അൽ അഖ്സ വിഭജനത്തിനു വേണ്ടിയുള്ള ഇസ്രായേൽ മുറവിളികൾ

അൽ അഖ്സ വിഭജനവുമായി ബന്ധപെട്ടുള്ള വിവാദപരമായ പ്രസ്താവനയാണ് ഈ ആഴ്ചയിലെ ശ്രദ്ധേയ വിശേഷം. ലിബറൽ പാഠ്യപദ്ധതി പരിഷ്കാരങ്ങൾക്കെതിരെയുള്ള അമേരിക്കൻ മുസ്‍ലിം രക്ഷിതാകളുടെ സമരവും ഇറാൻ യു.എസ് ഇടക്കാല ആണവ കരാറും പരാജയപെട്ട ജിദ്ദാ ചർച്ചകളും വാർത്താശ്രദ്ധ നേടി. കൂടാതെ തുണീഷ്യയിലെ യൂറോപ്യൻ സന്ദർശനവും പാകിസ്ഥാനിലെ പുതിയ പാർട്ടി രൂപികരണവുമാണ് മറ്റു പ്രധാനപ്പെട്ട സംഭവങ്ങൾ. ഈ ആഴ്ചയിലെ മുസ്‍ലിം ലോകത്തു നിന്നുള്ള വിശേഷങ്ങൾ നോക്കാം.

വിഭജന പദ്ധതിക്ക് വേണ്ടിയുള്ള മുറവിളികൾ 

ദീർഘകാലമായി ഫലസ്തീനികൾ ഭയന്നുകൊണ്ടിരിക്കുന്ന കാര്യമാണ് അൽ അഖ്സ പുണ്യഭൂമിയുടെ വിഭജനം. ഈ ആശങ്കകളെ ശെരിവെച്ചു കൊണ്ട് അനുദിനം അൽ അഖ്സ മേഖലയിലേക്കുള്ള ഇസ്രായേലി അധിനിവേശവും അനിയന്ത്രിതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിതീവ്ര സ്വഭാവം പുലർത്തുന്ന നെതന്യാഹുവിന്റെ പുതിയ ഭരണസഭ ഇത്തരത്തിലുള്ള വിഭജന ശ്രമങ്ങൾക്ക് മുറവിളി കൂട്ടി തുടങ്ങിയിട്ടുണ്ട്.  ഫലസ്തീനികളെ കൂടുതൽ ആശങ്കാകുലരാക്കി കൊണ്ട് അൽഅഖ്‌സ മസ്ജിദ് ജൂതന്മാർക്കും മുസ്‌ലിംകൾക്കും ഇടയിൽ വിഭജിക്കാനുള്ള പദ്ധതി ഭരണകക്ഷിയായ ലിക്കുഡ് പാർട്ടിയുടെ പ്രതിനിധി ഈ അടുത്തായി മുന്നോട്ടുവെച്ചിരിക്കുകയാണ്.

14 ഹെക്ടർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന അൽ അഖ്സ സമുച്ചയത്തിന്റെ തെക്കൻ ഭാഗത്ത് നിന്ന് ഏകദേശം 30 ശതമാനം വരുന്ന സ്ഥലം മുസ്‍ലിംകൾക്കും അവശേഷിച്ച ഡോം ഓഫ് ദി റോക്ക് അടക്കം സ്ഥിതി ചെയ്യുന്ന പ്രദേശം  ജൂതന്മാർക്കും എന്നതാണ് അദ്ദേഹത്തിന്റെ വിഭജന നിർദേശം. അൽ അഖ്സയുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര കരാറുകളുടെ നിരന്തര ലംഘനങ്ങളുടെയും  ഇസ്രായേലി വലതുപക്ഷ കുടിയേറ്റക്കാരുടെ വർദ്ധിച്ചുവരുന്ന  നുഴഞ്ഞുകയറ്റങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം വരുന്നത് എന്നതുകൂടി ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്. 1967 ൽ ഇസ്രായേൽ കിഴക്കൻ ജെറുസലേം അധീനപ്പെടുത്തിയത് മുതൽ അൽ അഖ്സയടങ്ങുന്ന പുരാതന ജെറുസലേം നഗരഭാഗത്തെ തങ്ങളുടെ അധീനതയിലാക്കാൻ ഇസ്രായേൽ നിരന്തരം ശ്രമങ്ങൾ നടത്തിപ്പോരുന്നുണ്ട്. അന്താരാഷ്ട്ര സമ്മർദ്ദവും  സംഘട്ടന സാധ്യതകളും അൽ അഖ്സ വിഭജനത്തിലേക്ക് ഇസ്രായേലിനെ നയിക്കില്ലെന്ന് പ്രതീക്ഷിക്കാം.

അമേരിക്കൻ രക്ഷിതാക്കളുടെ സമരം

മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കി കാലങ്ങളായി തുടർന്നുപോന്നിരുന്ന ലൈംഗിക, ലിംഗ സ്വത്വ പാഠങ്ങളിൽ നിന്നും കുട്ടികളെ വേർപ്പെടുത്തുകയും പ്രകൃതി വിരുദ്ധ ആശയങ്ങൾ ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യാൻ ശ്രമിക്കുന്ന പുതിയ പാഠ്യപദ്ധതി പരിഷ്കാരങ്ങൾക്കെതിരെ  മേരിലാൻഡിൽ നൂറുകണക്കിന് മുസ്‍ലിം രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. കുടുംബ വ്യവസ്ഥയുമായും ലൈംഗികതയുമായും ബന്ധപ്പെട്ട സ്കൂൾ കരിക്കുലത്തിലെ കോഴ്സ് വർക്കുകളിൽ നിന്നും തങ്ങളുടെ മക്കളെ മാറ്റി നിർത്താനുള്ള  അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരങ്ങൾ നടക്കുന്നത്.  ലൈംഗിക ആഭിമുഖ്യം, ലിംഗ വ്യക്തിത്വം തുടങ്ങിയ വിഷയങ്ങൾ വളരെ നേരത്തെ തന്നെ കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്ന രീതിയാണ് പുതുതായി കൊണ്ട് വന്നിരിക്കുന്നതെന്ന് മാതാപിതാക്കൾ ആരോപിച്ചു. മുസ്‍ലിംകളും ക്രിസ്ത്യാനികളുമടക്കമുള്ള മതവിശ്വാസികളൊന്നടങ്കം പ്രകൃതി വിരുദ്ധ ലിബറൽ ലൈംഗികതാ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിൽ  ഒറ്റകെട്ടാണ്.

ഇറാന് ആശ്വാസമേകുന്ന കരാർ 

പരിമിതമായ ഉപരോധ ഇളവുകൾക്കു പകരമായി ഇറാനിന്റെ യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ കുറക്കാൻ നിർദേശിക്കുന്ന  ഇടക്കാല കരാറിന് ഇറാനും അമേരിക്കയും ധാരണയിലെത്തിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. മുമ്പ് ആവിഷ്കരിക്കപ്പെട്ടിരുന്ന പല കരാറുകളും പരാജയപ്പെട്ട സാഹചര്യത്തിൽ പ്രായോഗികമായി ഒരുപാട് വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതായിരിക്കും ഈ കരാർ. കരാർ പ്രകാരം, ഇറാൻ  യുറേനിയം ഉത്പാദനം 60 ശതമാനമോ അതിൽ കൂടുതലോ വർധപ്പിക്കാൻ പാടില്ല. കൂടാതെ  ആണവ പദ്ധതിയുടെ നിരീക്ഷണവും പരിശോധനയും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ കീഴിൽ തുടരും. ഇതിനു പകരമായി പ്രതിദിനം ഒരു ദശലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്യാൻ അമേരിക്ക ഇറാനെ അനുവദിക്കും. ആണവകരാർ പരാജയത്തിനു ശേഷം പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും ഇറാനുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഇറാനി സമ്പദ് വ്യവസ്ഥയെ മുച്ചൂടും തകർത്തുകളഞ്ഞിട്ടുണ്ട്. ആയതുകൊണ്ടുതന്നെ ഈ കരാർ ഇറാനെ സംബന്ധിച്ചിടത്തോളം ആശ്വാസം നൽകുന്നതാണ്. 

പരാജയപ്പെട്ട ജിദ്ദാ ചർച്ച

സുഡാനിലെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ടുള്ള സമാധാന ശ്രമങ്ങളുടെ ഭാഗമായി, യു.എസ്-സൗദി മദ്ധ്യസ്ഥതയിൽ ആവിഷ്കരിച്ച ജിദ്ദ ചർച്ചകൾ പരാജയപ്പെട്ടിരിക്കെ സുഡാൻ ജനതയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. ഇരുകക്ഷികളും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും തങ്ങളുടെ ആക്രമണങ്ങളെ ന്യായീകരിച്ചു കൊണ്ടിരിക്കുകയുമാണ്. കരാർ പൂർണമായും പാലിക്കാൻ ഇരുകൂട്ടർക്കും താല്പര്യമില്ലാ എന്നതു തന്നെയാണ് വലിയ വെല്ലുവിളി. ജിദ്ദ കരാർ റദ്ദാക്കുന്നതായി സൗദി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഹമീദ്തിയുടെ ആർ.എസ്.എഫ് കരാർ ലംഘനം നടത്തിയെന്നാരോപിച്ചു കൊണ്ടാണ് സൈന്യം ആക്രമങ്ങൾക്കു തുടക്കം കുറിച്ചത്. ഇതോടെ ഇരുകക്ഷികളും വിവിധയിടങ്ങളിലായി പരസ്പരം ഏറ്റുമുട്ടുകയും  വ്യാപക നാശങ്ങൾ വരുത്തുകയും ചെയ്തു. ഇതോടെ സംഘർഷങ്ങളുടെ തീവ്രത വർധിച്ചിരിക്കുകയാണ്. കൂടാതെ വലിയ അളവിൽ തുടർന്നുകൊണ്ടിരിക്കുന്ന ലക്ഷകണക്കിനു പേരുടെ അഭയാർത്ഥി പ്രവാഹത്തിന് അയൽരാജ്യങ്ങളിൽ നിന്നും നിസ്സഹകരണ സമീപനങ്ങൾ ഏൽക്കേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്. ഈജിപ്തിലേക്കുള്ള പ്രവേശനത്തിനും ചികില്‍സ അടക്കമുളള അത്യാവശ്യകാര്യങ്ങൾക്കും പോലും വിസ അനുവദിച്ചുകൊടുക്കാത്തതായി നിരവധി പരാതികളുയർന്നിട്ടുണ്ട്.

തൂണിഷ്യയിലേക്കുള്ള യുറോപ്യൻ സന്ദർശനം

ഖൈസ് സയ്യിദിന്റെ തീരുമാനങ്ങളും ഭരണനയങ്ങളും വരുത്തിവെച്ച രാഷ്ട്രീയ അസ്ഥിരതയും വർഷങ്ങളായി ഒഴിയാ ബാധയായി തുടരുന്ന സാമ്പത്തിക പ്രതിസന്ധികളും തൂണീഷ്യൻ ജനതക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പ്രതിസന്ധികളൊന്നും തന്നെ കൃത്യമായി പരിഹരിക്കപ്പെട്ടില്ല എന്നതും ദിനേനെ പുതിയ പ്രശ്നങ്ങൾ തൂണീഷ്യൻ രാഷ്ടീയത്തിൽ ഉടലെടുക്കുന്നതും മിഡിൽ ഈസ്റ്റിന്റെ രാഷ്ട്രീയ സ്ഥിരതക്ക് തന്നെ ഭീഷണിയാണ്. എന്നാൽ ഈ വാരത്തിൽ തൂണീഷ്യ വാർത്തകളിൽ ഇടം പിടിച്ചത് സുപ്രധാന യൂറോപ്യൻ രാജ്യങ്ങളിലെ തലവൻമാരുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ്. 150 മില്ല്യണ്‍ യുറോയുടെ ധനസഹായം നല്കാനാണ് ഈ സന്ദർശനത്തിൽ തൂണീഷ്യയുമായി യൂറോപ്യൻ രാജ്യങ്ങൾ ധാരണയിലെത്തിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന തുണീഷ്യക്ക് ആശ്വാസമേകുന്ന ഈ കരാറിനു പിന്നിൽ യുറോപ്യൻ രാജ്യങ്ങൾ ലക്ഷ്യം വെക്കുന്നത് മറ്റൊന്നാണ്. സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്കുളള കുടിയേറ്റങ്ങൾ മൊറോക്കൊ കേന്ദ്രീകരിച്ചാണ് കൂടുതലും നടന്നുകൊണ്ടിരിക്കുന്നത്. നിയമവിധേയമല്ലാതെ നടത്തപ്പെടുന്ന ഇത്തരം കൂടിയേറ്റങ്ങൾക്കു തടയിടാൻ വേണ്ടി അതിർത്തി സുരക്ഷ വർധിപ്പിക്കാൻ തുണീഷ്യക്കുമേൽ സമ്മർദം ചെലുത്തലാണ് ഈ കരാറിനു പിന്നിൽ യൂറോപ്യൻ പ്രതിനിധികൾ ഉന്നമിടുന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഇസ്തികാമേ പാകിസ്താൻ 

ഇസ്തികാമേ പാകിസ്താൻ എന്ന പേരിൽ പാകിസ്താനില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരിക്കുകയാണ് പ്രമുഖ പാകിസ്ഥാനി രാഷ്ട്രീയക്കാരനായ ജഹാംഗീർ ഖാൻ. ഇമ്രാൻ ഖാന്റെ തഹ്‍രീകെ ഇൻസാഫ് പാർട്ടിയിൽ നിന്നും പലസമയങ്ങളിലായി രാജിവെച്ചൊഴിയുകയും കൂടുമാറുകയും ചെയ്ത പ്രമുഖരെ ഉൾപ്പെടുത്തിയാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം നല്കിയിരിക്കുന്നത്. ശഹബാസ് ശരീഫ് ഗവണ്മെന്റിനെതിരെ തെരുവിൽ ജനങ്ങളെ അണിനിരത്തി ഇമ്രാൻ ഖാൻ നിരന്തരം സമരങ്ങൾ നയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈയൊരു രാഷ്ട്രീയ നീക്കം വരുന്നത് ഏന്നതാണ് ശ്രദ്ധേയം. ഇമ്രാൻ ഖാന്റെ നിലവിലെ ജനപ്രീതിക്ക് ഈ നീക്കം ഭീഷണിയാവില്ലെന്ന് തന്നെയാണ് പൊതുവെയുള്ള നിഗമനം. അതോടൊപ്പം, ഇൻസാഫ് പാർട്ടിയെ തകർക്കാനുള്ള സൈന്യത്തിന്റെ തന്ത്രമായും ഇതിനെ വിലയിരുത്തുന്നവരുണ്ട്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter