ആറാം നൂറ്റാണ്ടിലേക്കെത്താന്‍ ഇനിയുമെത്ര കാത്തിരിക്കണം...
ലോകജനസംഖ്യയില്‍ നൂറ്റിമൂന്ന് മില്യണിലധികം ജനങ്ങള്‍ ഇന്ന്, വിവിധ കാരണങ്ങളാല്‍ സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടിവന്നവരാണ്. അവരില്‍ പകുതിയിലധികവും ഇന്നും അഭയാര്‍ത്ഥികളായി തുടരുന്നു. ഇതില്‍ മുപ്പത്തിയാറര മില്യണ്‍ കുട്ടികളാണ്. ഒന്നര മില്യണിലധികം കുട്ടികള്‍ ജനിച്ച് വീണത് തന്നെ അഭയാര്‍ത്ഥികളായിട്ടാണ്. സിറിയ, വെനിസ്വേല, ഉക്രൈന്‍, അഫ്ഗാനിസ്ഥാന്‍, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് മാത്രമായി ഇരുപത്തിമൂന്ന് മില്യണ്‍ ആളുകളാണ് അഭയാര്‍ത്ഥികളായിരിക്കുന്നത്.
പരിഷ്കൃത സമൂഹമെന്ന് പറയുന്ന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യാവകാശങ്ങളുടെ നേര്‍ചിത്രമാണ് മേല്‍കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതും ഔദ്യോഗിക കണക്കുകള്‍ മാത്രമാണ്. വിവിധ രീതികളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നവര്‍ ഇതേക്കാള്‍ എത്രയോ ഇരട്ടി വരും, തീര്‍ച്ച. ഇവ കാണുമ്പോള്‍, അറിയാതെ പറഞ്ഞു പോവുന്നത് ഇങ്ങനെയാണ്, യഥാര്‍ത്ഥ പരിഷ്കാരത്തിന്റെ നേര്‍മുഖം പലരും പലപ്പോഴും പരിഹാസത്തോടെ പരാമര്‍ശിക്കുന്ന ആറാം നൂറ്റാണ്ടിലെ ആ പഴയ അറേബ്യ തന്നെ.
ആറാം നൂറ്റാണ്ട് എന്നത് അപരിഷ്കൃതതയുടെ പ്രതീകമായിട്ടാണ് ഇന്ന് പലരും പ്രയോഗിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത് അങ്ങനെയാണെന്ന് തന്നെ പറായം. അതേ സമയം, പ്രവാചകര്‍ ജീവിച്ച ഏഴാം നൂറ്റാണ്ടാണ് ആരോപകര്‍ ലക്ഷ്യമാക്കുന്നതെന്ന് ചേര്‍ത്തുവായിക്കുമ്പോഴാണ്, പരിഷ്കൃതരെന്ന് സ്വയം മേനി നടക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ട് പോലും ആ ഏഴാം നൂറ്റാണ്ടിലേക്കെത്താന്‍ ഇനിയും കാതങ്ങള്‍ താണ്ടേണ്ടതുണ്ടെന്ന് ബോധ്യപ്പെടുക, വിശിഷ്യാ മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍.
മനുഷ്യാവകാശ സംരക്ഷണത്തിനായി വിവിധ പദ്ധതികളും കൂട്ടായ്മകളും ആലോചനകളും സമ്മേളനങ്ങളുമെല്ലാം ഉണ്ടായിട്ടും മനുഷ്യാവകാശ ലംഘനങ്ങള്‍ ദൈനംദിനം വര്‍ദ്ധിക്കുന്നതാണ് നാം കാണുന്നത്. എന്നാല്‍ മനുഷ്യാവകാശങ്ങള്‍ എന്താണെന്ന് പോലും അറിയാതിരുന്ന ഒരു സമൂഹത്തെ മനുഷ്യാവകാശങ്ങളുടെയെന്ന് മാത്രമല്ല, സകലമാന മാനുഷിക മൂല്യങ്ങളുടെയും ഈറ്റില്ലവും പോറ്റില്ലവുമാക്കി വളര്‍ത്തിയ സമഗ്രപരിവര്‍ത്തനമാണ് ഏഴാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചത്. അതിന് വഴിയൊരുക്കിയത് പ്രവാചകരുടെ അധ്യാപനങ്ങളും. മതബോധവും ദൈവഭയവും തന്നെയാണ് ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാന നിയന്ത്രണങ്ങളാവേണ്ടത്. എങ്കില്‍ മാത്രമേ, സമൂഹം സ്വയം നിയന്ത്രിരാവൂ. അത്തരം നാളുകള്‍ വീണ്ടും തിരിച്ചുവരാനായി നമുക്ക് പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കാം. അവകാശലംഘനങ്ങള്‍ക്ക് ഇരയായി അക്രമിക്കപ്പെടുന്നവര്‍ക്കായി പ്രാര്‍ത്ഥന കൊണ്ടെങ്കിലും നമുക്ക് കൂടെ നില്‍ക്കാം.
Leave A Comment