‌റ 100ല്‍ 102ല്‍ 107ല്‍ 110ല്‍ എന്നൊക്കെ അഭിപ്രായമുണ്ട്. എല്ലാ അഭിപ്രായവും പരിഗണിച്ചാല്‍ തന്നെ, രണ്ടാം നൂറ്റാണ്ടിന്റെ ആദ്യദശകത്തോടെ സ്വഹാബീകാലഘട്ടം അവസാനിച്ചുവെന്ന് പറയാം.

ഇസ്‌ലാമിക ചരിത്രത്തില്‍ ഒരു ഗ്രന്ഥം വിരചിതമായി കാണാന്‍ സ്വഹാബി കാലഘട്ടം കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവന്നതിന്റെ കാരണം വളരെ ലളിതമാണ്. ആദ്യപ്രവാചകന്‍ ആദം നബി(അ) മുതലുള്ള ഓരോ പ്രവാചകരുടെയും കാലത്ത് മതപ്രബോധനത്തിനും മതജ്ഞാനങ്ങളുടെ സൂക്ഷിപ്പിനും അവരുടെ സാന്നിധ്യം തന്നെ ധാരാളമായിരുന്നു. ഭൂമിയില്‍ വന്ന ഓരോ പ്രവാചകന്മാരും തങ്ങളുടെ ദൗത്യം ഒരപേക്ഷയും കൂടാതെ നിര്‍വഹിച്ചുപോന്നിട്ടുമുണ്ട്. എന്നാല്‍, അവസാനത്തെ പ്രവാചകന്‍ തിരുനബി(സ)യുടെ കാലശേഷവും സ്വഹാബികള്‍ക്ക് ഒരു നൂറ്റാണ്ടോളം രചനാപരമായ ബാധ്യത ഏറ്റെടുക്കേണ്ടിവന്നിട്ടില്ല. കാരണം, അവരുടെ ജീവിതത്തിന്റെ തീര്‍പ്പുകള്‍ക്ക് ഖുര്‍ആനും ഹദീസും നബി(സ)യോടൊത്തുള്ള നേരനുഭവങ്ങളും തന്നെ വേണ്ടുവോളമായിരുന്നു. എന്നാല്‍ ചില സ്വഹാബികളുടേതായി വന്ന തഫ്‌സീറുകള്‍ (ഇബ്‌നു അബ്ബാസ്(റ)വിന്റെ തഫ്‌സീര്‍ പോലെ) രചന എന്ന തലത്തിലേക്ക് ഉയര്‍ന്നുവന്നിട്ടില്ലായിരുന്നുവെന്ന് ഇമാം ശര്‍വാനി(റ) ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അത്തരം തഫ്‌സീറുകളും ഫത്‌വകളുമൊക്കെ പില്‍ക്കാലത്ത് സമാഹരിക്കപ്പെടുകയാണ് ചെയ്തത്.

സ്വഹാബികളുടെ കാലഘട്ടത്തില്‍ രചനാപരമായ ശ്രമങ്ങളൊന്നും നടക്കാതിരിക്കാന്‍ പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. തിരുനബി(സ)യുടെ ഹദീസുകള്‍ സ്വഹാബികളുടെയും മുതിര്‍ന്ന താബിഉകളുടെയും കാലത്ത് ക്രോഡീകരിക്കപ്പെടാതിരുന്നതിന്റെ സാഹചര്യം പറയുന്നിടത്ത് ഫത്ഹുല്‍ ബാരിയുടെ മുഖവുരയില്‍ ഗ്രന്ഥകര്‍ത്താവ് അവ വിശദീകരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ''സ്വഹാബികളുടെയും മുതിര്‍ന്ന താബിഉകളുടെയും കാലത്ത് തിരുനബി(സ)യുടെ ഹദീസുകള്‍ ജാമിഉകളാക്കി സമാഹരിക്കപ്പെടുകയോ ക്രമീകരിക്കപ്പെടുകയോ ചെയ്തിരുന്നില്ല. അതിനു രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, മുസ്‌ലിമില്‍ വന്ന പോലെ, തുടക്കകാലത്ത് അങ്ങനെ ചെയ്യുന്നതിന് അവര്‍ക്ക് വിരോധമുണ്ടായിരുന്നു. ഖുര്‍ആനും ഹദീസുകളും പരസ്പരം കലര്‍ന്നുപോകുമോ എന്ന് ഭയന്നായിരുന്നു അത്. രണ്ട്, അവരുടെ മനഃപാഠമാക്കാനുള്ള ശേഷിയും പെട്ടെന്ന് ഗ്രഹിക്കാനുള്ള കഴിവും. മാത്രവുമല്ല, അവരില്‍ അധികപേര്‍ക്കും എഴുത്തറിയുമായിരുന്നില്ല. പിന്നീട് നാടുകളില്‍ പണ്ഡിതന്മാര്‍ വ്യാപിക്കുകയും ഖവാരിജ്, റവാഫിള്, ഖദ്ര്‍ നിഷേധികള്‍ എന്നിവരില്‍നിന്ന് പുതിയ ബിദ്അത്ത് ചിന്തകള്‍ അധികരിക്കുകയും ചെയ്തപ്പോള്‍ താബിഅ് കാലഘട്ടത്തിന്റെ അവസാനത്തില്‍ ഹദീസുകള്‍ ക്രോഡീകരിക്കപ്പെടുകയും ക്രമപ്പെടുത്തപ്പെടുകയും ചെയ്തു. 8

വൈയക്തികമോ സാമൂഹികമോ ആയ നിര്‍ബന്ധമതജ്ഞാനങ്ങളെ രചനാ തലത്തിലേക്കു കൊണ്ടുവരിക പിന്നീട് സ്വഹാബി കാലഘട്ടത്തിനു ശേഷം വന്നവര്‍ക്ക് ഒരു നിര്‍ബന്ധ ബിദ്അത്തായി ഏറ്റെടുക്കേണ്ടിവന്നു. അതുവരെ വാമൊഴിയായി കൈമാറിവന്നിരുന്ന ഇല്‍മിനെ വരമൊഴിയാക്കി നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് ഉമ്മത്തിന്റെ വലിയ ബാധ്യതയായി. രചനയെ ആരാധനയായി തന്നെ പണ്ഡിതന്മാര്‍ കണ്ടു. കിതാബ് എഴുതാനിരിക്കുന്നതിനു മുമ്പ് വുളൂ ചെയ്ത് ഇസ്തിഖാറത്തിന്റെ രണ്ട് റക്അത്ത് നിസ്‌കരിച്ച് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമായിരുന്നു അവര്‍. ഇല്‍മ് എഴുതിവെക്കല്‍ സുന്നത്താണോ (ഐച്ഛിക ബാധ്യത) വാജിബാണോ (നിര്‍ബന്ധ ബാധ്യത) എന്ന് കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്യുക പോലും ചെയ്തു. ഇക്കാലത്ത് നിര്‍ബന്ധ ബാധ്യത തന്നെയാണെന്നാണ് മുഹഖിഖുല്‍ മുതഅഖിരീന്‍ ഇബ്‌നു ഹജറില്‍ ഹൈതമി(റ) പ്രബലപ്പെടുത്തിയത്. അവകാശങ്ങളെ സംരക്ഷിച്ചുവെക്കാന്‍ കരാര്‍പത്രം എഴുതിവെക്കല്‍ നിര്‍ബന്ധമാണെങ്കില്‍ അതിനേക്കാള്‍ അര്‍ഹതയും പ്രാഥമ്യവുമുള്ളത് മതജ്ഞാനങ്ങള്‍ എഴുതിവെക്കുന്നതിനാണെന്നാണ് ഹൈതമി(റ)യുടെ വാദം. അപ്പോള്‍ ഗ്രന്ഥരചന നിര്‍ബന്ധമോ സുത്തിര്‍ഹമായ ഒരു കാര്യമോ ആയിത്തീരുന്നു.

ആദ്യമായി രചനയെ (തസ്വനീഫ്) കണ്ടെത്തി ആയുധമാക്കിയത് ശാഫിഈ ഇമാമി(റ)ന്റെ ശൈഖിന്റെ ശൈഖായ അബ്ദുല്‍ മാലിക് ബ്‌നു ജുറൈജാണെന്ന് പറയപ്പെടുന്നതായി തുഹ്ഫയില്‍ കാണാം. റബീഉബ്‌നു സ്വബീഹോ സഅ്ദ് ബ്‌നു അബീ അറൂബയോ ആണെന്നും അഭിപ്രായമുണ്ട്.9

എന്നാല്‍ ഡോ. മുഹമ്മദ് ഹുസൈന്‍ ദഹബി തന്റെ അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍ എന്ന ഗ്രന്ഥത്തില്‍ അബ്ദുല്‍ മലിക് ബ്‌നു അബ്ദുല്‍ അസീസ് ബ്‌നു ജുറൈജ് എന്നൊരാളെ ഹിജാസിലെ ആദ്യ ഗ്രന്ഥരചയിതാവ് എന്നു വിശേഷിപ്പിക്കുന്നത് കാണാം. അദ്ദേഹം ഹിജ്‌റ 80ല്‍ ജനിച്ച് 150-ലോ 159-ലോ വഫാത്താവുകയും ചെയ്തു. ത്വബ്‌രി ഇമാം(റ) തന്റെ തഫ്‌സീറില്‍ ഇബ്‌നു ജുറൈജ് എന്നാണ് അദ്ദേഹത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.10 അപ്പോള്‍ അബ്ദുല്‍ മാലിക് ബ്‌നു ജുറൈജ് എന്ന തുഹ്ഫയില്‍ പറഞ്ഞതിനു കാരണം ത്വബ്‌രി ഇമാം(റ) പ്രയോഗിച്ച പോലെ സ്വന്തം പിതാവിലേക്ക് ചേര്‍ക്കാതെ പിതാമഹനിലേക്ക് (ജുറൈജ്) ചേര്‍ത്തിപ്പറഞ്ഞതാവാനാണ് സാധ്യത. എന്തുതന്നെയായാലും ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ രചനയെ ആയുധമാക്കി തുടങ്ങി എന്നു പറയാം.

ക്രിസ്തുവര്‍ഷത്തിനു മുമ്പേ ജീവിച്ച പ്രമുഖരായ പല തത്വജ്ഞാനികള്‍ക്കും വിശ്വപ്രസിദ്ധമായ ഗ്രന്ഥങ്ങളുണ്ടായിരുന്നുവെന്നത് ഇതിനോട് ഒരിക്കലും അപവാദമല്ല. ബി.സിയില്‍ ജീവിച്ച പ്ലാറ്റോക്കും ബി.സി 347-427 ശിഷ്യന്‍ അരിസ്റ്റോട്ടിലിനും (322-384) അല്‍ ജംഹൂരിയ്യ, അല്‍ ജദല്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങളുണ്ടായിരുന്നു. ഇവയൊന്നും മതഗ്രന്ഥങ്ങളായിരുന്നില്ല. തത്വജ്ഞാന രചനകളായിരുന്നു. അപ്പോള്‍ ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഗ്രന്ഥങ്ങള്‍ എന്നാണ് സ്വഹാബികളുടെ കാലഘട്ടത്തിനു ശേഷമുണ്ടായ രചനകള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കേണ്ടതെന്ന് മനസ്സിലാകുന്നു.

ദീനിയ്യായ വിജ്ഞാനങ്ങള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ രചനയെ നിര്‍ബന്ധബാധ്യതയായി ഏറ്റെടുത്ത സമൂഹം, തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ വ്യത്യസ്ത ജ്ഞാനശാഖകളില്‍ രചനാപരമായ മുദ്രകള്‍ പതിച്ചുതുടങ്ങി. ഒരു അനിവാര്യ ബിദ്അത്തായി തസ്വനീഫ് ഉണ്ടായ ഏതാണ്ട് അതേ കാലത്തുതന്നെ ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തില്‍ രചനകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. മാത്രവുമല്ല, ഇസ്‌ലാമിക ജ്ഞാനശാഖകളില്‍ ആദ്യ രചന വന്നതും ഫിഖ്ഹില്‍ തന്നെയാവാനാണ് സാധ്യത. ആദ്യ ഹദീസ് ഗ്രന്ഥ (മുവത്വഅ്)മെഴുതിയ ഇമാം മാലിക്കും (ഹി. 93 - 179)  ലഭിച്ചതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള പ്രഥമ തഫ്‌സീര്‍ ഗ്രന്ഥത്തിന്റെ (ജാമിഉല്‍ ബയാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍) രചയിതാവായ മുഹമ്മദ് ബ്‌നു ജരീര്‍ ത്വബ്‌രിയും (ഹി. 224-315) കടന്നുവരുന്നത് കര്‍മ്മശാസ്ത്രത്തില്‍ ആദ്യ ഗ്രന്ഥരചന നടത്തിയ ഇമാമുല്‍ അഅ്‌ളം അബൂ ഹനീഫ (ഹി. 80-150) ക്ക് ശേഷമാണ്. ത്വബ്‌രി ഇമാം(റ) ജാമിഅ് രചിക്കുന്നത് ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണെന്നു കാണാം. ഇമാം മാലിക്(റ) മുവത്വഅ് രചിക്കുന്നത് 40 വര്‍ഷം കൊണ്ടാണെന്ന് അതിന്റെ ശര്‍ഹായ ശര്‍ഹുസ്സര്‍ഖാനിയില്‍ (പേ 11, വാള്യം 1) പറയുന്നു. മാത്രവുമല്ല, ഫത്ഹുല്‍ ബാരിയുടെ മുഖദ്ദിമയില്‍ മവത്വഅ് രചിക്കപ്പെടുന്നത് രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണെന്ന് വ്യംഗ്യമായ സൂചനയുമുണ്ട്. ഇതെല്ലാം ഇമാം മാലിക്(റ)വിന്റെ മുവത്വയുടെ മുമ്പ് തന്നെ ഇമാം അബൂ ഹനീഫ(റ)വിന്റെ പ്രഥമ കര്‍മ്മശാസ്ത്രഗ്രന്ഥത്തിന്റെ രചന നടന്നിട്ടുണ്ടാവാമെന്ന സാധ്യതയെ അവര്‍ സമകാലികരാണെങ്കിലും ബലപ്പെടുത്തുന്നു.

ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ തന്നെ നിരവധി ഗ്രന്ഥങ്ങള്‍ വന്നുവെന്നതാണ് കര്‍മ്മശാസ്ത്രത്തിന്റെ പ്രത്യേകത. കര്‍മ്മ ശാസ്ത്രത്തില്‍ (ഫിഖ്ഹ്) ആദ്യരചന അബൂ ഹനീഫ(റ)വിന്റെതാണെങ്കിലും ഏതു രചനയാണെന്നു കാണുന്നില്ല. കര്‍മ്മശാസ്ത്ര നിദാനശാസ്ത്രത്തിലെ (ഉസ്വൂലുല്‍ ഫിഖ്ഹ്) ആദ്യ രചന ഇമാം ശാഫിഈ (റ)വിന്റെ രിസാലയാണ്.11

മറ്റേതു ഇസ്‌ലാമികജ്ഞാനശാഖകളേക്കാളും കൂടുതല്‍ സുതാര്യത ഫിഖ്ഹിന് കാണാന്‍ കഴിയും. കാരണം ഖുര്‍ആനും ഹദീസും ഒരിക്കലും മാറ്റാന്‍ കഴിയാത്ത ദൈവികമോ ദൈവിപ്രോക്തമോ ആയ വചനങ്ങളാണ്. അവയെ വ്യാഖ്യാനിക്കാനും (തഅ്‌വീല്‍) വിശദീകരിക്കാനും (ശര്‍ഹ്) മാത്രമേ കഴിയൂ. ചുരുക്കിയെഴുതാനാവില്ല. (ഇഖ്തിസ്വാര്‍) ഖുര്‍ആനും ഹദീസും വിശദീകരിക്കുമ്പോള്‍ തന്നെ മതപരമായി ചില പരിമിതികളുമുണ്ട്. എന്നാല്‍, ഫിഖ്ഹ് അങ്ങനെയല്ല. ഒരു അടിസ്ഥാന ഗ്രന്ഥത്തെ (മത്‌നിനെ) വിശദീകരിച്ചും ചുരുക്കിയും വീണ്ടും ചുരുക്കിയും രചനയുടെ എല്ലാ രീതികളും ഫിഖ്ഹില്‍ ആരോപിക്കാന്‍ കഴിയും. മുന്‍കാല പണ്ഡിതന്മാര്‍ തഫ്‌സീറുകളും ഹദീസ് ഗ്രന്ഥങ്ങളും എഴുതുന്നതിനേക്കാള്‍ കൂടുതലായി കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുടെ രചനയിലേര്‍പ്പെടാന്‍ ഇതും ഒരു കാരണമായേക്കാം.

കര്‍മ്മശാസ്ത്രത്തിന്റെ എല്ലാ ധാരകളിലും ഫിഖ്ഹില്‍ രചനകള്‍ കാണാന്‍ കഴിയും. നാലു മദ്ഹബുകളിലും കര്‍മ്മ ശാസ്ത്രഗ്രന്ഥങ്ങള്‍ കൊണ്ട് സമ്പന്നമാണ്. അബൂ യൂസുഫ് (റ) (113-183)ന്റെ അല്‍ ആസാര്‍, അല്‍ ഖറാജ്, മുഹമ്മദ് ബ്‌നുല്‍ ഹസനി ശൈബാനി (132-189)യുടെ അല്‍ ജാമിഅ് (ചെറുതും വലുതും) അസ്സിയര്‍ (ചെറുതും വലുതും) തുടങ്ങിയവ ഹനഫി മദ്ഹബിലെ ഗ്രന്ഥങ്ങളാണ്. അബ്ദുല്ലാഹ് ബ്‌നു അബ്ദുല്‍ ഹകം മസ്വരി(റ)യുടെ മുഖ്തസ്വറുകള്‍, അസ്വബഗ്ബ്‌നുല്‍ ഫറജി(റ)ന്റെ കിതാബുല്‍ ഉസ്വൂല്‍, ഖാളി ഇസ്മായീല്‍ ബ്‌നു ഇസ്ഹാഖ്(റ)ന്റെ അല്‍ മബ്‌സൂത്വ ഫില്‍ ഫിഖ്ഹി മുഹമ്മദ് ബ്‌നു സഹ്‌നൂനി(റ)ന്റെ അല്‍ ജാമിഅ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ മാലിക്കീ കര്‍മ്മ ശാസ്ത്ര ധാരയെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ടവയാണ്. ഹമ്പലീ മദ്ഹബില്‍ അല്‍ മുഖന്നഅ്, അബൂബക്ര്‍ അഹ്മദ് ബ്‌നു മുഹമ്മദി(റ)ന്റെ കാതിബുസ്സുനന്‍ ഫില്‍ ഫിഖ്ഹി, അഹ്മദ് ബ്‌നു മുഹമ്മദ് ബ്‌നില്‍ ഹജ്ജാജി(റ)ന്റെ കിതാബു സനല്‍ ബി ശാവാഹിദില്‍ ഹദീസ് തുടങ്ങി നിരവധി ഗ്രന്ഥങ്ങളുണ്ട്. എന്നാല്‍, ഈ മദ്ഹബുകളിലൊന്നിലും ശാഫിഈ കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളുടെ ശൃംഖലയില്‍ കാണുന്ന ഇടവിടാതെയുള്ള സജീവതയും കാര്യക്ഷമതയും കാണാനാവുന്നില്ല.

ശാഫിഈ കര്‍മ്മശാസ്ത്രധാരയില്‍ വളരെ സവിശേഷവും ദീര്‍ഘവുമായ കര്‍മ്മശാസ്ത്ര ഗ്രന്ഥാവലി തന്നെയുണ്ട്. ഓരോ കാലത്തും വന്ന പണ്ഡിതന്മാര്‍ ഇമാമിന്റെ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി രചനാതലത്തില്‍ തങ്ങളുടെ ഭാഗധേയം നിറവേറ്റി ശേഷമുള്ളവര്‍ക്ക് വിട്ടുകൊടുക്കുയാണ് ചെയ്തത്. അടിസ്ഥാന ഗ്രന്ഥത്തെ ചുരുക്കിയും ഇഖ്തിസ്വാര്‍ വീണ്ടും ചുരുക്കിയും ചുരുക്കിയതിനെ വിശദീകരിച്ചും (ശര്‍ഹ്) വിശദീകരിച്ചതിനു തന്നെ ഹാശിയകളും തഅ്‌ലീഖുകളുമെഴുതിയും കൃത്യവും ക്രമാനുഗതവുമായ ഒരു ഗ്രന്ഥശ്രേണി തന്നെ ശാഫിഈ കര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ക്ക് വന്നുചേര്‍ന്നു. ഫിഖ്ഹില്‍ ശാഫിഈ ഇമാമി(റ)ന് പ്രധാനമായും നാലു ഗ്രന്ഥങ്ങളാണുള്ളത്. ഉമ്മ്, ഇംലാഅ്, ബുവൈത്വി, മുഖ്തസ്വദുല്‍ മുസ്‌നി എന്നിവയാണവ. (ബുവൈത്വി, മുസ്‌നി എന്നിവ ശാഫിഈ(റ)വിന്റെ അസ്വ്ഹാബുകളാണ്. അവരുടെ പേരില്‍ അറിയപ്പെടാന്‍ കാരണം, ഇമാമിന്റെ അഭിപ്രായങ്ങള്‍ അവര്‍ രിവായത്തു ചെയ്തു എന്നതുകൊണ്ടാണ്. അതിനാല്‍ ഇവ ഈ അസ്വ്ഹാബുകളുടേതാണെന്നും പറയാറുണ്ട്.)

പിന്നീട് രണ്ടു നൂറ്റാണ്ടിലേറെക്കാലം ഗ്രന്ഥശ്രേണിയില്‍ ഇമാമിന്റെ ഗ്രന്ഥങ്ങള്‍ക്ക് തുടര്‍ച്ച കാണില്ല. ഇമാമിന്റെ ഖൗലുകളും നസ്സ്വുകളും കണ്ടെത്തി ശാഫിഈ കര്‍മ്മശാസ്ത്രത്തെ ത്വരിതപ്പെടുത്തുകയാണ് ഇത്രയും കാലം ശാഫിഈ(റ)വിന്റെ ശിഷ്യരും ശിഷ്യരുടെ ശിഷ്യരും ചെയ്തത്. അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഇമാമുല്‍ ഹറമൈനി (ഹി. 419 - 478) വന്നതോടെ ഇമാമിന്റെ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗ്രന്ഥശ്രേണിയുടെ പ്രയാണം ആരംഭിച്ചു.

ശാഫിഈ ഇമാമി(റ)ന്റെ നാലു ഗ്രന്ഥങ്ങളെയും ഏക ഗ്രന്ഥത്തില്‍ ചുരുക്കി അവതരിപ്പിക്കുക എന്ന ശ്രമമാണ് ഇമാമുല്‍ ഹറമൈനി(റ) ഏറ്റെടുത്തത്. ആ ഗ്രന്ഥം നിഹായ എന്ന പേരിലറിയപ്പെട്ടു. നിഹായത്തുല്‍ മത്വലബ് ഫീ ദിറായത്തില്‍ മദ്ഹബ് എന്നാണ് അതിന്റെ പൂര്‍ണ്ണനാമം. ഉമ്മിന്റെ മുഖ്ത്വസ്വറാണ് മുഖ്തസ്വറുല്‍ മുസ്‌നിയെന്നും മുഖ്തസ്വറിന്റെ ശര്‍ഹാണ് നിഹായയെന്നും അഭിപ്രായമുണ്ട്.

ശേഷം, ഫിഖ്ഹീ ഗ്രന്ഥങ്ങളുടെ മുറിയാത്ത ഒരു ശൃംഖലതന്നെ രൂപപ്പെട്ടു. ഇമാമുല്‍ ഹറമൈനി(റ)യുടെ ശിഷ്യന്‍ ഇമാം ഗസ്സാലി (450-505) ഉസ്താദിന്റെ നിഹായയെ ചുരുക്കി ഖസ്വീതാക്കി. പിന്നീട് ഗസ്സാലി(റ) ബസീത്വ വസീത്വിലേക്കും ഖസീത്വ വജിസിലേക്കും വജിസ് ഖുലാസ്വയിലേക്കും ചുരുക്കിയെഴുതി.

ഗസ്സാലി (റ)വിന്റെ പ്രസ്തുത നാലു ഗ്രന്ഥങ്ങളില്‍ നിന്നും പില്‍കാല പണ്ഡിതന്മാര്‍ കര്‍മ്മശാസ്ത്ര രചനയുടെ നിര്‍വ്വഹണത്തിനെടുത്തത് വജീസിനെയായിരുന്നു. ഈ വജീസാണ് ശേഷം വന്ന എല്ലാ പ്രമുഖ ശാഫിഈ ഗ്രന്ഥങ്ങളുടെയും ആശയസ്രോതസ്സ്.

ഗസ്സാലി(റ) വഫാത്തായ ആറാം നൂറ്റാണ്ടിന്റെ ഏതാണ്ട് അവസാനത്തില്‍ തന്നെ കടന്നുവന്ന ഇമാം റാഫിഈ (മ. 624) ആദ്യമായി വജീസിനെ സമീപിച്ചു. ഇമാം റാഫിഈ(റ) വജീസിനെ ചുരുക്കുകയും (ഇഖ്തിസ്വാര്‍) വിശദീകരിക്കുകയും (ശര്‍ഹ്) ചെയ്തു. മുഹര്‍റര്‍ എന്നാണ് മുഖ്തസ്വറിന്റെ പേര്. ചെറുതും വലുതുമായ രണ്ട് ശര്‍ഹുകള്‍ രചിച്ചെങ്കിലും ശര്‍ഹ് കബീറിനു മാത്രം പേര് വെച്ചു. അതാണ് അല്‍ അസീസ്. എന്നാല്‍ ചില പണ്ഡിതന്മാര്‍ ഖുര്‍ആനിനെയല്ലാതെ അല്‍ അസീസ് എന്ന് വിളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ ശര്‍ഹു കബീറിനെ അല്‍ ഫത്ഹുല്‍ അസീസ് ഫീ ശര്‍ഹില്‍ വജീസ് എന്നു പേരു വിളിച്ചു.

റാഫിഈ ഇമാമിന് ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ച നവവി ഇമാം (ഹി. 631-676) മാണ് ശാഫിഈ കര്‍മ്മശാസ്ത്രത്തിന്റെ രചനാതലത്തില്‍ പണ്ഢിതോചിത ഇടപെടല്‍ നടത്തിയത്. റാഫിഈ ഇമാമിന്റെ(റ) മുഖ്ത്വസറിലും (മുഹര്‍റര്‍) ശര്‍ഹിലും (അസീസ്) നവവി(റ) തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. മുഹര്‍റദിനെ വീണ്ടും ചുരുക്കി മിന്‍ഹാജ് (മിന്‍ഹാജു ത്വാലിബീന്‍) എഴുതി. വജീസിന്റെ ശര്‍ഹായ അസീസിനെ ചുരുക്കി റൗള രചിച്ചു.

പിന്നീട് വര്‍ഷങ്ങള്‍ക്കു മുമ്പ് നവവി(റ)യുടെ മിന്‍ഹാജിനെ ശൈഖുല്‍ ഇസ്‌ലാം സക്കരിയ്യല്‍ അന്‍സ്വാരി(റ) മന്‍ഹജാക്കി ചുരുക്കി. (മിന്‍ഹാജു ത്വാലിബീനെ മന്‍ഹാജുത്വുലബാക്കി ചുരുക്കി. പേരില്‍ തന്നെയുള്ള ഇഖ്തി സ്വാര്‍ ശ്രദ്ധിക്കുക.) ശൈഖുല്‍ ഇസ്‌ലാ മി(റ)ന്റെ മന്‍ഹജിനെ ഇമാം ജൗഹരി(റ) പേര് സൂചിപ്പിക്കും പോലെ നഹ്ജാക്കി ഇഖ്തിസ്വാര്‍ ചെയ്തു. ഇമാം ഹറമൈ നി(റ)യുടെ നിഹായയില്‍ നിന്നും ജൗഹ രി(റ)യുടെ നഹ്ജ് വരെ എത്തു മ്പോഴേക്കും എട്ട് പ്രാവശ്യം തുടര്‍ച്ചയായി ഇഖ്തിസ്വാര്‍ ചെയ്തതായി കാണാം.

അസീസെന്ന പേരില്‍ അറിയപ്പെടുന്ന ശര്‍ഹു കബീറിന്റെ മുഖ്ത്വസ്വറായ ഇമാം നവവി(റ)യുടെ റൗളയെ ഇബ്‌നുല്‍ മുഖ്‌രി(റ) റൗള് എന്ന പേരില്‍ ചുരുക്കി. (പേരില്‍ തന്നെ സൂചന) റൗളിനെ സക്കരിയ്യുല്‍ അന്‍സ്വാരി(റ) വിശദീകരിച്ചു അസ്‌നല്‍ മത്വാലിബ് എന്ന ശര്‍ഹു രചിച്ചു. റൗളിനെ ഇബ്‌നു ഹജരില്‍ ഹൈതമി(റ) നഈം എന്ന ഗ്രന്ഥത്തിലാക്കി ചുരുക്കി അവതരിപ്പിച്ചു. ഇബ്‌നുല്‍ മുഖ്‌രി(റ)യെ പോലെ മുസ്ജദും(റ) റൗളയെ മുഖ്തസ്വറാക്കിയിട്ടുണ്ട്. അല്‍ ഉബാബ് എന്നാണ് അതിന്റെ പേര്. ഇബ്‌നു ഹജര്‍(റ) റൗളയുടെ മുഖ്തസ്വറായ ഇബ്‌നുല്‍ മുഖ്‌രി(റ)യുടെ റൗളില്‍ ഇടപെട്ടപോലെ മുസ്ജദ്(റ) രചിച്ച റൗളയുടെ മറ്റൊരു മുഖ്തസ്വറായ അല്‍ ഉബാബിലും കയ്യൊപ്പ് രേഖപ്പെടുത്തി. അല്‍ ഈആബ് എന്ന പേരില്‍ സമ്പൂര്‍ണ്ണമായൊരു ശര്‍ഹായിരുന്നു ഇബ്‌നു ഹജര്‍(റ) രചിച്ചത്. (ശര്‍ഹുല്‍ ഉബാബ് എന്ന പേരിലും അറിയപ്പെടുന്ന അല്‍ ഈആബ്, അല്‍ ഉബാബിനേക്കാള്‍ അക്ഷരത്തിലും കൂടുതലാണല്ലോ) പക്ഷേ, നഈം മുഖ്തസ്വറായിരുന്നുവെങ്കില്‍ അല്‍ ഈആബ് ശര്‍ഹാണെന്ന വ്യത്യാസമുണ്ട്. മറ്റു രണ്ടു പണ്ഡിതന്മാര്‍ക്ക് പുറമെ ഗൈസിയ്യ എന്ന പേരില്‍ ഹാഫിള് ജലാലുദ്ദീന്‍ സുയൂത്വി(റ)വും റൗള യെ ചുരുക്കിയിട്ടുണ്ട്. ഖുലാസ്വ എന്ന പേരില്‍ അതിനെ കവിതകളുമാക്കി. 12.

റാഫിഈ(റ)യുടെ അസീസിനെ ഖസ്‌വീനി ഇമാമും(റ) മുഖ്തസ്വറാക്കിയിട്ടുണ്ട്. അല്‍ ഹാവി അസ്വശീര്‍ എന്നാണ് ഈ ഗ്രന്ഥത്തിന്റെ പേര്. അല്‍ ഇര്‍ഷാദ് എന്ന പേരില്‍ ഹാവിയെയും ഇബ്‌നുല്‍ മുഖ്‌രി(റ) ചുരുക്കി എഴുതി. ഇബ്‌നു ഹജര്‍(റ) ഇര്‍ശാദിന് ദീര്‍ഘവും ഹ്രസ്വവുമായ രണ്ട് ശര്‍ഹുകളും രചിച്ചു. ദീര്‍ഘ ശര്‍ഹിന് അല്‍ ഇംദാദ് എന്നും ഹ്രസ്വ ശര്‍ഹിന് ഫത്ഹുല്‍ ജവാദ് എന്നും പേര് വെച്ചു.

റാഫിഈ - നവവി കാലഘട്ടത്തിന് വന്ന പിന്‍ഗാമികളായ ചില പണ്ഡിതന്മാര്‍ റാഫിഈ(റ)യുടെ അസീസിനെയും നവവി(റ)യുടെ റൗളയെയും വിലയിരുത്തി വലിയ ഹാശിയകള്‍ രചിച്ചിട്ടുണ്ട്. ഇമാം അല്‍ അദ്‌റഈ (മ. 783)യുടെ അത്തവസ്സുത്വു വല്‍ ഫത്ഹു ബൈനര്‍ റൗളത്തി വശ്ശര്‍ഹി എന്ന ഹാശിയ മുപ്പതോളം ഭാഗങ്ങളുണ്ട്. ഇമാം അസ് നവി (മ. 772), ഇമാം ബുല്‍ഖൈനി (മ. 805), ഇബ്‌നുല്‍ ഇമാദ് (മ. 808) തുടങ്ങിയ പണ്ഡിതന്മാരുടെ ഹാശിയകള്‍ ഇമാം സര്‍ക്കശി(റ) തന്റെ അല്‍ ഖാദിം എന്ന പ്രസിദ്ധഗ്രന്ഥത്തില്‍ സമാഹരിച്ചു. 13

മുഹര്‍ററിന്റെ മുഖ്തസ്വറായ നവവി(റ)യുടെ മിന്‍ഹാജിന് നിരവധി പണ്ഡി തന്മാര്‍ ശര്‍ഹ് എഴുതിയിട്ടുണ്ട്. അതുവഴി ഓരോരുത്തരും തങ്ങളുടെ രചനാ ബോധത്തിന്റെ പാരമ്യത തെളിയിച്ചു.

പ്രധാനപ്പെട്ട ശര്‍ഹുകള്‍ താഴെ നല്‍കുന്നു. 1- തുഹ്ഫത്തുല്‍ മുഹ്താജ് / ഇബ്‌നു ഹജരില്‍ ഹൈതമി(റ) 2- നിഹായത്തുല്‍ മുഹ്താജ് / ഇമാം റംലി സഗീര്‍ (റ) 3 - കന്‍സുര്‍റാഗിബീന്‍ (മഹല്ലി) / ജലാലുദ്ദീന്‍ മഹല്ലി(റ) 4- മുഗ്‌നില്‍ മുഹ്താജ് / അല്‍ ഖത്വീബ് അശ്ശര്‍ബീനി(റ) 5- അദ്ദിബാജ് / ഇമാം സര്‍കശി(റ) 6- അല്‍ ഇബ്തിഹാജ് / തഖ്‌യുദ്ദീന്‍ സുബ്കി (റ) 7- ഖൂതുല്‍ മുഹ്താജ് / ഇമാം അല്‍ അദ്‌റഈ(റ) 8- കാഫില്‍ മുഹ്താജ് / ഇമാം അസ്‌നവി (റ) 9- ഇര്‍ശാദുല്‍ മുഹ്താജ് / ഇബ്‌നു ശുഹ്ബ 10 - മിസ്വബാഹുല്‍ മുഹ്താജ് / ഇബ്‌നു ഖാസിം(റ) 11- അന്നജ്മുല്‍ വഹ്ഹാജ് / ഇമാം അദ്ദുമൈരി(റ) 12- മല്‍ഗത്തുല്‍ മുഹ്താജ് / ഇബ്‌നു ജമാഅ(റ) 13- ഉംദത്തുല്‍ മുഹ്താജ് / സിറാജ് ബ്‌നുല്‍ മുലഖൂന്‍(റ).

റഫറന്‍സ്

7- അല്‍ ഇസ്വാബ ഫീ തംയീസി സ്വഹാബ / ഇബ്‌നു ഹജരില്‍ അസ്ഖലാനി (773-852) പേ 113, വാള്യം 4. 8- ശര്‍ഹുസ്സര്‍ഖാനി അലാ മുവത്വഅ് / മുഹമ്മദ് ബ്‌നു അബ്ദില്‍ ബാഖി അസ്സര്‍ ഖാനി (പേ. 1122) പേജ് 8, വാള്യം 1 9- തുഹ്ഫ / ഇബ്‌നുഹജരില്‍ ഹൈതമി (റ) ഹാശിയത്തുശ്ശര്‍വാനി / ഇമാം ശര്‍വാനി. പേ 33, വാള്യം 1 10- അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍ / ഡോ. മുഹമ്മദ് ഹുസൈന്‍ ദഹബി, പേജ് 211, വാള്യം 1 11- രിസാലത്തുല്‍ തമ്പീഹ് / കൈപ്പറ്റ ബീരാ ന്‍ കുട്ടി മുസ്‌ലിയാര്‍, പേജ് 4, വാള്യം 2 12- ‘ടി. പുസ്തകം- പേജ് 4, വാള്യം 2 13- മുഖദ്ദിമത്തുത്തഹ്ഖീഖ് മഅര്‍റൗള/ ശൈഖ് ആദില്‍ അഹ്മദ്, ശൈഖ് അലി മുഹമ്മദ് -പേജ് 12, 13, വാള്യം 1, മുഖ്ത സ്വറുല്‍ ഫവാഇദില്‍ മക്കിയ്യ / അല്ലാമ ശൈഖ് സയ്യിദ് അലവി ബ്‌നു അഹ്മദ് സഖാഫ് -പേജ് 35,36. 

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter