സമാധാനമാണ്  തിരുനബി (സ)

ഒരു സമാധാനമാണ് നബി. പ്രക്ഷുബ്ദതകളുടെ നടുവില്‍ നിലനില്‍പ്പിന് കേഴുമ്പോള്‍ ഹൃദയതാലങ്ങളില്‍ പതിക്കുന്ന സമാശ്വാസത്തിന്‍റെ കുളിര് പോലെ. ചരിത്രങ്ങള്‍ പകരുന്ന നബിയുടെ പാഠങ്ങളാണ് ഒരു ശുജാഇയെ പോലെ ഈ സമുദായത്തിന്‍റെ നട്ടെല്ല് നിവര്‍ത്തിക്കുന്നത്. ആ ജീവിത സന്ദേശങ്ങള്‍ അടുക്കളയിലും മണിയറയിലും അരങ്ങിലും അണിയറയിലും കറങ്ങി നടക്കുന്നു. ഇടവേളകളില്‍ ആ തിരുനബിയെ അമര്‍ത്യാസന്‍റെ സാമ്പത്തിക ചിന്തകളോട് സംവദിക്കുന്നതായി കാണാം.

തിരിഞ്ഞ് നടക്കുമ്പോള്‍ രാഷ്ട്രീയത്തിന്‍റെ പുകഞ്ഞ കൊള്ളികള്‍ പകരുന്ന പുക പടലങ്ങളില്‍ വെള്ളം തെളിക്കുന്ന ഒരു പതിഞ്ഞ രാഷ്ട്രീയ ചിന്തയായി രൂപം പ്രാപിക്കുന്നു. നബിയുടെ ഈ സമഗ്രത എത്ര അത്ഭുതകരമാണ്. പാതി മണലില്‍ പതിഞ്ഞ മേനിയുമായി ഈന്തപ്പനയോലയില്‍ കിടന്ന പ്രവാചകന്‍, രാജ ദര്‍ബാറുകളുടെ ഗതി മാറ്റിച്ച സംസാരമാകുന്നു. ഏകാധിപതികളെ അരിശപ്പെടുത്തുന്നു. ഇരുട്ടിനെ പേടിപ്പിക്കുന്നു. 

 മനുഷ്യനിലെ മൃഗം നിറഞ്ഞാടിയ കാലത്ത് നബി മനുഷ്യനിലെ മാലാഘയായി നിന്നു. മറഞ്ഞ് തുടങ്ങിയ, അല്ലെങ്കില്‍, മറവ് ചെയ്ത് തുടങ്ങിയ മൂല്യങ്ങളുടെ ഒരു വീണ്ടെടുപ്പ് നബി സാധ്യമാക്കി. ആണും പെണ്ണും ദരിദ്രനും ധനാഢ്യനും തുടങ്ങിയ സകലമാന ദ്വിത്വങ്ങളുടെയും കൂട്ടിമുട്ടലില്‍ നിന്ന് പുതിയ അജണ്ടകളിലേക്ക് നബി ഈ മനുഷ്യകുലത്തെ തിരിച്ച് വിട്ടു. അവിടെ ദാര്‍ശനികതയുടെ അടിത്തറ മനുഷ്യന്‍റെ അടിസ്ഥാന ദാഹത്തെ തിരിച്ചറിഞ്ഞു. ആ ദര്‍ശന സമ്പന്നത ദേഹത്തിന്‍റെ വിശപ്പിനെ മറപ്പിച്ചു. പകരം ദേഹിയുടെ വേദന പകര്‍ന്നു കൊടുത്തു. പെണ്ണിനെ കണ്ടപ്പോള്‍ അവര്‍ അവളെ പടച്ച ദൈവത്തെ കുറിച്ച് ചിന്തിച്ചു. വികാരങ്ങള്‍ക്ക് ജോലി കുറയുകയും വിവേകത്തിന് തിരക്ക് പിടിക്കുകയും ചെയ്തു. ചുരുക്കത്തില്‍ മനുഷ്യനിലേക്ക് ഒരു ജനത നടന്നടുത്തു. 

നബിയെന്ന സമ്പൂര്‍ണ്ണ മനുഷ്യന്‍ ദൈവത്തെ കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാം കൃത്യമായിരുന്നു. സൃഷ്ടിവാദത്തിന്‍റെ തറയിലിരുന്ന് സംസാരിച്ച നബി പറഞ്ഞിടത്തോളം ലോകം ഇനിയും ഉയര്‍ന്നിട്ടില്ല. അതിനിടയില്‍ കുളം കലക്കുന്ന ഡാര്‍വിനിയന്‍ സിദ്ധാന്തത്തെ ആറാം നൂറ്റാണ്ടിലിരുന്ന് നബി കൈകാര്യം ചെയ്തു. പടിഞ്ഞാറിന്‍റെ ദാര്‍ശനികമായ ഇരുട്ട് പകര്‍ന്ന അനീതിക്കെതിരെ നബിയുടെ വിളക്കിന്‍റെ വെളിച്ചം അനിരുദ്ധ ധാരയായി പരിണമിച്ചു. 

വാക്കുകളും തൂലികകളും ആ ഉത്തമ സൃഷ്ടിയുടെ മേډ പറയുമ്പോള്‍ എത്ര മനോഹരമായിത്തീരുന്നു. എത്ര ചന്ദസ്സാര്‍ന്ന ആവിഷ്കാരങ്ങളാകുന്നു. ആ പുഷ്പ ജ്യോദ്യാനത്തോടുള്ള അഭിനിവേഷം തികച്ചും പ്രകൃതിപരമായ ഒരു യാഥാര്‍ത്ഥ്യമാണ്. മക്കാനിവാസികള്‍ അല്‍ അമീനിനെ സ്നേഹിച്ച് തുടങ്ങിയത് അതിനാലാണ്. അബൂബക്കര്‍ (റ) നിഴലായി മാറിയതും അനിതരമായ ആ വ്യക്തിപ്രഭാവത്തിന്‍റെ മായിക ലാവണ്യത്തില്‍ സ്വമേധയാ ആകൃഷ്ടനായതിനാലാണ്. 

ഇബ്നു കസീര്‍ (റ) തന്‍റെ ചരിത്രഗ്രന്ഥം അല്‍ ബിദായ വന്നിഹായയില്‍ ബീവി ആഇശ (റ) യുടെ വിവരണം ഇപ്രകാരം ചേര്‍ക്കുന്നു. അന്ന് 33 പേരായിരുന്നു വിശ്വാസികളായി ഉണ്ടായിരുന്നത്. എല്ലാം രഹസ്യപൂര്‍ണ്ണമായിരുന്നു. മക്കയുടെ പൊതുജനത്തിന് ദഹനക്കേട് ഉണ്ടാക്കുന്ന ആശയമായി ഇസ്ലാം പ്രവര്‍ത്തിച്ച് തുടങ്ങിയ കാലം. ചരിത്രത്തില്‍ ആദ്യമായി ആ സാഹസത്തിന് അബൂബക്കര്‍ (റ) രംഗ പ്രവേശനം ചെയ്തു. കഅ്ബയുടെ മുറ്റത്ത് നിന്നും ഇസ്ലാമിനെ കുറിച്ച് ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി. ആ ശബ്ദം അവിശ്വാസികളെ അസ്വസ്ഥമാക്കി. അരിശം കൊണ്ടവര്‍ അബൂബക്കര്‍ (റ) ന്‍റെ മേല്‍ ചാടി വീണു. ഉത്ബയുടെ ചെരുപ്പടിയേറ്റ് അബൂബക്കര്‍ (റ) ന്‍റെ മുഖം വികൃതമായി. പിന്നീട്, സ്വബോധം തിരികെ വന്നപ്പോള്‍ വീട്ടില്‍ കിടക്കുന്ന അബൂബക്കര്‍ (റ) മാതാവിനോട് ചോദിച്ചത് നബിയെ കുറിച്ചായിരുന്നു. നബിയെ കാണാതെ താനൊന്നും കഴിക്കില്ലെന്ന ശപഥത്തിന് മുമ്പില്‍ എല്ലാവരും തോറ്റു. ഇരു തോളുകളില്‍ തൂങ്ങി, പരസഹായത്താല്‍ അബൂബക്കര്‍ (റ) സ്വഫാ കുന്നിന്‍റെ ചെരുവിലുള്ള അര്‍ഖമിന്‍റെ വീട്ടിലെത്തി. അബൂബക്കര്‍ (റ) നെ കണ്ടമാത്രയില്‍ ആ സ്നേഹനിധി ഓടിയണഞ്ഞു. അവര്‍ക്കിടയില്‍ ഉത്കടമായ സ്നേഹത്തിന്‍റെ തിരകള്‍ നിറഞ്ഞടിച്ചു. കണ്ടു നിന്നവര്‍  ആ പ്രണയാശ്ചര്യത്തില്‍ ഫനാ പ്രാപിച്ചു.

അന്ന് ഖുര്‍ആന്‍ അവതരിച്ച് തുടങ്ങിയേ ഉള്ളൂ. ഇസ്ലാമിന്‍റെ നിയമസംഹിതകളുടെ വെളിച്ചപ്പൊട്ട് മാത്രം കണ്ടവരായിരുന്നു അവര്‍. എന്നിട്ടും അവര്‍ നബിയെ സ്നേഹിച്ചു. നരകവും സ്വര്‍ഗവും ഭാവി തീരുമാനിക്കുന്ന നിശ്ചയങ്ങളെക്കാള്‍ ആ സ്നേഹം മുന്‍കടന്നു. ഈമാനിന്‍റെ പൂര്‍ത്തീകരണമാണ് പ്രവാചകസ്നേഹമെന്ന നിയമനിര്‍മാണത്തെ പോലും ആദ്യകാല വിശ്വാസികള്‍ പിറകിലാക്കി കളഞ്ഞു. ഈ തലത്തില്‍ നമ്മള്‍ പ്രവാചക സ്നേഹത്തെ അറിയണം. അത് പടച്ചവന്‍റെയും പ്രവാചകന്‍റെയും തേട്ടങ്ങളെ അനുഗമിക്കുന്നതിനപ്പുറം  നമ്മള്‍ അറിഞ്ഞും നുണഞ്ഞും കൊണ്ടിരിക്കുന്ന മധുരമാവണം പ്രവാചക സ്നേഹം. 

 പുതിയ കാലത്ത് പടര്‍ന്ന് പിടിച്ച ഒരു നിര്‍വികാരത നമ്മെയും ബാധിച്ചിട്ടുണ്ട്. അറിഞ്ഞും അറിയാതെയും യാഥാര്‍ത്ഥ്യങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുന്നത് ഒരു വലിയ ശരിയാണെന്ന മട്ടിലാണ് കാര്യങ്ങള്‍. സ്വാഭാവികമായും അത്തരക്കാര്‍ക്ക് നബി ഒരു ധര്‍മപുരുഷനോ ഇസ്ലാമിന്‍റെ പ്രവാചകനോ ആറാം നൂറ്റാണ്ടിന്‍റെ ആചാര്യനോ ആകാം. അവിടത്തെ വാക്കുകള്‍ അവര്‍ക്ക് കേവല ദര്‍ശനങ്ങളോ ധര്‍മ്മങ്ങളോ ആണ്. പലരേയും പോലെ ഒരാള്‍, പലതിനെയും പോലെ ഒന്ന്.  ചൂണ്ടയില്‍ കോര്‍ത്ത ഈ സങ്കല്‍പത്തിന്‍റെ കൊളുത്തില്‍ കഴുത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അബൂബക്കര്‍ (റ)വിന്‍റെ ആ വികാരം മനസ്സിലായെന്ന് വരില്ല. അത് ഇരുട്ടിനെക്കാള്‍ വെളിച്ചത്തോടുള്ള ഇഷ്ടത്തിന്‍റെ പുറം തള്ളലാണ്. തെറ്റിനപ്പുറം ശരി കണ്ടെത്താനാവുമെന്ന മനസ്സാക്ഷിയുടെ ദാഹം തിരിച്ചറിയലാണ്. 

നമ്മുടെ വഴികളില്‍ വാഴുന്ന ചില പൊതു ബോധങ്ങളുണ്ട്. അത് ഏറ്റവും ഉച്ചത്തില്‍ ബഹളം വെക്കുന്നവര്‍ തീര്‍ക്കുന്ന ഒരു മേല്‍ക്കോയ്മക്ക് കിട്ടുന്ന അംഗീകാരമാണ്. അതിന് ശരിയോട് ബന്ധം ഉണ്ടാവണം എന്നില്ല. അത്തരം പൊതുബോധനിര്‍മ്മാതാക്കള്‍ക്ക് നബിയെ തിരിച്ചറിയണം എന്നില്ല. എന്നു മാത്രമല്ല അവര്‍ക്ക് നബി തിരിച്ചറിയപ്പെടരുതെന്ന ഒരു സ്വകാര്യ തീര്‍പ്പ് കൂടിയുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു. 
'അല്ലാഹുവിനെയും അന്ത്യനാളിനെയും ആഗ്രഹിക്കുകയും ദൈവത്തിന്‍റെ നിരന്തര സ്മരണ നിലനിര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ദൈവദൂതനില്‍ ഉത്തമ മാതൃകയുണ്ട് '. (അഹ്സാബ് : 21)

അല്ലാഹു നിശ്ചയിച്ച് തന്ന ഈ കണ്ണാടിയിലൂടെയാണ് മുഹമ്മദീയ ലാവണ്യം വ്യക്തമായി ദര്‍ശിക്കാനാവുന്നത്. ചരിത്രം പോലും അപഹസിക്കുന്ന ഒരു സംഭവം രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നുണ്ട്. ബദര്‍ യുദ്ധ വേളയില്‍ അബൂജഹ്ലും അഖ്നസും സംഭാഷണം നടത്തുന്നതാണ് പശ്ചാത്തലം. 'ഈ മുഹമ്മദ് ശരിക്കും കള്ളമാണോ പറയുന്നത്, അതൊ സത്യമാണോ? '. അഖ്നസിന്‍റെ ചോദ്യത്തിന് അബൂജഹല്‍ പറഞ്ഞു ' എന്ത് പറ്റി അഖ്നസ്, മുഹമ്മദ് സത്യവാനാണ്. ഒരിക്കല്‍ പോലും അവന്‍ കള്ളം പറഞ്ഞിട്ടില്ല. പിന്നെ, പ്രവാചകത്വം കൂടി മുഹമ്മദിന്‍റെ ബനൂഖുസയ്യിന് ലഭിച്ചാല്‍ പിന്നെ എന്ത് നിലയും വിലയുമാണ് നമുക്ക് ബാക്കിയാവുന്നത്?'.

അബൂജഹ്ലിന്‍റെ രോഗം പടര്‍ന്ന് പിടിച്ചതായിരുന്നു അന്ന് മക്കയിലുണ്ടായിരുന്ന പ്രവാചക വിരോധികള്‍ക്ക്. ഇന്നും ചില രോഗങ്ങളാണ് നബിയുടെ സ്മരണകളെയും ചരിത്രങ്ങളെയും ചിലര്‍ക്കെങ്കിലും കയ്പാക്കുന്നത്. ആ ഒരു സമൂഹത്തിന്‍റെ ദുര്‍മേദസ്സുകള്‍ നമ്മെയും പിടികൂടിയതിന്‍റെ ലക്ഷണങ്ങളാണ് നബിയുടെ സ്നേഹം രുചിക്കാനാവാത്തത്. 
 ക്രിസ്താബ്ദം 611 മുതല്‍ ഒരു മനുഷ്യന്‍ ജീവിച്ചതു  നമുക്ക് കൂടി വേണ്ടിയായിരുന്നു. സുഖങ്ങള്‍ ത്യജിച്ചതും ദു:ഖങ്ങള്‍ വരിച്ചതും നമ്മുടെ വഴികളെ പച്ചപിടിപ്പിക്കാനായിരുന്നു. അവിടുന്ന് കൊണ്ട വെയിലുകളാണ് ഇന്ന് നമ്മുടെ പാതകളിലെ നിഴലുകള്‍. ഒരിക്കല്‍ പ്രവാചകന്‍ (സ്വ) മുന്‍ പ്രവാചകരുടെ വാക്കുകള്‍ അനുസ്മരിച്ച് പൊട്ടിക്കരഞ്ഞു ' നാഥാ, എന്‍റെ സമുദായം,'. ആ നെടുവീര്‍പ്പിന്‍റെ തേങ്ങലുകള്‍ നാഥന്‍ കേട്ടു. തല്‍ക്ഷണം ജിബ്രീല്‍ (അ) നബി സവിതം എത്തി.

പരലോകത്ത് തന്‍റെ സമുദായത്തിന്‍റെ അവസ്ഥയെ കുറിച്ചാണ് നബി വേദനിക്കുന്നതെന്ന വിവരം ജിബ്രീല്‍ (അ) അല്ലാഹുവിനോട് പറഞ്ഞു. ഉടനെ നാഥന്‍റെ മറുപടി ' നിങ്ങളുടെ സമുദായത്തിന്‍റെ കാര്യത്തില്‍ നിങ്ങള്‍ വേദനിക്കേണ്ടി വരില്ല'. അല്ലാഹുവിന്‍റെ സമാശ്വാസത്തിന്‍റെ ഇളം കുളിര് കൊണ്ട മനസ്സുമായി നബി പ്രതിവചിച്ചു. 'എങ്കില്‍ എന്‍റെ സമൂഹത്തില്‍ പെട്ട മുഴുവന്‍ പേരും നരകത്തില്‍ നിന്ന് മോചിതനായാലേ എനിക്ക് സമാധാനം ലഭിക്കൂ. എന്‍റെ മനസ്സ് തൃപ്തമാവൂ'. 

ഈ നോവും സമാധാനവും എനിക്ക് കൂടിയായിരുന്നുവെന്ന തിരിച്ചറിയലാണ് നമ്മെ നബിയിലേക്കടുപ്പിക്കുന്നത്. നമ്മെ കാത്തിരിക്കുന്ന ജഹന്നം നമ്മെക്കാള്‍ നബിയെ ആകുലപ്പെടുത്തുന്നു എന്നറിയുമ്പോള്‍ ഈ പ്രവാചകനെ എങ്ങനെ സ്നേഹിക്കാതിരിക്കും. ഇസ്ലാമേതര വഴികള്‍ നരകത്തിലേക്കെത്തിക്കുമെന്ന് മനസ്സിലാക്കുമ്പോള്‍ ഈ ഇസ്ലാം പറഞ്ഞു തന്ന നബിയെ എങ്ങനെ വിലമതിക്കാതിരിക്കും. നമ്മുടെ മാതാപിതാക്കളും എന്തിന് സ്വന്തം അവയവങ്ങള്‍ പോലും ഒരു വേള നമ്മെ മറക്കുന്നവരെങ്കില്‍ നമ്മെ മറക്കാത്ത ഒരു മനുഷ്യന്‍ നബിയാണെന്നറിയമ്പോള്‍ എങ്ങനെ ആ തണലിനെ പ്രണയിക്കാതിരിക്കും.

ഇങ്ങനെ, നീണ്ടു പോവുന്ന ലിസ്റ്റുകള്‍ നമ്മുടെയും പ്രവാചകന്‍റെയും സ്നേഹ ബന്ധത്തിന്‍റെ അനിവാര്യതയെ കുറിച്ച് പറഞ്ഞ് തരുന്നു. ഉത്തമ സ്വഭാവം പ്രവാചകന്‍റെതെങ്കില്‍ ആ സ്വഭാവം എന്‍റേതുമാണെന്ന താദാത്മ്യത്തില്‍ ഈ ബന്ധം സുദൃഢമാവുന്നു. അവിടെ നബി വിശ്വാസിയുടെ ഹീറോ ആയിത്തീരുന്നു. അനുകരണം ആക്ട്റ്റിവിസമാവുമ്പോള്‍ ഇസ്ലാം എല്ലാത്തിനും പരിഹാരമായിത്തീരുന്നു. ഇരുട്ടില്‍ വെളിച്ചത്തിന്‍റെയും വെറിയുടെ കാലത്ത് സമൃദ്ധിയുടെയും. അവിടെ പ്രവാചക സ്നേഹം പൂക്കുന്നു. വിശ്വാസം സമ്പൂര്‍ണ്ണമാവുന്നു. അങ്ങനെ നമ്മള്‍ മനുഷ്യനാവുന്നു. സമ്പൂര്‍ണ്ണനായ മുഹമ്മദിനെ (സ്വ) പോലെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter