സാമ്രാജ്യത്വത്തെ തോൽപ്പിക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ

അമേരിക്കൻ യൂനിവേഴ്സിറ്റികളിൽ ആളിക്കത്തിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥിപ്രക്ഷോഭങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. ഇസ്രായേലിനെതിരെയുള്ള തുർക്കിയുടെ തീരുമാനവും അന്താരാഷ്ട്ര കോടതിയുടെ ഇടപെടലുകളുമാണ് ഈ വാരത്തെ മുസ്‍ലിം ലോകത്തുനിന്നുള്ള പ്രധാന സംഭവവികാസങ്ങൾ.

ആളിക്കത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ

സയണിസ്റ്റ് വിരുദ്ധ മനുഷ്യാവകാശ പോരാട്ട ചരിതത്തിലെ  അതിനിർണായകമായ നാഴികക്കല്ലാകാൻ പോന്ന സംഭവമാണ് അമേരിക്കൻ യൂനിവേഴ്സിറ്റികളിൽ ദിവസങ്ങളായി ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി സമരങ്ങൾ. കോളംബിയ യൂനിവേഴ്സിറ്റിയിൽ ഏപ്രിൽ പകുതിയോടെ ക്യാമ്പസിന്റെ മുൻവശം ടെന്റുകൾ കെട്ടി ക്യാമ്പുകളായി ആരംഭിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമരങ്ങൾ പിന്നീട് എയ്ൽ യൂനിവേഴ്സിറ്റിയും ചിക്കാഗോ യൂനിവേഴ്സിറ്റിയും ന്യൂയോർക്ക് യൂനിവേഴ്സിറ്റിയുമടക്കമുള്ള അമേരിക്കയിലെ പ്രധാനപ്പെട്ട യൂനിവേഴ്സിറ്റികളിലേക്കെല്ലാം വേഗത്തിൽ പടരുകയായിരുന്നു. ഇസ്രായേലുമായി ബന്ധപ്പെട്ടുള്ള സഹകരണ കരാറുകളിൽ നിന്ന് യൂനിവേഴ്സിറ്റികൾ വിട്ടുനിൽക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. കൂടാതെ ഇസ്രായേൽ അനുകൂല കോർപറേറ്റ് ഭീമന്മാരുമായുള്ള സഹകരണം നിർത്തലാക്കണമെന്നും ജൂതന്മാരും അറബ് വംശജരും ഏഷ്യക്കാരും അമേരിക്കക്കാരും ഉൾപ്പെടുന്ന വൈവിധ്യമാർന്ന ബഹുജന സമരമുന്നണി ആവശ്യപ്പെട്ടിട്ടുണ്ട്. സമരങ്ങളോട് ശക്തമായ രീതിയിൽ തന്നെയാണ് പൊലീസ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. പല വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തുനീക്കുകയും കൊളംബിയ യൂനിവേഴ്സിറ്റിയിലെ ചില വിദ്യാർത്ഥികളുടെ സെമസ്റ്റർ ടെർമിനേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

എക്കാലത്തെയും പോലെ തന്നെ സയണിസ്റ്റ് വിരുദ്ധ സമരങ്ങളെ പാശ്ചാത്യമുഖ്യധാര സാധാരണ വിശേഷിപ്പിക്കാറുള്ള ആന്റി സെമിറ്റിസം ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ജോ ബൈഡനും റിപ്പബ്ലിക്കരും ഡെമോക്രാറ്റുകളുമെല്ലാം. വിയറ്റ്നാം യുദ്ധത്തെ തുടർന്ന് അമേരിക്കൻ സാമ്രാജ്യത്വത്തെ ആഗോളതലത്തിൽ തന്നെ വിചാരണക്ക് വിധേയമാക്കിയ സംഭവമായിരുന്നു 1960 കളിലും 1970 കളിലും അമേരിക്കൻ യൂനിവേഴ്സിറ്റികളിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ. നിലവിലെ വിദ്യാർത്ഥി സമരങ്ങൾക്ക് വിയറ്റ്നാം യുദ്ധകാലത്തെ വിദ്യാർത്ഥി സമരങ്ങളുമായി കൂടുതൽ സമാനതകളുണ്ട്. അന്നും പ്രക്ഷോഭങ്ങൾക്ക് നാന്ദി കുറിച്ചത് കൊളംബിയ യൂനിവേഴ്സിറ്റിയിൽ നിന്നായിരുന്നു. അമേരിക്കയിലെ വിദ്യാർത്ഥി സമരങ്ങൾ ആഗോളതലത്തിൽ തന്നെ ഇസ്രായേലിന്റെയും സയണിസത്തിന്റെ സാമ്പത്തിക സ്രോതസ്സായ അമേരിക്കയുടെയും പ്രതിഛായ ഇടിയാനും ഫലസ്തീനു വേണ്ടി കൂടുതൽ പേർ ശബ്ദിക്കാനും കാരണമായിട്ടുണ്ട്.

റഫായെ ചോരക്കളമാക്കാൻ ഇസ്രായേൽ

ഒക്ടോബർ 7ന് ആരംഭിച്ച തൂഫാനുൽ അഖ്സയെ തുടർന്ന് ഇസ്രായേൽ ഗസയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിൽ 34,000 ത്തിലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്. കെയ്റോയിൽ വെച്ച് ഖത്തറിന്റെയും അമേരിക്കയുടെയും ഈജിപ്തിന്റെയും നേതൃത്വത്തിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ കാര്യമായ പുരോഗതിയിൽ നീങ്ങിക്കൊണ്ടിരിക്കേയാണ് പതിനഞ്ച് ലക്ഷത്തോളം പേർ താമസിക്കുന്ന റഫായിലേക്ക് കരമാർഗം ഇസ്രായേൽ അതിക്രമം തുടങ്ങുന്നത്. റഫാ ആക്രമണങ്ങളോടെ മരണനിരക്ക് 35000 ത്തിന്റെ അടുത്തെത്തിയിട്ടുണ്ട്. ഹമാസിനെ തകർക്കുക എന്ന മുഖ്യലക്ഷത്തോടെ ഇറങ്ങിയ ഇസ്രായേലിന് ലക്ഷ്യപൂർത്തീകരണത്തിന്റെ അടുത്തെത്താൻ സാധിച്ചിട്ടില്ലെന്ന് മാത്രമല്ല  ചെലവേറിയതും നിരാശാജനകവുമായി എന്നതോടൊപ്പം ആഭ്യന്തര തലത്തിൽ പരാജയം സമ്മതിക്കാൻ ഇസ്രായേൽ നിർബന്ധിതരായിരിക്കുകയുമാണ്.

കൂടാതെ ആഗോളതലത്തിൽ ഇസ്രായേലിന്റെ പ്രതിഛായ ദിനേന തകർന്നടിയുന്ന സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. ഏറ്റവും അവസാനമായി ലക്ഷകണക്കിനു പേർ അഭയാർത്ഥിക്യാമ്പുകളിലായി തിങ്ങിപ്പാർത്തുകൊണ്ടിരിക്കുന്ന റഫാ നഗരത്തിലേക്ക് കരമാർഗമുള്ള അധിനിവേശം ഇസ്രായേൽ സൈന്യം ആരംഭിച്ചുകഴിഞ്ഞു. ഹോസ്പിറ്റലുകളും അഭയാർത്ഥി ക്യാമ്പുകളും സഹായചെക്പോയന്റുകളും നിരവധിയുള്ള റഫാ നഗരത്തിൽ അധിനിവേശം വമ്പൻ ചോരക്കളമായിരിക്കും സൃഷ്ടിക്കുക എന്ന് ഐക്യരാഷ്ട്രസഭ  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണ ജനങ്ങളെ അക്രമണങ്ങളിൽ നിന്ന് മാറ്റിനിർത്തി മാത്രമേ ഏതൊരു അധിനിവേശവും നടത്താവൂ എന്ന് അമേരിക്ക ഇസ്രായേലിനു മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും ഇസ്രായേൽ അനുസരിക്കാനുള്ള സാധ്യത കാണുന്നില്ല. 

ഇസ്രായേലിനെതിരെ നീങ്ങുന്ന തുർക്കി

ഇസ്രായേലുമായുള്ള സകല വാണിജ്യകൈമാറ്റങ്ങളും നിർത്തിവെച്ചരിക്കുകയാണ് തുർക്കി. അവസാനമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ അതിക്രമത്തിലും ഗസയിലേക്കുള്ള സഹായങ്ങൾ തടയുന്നതിൽ പ്രതിഷേധിച്ചാണ് തുർക്കിയുടെ തീരുമാനം. തൂഫാനുൽ അഖ്സക്കു ശേഷവും കാലങ്ങളായി ഫലസ്തീൻ വിഷയത്തിൽ തങ്ങൾ പിന്തുടരുന്ന മധ്യ നിലപാടിൽ നിന്ന് മാറാൻ തുർക്കി തയ്യാറായിരുന്നില്ല.

കൂടാതെ ഇസ്രായേലുമായുള്ള വാണിജ്യ ബന്ധങ്ങളും നിലനർത്തി പോന്നിരുന്നു. എന്നാൽ പ്രാദേശിക തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങേണ്ടി വന്ന പരാജയം ഉർദുഗാനെ പുനർവിചിന്തനത്തിന് നിർബന്ധിച്ചുവെന്നുവേണം പറയാൻ. കൃത്യമായി മതഅനുഷ്ടാനങ്ങൾ പിന്തുടരുകയും ഫലസ്തീൻ പ്രശ്നത്തിൽ വൈകാരികമായി വിഷമിക്കുകയും ചെയ്യുന്ന വലിയൊരുവിഭാഗം മുസ്‍ലിം വോട്ടർമാരുടെ വിയോജിപ്പ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാതലത്തിലാണ് തുർക്കി പുതിയ തീരുമാനം കൈകൊള്ളുന്നതെന്നത് ശ്രദ്ധേയമാണ്.

ഇസ്രായേൽ അന്താരഷ്ട്ര കോടതിയെ ഭയക്കുമ്പോൾ

ഇസ്രയേലിന്റെ വംശഹത്യാ പദ്ധതിയോട് മുഖം തിരിച്ചുനിൽക്കാൻ തയ്യാറല്ല അന്താരാഷ്ട്ര നീതിന്യായ കോടതി. അന്താരാഷ്ട്രകോടതിയിൽ ദക്ഷിണാഫ്രിക്കയുടെ ശ്രമഫലമായി ഇസ്രായേലിനെതിരെ വംശഹത്യാ കുറ്റത്തിനുള്ള കേസ് നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെയും അറസ്റ്റ് വാറന്റ് വരാനുള്ള സാധ്യത പല നിരീക്ഷകരും വ്യക്തമാക്കിയ കാര്യമാണ്.

വാറന്റ് ലഭിക്കുന്നതോടു കൂടി ഇസ്രായേൽ നേതൃത്വത്തിന് അന്താരഷ്ട്ര സന്ദർശനങ്ങളിൽ നിന്നും അവർക്ക് വേദിയൊരുക്കുന്നതിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങൾക്കു മേലും സമ്മർദമുണ്ടാകും. കൂടാതെ  സാമ്പത്തികമായി ഇസ്രായേലിനെ നിലവിൽ സഹായിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക പോലെയുള്ള പാശ്ചാത്യരാജ്യങ്ങൾക്കുമേൽ വംശഹത്യ തടയാനും ഇസ്രായേലിനുള്ള സാമ്പത്തികസഹായങ്ങൾ നിർത്താനും അന്താരാഷ്ട്ര സമ്മർദമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. കൂടാതെ കോടതിയുടെ ഓരോ പ്രവർത്തനങ്ങളും ഇസ്രായേലിന്റെ പ്രതിഛായയെ ദിവസവും മങ്ങിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. തങ്ങളുടെ പാശ്ചാത്യ സഖ്യകക്ഷികളെ ഉപയോഗിച്ച് എങ്ങനെയെങ്കിലും കോടതിയെ പിന്തരിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫലം എന്താവുമെന്ന് കാത്തിരുന്ന് കാണാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter